ADVERTISEMENT

ബാബറി മസ്ജിദ് കേസിൽ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷനു പിഴവു പറ്റിയെന്നാണ് ലക്നൗവിലെ പ്രത്യേക കോടതിയുടെ വിലയിരുത്തൽ. വിഡിയോ ദൃശ്യങ്ങളടക്കം ഹാജരാക്കിയ സിബിഐയുടെ രീതിയെക്കുറിച്ചുൾപ്പെടെ വിധിയിൽ വിമർശനമുണ്ട്. എൽ.കെ. അഡ്വാനി ഉൾപ്പെടെ 21 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച് 2017 ഏപ്രിൽ 19നു സുപ്രീം കോടതി നൽകിയ വിധിയിലും സിബിഐക്കെതിരെ വിമർശനമുണ്ടായിരുന്നു.

എല്ലാ കുറ്റവാളികളെയും ഒരുമിച്ചു വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ സിബിഐയും സാങ്കേതികപ്പിഴവുകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരും തയാറാകാതിരുന്നതാണ് പ്രതികൾ ഇതുവരെ ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണമെന്നാണ് ജ ഡ്ജിമാരായ പിനാകി ചന്ദ്ര ഘോഷ്, റോഹിന്റൻ നരിമാൻ എന്നിവരുടെ ബെഞ്ച് അന്നു വ്യക്തമാക്കിയത്.

ഇപ്പോൾ, കുറ്റക്കാരല്ലെന്നു പ്രത്യേക കോടതി വിധിച്ചവരിൽ 21 പേർ ശിക്ഷിക്കപ്പെടേണ്ടവരെന്ന് അന്നു സുപ്രീം കോടതി വിലയിരുത്തി. സംയുക്ത കുറ്റപത്രം കോടതി ശരിവയ്ക്കുകയും പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു വിലയിരുത്തുകയും ചെയ്തശേഷമാണ് ഇവർ ഒഴിവാക്കപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ പിടിച്ചുലയ്ക്കുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കി. എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയുമുൾപ്പെടെ 8 പേർക്കെതിരെയുള്ള കേസ് റായ്ബറേലിയിലെ കോടതിയിൽ നിന്ന് ലക്നൗവിലേക്കു മാറ്റാൻ ഭരണഘടനയുടെ 142ാം വകുപ്പു പ്രകാരമുള്ള സവിശേഷാധികാരമാണ്  അന്നു സുപ്രീം കോടതി പ്രയോഗിച്ചത്. 

അന്നു വിധിന്യായം കോടതിയിൽ വായിച്ചപ്പോൾ, അഡ്വാനിയുടെയും ജോഷിയുടെയും പേര് ഗൂഢാലോചനക്കുറ്റം സംബന്ധിച്ച് എടുത്തുപറഞ്ഞു. ഈ വിധി വരുമ്പോൾ കല്യാൺ സിങ് രാജസ്ഥാൻ ഗവർണറായിരുന്നു. അതിനാൽ അദ്ദേഹത്തെ വിചാരണ ചെയ്യാൻ തടസ്സമുണ്ടായിരുന്നു. കല്യാൺ സിങ് പദവി ഒഴിഞ്ഞാലുടൻ ഗൂഢാലോചനക്കുറ്റം ചുമത്താനായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. 

കഴിഞ്ഞ വർഷം നവംബർ 19ന് രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതർക്ക കേസിന്റെ വിധിയിൽ സുപ്രീം കോടതി പറഞ്ഞത്, നിയമവാഴ്ചയോടു പ്രതിബദ്ധതയുള്ള മതനിരപേക്ഷ രാജ്യത്തു സംഭവിക്കാൻ പാടില്ലാത്തതാണ് ബാബറി മസ്ജിദ് തകർത്തപ്പോൾ സംഭവിച്ചതെന്നാണ്. സംഭവത്തെ അതിനീചമായ നിയമലംഘനമെന്നാണു കോടതി വിമർശിച്ചത്.

തീയതികളിലെ യാദൃച്ഛികത

ഭൂമിതർക്ക കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ വിധി വന്നത് 2010 സെപ്റ്റംബർ 30നാണ്. കൃത്യം 10 വർഷമായപ്പോൾ, സെപ്റ്റംബർ 30ന് ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്നൗവിൽ പ്രത്യേക കോടതിയുടെ വിധിയുണ്ടായി. രാമക്ഷേത്രത്തിനായി 1989 നവംബർ 9നാണ് വിഎച്ച്പി ശിലാന്യാസം നടത്തിയത്. ക്ഷേത്രനിർമാണമനുവദിച്ച് സുപ്രീം കോടതി വിധിയുണ്ടായത് കൃത്യം 30 വർഷമായപ്പോൾ, 2019 നവംബർ 9നും.

English summary: Babri Masjid case: CBI investigation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com