ഈ വിജിലൻസ് സംശയാസ്പദം

1200-Life-Mission
SHARE

ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമാണക്കരാർ വിഷയം സിബിഐ അന്വേഷിക്കുന്നതോടെ ഒരു കേസുകൂടി കേരളത്തിൽ കൊടുങ്കാറ്റുയർത്തുകയാണ്. പദ്ധതിയുടെ നിർമാണക്കരാർ നൽകിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ സംസ്ഥാന ഉദ്യോഗസ്ഥരുടെ പങ്കു കണ്ടെത്താൻ കേരള സർക്കാർ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) 35–ാം വകുപ്പു ലംഘിച്ചതിന്റെ പേരിൽ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വ്യക്തികളോ സംഘടനകളോ രാഷ്ട്രീയപ്പാർട്ടികളോ വിദേശത്തുനിന്ന് പണമോ നിക്ഷേപമോ ചട്ടം ലംഘിച്ചു വാങ്ങുന്നതിനു ശിക്ഷ ഉറപ്പാക്കുന്നതാണ് ഈ വകുപ്പ്. 5 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണു കുറ്റം.

Harris-Beeran
ഹാരിസ് ബീരാൻ (ലേഖകൻ)

യുഎഇയിലെ റെഡ് ക്രസന്റിൽനിന്നു പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസാണു സംസ്ഥാന ഉദ്യോഗസ്ഥർക്കെതിരെ ഉള്ളത്. ഇക്കാര്യം വിജിലൻസ് അന്വേഷിക്കുമ്പോൾ വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം സിബിഐ അന്വേഷിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 

നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസ് സിബിഐക്കു വിട്ടുകൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. ജനങ്ങൾ ആ കേസ് സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും കേസിൽ പൂർണമായി നീതി നടപ്പാകുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും കോടതി പറഞ്ഞു. നീതിപൂർണവും നിഷ്പക്ഷവുമായ അന്വേഷണം, അതു നടത്താൻ കഴിവുള്ള ഏജൻസിയിൽനിന്ന് ഉണ്ടാകണം എന്നു വ്യക്തമാക്കിയാണ് കേസ് മുംബൈ പൊലീസിൽനിന്നു സിബിഐക്കു കൈമാറാൻ സുപ്രീം കോടതി ഉത്തരവുണ്ടായത്. 

സമാനമായ രീതിയിൽ, സംസ്ഥാന ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായതിനാൽ ഈ കേസ് സംസ്ഥാന വിജിലൻസ് അന്വേഷിക്കുന്നതിലെ സാധുതയെപ്പറ്റി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. അതിനാൽ, വിവാദങ്ങൾ അവസാനിപ്പിക്കാൻ കഴിയുന്ന തരത്തിൽ സിബിഐയുടെ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണത്തെ സംസ്ഥാനം അംഗീകരിക്കണം. എഫ്സിആർഎ നിയമത്തിലെ 42–ാം വകുപ്പു പ്രകാരം (2011 ഒക്ടോബർ 27ലെ വിജ്ഞാപനം) ഒരു കോടിയോ അതിനു മുകളിലോ ഉള്ള വിദേശ സംഭാവനകളെപ്പറ്റി അന്വേഷണം നടത്താൻ സിബിഐക്ക് അധികാരമുണ്ട്. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം (1946) അഴിമതിക്കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അധികാരം നൽകുന്നു. അതിനാൽ, ലൈഫ് മിഷൻ കേസിലെ അഴിമതി സിബിഐക്ക് അന്വേഷിക്കാം. 

അഴിമതികൾ അന്വേഷിക്കാനുള്ള പൊതുവായ അനുമതി കേരള സർക്കാർ സിബിഐക്കു നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം ഒരു സർക്കാരിതര സംഘടനയുടെ (ഗുഡ് സമരിറ്റൻസ് പ്രോജക്ട് ഇന്ത്യ ആൻഡ് കാത്തലിക് റിഫർമേഷൻ ലിറ്റററി സൊസൈറ്റി) സമാനമായ കേസ് (37–ാം വകുപ്പ് അനുസരിച്ച്) അന്വേഷിക്കാൻ ഉചിതമായ ഏജൻസി സിബിഐ ആണെന്നു വിലയിരുത്തി കൈമാറിയിരുന്നു. 

ലൈഫ് മിഷൻ കേസിൽ രണ്ട് ഏജൻസികൾ സമാന്തര അന്വേഷണം നടത്തുന്നതിൽ ഒരു യുക്തിയുമില്ല. സിബിഐക്ക് അഴിമതി അന്വേഷിക്കാനുള്ള പൊതു അനുമതി നിലനിൽക്കുമ്പോൾത്തന്നെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ബന്ധപ്പെട്ട ഫയലുകൾ അവർക്കു കൈമാറുകയുമാണ് ഈ കേസിൽ സംസ്ഥാന സർക്കാർ ചെയ്തത്. ഇതു സംശയം വർധിപ്പിക്കുകയേയുള്ളൂ. അതൊഴിവാക്കാൻ സർക്കാർ തയാറാകണം. 

(സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകൻ) 

English Summary: Vigilance in Life Mission Project case doubtful

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA