ADVERTISEMENT

എൽഡിഎഫ് സർക്കാർ വിവാദങ്ങളിലും പ്രതിസന്ധികളിലും പെടുമ്പോൾ സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും  എന്തു പറയുന്നു എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കാനം രാജേന്ദ്രൻ മനോരമയോട്:

സ്വർണക്കടത്തു വിവാദത്തിലെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറായിരുന്നു സ്പ്രിൻക്ലർ കരാറിന്റെ പേരിൽ മാറ്റിനിർത്തണമെന്നു സിപിഐ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ. ചില ഉദ്യോഗസ്ഥന്മാർക്ക് എന്തുമാകാമെന്ന സ്ഥിതി ഇപ്പോഴത്തെ കുഴപ്പങ്ങൾക്കു കാരണമായോ?

സ്പ്രിൻക്ലർ കരാർ വിശദീകരിക്കാനായി എന്നെ കണ്ട ശിവശങ്കർ പറഞ്ഞത് ‘ഈ കരാറിന് ഉത്തരവാദി ഞാൻ മാത്രമാണ്’ എന്നാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ രണ്ട് ഉത്തരവാദിത്തങ്ങളിലിരിക്കുമ്പോഴാണ് അതു പറഞ്ഞത്. മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയാണ് ആ കരാർ ഒപ്പിട്ടത്, നിയമവകുപ്പിന്റെയോ ധനവകുപ്പിന്റെയോ പരിശോധന നടത്തിയില്ല. ഡേറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ  മുദ്രാവാക്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് താങ്കളുടെ നടപടിയിലൂടെ ഉണ്ടായതെന്ന് ആ ഉദ്യോഗസ്ഥനോടു ഞാൻ പറഞ്ഞു. അദ്ദേഹത്തെ മാറ്റിനിർത്തണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ചപ്പോൾ ആ കരാറിന്റെ ഒരുകാര്യവും ഉണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലായത്.

മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ശിവശങ്കറിന് ഒറ്റയ്ക്കു നടപ്പാക്കാൻ കഴിയുന്ന ഒരു കാര്യമായിരുന്നോ ആ കരാർ.

മുഖ്യമന്ത്രി അറിയാതെ അങ്ങനെ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് അറിയില്ലല്ലോ.

കൺസൽറ്റൻസിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും കണ്ണിയായിരുന്നു ശിവശങ്കർ. ഉദ്യോഗസ്ഥ ലോബിയുടെ കൺസൽറ്റൻസി പ്രിയത്തിന് ഇടതുസർ‍ക്കാർ‍ ഇങ്ങനെ വഴങ്ങാമോ.

സെക്രട്ടേറിയറ്റിലെ ഉന്നതോദ്യോഗസ്ഥരിൽ മിക്കവരും ലോകബാങ്കിന്റെ പരിശീലനം കിട്ടിയവരാണ്. ഇടതുപക്ഷത്തിന്റെ വികസനതന്ത്രം നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഷ അപ്പോൾ ലോകബാങ്കിന്റേതാണ്. കൺസൽറ്റൻസികൾ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ നയം. ചരടുകളുടെ ഭാഗമായും ചില പ്രത്യേക കാര്യങ്ങളിലും വേണ്ടിവന്നാൽ തന്നെ പരമാവധി ചുരുക്കി എന്നതാണു സിപിഐ നിലപാട്. 

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ താക്കോൽ സ്ഥാനത്തുള്ളയാൾക്കു സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയുമായി അടുത്ത സൗഹൃദമുണ്ടെന്നു വരുമ്പോൾ മറ്റു തട്ടിപ്പുകളും നടന്നുവെന്നു ജനം സംശയിച്ചാൽ തെറ്റുണ്ടോ.

ജനങ്ങൾ അങ്ങനെ കരുതിയാൽ അവരെ കുഴപ്പം പറയാൻ പറ്റില്ല. പ്രതികളുടെ മൊഴികളാണല്ലോ ഇപ്പോൾ എല്ലാവരും വിശ്വസിക്കുന്നത്. പത്തും അമ്പതും വർഷം രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർ പോലും ഒറ്റമൊഴിയുടെ പേരിൽ കുഴപ്പത്തിലാകുകയാണ്. എൻഐഎ വന്നിട്ട് 80 ദിവസം കഴിഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ അത്യാവശ്യം പ്രചാരണം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയല്ലാതെ സ്വർണം അയച്ചവരെക്കുറിച്ചോ കോൺസുലേറ്റിന് അതിലുള്ള പങ്കോ അന്വേഷിച്ചോ? കേന്ദ്ര ഏജൻസികളെക്കൊണ്ട് കേരളസർക്കാരിനെ പുകമറയിൽ നിർത്തുകയാണ്. രാജ്യത്തു പലയിടത്തും അവരെ ഉപയോഗിച്ചു സർക്കാരുകളെ അട്ടിമറിക്കുന്നത് അനുഭവിക്കുന്ന പാർട്ടിയായ കോൺഗ്രസിന്റെ നേതാവായിട്ടും രമേശ് ചെന്നിത്തല ഈ ഏജൻസികൾക്കു പരവതാനി വിരിക്കുകയാണ്. 

സിപിഐ പറയുന്ന മൂർച്ചയോടെ കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പറയുന്നില്ലല്ലോ. 

കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാരിനു ശബ്ദിക്കാൻ പരിമിതിയുണ്ട്. പക്ഷേ, രാഷ്ട്രീയകക്ഷികൾക്ക് അവരുടെ രാഷ്ട്രീയ നിലപാടു പറയാൻ ഒരു മടിയും കാണിക്കേണ്ടതില്ല. നേരത്തെയുണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമാണ് ഒടുവിൽ സിബിഐക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രമേയം. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള പ്രചാരണത്തിനു കൂടിയാണ് ഇടതുമുന്നണി 29ലെ സമരത്തോടെ തുടക്കം കുറിക്കുന്നത്. പ്രതിരോധമല്ല, പ്രത്യാക്രമണമാണു വേണ്ടത്.

ഒരു വിദേശ കോൺസുലേറ്റ് ആവശ്യപ്പെടുന്ന സഹായവിതരണം കേരളത്തിൽ നേരിട്ട് ഏറ്റെടുത്തു നടത്തുന്നത് ഒരു മന്ത്രിയുടെ ജോലിയാണോ.

അങ്ങനെയില്ല. യുഎഇയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സക്കാത്ത് വിതരണത്തിനായി നേരത്തെയും സർക്കാരിനെ സമീപിച്ചിട്ടുണ്ട്. 

മന്ത്രി നേരിട്ട് അതിനു കോൺസുലേറ്റുമായി ബന്ധപ്പെടാമോ.

അതൊക്കെ പ്രോട്ടോക്കോളിനു വിരുദ്ധമായിട്ടുള്ളതാണ് എന്നതാണു പ്രശ്നം. ഓരോരുത്തരുമാണ് അതെല്ലാം തീരുമാനിക്കേണ്ടത്. സൂക്ഷ്മമായി വിലയിരുത്തിയാൽ അങ്ങനെ കോൺസുലേറ്റുകാർ മന്ത്രിയോടു ചോദിക്കേണ്ട കാര്യവുമില്ല, വിതരണം ചെയ്യാൻ മന്ത്രി മുൻകൈ എടുക്കേണ്ട കാര്യവുമില്ല. 

താൻ തെറ്റുകാരനാണെന്നു ഖുർആനിൽ തൊട്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ സത്യം ചെയ്താൽ രാജിവയ്ക്കാമെന്ന് ഇടതുസർക്കാരിലെ ഒരു മന്ത്രി പറയുന്നതു കേട്ടപ്പോൾ എന്തു തോന്നി. ജലീലിനു ക്ലീൻ ചിറ്റ് നൽകാൻ സിപിഐ ഇപ്പോഴും തയാറല്ലല്ലോ. 

എനിക്കറിയില്ല, അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്. ഇതിൽ ക്ലീൻ ചിറ്റിന്റെ പ്രശ്നമില്ല. അദ്ദഹത്തെക്കുറിച്ച് ഒരു അന്വേഷണം നടക്കുകയല്ലേ. അതിന്റെ റിപ്പോർട്ട് വരുമ്പോൾ ബാക്കി പറയാം. അടുപ്പമുള്ളതിനാൽ കാര്യങ്ങളെല്ലാം ജലീൽ മുഖ്യമന്ത്രിയോടു വിശദീകരിച്ചുകാണും. ഞങ്ങൾ രാഷ്ട്രീയകക്ഷികളോടു പറഞ്ഞിട്ടില്ലല്ലോ. കേസിൽ ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ കേരളത്തിൽ ആരെങ്കിലും രാജിവച്ചിട്ടുണ്ടോ? 

അന്വേഷണ ഏജൻസികളെ കാണാൻ ജലീൽ ഒളിച്ചുപോയതു ശരിയായില്ലെന്നു താങ്കൾ പറയുമ്പോൾ വിവേകപൂർണമായ നടപടിയാണെന്നു മുഖ്യമന്ത്രി ഖണ്ഡിച്ചു...

ക്രമസമാധാനത്തിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിലായിരിക്കും അങ്ങനെ പറഞ്ഞത്. ഒരു ദേശീയ ഏജൻസി ഒരു മന്ത്രിയെ വിളിച്ചു ചോദിച്ചാൽ എന്തിനാണു രഹസ്യമായി പോകുന്നത്? പത്രക്കാർ കാൺകെ തന്നെ പോകാം. ഇങ്ങനെയെല്ലാം ദുരൂഹത വളർത്തുമ്പോഴാണ് ഇതിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനുള്ള സൗകര്യം തൽപരകക്ഷികൾക്ക് ഉണ്ടാകുന്നത്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ അവിഹിതമായ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചിരിക്കുന്നു. ഭരണകക്ഷി നേതാവിന്റെ മകനെതിരെയുള്ള ഈ ആരോപണം നിസ്സാരമായി കാണാൻ കഴിയുമോ.

അതു നിസ്സാരമല്ല. അക്കാര്യത്തിൽ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവരെല്ലാം കുറച്ചുനാളായി ബിസിനസ് ചെയ്യുന്നവരാണ്. അതുകൊണ്ട് എന്തൊക്കെയാണു കാര്യം എന്ന് അറിയില്ല. ഏതായാലും പാർട്ടിയും സർക്കാരും അതിൽ ഇടപെടില്ല. 

നേതാക്കളുടെ കുടുബാംഗങ്ങളും പൊതു, വ്യക്തി ജീവിതത്തിൽ സംശുദ്ധി പുലർത്തണമെന്നല്ലേ സിപിഎമ്മിന്റെയും സിപിഐയുടേയും കാഴ്ചപ്പാട്. 

അത് എല്ലാ പാർട്ടിയിലുള്ളവർക്കും ബാധകമാണ്. പക്ഷേ പുതിയ തലമുറ എങ്ങനെയൊക്കെ പോകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അതെല്ലാം നടപ്പിലാകുന്നത്. 

യുഡിഎഫ് വിട്ട ജോസ് കെ.മാണിക്കു മുന്നിൽ എൽഡിഎഫ് അല്ലാതെ മറ്റൊരു വഴിയുണ്ടോ? എൽഡിഎഫിലേക്കു വരാൻ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണോ.

എല്ലാവരുമായും അവർ ചർച്ച നടത്തുകയല്ലേ? ബിജെപിയുമായും ഉണ്ടാകുമായിരിക്കും. എന്തായാലും അവർ നിലപാട് പറയട്ടെ. എം.പി.വീരേന്ദ്രകുമാർ എൽഡിഎഫിലേക്കു വന്നത് രാജ്യസഭാംഗത്വം രാജിവച്ചിട്ടാണെന്നാണു നേരത്തേ ചൂണ്ടിക്കാണിച്ചത്. അതു സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. 

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ വോട്ട് എൽഡിഎഫിനു കിട്ടാൻ അവരുടെ പിന്തുണ സഹായകരമാകില്ലേ. 

അങ്ങനെ ഒരു ക്രിസ്ത്യൻ പിന്തുണയൊന്നും ഇപ്പോൾ ആ പാർട്ടിക്കില്ല. കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള പഴയ പാർട്ടിയുമായൊന്നും ഇതിനെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. മാണിയുണ്ടായിരുന്ന കാലത്ത് അവർക്കെതിരെ ശക്തമായ നിലപാട് ഞങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹം കഥാവശേഷനായ ശേഷം അദ്ദേഹത്തിന്റെ പേര് എപ്പോഴും പറയുന്നതു ശരിയല്ലല്ലോയെന്നതുകൊണ്ടാണ് അത്ര തീവ്രമായൊന്നും അവരെക്കുറിച്ചു പറയാത്തത്. ബാർകോഴ സമരത്തെക്കുറിച്ച് എൽഡിഎഫ് കൺവീനറുടേതായി പുറത്തുവന്ന വാക്കുകൾ ഇടതുമുന്നണി ചർച്ച ചെയ്യാത്ത കാര്യമാണ്. 

സമീപകാല വിവാദങ്ങൾ എൽഡിഎഫിന്റെ തുടർഭരണസാധ്യത ഇല്ലാതാക്കിയോ. 

കുറച്ചു മങ്ങലേൽ‍പിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു തിരിച്ചുവരാൻ എൽഡിഎഫിനു സാധിക്കും. 

ഇത്തരം വിവാദങ്ങളിൽനിന്ന് ഒഴി‍ഞ്ഞുനിൽക്കാൻ സിപിഐ മന്ത്രിമാർക്കും പാർട്ടിക്കും എങ്ങനെ കഴിയുന്നു.

ഞങ്ങൾ അത്തരം കാര്യങ്ങളിലേക്കൊന്നും എടുത്തുചാടാറില്ല. അതുകൊണ്ടാണ്. 

തികച്ചും നിരുത്തരവാദപരം

ലൈഫ്മിഷനിൽ കമ്മിഷൻ കിട്ടിയ ഒരു കോടിയെക്കുറിച്ചു പ്രതിയുടെ മൊഴി പുറത്തുവന്നപ്പോൾ, നാലു കോടിയിലേറെയാണു യഥാർഥ കമ്മിഷൻ തുകയെന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവു കൂടിയായ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി. ആ കോഴ മന്ത്രിമാരായ തോമസ് ഐസക്കും എ.കെ.ബാലനും സ്ഥിരീകരിക്കുന്നതു കേട്ടപ്പോൾ എന്തു തോന്നി. 

അതു തികച്ചും നിരുത്തരവാദപരമായ നടപടിയാണ്. എന്തായാലും അന്വേഷണം നടക്കുകയാണല്ലോ. കൂടുതൽ പറ‍ഞ്ഞാൽ അതിലും നിരുത്തരവാദപരമായ മറുപടിയായിരിക്കും എന്റേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com