ADVERTISEMENT

ഗവേഷണത്തിന്റെയും പ്രബന്ധമെഴുത്തിന്റെയും അധ്വാനമൊന്നുമില്ലാതെ, ‘ഈസിയായി’ പിഎച്ച്ഡി നേടാൻ സഹായിച്ച് ‘കടലാസ് സർവകലാശാലകൾ’. പ്രധാന സർവകലാശാലകളിൽ കൂലിക്ക് ആളെ വച്ച് എഴുതിത്തരുന്ന പിഎച്ച്ഡികളുടെ ഹൈടെക് ബിസിനസും സജീവം. അശ്ലീല വിഡിയോ വിവാദത്തിൽ പിടിയിലായ വ്യക്തിയുടേത് വ്യാജ ഡോക്ടറേറ്റ് ആണെന്നു തെളിഞ്ഞ പശ്ചാത്തലത്തിൽ ഒരന്വേഷണം

സ്ത്രീവിരുദ്ധ, അശ്ലീല യുട്യൂബ് ചാനൽ നടത്തുന്ന വിജയ് പി.നായരുടെ ‘തട്ടിപ്പ് ഡോക്ടറേറ്റ്’ വിവരം പുറത്തുവന്ന ദിവസം രാവിലെയാണ് നാഗർകോവിലിലുള്ള ഒരു പിഎച്ച്ഡി അസിസ്റ്റന്റ്സ് സർവീസസ് സ്ഥാപനത്തിന്റെ വെബ്സൈറ്റ് കണ്ണിൽപെട്ടത്. സർവകലാശാലയിലെ റജിസ്ട്രേഷൻ, വിഷയം തിരഞ്ഞെടുക്കൽ, ഗൈഡ്, പ്രബന്ധം തയാറാക്കൽ എന്നിങ്ങനെ എല്ലാവിധ സേവനങ്ങളും നൽകുമെന്നാണു വാഗ്ദാനം. ‘സ്ഥാപനത്തിലെ പ്രമോഷന് പിഎച്ച്ഡി നിർബന്ധമാണ്, എന്നാൽ കഷ്ടപ്പെടാൻ വയ്യ’ എന്നു പറഞ്ഞൊന്നു മുട്ടിനോക്കി. ഏതു വിഷയത്തിലാണ് പിഎച്ച്ഡി വേണ്ടതെന്ന് സൈറ്റിലുള്ള ഓൺലൈൻ ചാറ്റ് വിൻഡോയിൽ ഇങ്ങോട്ടു ചോദ്യമെത്തി. ഇംഗ്ലിഷ് സാഹിത്യമെന്നു മറുപടി നൽകിയപ്പോൾ ഉടനെത്തി ഫോൺ കോൾ. മറുതലയ്ക്കൽ ഒരു സ്ത്രീശബ്ദം. കേരളത്തിൽ നിന്നാണെന്നു പറഞ്ഞതിനാൽ മലയാളത്തിലായി സംസാരം.

‘‘ക്ഷമിക്കണം, ഇംഗ്ലിഷ് സാഹിത്യത്തിൽ ഞങ്ങൾക്ക് എക്സ്പെർട്സ് ഇല്ല. എൻജിനീയറിങ്, സയൻസ് വിഷയങ്ങളിൽ ആണെങ്കിൽ ഒകെയാണ്’’.

‘‘ഒകെ, ഞങ്ങൾ മൂന്നു പേരാണ് പ്രമോഷനു വേണ്ടി കാത്തുനിൽക്കുന്നത്, അതിലൊരാൾ എൻജിനീയറിങ് കഴിഞ്ഞയാളാണ്’’.

‘‘എങ്കിൽ ശരി, അദ്ദേഹത്തിന്റേതു ചെയ്യാം. സഹപ്രവർത്തകന്റെ വിവരങ്ങൾ മെയിൽ ചെയ്താൽ മതി’’.

swapna-pappachan-baby
സ്വപ്ന സുരേഷ്, വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഓണററി ഡോക്ടറേറ്റുകളും വിതരണം ചെയ്ത കേസിലെ മുഖ്യപ്രതി പാപ്പച്ചൻ ബേബി, വിജയ് പി.നായർ.

‘‘നമുക്കിഷ്ടമുള്ള സർവകലാശാല തിരഞ്ഞെടുക്കാമോ, അതോ നിങ്ങൾ നിർദേശിക്കുന്നതോ?’’

‘‘ഏതുമാകാം, കോവിഡ് ആയതുകൊണ്ട് ഞങ്ങൾ വഴിയുള്ള അഡ്മിഷൻ തൽക്കാലമില്ല, പ്രബന്ധമെഴുത്ത് ഞങ്ങൾ ചെയ്യാം.’’

‘‘അഡ്മിഷനൊന്നും മെനക്കെടാൻ വയ്യ. നിങ്ങൾ വഴി എന്തെങ്കിലും കഴിയുമോ. എത്ര രൂപയാകും?’’

‘‘നോക്കട്ടെ, ശ്രമിക്കാം. തുക ഇപ്പോൾ പറയാൻ കഴിയില്ല’’.

‘‘പ്രബന്ധത്തിന്റെ ക്വാളിറ്റി ഉറപ്പാക്കുന്നതെങ്ങനെ?’’

‘‘ഞങ്ങൾക്കു ടെക്നിക്കൽ എക്സ്പെർട്സിന്റെ ടീമുണ്ട്. പ്രബന്ധമെഴുതാൻ പ്രത്യേകം ആളുകളും. സർ ഉദ്ദേശിക്കുന്ന മേഖല വ്യക്തമാക്കിയാൽ ടീമുമായി കണക്ട് ചെയ്യാം. ആവശ്യം പറഞ്ഞാൽ മതി’’.

വ്യാജ പിഎച്ച്ഡികൾ മാത്രമല്ല, പ്രധാന സർവകലാശാലകളിൽ കൂലിക്ക് ആളെ വച്ച് എഴുതിത്തരുന്ന പിഎച്ച്ഡികളുടെ ഹൈടെക് ബിസിനസും സജീവമാണെന്ന തിരിച്ചറിവാണ് ഈ ഫോൺ കോൾ നൽകിയത്. വിജയ് പി.നായർക്കു പിഎച്ച്ഡി നൽകിയ ‘കടലാസ് സർവകലാശാല’യായ ‘ഗ്ലോബൽ ഹ്യൂമൻ പീസി’നെക്കുറിച്ചു തിരഞ്ഞപ്പോൾ യുഎസിലും കൊറിയയിലും വരെ ആസ്ഥാനമുണ്ടെന്നു കൊട്ടിഘോഷിക്കുന്ന കുറെയേറെ കടലാസ് സർവകലാശാലകളെ കൂടി കണ്ടു. 20,000 രൂപ മുതൽ ഒരു ലക്ഷം രൂപ  വരെ നൽകിയാൽ ഓണററി പിഎച്ച്ഡി റെഡി. കേരളത്തിലെ പ്രമുഖരായ ഒട്ടേറെപ്പേരാണ് ഇത്തരം കടലാസ് സർവകലാശാലകളിൽ നിന്നു പിഎച്ച്ഡി എടുത്തിരിക്കുന്നത്.

ബിരുദദാനച്ചടങ്ങിൽ ‘അതിഥികളായി’ പൊലീസ്

മൈസൂരുവിലെ ഒരു നക്ഷത്രഹോട്ടലിൽ ഏതാനും ദിവസം മുൻപ് പിഎച്ച്ഡി ബിരുദദാനച്ചടങ്ങു നടന്നു. എംഎൽഎയെ മുഖ്യാതിഥിയായി നിശ്ചയിച്ച ചടങ്ങിൽ അധികം വൈകാതെ ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് ഇരച്ചുകയറി. കോവിഡ് മാനദണ്ഡം പോലും കാറ്റിൽപറത്തി നടത്തിയതാകട്ടെ, ഇന്റർനാഷനൽ ഗ്ലോബൽ പീസ് സർവകലാശാലയെന്ന തട്ടിപ്പുകേന്ദ്രത്തിന്റെ വ്യാജ ബിരുദദാനച്ചടങ്ങ്. എംഎൽഎക്കും ഇവർ ഈ ചടങ്ങിൽ ഓണററി പിഎച്ച്ഡി നൽകാൻ തീരുമാനിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിഎച്ച്ഡിക്കായി ഒരു ലക്ഷം രൂപ വരെ നൽകിയവരും കൂട്ടത്തിലുണ്ടായിരുന്നു. വ്യാജ പിഎച്ച്ഡിക്ക് ‘ഗും’ നൽകാനാണ് നക്ഷത്രഹോട്ടലുകളിൽ സ്ഥിരമായി നടക്കാറുള്ള ഈ തരികിട ബിരുദദാനം. ഇതിനുള്ള ചാർജും ബിരുദധാരികളിൽ നിന്നാണ് ഈടാക്കുന്നത്.

‘വൈസ് ചാൻസലർ പാപ്പച്ചൻ’ യോഗ്യത പത്താം ക്ലാസ്

കൊട്ടാരക്കരയിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും ഓണററി ഡോക്ടറേറ്റുകളും വിതരണം ചെയ്ത കേസിൽ വാളകം എൽ.പാപ്പച്ചൻ ബേബിയെ രണ്ടാഴ്ച മുൻപാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ബോൾസ് ബ്രിജ് യൂണിവേഴ്സിറ്റി എന്ന പേരിൽ വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഓണററി ഡോക്ടറേറ്റുകളുമാണ് ഇയാൾ വിതരണം ചെയ്തത്. പാപ്പച്ചനു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്.

പുണെ കേന്ദ്രമാക്കിയാണു വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നത്. 45,000 മുതൽ 75,000 രൂപ വരെ ഓരോരുത്തരിൽനിന്ന് ഈടാക്കിയിരുന്നു. 48 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടത്തിയതായാണു പ്രാഥമിക വിവരം. കേരളത്തിൽ അറിയപ്പെടുന്ന രണ്ടു ഗായകർക്കും ഡി – ലിറ്റ് സർട്ടിഫിക്കറ്റ് നൽകി. പ്രശസ്തർക്കു ബിരുദം നൽകിയ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇയാൾ സർട്ടിഫിക്കറ്റ് വിറ്റത്. വ്യാജ ഡോക്ടറേറ്റ് ലഭിച്ച പലരുടെയും ബിരുദദാനച്ചടങ്ങിൽ ഉന്നത പൊലീസ് ഓഫിസർമാർ ഉൾപ്പെടെ പങ്കെടുത്തതായും കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തി. സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത പ്രചരിപ്പിക്കാനായി പാപ്പച്ചൻ ബേബി, ദേശീയ ഭാരോദ്വഹന താരം കർണം മല്ലേശ്വരിക്ക് ഡി – ലിറ്റ് ബിരുദം നൽകിയെന്നും ജില്ലാ ക്രൈംബ്രാഞ്ചിനു മൊഴി ലഭിച്ചിട്ടുണ്ട്. കർണം മല്ലേശ്വരിയിൽനിന്നു മൊഴി രേഖപ്പെടുത്താനും ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുകയാണ്.

‘പേരൊന്നു വച്ചോട്ടെ സർ? ലക്ഷങ്ങൾ തരാം’

പിഎച്ച്ഡി പ്രബന്ധങ്ങൾ കൂലിക്കെഴുതി നൽകുന്ന സംഘങ്ങൾ ചില മികച്ച അധ്യാപകരെ വരെ വലയിലാക്കാറുണ്ട്. ഈ അധ്യാപകൻ ഒരു ഗവേഷണ പ്രബന്ധം എഴുതുമ്പോൾ സഹരചയിതാവായി ഇത്തരം സംഘങ്ങളിൽ കാശടച്ചു റജിസ്റ്റർ ചെയ്ത വ്യക്തിയുടെ പേരുകൂടി ചേർത്താൽ ലക്ഷങ്ങളാണു വാഗ്ദാനം. ഇതിനു പുറമേ, പിഎച്ച്ഡി ബിരുദങ്ങളിൽ ഗൈഡായി പേര് ഉപയോഗിക്കുന്നതിനും കമ്മിഷനുണ്ട്. ഇത്തരത്തിൽ പല സംഘങ്ങളും സമീപിച്ചിരുന്നതായി തിരുവനന്തപുരത്തെ ഒരു അധ്യാപകൻ മനോരമയോടു പറഞ്ഞു. 100 പേരെ സമീപിക്കുമ്പോൾ 10 പേരെങ്കിലും ഇവരുടെ വലയിൽ വീഴാറുണ്ട്. ഇവരുടെ പേരുപയോഗിച്ചാണു പിന്നീടുള്ള തട്ടിപ്പ്.

സ്വപ്നയ്ക്ക് വ്യാജബിരുദം നൽകിയതാര്?

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജബിരുദം ചുരുളഴിച്ചത് മഹാരാഷ്ട്രയിലെ ഡോ.ബാബാസാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയുടെ പേരിൽ നടക്കുന്ന ഹൈടെക് വ്യാജരേഖ മാഫിയയുടെ പ്രവർത്തനമായിരുന്നു. സ്വപ്നയുടെ വ്യാജ ബിരുദസർട്ടിഫിക്കറ്റിലെ റജിസ്ട്രേഷൻ നമ്പർ പരിശോധിച്ച് ‘ഉറപ്പാക്കാൻ’ സർവകലാശാലയുടെ പേരും ചിഹ്നവും ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ് വരെയുണ്ട്.

സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഈ വെബ്സൈറ്റ് ഇപ്പോഴും അതേപടി തുടരുകയാണ്. സർട്ടിഫിക്കറ്റ് നിർമിച്ചവരെക്കുറിച്ചു പൊലീസിനും അറിയില്ല. സ്വപ്നയുടെ വ്യാജ മാർക്ക് ലിസ്റ്റ് ഇപ്പോഴും വെബ്സൈറ്റിൽ കാണാനും കഴിയും. 2018ൽ ഡൽഹി പൊലീസ് സമാനമായ ഒരു വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ പിടികൂടിയിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിച്ച ചിലരാണ് ഇതു നടത്തിയിരുന്നത്. പങ്കജ് അറോറ, പവിതർ സിങ് എന്നിവർ അറസ്റ്റിലായി. അലഹാബാദ് സർവകലാശാല, സിക്കിം സർവകലാശാല, കർണാടക സ്റ്റേറ്റ് ഓപ്പൺ സർവകലാശാല തുടങ്ങിയവയുടെ വ്യാജ വെബ്സൈറ്റ് സമാനമായ രീതിയിലുണ്ടാക്കി കച്ചവടം നടത്തി. ഇവരുടേതു തന്നെയാണോ ഈ വെബ്സൈറ്റ് എന്നും സംശയമുണ്ട്. പ്രധാന കണ്ണികൾ കേരളത്തിനു പുറത്താണെങ്കിലും കേരളത്തിലുള്ള ഇടനിലക്കാർ വഴിയാകണം സ്വപ്ന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്നാണു സൂചന.

ആസ്ഥാനം കൊറിയയിൽ, റജിസ്ട്രേഷൻ ഇന്ത്യയിലും!

കാശു കൊടുത്താൽ ഡി– ലിറ്റും പിഎച്ച്ഡിയും സ്വന്തം പേരിനൊപ്പം ചേർക്കാം. ഉത്തരകൊറിയ ആസ്ഥാനമായ ഒരു സർവകലാശാലയുടെ പേരിലാണ് വ്യാജ ബിരുദങ്ങളേറെയും. എന്നാൽ, ഈ സർവകലാശാല റജിസ്റ്റർ ചെയ്തിരിക്കുന്നതാകട്ടെ ഇന്ത്യയിലും!

പേരുകേട്ട പല കടലാസ് സർവകലാശാലകളുടെയും ഉടമ ദക്ഷിണേന്ത്യക്കാരനായ ഒരു വ്യക്തിയാണ്. ഇതു സംബന്ധിച്ച് ആക്ഷേപങ്ങൾ ഏറെയുണ്ടായെങ്കിലും നടപടിയുണ്ടായില്ല. വ്യാജ പിഎച്ച്ഡി നേടിയവർ പേരിനൊപ്പം ഡോക്ടർ എന്നു ചേർത്ത് മനോരോഗ ചികിത്സ, കൗൺസലിങ്, മോട്ടിവേഷനൽ തെറപ്പി എന്നിവയിലൂടെ വൻ തട്ടിപ്പാണു നടത്തുന്നതെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

English Summary: Fake PHD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com