ബിജെപി ക്യാംപിൽ ആശ്വാസം, ആഹ്ലാദം

BJP-Flag
SHARE

മഹത്തായ വിധി എന്ന് എൽ.കെ.അഡ്വാനി. അയോധ്യയിൽ ഒരു ഗൂഢാലോചനയും നടന്നില്ലെന്ന് ഇതു വ്യക്തമാക്കുന്നെന്നു മുരളി മനോഹർ ജോഷി, സത്യം വിജയിച്ചെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലക്നൗവിൽ സിബിഐ പ്രത്യേക കോടതിയുടെ വിധിയെ ബിജെപിയും ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും സ്വാഗതം ചെയ്തത് അത്യാഹ്ലാദത്തോടെയും ആശ്വാസത്തോടെയുമാണ്. 

ജയ്ശ്രീറാം വിളിയോടെയാണ് എൽ.കെ.അഡ്വാനി വിധിയെ എതിരേറ്റത്. ശാരീരിക ക്ഷീണം ഉണ്ടായിട്ടും അദ്ദേഹം വീടിനു പുറത്തുവന്നു മാധ്യമപ്രവർത്തകരോടു സംസാരിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നീങ്ങാൻ ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആഹ്വാനം ചെയ്തു. സന്യാസിമാരെയും ബിജെപി, ആർഎസ്എസ്, വിശ്വഹിന്ദു പരിഷത് നേതാക്കളെയും കോൺഗ്രസ് കള്ളക്കേസിൽ കുടുക്കിയതാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

സ്വാഗതം ചെയ്ത് ശിവസേന

വിധിയെ സ്വാഗതം ചെയ്തു ശിവസേന. കേസിലെ 42 പ്രതികളിലൊരാളാണു ശിവസേന സ്ഥാപകൻ അന്തരിച്ച ബാൽ താക്കറെ. കോൺഗ്രസിനും എൻസിപിക്കുമൊപ്പം മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയുടെ പ്രതികരണം വലിയ ആഹ്ലാദപ്രകടനങ്ങൾ ഇല്ലാതെയാണെന്നതും ശ്രദ്ധേയം.

‘വിട്ടയയ്ക്കപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. പ്രതീക്ഷിച്ച വിധിയാണിത്. ആ അധ്യായം നമ്മൾ മറക്കണം. രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയുള്ള കഴിഞ്ഞ നവംബറിലെ സുപ്രീം കോടതി വിധിയോടെ ഇൗ കേസിന്റെ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടിരുന്നു’ - ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗത്ത് പറഞ്ഞു.

English summary: Babri Masjid Case verdict: BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA