വിധിന്യായത്തിൽ കേരളത്തിൽനിന്നുള്ള കേസുകളും

babri-police
ബാബറി മസ്ജിദ് കേസിൽ വിധി പ്രസ്താവിച്ച ലക്നൗ സിബിഐ കോടതി പരിസരത്തെ സുരക്ഷാസന്നാഹങ്ങൾ. ചിത്രം:ജെ.സുരേഷ്∙ മനോരമ
SHARE

മസ്ജിദ് തകർപ്പെടുമ്പോൾ, അതിന് 200–300 മീറ്റർ അടുത്തായി ഉണ്ടായിരുന്ന ബിജെപി, വിഎച്ച്പി നേതാക്കൾ നടത്തിയ പ്രസംഗങ്ങളും വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങളും അക്രമികൾക്കു പ്രോത്സാഹനമായോ? അക്രമികളും നേതാക്കളും തമ്മിൽ നടന്ന ഗൂഢാലോചനയുടെ ഫലമായാണോ മസ്ജിദ് തകർത്തത്?  മസ്ജിദ് തകർത്തതു സാമൂഹികവിരുദ്ധരെന്നു തീർപ്പിലെത്തിയപ്പോൾ ലക്നൗവിലെ പ്രത്യേക കോടതിയുടെ മുന്നിലുള്ള ചോദ്യങ്ങൾ ഇവയായിരുന്നുവെന്നാണ് വിധിന്യായം സൂചിപ്പിക്കുന്നത്. 

കർസേവകരും നേതാക്കളും പൊതുവായൊരു കാര്യത്തിനായി ഒത്തുചേർന്നെന്നു സ്ഥാപിക്കുന്ന തെളിവുകളില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഒരുവിഭാഗം കർസേവകർ മന്ദിരത്തിനുമേൽ കയറി അതു തകർക്കുമെന്ന്, സമ്മേളന വേദിയിലും രാം ഛബൂത്രയ്ക്കു സമീപവുമായി ഉണ്ടായിരുന്ന വിഎച്ച്പി നേതാവ് അശോക് സിംഗാൾ, ബിജെപി നേതാവ് വിജയ്‍രാജെ സിന്ധ്യ തുടങ്ങിയവർ സംശയിച്ചതേയില്ല – കോടതി വ്യക്തമാക്കി. 

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120–ബി വകുപ്പു പ്രകാരം, ഗൂഢാലോചന സ്ഥാപിക്കാൻ മതിയായ കാരണങ്ങളില്ലെന്നു വിലയിരുത്തിയപ്പോൾ, വാദമധ്യേ ഉന്നയിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള 3 കൊലപാതകക്കേസുകളിലെ സുപ്രീം കോടതി വിധികൾ കോടതി പരാമർശിച്ചു. ക്രിമിനൽ ഗൂഢാലോചനയ്ക്ക് – നിയമവിരുദ്ധമായ നടപടി ചെയ്യാൻ കുറ്റാരോപിതർ തമ്മിലുള്ള ധാരണ – നേരിട്ടുള്ളതോ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതോ ആയ തെളിവുകൾ വേണമെന്ന് പോളക്കുളം കേസിലെ (1994) വിധിയിലുള്ളതാണ് ഒരു പരാമർശം. 

കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിലെ താമസക്കാരിയായിരുന്ന ജമീല 1991 ൽ കൊല്ലപ്പെട്ട കേസിൽ സാജു എന്ന രണ്ടാം പ്രതിയുടെ അപ്പീലിൽ സുപ്രീം കോടതി നൽകിയ വിധിയിലേതാണ് (2000) രണ്ടാം പരാമർശം. നിയമവിരുദ്ധമായ നടപടി ചെയ്യാനോ, നിയമപരമായ നടപടി നിയമവിരുദ്ധമായി ചെയ്യാനോ ഒന്നിലേറെപ്പേർ ഗൂഢാലോചന നടത്തിയാലേ 120–ബി പ്രയോഗിക്കാനാവൂ എന്നാണ് ഈ കേസിൽ കോടതി വ്യക്തമാക്കിയത്. 

1981 ഒക്ടോബർ 9ന് സിനിമാ നിർമാതാവ് മജീന്ദ്രനെ കൊച്ചിയിൽ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വിജയന്റെ അപ്പീലിൽ സുപ്രീം കോടതി സ്വീകരിച്ച നിലപാടാണു മൂന്നാം പരാമർശം. സാഹചര്യത്തെളിവുകളെ എത്രമാത്രം ആശ്രയിക്കാമെന്നതാണ് ഈ വിധിയിൽ വിശദീകരിച്ചത്. 

English summary: Babri Masjid case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA