തെറ്റിപ്പിരിയുന്നവർ

Prakash Singh Badal, Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ശിരോമണി അകാലിദൾ മുൻ അധ്യക്ഷൻ പ്രകാശ് സിങ് ബാദൽ (ഫയൽ ചിത്രം)
SHARE

ഭാരതരത്നം, പത്മ ബഹുമതികൾ പ്രധാനമന്ത്രിയാണു തീരുമാനിക്കുന്നത്. ആരെ തിരഞ്ഞെടുക്കുന്നു എന്നതുപോലെ പ്രസക്തമാണ് ആരെല്ലാം ഒഴിവാക്കപ്പെടുന്നു എന്നതും. ഈ സർക്കാരിന്റെ രണ്ടാമത്തെ ഭാരതരത്നം പുരസ്കാരത്തിന് (ആദ്യത്തേത് എ.ബി.വാജ്‌പേയിക്കായിരുന്നു) പ്രണബ് മുഖർജിയെ നരേന്ദ്ര മോദി തിര‍ഞ്ഞെടുത്തപ്പോൾ ബിജെപിയുടെ ഒരു മുൻ ദേശീയ അധ്യക്ഷൻ സ്വകാര്യമായി പറഞ്ഞു, ‘തെറ്റായ മുഖർജിക്കാണോ ഇതു നൽകിയത് ?’ അദ്ദേഹം ഉദ്ദേശിച്ചത് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക അധ്യക്ഷനായ ശ്യാമപ്രസാദ് മുഖർജിയുടെ കാര്യമായിരുന്നു. പക്ഷേ, പ്രണബ് മുഖർജിക്കാണു തന്റെ സർക്കാർ അംഗീകാരം നൽകേണ്ടതെന്ന കാര്യത്തിൽ നരേന്ദ്ര മോദിക്കു വ്യക്തതയുണ്ടായിരുന്നു. പ്രധാനമന്ത്രിയായി ഡൽഹിയിലെത്തിയ മോദിയെ തുറന്ന കരങ്ങൾ നീട്ടി സ്വീകരിക്കുകയും 2014 മുതൽ 2017 വരെ മാർഗദർശിയായിരിക്കുകയും ചെയ്തു പ്രണബ് മുഖർജി.

സമാനമായ രീതിയിൽ കഴിഞ്ഞ വർഷം പത്മ പുരസ്കാരത്തിനായി മോദി പട്ടികയിൽ ഉൾപ്പെടുത്തിയ ഒരു പേരാണ്, ശിരോമണി അകാലിദളും പ്രധാനമന്ത്രിയും തമ്മിലെ ഭിന്നതയ്ക്കുള്ള ഒരു കാരണമെന്ന് അഭ്യൂഹമുണ്ട്. അകാലിദൾ വിമതനേതാവും കേന്ദ്ര മുൻ കൃഷിമന്ത്രിയുമായ സുഖ്ദേവ് സിങ് ധിൻസയ്ക്ക് 2019ൽ പത്മ പുരസ്കാരം നൽകിയപ്പോൾ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അടക്കമുള്ള അകാലിദൾ നേതൃത്വം അമ്പരന്നുപോയി. കാരണം ധിൻസയും മകനും ചേർന്നാണ് അകാലിദളിൽ ബാദൽ കുടുംബത്തിനെതിരെ വിമതപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

ഇപ്പോൾ, അകാലിദൾ എൻഡിഎ സഖ്യം ഉപേക്ഷിച്ചു പുറത്തുപോയിരിക്കുന്നു. പഞ്ചാബ്, ഹരിയാന അടക്കം പല സംസ്ഥാനങ്ങളിലും ചൂടേറിയ രാഷ്ട്രീയപ്രശ്നമായി മാറിയ, കാർഷികോൽപന്ന വിപണന നിയമങ്ങളിലെ ഭേദഗതികളാണ് അകാലിദൾ സഖ്യം വിടാനുള്ള കാരണമായത്. പഞ്ചാബിൽ തങ്ങളുടെ അടിത്തറയായ കർഷകർക്കു വിനയായിത്തീരുന്നതും കുത്തകകൾക്കു ഗുണകരമായിത്തീരുന്നതുമാണു കാർഷിക ബില്ലുകളെന്ന് അകാലിദൾ ചൂണ്ടിക്കാട്ടുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ വൻ വിജയത്തിനുശേഷം സഖ്യകക്ഷികളുടെ സഹായം ആവശ്യമില്ലാത്ത നിലയിലേക്കു ബിജെപി മാറി. അകാലിദളിനാകട്ടെ, തിരഞ്ഞെടുപ്പു രംഗത്തും സംഘടനാരംഗത്തും ഒട്ടേറെ തിരിച്ചടികളും നേരിട്ടു. കഴിഞ്ഞ വർഷമാണു രണ്ടാമത്തെ മുതിർന്ന സഖ്യകക്ഷിയായ ശിവസേന എൻഡിഎ വിട്ടത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയായിരുന്നു ഇത്. കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ സേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. ബിഹാറിലെ സഖ്യകക്ഷിയായ റാം വിലാസ് പാസ്വാൻ നയിക്കുന്ന ലോക് ജനശക്തി പാർട്ടിയും ബിജെപിയുമായി രസത്തിലല്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളിൽ അവർ അസംതൃപ്തരാണ്.

അകാലിദളുമായുള്ള ഭിന്നത വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം, കുടുംബരാഷ്ട്രീയത്തോടുള്ള മോദിയുടെ കടുത്ത എതിർപ്പാണ്. പക്ഷേ, ധിൻസയെ ബിജെപി പ്രോത്സാഹിപ്പിച്ചതു വൈരുധ്യമായി തോന്നാം. കാരണം, ധിൻസയും മകൻ പരമിന്ദർ സിങ്ങും ചേർന്നുണ്ടാക്കിയ അകാലിദൾ (ഡെമോക്രാറ്റിക്) പഞ്ചാബിലെ മറ്റൊരു കുടുംബവാഴ്ചയെയാണു പ്രതിനിധീകരിക്കുന്നത്. ധിൻസ രാജ്യസഭാംഗമാണ്. മകൻ പരമിന്ദറാകട്ടെ, എംഎൽഎയും മുൻ ധനമന്ത്രിയും.

അകാലികൾ ജനസംഘത്തോട് അടുക്കാൻ കാരണം അടിയന്തരാവസ്ഥക്കാലത്തു ജനസംഘം ഇന്ദിരാഗാന്ധിക്കെതിരെ നടത്തിയ ചെറുത്തുനിൽപാണ്. മദൻലാൽ ഖുറാന, ജെ.പി.മാഥുർ, കെ.എൽ.ശർമ തുടങ്ങിയവരെല്ലാം അവിഭക്ത പ‍ഞ്ചാബിൽനിന്നുള്ള ജനസംഘം – ബിജെപി നേതാക്കളായിരുന്നു. ഇവരെല്ലാം ഹിന്ദു–സിഖ് രാഷ്ട്രീയസഖ്യത്തിന്റെ ശക്തരായ വക്താക്കളും.

ഹിന്ദു ഭൂരിപക്ഷമുള്ള മേഖലകൾ ഹരിയാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളായി മാറിയപ്പോഴും മതകേന്ദ്രങ്ങളുടെ ഭരണം നിയന്ത്രിച്ചത് അകാലികളായിരുന്നു. ഇപ്പോഴത്തെ ഭിന്നതകൾക്കു മുൻപ് സഖ്യം ഏറെ വെല്ലുവിളികൾ നേരിട്ടത് ഖലിസ്ഥാൻ പ്രക്ഷോഭം നടന്ന 1980കളിൽ ആയിരുന്നു. പഞ്ചാബിലെ തീവ്രവാദകാലത്ത് ചില അകാലി നേതാക്കൾ വിഘടനവാദ പാത സ്വീകരിച്ചതോടെ അകാലികളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ വാജ്പേയിയും അഡ്വാനിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. എന്നാൽ, ഇന്ത്യ അനുകൂല മിതവാദ പ്രസ്ഥാനമായി മാറാൻ അകാലിദളിനെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു വാജ്പേയിയുടെ മറുവാദം. രാജ്യത്തെ അക്കാലത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തിൽ വാജ്പേയിക്കു പിന്തുണ നൽകി. 1990–91 കാലത്ത് പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖർ പാർലമെന്റിൽ പറയുകയുണ്ടായി, എല്ലാ സിഖുകാരും അകാലിയല്ല, എല്ലാ അകാലിയും ഖലിസ്ഥാനിയുമല്ല.

ഒരിക്കൽ ശക്തരായിരുന്ന ബിജെപിയിലെ പഞ്ചാബ് ലോബി ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾക്കു വഴിമാറിക്കൊടുത്തു. കഴിഞ്ഞ നൂറ്റാണ്ടിലെ അകാലിദളിൽനിന്ന് എത്രയോ അകലെയാണ് 2020ലെ അകാലിദൾ.മോദിക്കും അമിത് ഷായ്ക്കും കീഴിൽ ബിജെപി കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം നേടിയതോടെ പഴയ ബന്ധങ്ങളിൽ പലതും അപ്രസക്തമായി. പഞ്ചാബിൽ ബിജെപിക്കു വളരണമെങ്കിൽ അകാലിദളിന്റെ നിഴലിൽനിന്നു പുറത്തേക്കു വരികയാണു വേണ്ടതെന്ന കാഴ്ചപ്പാടു ശക്തമാണ്.

ബിജെപിയുടെ വിപുലമായ ദേശീയ അജൻഡകൾ പരിഗണിക്കുമ്പോൾ അകാലിദളിന്റെ സങ്കുചിത സാമ്പത്തിക രാഷ്ട്രീയങ്ങളിൽ പാർട്ടിയെ കെട്ടിയിടുന്നതു ശരിയല്ലെന്ന വികാരവും ശക്തമാണ്. കഴിഞ്ഞ 6 വർഷത്തിനിടെ ബിജെപി നേടിയ അതിശയകരമായ വളർച്ചയുടെ സ്വാഭാവിക പരിണതിയാണ് എൻഡിഎയുടെ ശിഥിലീകരണം. വേർപിരിയുന്ന കക്ഷികൾ ഇനിയെന്തു ചെയ്യുമെന്നതു കാത്തിരുന്നു കാണാം.

English Summary: BJP and Shiromani Akali Dal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA