കനത്ത സുരക്ഷയിൽ കോടതിയും നഗരവും

babri-police
ബാബറി മസ്ജിദ് കേസിൽ വിധി പ്രസ്താവിച്ച ലക്നൗ സിബിഐ കോടതി പരിസരത്തെ സുരക്ഷാസന്നാഹങ്ങൾ. ചിത്രം:ജെ.സുരേഷ്∙ മനോരമ
SHARE

ബാബറി മസ്ജിദ് കേസ് വിധി വരുന്നതിനു മുന്നോടിയായി ലക്നൗ നഗരത്തിലും സിബിഐ കോടതി പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പഴയ ഹൈക്കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കോടതിക്കു മുൻപിലൂടെയുള്ള ഗതാഗതം ചൊവ്വാഴ്ച അർധരാത്രി തന്നെ നിരോധിച്ചു. മാധ്യമപ്രവർത്തകരും അഭിഭാഷകരും ഒഴികെ ആരെയും അതിലെ നടക്കാൻ പോലും അനുവദിച്ചില്ല.

സംസ്ഥാനത്തു ഹൈ അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ നഗരത്തിലെ ഓരോ മൂലയിലും തോക്കേന്തിയ പൊലീസ് സംഘങ്ങൾ നിരന്നു. അയോധ്യയിലും സുരക്ഷ കൂട്ടി. വൻ മാധ്യമസംഘമാണു കോടതിക്കു പുറത്ത് അണിനിരന്നത്. 10 മണിയോടെ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവ് അതീവ സുരക്ഷയിൽ എത്തി; പിന്നാലെ പ്രതികളും. മുൻ എംപി വിനയ് കട്യാർ, രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, അയോധ്യ എംപി ലല്ലു സിങ്, റാംജി ഗുപ്ത തുടങ്ങിയവരാണ് ആദ്യമെത്തിയത്.

ritambhara
വിധിപ്രസ്താവത്തിനു ശേഷം ലക്നൗ സിബിഐ കോടതിയിൽനിന്ന് പുറത്തേക്കു വരുന്ന സാധ്വി ഋതംബര. ചിത്രം ∙ മനോരമ

മാധ്യമപ്രവർത്തകരെയും ബാരിക്കേഡുകൾക്ക് അപ്പുറത്തു നിന്നു മുദ്രാവാക്യം വിളിച്ചവരെയും അഭിവാദ്യം ചെയ്ത് സാക്ഷി മഹാരാജ് കോടതിയിലേക്കു കയറി. വൈകാതെ തിരിച്ചുപോകുകയും ചെയ്തു. വിധിപ്രസ്താവം തുടങ്ങിയപ്പോൾ വീണ്ടുമെത്തി.

പ്രതികളിൽ പ്രായമായവരെ വന്ന വാഹനത്തിൽ കോടതിവരെ പോകാൻ അനുവദിച്ചു. ചിലർ കോടതിമുറിയിൽ പ്രവേശിക്കുന്നതിനു മുൻപു മാധ്യമങ്ങൾക്കു പ്രതികരണം നൽകുകയും ചെയ്തു. ജാമ്യമെടുക്കേണ്ടി വന്നാൽ കെട്ടിവയ്ക്കേണ്ട തുകയും ജാമ്യക്കാരും കൂടെയുണ്ടെന്ന് റാംജി ഗുപ്ത പറഞ്ഞു. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ്, മഹന്ത് നൃത്യ ഗോപാൽ ദാസ്, സതീഷ് പ്രധാൻ എന്നിവർ ആരോഗ്യകാരണങ്ങളാൽ എത്തിയിരുന്നില്ല.

11നു വിധി പറഞ്ഞു തുടങ്ങുമെന്നു അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറോളം വൈകി. തുടങ്ങിയെന്നു ചാനലുകൾ ‘ബഡീ ഖബർ’ (വലിയ വാർത്ത) നൽകുമ്പോഴേക്ക് നിർത്തിയെന്നും വിവരം വന്നു. ഹാജരാകാത്തവരിൽ ചിലരെക്കൂടി വിഡിയോ ലിങ്കിലൂടെ വിധിപ്രസ്താവം കേൾപ്പിക്കാനായിരുന്നു ഇത്. 12.15നു വീണ്ടും വായിച്ചു തുടങ്ങി. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന കണ്ടെത്തൽ താമസിയാതെ വന്നു. പ്രതികളെ വിട്ടയച്ചുവെന്ന് അൽപസമയത്തിനകം വിവരം ലഭിച്ചു.

‍ആകാംക്ഷയോടെ കാത്തുനിന്ന മാധ്യമപ്രവർത്തകർ തലങ്ങും വിലങ്ങും ‘ലൈവ്’ നൽകാൻ തുടങ്ങി.പ്രതികളുടെ അഭിഭാഷകരാണു മാധ്യമങ്ങളോടു സംസാരിക്കാൻ വന്നത്. സിബിഐ അഭിഭാഷകർ അവിടേക്കു വന്നില്ല. വിധിയെക്കുറിച്ച് അഭിഭാഷകർ വിവരിക്കുമ്പോൾ, അപ്പുറത്തെ ഗേറ്റിലൂടെ നേതാക്കളുടെ ആഘോഷ വരവ് തുടങ്ങി. കോടതി പരിസരത്തെ റോഡ് വൈകുന്നേരം വരെ തുറന്നില്ലെങ്കിലും അതിനു ചുറ്റും ലക്നൗ നഗരം കോവിഡിനെ പേടിക്കാതെ ഒഴുകി.

English summary: Babri Masjid Case 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA