ADVERTISEMENT

ബാബറി മസ്ജിദ് തകർത്തതു സംബന്ധിച്ച ക്രിമിനൽ കേസിൽ  വ്യക്തമായ തെളിവില്ലെന്നു പറഞ്ഞു 32 പ്രതികളെയും വിട്ടയച്ച ലക്നൗവിലെ പ്രത്യേക സിബിഐ കോടതിവിധി സമ്മിശ്ര പ്രതികരണങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. ബാബറി മസ്ജിദ് തകർത്തതിലൂടെ ഭാരതത്തിന്റെ മതനിരപേക്ഷതയ്ക്കും രാഷ്ട്രഗാത്രത്തിനുമേറ്റ മുറിവുകൾ ഉണക്കാൻ ഈ കോടതിവിധി പര്യാപ്തമോ എന്നു പറഞ്ഞുതരേണ്ടതു പക്ഷേ, കാലംതന്നെയാണ്.

അത്യധികം സങ്കീർണവും വിവാദപൂർണവുമാണ് ഈ കേസിന്റെ ഇതുവരെയുള്ള നാൾവഴികൾ. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും നിർണായകമായൊരു കോടതിവിധിക്കു വേണ്ടിയാണ് ഇന്നലെ രാജ്യം കാത്തിരുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബാബറി മസ്ജിദിന്റെ പതനം സൃഷ്ടിച്ച നിഴൽപാടുകൾ അത്രയും ആഴമേറിയതായിരുന്നു. അതു നമ്മുടെ രാഷ്ട്രീയത്തിലും സംസ്കാരത്തിലും സമൂഹത്തിലും മറ്റൊരു കാലത്തിനുതന്നെ തുടക്കമിട്ടു. ഇപ്പോഴുണ്ടായ വിധിയുടെ വിശദാംശങ്ങളെച്ചൊല്ലി ഇനിയുള്ള ദിവസങ്ങളിലും ചർച്ചകളും സംവാദങ്ങളും ഉണ്ടാവാം. ബഹുസ്വര സമൂഹത്തിൽ അതു സ്വാഭാവികമാണുതാനും.

ഈ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡും ഉത്തർപ്രദേശ് വഖഫ് ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് കേസിലുണ്ടായത് വളരെ നിർഭാഗ്യകരമായ വിധിയെന്ന് അഭിപ്രായപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, അന്വേഷണ ഏജൻസി അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു.

നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ വൈകിയോട്ടത്തിന്റെകൂടി ദൃഷ്ടാന്തമാണ് സംഭവം നടന്ന് 27 വർഷത്തിനുശേഷം ഇന്നലെയുണ്ടായ വിധി. മസ്ജിദ് തകർത്തതിന്റെ (1992 ഡിസംബർ ആറ്) പത്താം ദിവസം നിയമിച്ച ജസ്റ്റിസ് മൻമോഹൻ സിങ് ലിബറാൻ കമ്മിഷൻതന്നെ 17 വർഷത്തിനു ശേഷം 2009 ജൂണിലാണു റിപ്പോർട്ട് സമർപ്പിച്ചത്.

അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രനിർമാണത്തിനു കൈമാറാനും മസ്ജിദ് നിർമിക്കാൻ അയോധ്യയിൽത്തന്നെ പ്രധാന സ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനുമുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠ വിധിയുണ്ടായതു കഴിഞ്ഞ വർഷം നവംബറിലാണ്. സഹിഷ്ണുതയും സഹവർത്തിത്വവും മതനിരപേക്ഷ പ്രതിബദ്ധതയെ പരിപോഷിപ്പിക്കുന്നുവെന്ന് അന്നു കോടതി പറയുകയും ചെയ്തു. ആ വിധിയുടെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭൂമിപൂജയോടെ തുടക്കമാകുകയും ചെയ്തു.

സഹസ്രാബ്‌ദങ്ങൾ കൊണ്ടു സഹിഷ്ണുതയിൽ പടുത്തുയർത്തിയതാണു നമ്മുടെ സമ്പന്ന സംസ്കൃതി. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ അഖണ്ഡസങ്കൽപത്തിന്റെ ശിലകൾ ഒരിക്കലും ഇളകിക്കൂടാ. മതസൗഹാർദത്തിനു വേണ്ടിയുള്ള ഭാരതത്തിന്റെ കാലാതീത പ്രാർഥന എല്ലാവരുടെയും മനസ്സിലുണ്ടാകുകയും വേണം. അയോധ്യ എന്ന പദത്തിന്റെ അർഥംതന്നെ യുദ്ധം ഇല്ലാത്തത് എന്നാണെന്ന് ഒരിക്കൽക്കൂടി ഓർമിക്കാം. സാഹോദര്യത്തിന്റെയും സമഭാവനയുടെയും സഹിഷ്ണുതയുടെയും സ്വരമാണ് എല്ലാവരിൽനിന്നും ഉണ്ടാകേണ്ടത്.

ബാബറി മസ്ജിദ് സംഭവത്തെത്തുടർന്നുണ്ടായ മുറിവുകൾ ഒരു തീക്ഷ്ണയാഥാർഥ്യമായി മതനിരപേക്ഷ ഭാരതത്തിന്റെ ആത്മാവിൽ ഇപ്പോഴുമുണ്ട്. മുറിവുകൾ ഉണ്ടാക്കുന്നതിനെക്കാൾ കൂടുതൽ സമയമെടുത്തേ അതുണങ്ങൂ എന്ന, ഏറ്റവും ലളിതവും എങ്കിലും ആഴമേറിയതുമായ സത്യം സർക്കാരും നമ്മുടെ മത – രാഷ്ട്രീയ നേതാക്കളും ഒരുകാലത്തും മറന്നുകൂടാ.

English summary: Babri Masjid Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com