കൈവിട്ടുപോകുന്ന പാനീയ ഭംഗികൾ

tharangangalil
SHARE

ഈ കോവിഡ്കാലത്ത് അപ്പുക്കുട്ടനു നേരിട്ടു കാണണമെന്ന് ആഗ്രഹം തോന്നിയ ഒരാൾ വി.ശ്രീനിവാസ് ഗൗഡ് ആകുന്നു. 

അദ്ദേഹം തെലങ്കാനയിലെ എക്സൈസ് മന്ത്രിയാണ്. അദ്ദേഹത്തിന്റെ മനസ്സിന് കള്ളിന്റെ വെൺമയാണെന്നു വേണമെങ്കിൽ പറയാം. 

കള്ള് നമ്മുടെ സ്വന്തമാണെന്നാണ് നാം വിചാരിച്ചുപോന്നത്. കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെന്നു കേരളീയർ പാടിനടന്ന ഒരു കാലമുണ്ടായിരുന്നുവെന്നാണ് അപ്പുക്കുട്ടൻ കേട്ടിട്ടുള്ളത്. 

എന്നാൽ, ബസിൽ കയറുമ്പോഴും മറ്റും ക്യൂ നിൽക്കാൻ കൂട്ടാക്കാത്ത മലയാളികളെ ക്യൂ പഠിപ്പിക്കാൻ വേണ്ടി ബവ്റിജസ് കോർപറേഷൻ സ്ഥാപിച്ചതോടെ കള്ളിന്റെ വെൺമ നമുക്കു കൈമോശം വന്നു. ഇപ്പോൾ ക്യൂ തെറ്റിച്ച് തെലങ്കാന കേരളത്തിന്റെ സ്ഥാനത്തേക്കു കയറിനിൽക്കുകയാണ്. 

ആദ്യം പറഞ്ഞ ഗൗഡ് മന്ത്രി ദീർഘകാലമായി കള്ളിനെപ്പറ്റി ഗവേഷണം നടത്തിവരികയായിരുന്നു എന്നുവേണം കരുതാൻ. പതിനഞ്ചു രോഗങ്ങൾ സുഖപ്പെടുത്താൻ കള്ളിനു കഴിയുമെന്നാണ് ഈയിടെ അദ്ദേഹം പ്രഖ്യാപിച്ചത്. കൃത്യമായി കള്ളു കുടിച്ചാൽ കാൻസർപോലും സുഖപ്പെടുമെന്ന് പണ്ഡിതനായ മന്ത്രി പ്രസ്താവിച്ചു.

തെലങ്കാനയിൽ മേൽപടി 15 രോഗങ്ങൾക്കു ചികിത്സിച്ചിരുന്ന ആശുപത്രികൾ നിർത്തലാക്കിയതായോ അതിനായി ആലോചിക്കുന്നതായോ അദ്ദേഹം പറഞ്ഞില്ല എന്നതാണൊരു ഭാഗ്യം. ഏതായാലും അടുത്ത ഘട്ടമായി കള്ള് തെലങ്കാനയുടെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിക്കുമെന്നാണ് അപ്പുക്കുട്ടന്റെ വിചാരം. നമ്മൾ കേരളീയർ ദുർബല മാനസ്സരായതിനാൽ കള്ള് ഔദ്യോഗിക പാനീയമാക്കുന്നതിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയിട്ടില്ല. കരിക്കിൻവെള്ളം വരെയേ നമ്മുടെ ആലോചന എത്തിയുള്ളൂ.

കരിക്കിൻവെള്ളം കേരളത്തിന്റെ ഔദ്യോഗിക പാനീയമാക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചത് നമ്മുടെ ധനമന്ത്രിയായിരുന്ന കെ.എം.മാണിയാണ്. 2012–13 ലെ ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് അദ്ദേഹം മധുരമുള്ള ഈ പ്രഖ്യാപനം നടത്തിയത്. 

കരിക്കിൻവെള്ളത്തിന്റെ ഔഷധഗുണങ്ങളെപ്പറ്റി അറിയാഞ്ഞിട്ടോ എന്തോ, ഔദ്യോഗിക പാനീയ നീക്കം മുന്നോട്ടു പോയതായി തോന്നുന്നില്ല. 

നമുക്കൊരു ഔദ്യോഗിക പാനീയമുണ്ടായിരുന്നെങ്കിൽ ഈ കോവിഡ്കാലത്ത് അതും കുടിച്ചങ്ങനെ രസിച്ചിരിക്കാമായിരുന്നു എന്ന കാര്യത്തിൽ അലോപ്പതിക്കാരും ഹോമിയോക്കാരും തർക്കിക്കാനിടയില്ല. തെങ്ങിൻ മുകളിൽ വിശേഷിച്ചൊരു വൈദ്യശാസ്ത്രമില്ലല്ലോ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA