സൈബർ നീചർക്ക് മൂക്കുകയറിടണം

SHARE

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യുട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാൾക്കെതിരെയുള്ള വനിതാസംഘത്തിന്റെ പ്രതികരണം, സൈബർലോകത്തെ നീചവിളയാട്ടങ്ങളെക്കുറിച്ചു കേരളീയസമൂഹം ആഴത്തിൽ ചർച്ച ചെയ്യാൻകൂടി കാരണമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളുടെ ശുഭസാധ്യതകളത്രയും മറന്ന്, സ്ത്രീകളെയും ജീവിതമൂല്യങ്ങളെയും ഹീനമായി അപമാനിക്കാൻ തുനിഞ്ഞിറങ്ങുന്നവരുടെ എണ്ണം ഇവിടെ വർധിക്കുന്നതിൽ അങ്ങേയറ്റം ആശങ്കപ്പെടേണ്ടതുണ്ട്. സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരക്കാരെ നിലയ്ക്കുനിർത്താൻ ബന്ധപ്പെട്ട നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നുകൂടി ഇങ്ങനെയുള്ള സംഭവങ്ങൾ ഓർമിപ്പിക്കുന്നു.

മാന്യമായ ജീവിതം നയിക്കുന്നവരെ ഏറ്റവും മോശമായ മാർഗങ്ങളിലൂടെ അപമാനിക്കുന്നതു മുതൽ ജീവിച്ചിരിക്കുന്നവരെ പടുവാർത്തകളിലൂടെ ‘കൊല്ലാൻ’വരെ മടിയില്ലാതെ സാമൂഹികവിരുദ്ധർ സൈബർലോകത്തു വിളയാടുന്നതു കേരളത്തിനു കണ്ടിരിക്കാനുള്ളതല്ല. കയ്യടിക്കും കാശിനും ക്രൂരസംതൃപ്തിക്കും വേണ്ടിയൊക്കെയാണ് ഇവരുടെ സൈബർപേക്കൂത്ത്. സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വിഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്ന നീചന്മാർക്ക് ആവേശം നൽകുംവിധത്തിലാണ് അതു കാണുന്നവരുടെ പ്രതികരണവും. കാഴ്ചക്കാരുടെ എണ്ണം പെരുപ്പിക്കാൻ വൃത്തികേടിന്റെ ഏതറ്റംവരെയും പോകാൻ തയാറാകുന്നവരും കേരളത്തിലുണ്ട്. തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായയാളുടെ, അശ്ലീല പരാമർശങ്ങൾ ഏറെയുള്ള വിഡിയോകളിൽ പലതും 2 ലക്ഷത്തിലേറെപ്പേർ കണ്ടിട്ടുണ്ടെന്നത് ഈ ദിശയിലുള്ള അപായസൂചനതന്നെയായി എടുക്കണം.

സൈബർലോകത്തു വൃത്തികേടുകൾ കാണിക്കുന്നവരെ നേരിടാൻ മതിയായ നിയമമില്ലെന്നതും സമൂഹമാധ്യമങ്ങളുടെ നടത്തിപ്പുകാരുടെ സഹകരണത്തിലെ കാലതാമസവുമാണു കർശന നടപടികളില്ലാത്തതിന് പൊതുവേ ഉന്നയിക്കപ്പെടുന്ന ന്യായീകരണങ്ങൾ. സമൂഹമാധ്യമങ്ങളിലെ അസഭ്യ ഉള്ളടക്കം നീക്കം ചെയ്യാൻ കൃത്യമായ നിയമമില്ലെന്ന വാദവും ഉന്നയിക്കപ്പെടുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ സൈബർലോകമാകെ പ്രചരിക്കുന്ന ഉള്ളടക്കം ഒരിടത്തുനിന്നു മാത്രം നീക്കം ചെയ്തതുകൊണ്ടു പ്രശ്നം തീരുന്നില്ലെന്ന വസ്തുത നിലനിൽക്കുന്നു.

ഉള്ളടക്കം നീക്കം ചെയ്യുകയെന്നതു രണ്ടാം ഘട്ടമാണ്. നീക്കം ചെയ്യപ്പെടേണ്ടതായ ഉള്ളടക്കം സൃഷ്ടിക്കപ്പെടുന്നതാണ് ഒന്നാം ഘട്ടം. അത്തരം ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതു തടയാൻ എന്തു ചെയ്യുന്നു, അത്തരം സൃഷ്ടികൾ നടത്തുന്നവർക്കെതിരെ എന്തു നടപടി എന്നതാണു ചോദ്യം. 2013ൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്തപ്പോൾ 354എ വകുപ്പിലൂടെ കൃത്യമായി വ്യക്തമാക്കിയിട്ടുള്ളത്, സ്ത്രീകൾക്കെതിരെയുള്ള ലൈംഗികച്ചുവയുള്ള പരാമർശങ്ങളും പീഡനമായി കണക്കാക്കണമെന്നാണ്. അതിന് സൈബർ ഇടമെന്നോ മറ്റു പൊതു ഇടങ്ങളെന്നോ ഉള്ള വേർതിരിവില്ല. അപ്പോൾ, സ്ത്രീകൾക്കെതിരായ അധിക്ഷേപത്തെ അപകീർത്തി എന്നതിനപ്പുറം, ലൈംഗിക പീഡനമെന്നുതന്നെ കണക്കാക്കാവുന്ന ക്രിമിനൽ നിയമമുണ്ട്.

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66 എ വകുപ്പ് 2015 മാർച്ച് 24നു സുപ്രീം കോടതി റദ്ദാക്കിയത് ഇന്ത്യൻ സൈബർ ഇടത്തിൽ നിർണായകമായ തീരുമാനമായിരുന്നു. നിയമം സർക്കാരുകൾ ദുരുപയോഗിക്കുന്ന സ്ഥിതിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. നിയമങ്ങളിൽ അവ്യക്തത ഉന്നയിക്കപ്പെടുമ്പോൾ, പരിഗണിക്കേണ്ടതായ കൃത്യമായൊരു മാതൃക 2015 ജൂലൈയിൽ ഛത്തീസ്ഗഡ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആ സംസ്ഥാനത്തു ബാധകമാകുന്ന ചില വ്യവസ്ഥകൾ കൂടി 509ാം വകുപ്പിൽ അവർ ചേർത്തു. അതിൽ 509 ബി എന്നത്, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് 6 മാസം മുതൽ 2 വർഷം വരെ തടവും പിഴയും എന്ന വ്യവസ്ഥയാണ്. ഇതും നമുക്കു പരിഗണിക്കാവുന്ന മാതൃകയാണ്. 

കേരള പൊലീസ് ആക്ടിലെ 119 എ വകുപ്പിൽ പുതിയ കാലത്തിന്റെ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യമുയരുന്നു. ശിക്ഷയുടെ കാഠിന്യം കൂട്ടുന്നതും പരിഗണിക്കണം. സൈബർ അതിക്രമങ്ങൾക്കെതിരെ കേരള പൊലീസ് ആക്ടിൽ ശക്തമായ വകുപ്പ് ഉൾപ്പെടുത്തുകയാണെങ്കിൽ അതു കാലത്തോടുള്ള നീതിയാവുമെന്നതിൽ സംശയമില്ല. 

ഒരു സ്ത്രീവിരുദ്ധ അശ്ലീല വിഡിയോക്കാരനുമേൽ നടപടി എടുക്കുന്നതുകൊണ്ടുമാത്രം ഈ വൃത്തികേട് അവസാനിക്കില്ലെന്ന ബോധ്യത്തോടെ, നിയമങ്ങൾ ശക്തമാക്കിയും സംസ്ഥാന വ്യാപകമായ കർശനനടപടികൾ ഉറപ്പാക്കിയുമാണ് ഇത്തരക്കാരുടെ ദുഷ്ചെയ്തിക്ക് അറുതിവരുത്തേണ്ടത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും മറ്റും നിന്ദ്യമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നു സമൂഹം പ്രതിജ്ഞയെടുക്കുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA