ADVERTISEMENT

കൊച്ചിയിലെ പാലാരിവട്ടം മേൽപാലത്തിന് ഒടുവിൽ ശാപമോക്ഷത്തിനു വഴി തെളിഞ്ഞിരിക്കുന്നുവെന്നു വേണം കരുതാൻ. മേൽപാലം പുനർനിർമാണത്തിന്റെ  പ്രാഥമിക ജോലികൾ ഇന്ന് ആരംഭിക്കുകയാണ്. നഗരത്തിലെ നാലു പാലങ്ങൾ നിർമിച്ചതിൽ നിന്നു മിച്ചംവന്ന തുക മേൽപാലം പുനർനിർമാണത്തിനു വിനിയോഗിക്കാമെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കുന്ന ‘മെട്രോമാൻ ’ ഇ. ശ്രീധരൻ പറഞ്ഞതിൽ പെ‍ാതുമുതലിന്റെ വിനിയോഗം സംബന്ധിച്ച വലിയെ‍ാരു സന്ദേശം തെളിയുന്നുമുണ്ട്.

ഒരു നാടിനു മുഴുവൻ നാണക്കേടു വരുത്തിവച്ച പാലമാണു പാലാരിവട്ടത്തേത്. ഒരർഥത്തിൽ, ബന്ധപ്പെട്ടവരുടെ നിരുത്തരവാദിത്തത്തിന്റെകൂടി പ്രതീകം. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ജംക്‌ഷനുകളിൽ മേൽപാലങ്ങൾ നിർമിക്കാൻ ദേശീയപാത അതോറിറ്റി 2009ൽ ബൃഹദ് പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും അതു യാഥാർഥ്യമായില്ല. 

പിന്നീട്, യുഡിഎഫ് സർക്കാർ പദ്ധതി ഏറ്റെടുത്തു. മെട്രോയുടെ ഭാഗമായി ഇടപ്പള്ളി പാലമാണ് ആദ്യമേറ്റെടുത്തത്. ഇടപ്പള്ളി പാലം 2016 സെപ്റ്റംബറിലും പാലാരിവട്ടം പാലം അതേ വർഷം ഒക്ടോബറിലും ഗതാഗതത്തിനു തുറന്നു. എന്നാൽ, പാലാരിവട്ടം പാലത്തിൽ കുഴികൾ രൂപപ്പെട്ടതിനെത്തുടർന്നുള്ള പരിശോധനാ റിപ്പോർട്ടുകൾ പാലത്തിന്റെ നിർമാണപ്പിഴവുകൾ പുറത്തുകൊണ്ടുവന്നു. പാലം നിർമിച്ച ആർഡിഎസ് കമ്പനി തന്നെ പദ്ധതി നടപ്പാക്കിയ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനെ (ആർബിഡിസികെ) അക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ, തുടർനടപടികൾക്കു വലിയ കാലതാമസമാണുണ്ടായത്.

നിർമാണത്തിൽ ഗുരുതര വീഴ്ചകളുണ്ടെന്നും പാലം അടച്ചിട്ടുള്ള അറ്റകുറ്റപ്പണി നടത്തണമെന്നും ഐഐടി മദ്രാസിന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2019 മേയ് 1 മുതൽ പാലം അടച്ചിട്ടിരിക്കുകയാണ്. അഴിമതിയുടെയും നിർമാണപ്പിഴവുകളുടെയും സാക്ഷ്യമാണ് ഈ മേൽപാലമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. 

ഇതിനിടെ, സംസ്ഥാന സർക്കാർ പുനർനിർമാണച്ചുമതല ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) ഏൽപിച്ചു. എന്നാൽ, ഭാരപരിശോധന നടത്താതെ പാലം പൊളിക്കരുതെന്നു കാണിച്ചു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജികൾ എത്തിയതോടെ പാലം പൊളിക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചതോടെയാണ് ഇപ്പോൾ പാലം പുനർനിർമിക്കാൻ വഴി തെളിഞ്ഞത്. ആരോഗ്യ കാരണങ്ങളാൽ പദ്ധതി ഏറ്റെടുക്കാൻ ആദ്യം ബുദ്ധിമുട്ട് അറിയിച്ച ഇ.ശ്രീധരൻ മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചു പദ്ധതി ഏറ്റെടുക്കാൻ തയാറാവുകയും ചെയ്തു. കരാർ നടപടികൾ ഡിഎംആർസി മുൻപു പൂർത്തിയാക്കിയിരുന്നതിനാൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസി) ഇന്നു പ്രാഥമിക ജോലി തുടങ്ങുകയാണ്.

പാലത്തിന്റെ തകരാറിലായ സ്പാനുകൾ 8 മാസം കൊണ്ടു പുനർനിർമിക്കുകയും തൂണുകളും മറ്റും കോൺക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തുകയും ചെയ്യുമെന്നാണു ബന്ധപ്പെട്ടവർ പറഞ്ഞിട്ടുള്ളത്. ഏകദേശം 20 കോടി രൂപയ്ക്കുളളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഡിഎംആർസി അറിയിച്ചിട്ടുണ്ട്. 18.76 കോടി രൂപയ്ക്കാണ് യുഎൽസിസിക്കു നേരത്തെ കരാർ നൽകിയിട്ടുള്ളത്. ഡിഎംആർസിയുടെ പക്കൽ സംസ്ഥാന സർക്കാരിനു തിരികെ നൽകേണ്ട 17.4 കോടി രൂപയുളളതു പുനർനിർമാണത്തിന് ഉപയോഗിക്കാം. നഗരത്തിലെ 4 പാലങ്ങൾ നിർമിച്ചതിൽനിന്നു മിച്ചം വന്ന ഈ തുകയിൽ വലിയെ‍ാരു പാഠമുണ്ട്; നിർമാണങ്ങളുടെ പേരിൽ അഴിമതികെ‍ാണ്ടും നിരുത്തരവാദിത്തംകെ‍ാണ്ടും ധൂർത്തുകെ‍ാണ്ടും ഇതിനകം സഹസ്രകോടികൾ പാഴാക്കിയ കേരളത്തിനു മുഴുവനുമുള്ള പാഠം.

നിശ്ചിത സമയത്തിനുളളിൽ പദ്ധതികൾ പൂർത്തീകരിച്ചു മിടുക്കു കാട്ടിയിട്ടുളള ഡിഎംആർസി പാലാരിവട്ടത്തും പറഞ്ഞവാക്കു പാലിക്കുമെന്ന പ്രതീക്ഷയിലാണു ജനങ്ങൾ. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ വൈകാതെ തുറക്കുന്നതോടെ ഗതാഗതം സുഗമമാകണമെങ്കിൽ പാലാരിവട്ടം പാലം കൂടി തുറക്കേണ്ടത് അനിവാര്യമാണ്. അന്വേഷണം അതിന്റെ വഴിക്കു നടക്കട്ടെ. ഒന്നര വർഷത്തോളമായി അനുഭവിക്കുന്ന യാത്രാദുരിതങ്ങൾക്ക് ഇനിയെങ്കിലും അറുതിയുണ്ടാകുമെന്ന ജനങ്ങളുടെ പ്രതീക്ഷ തെറ്റിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com