വിധി നിർഭാഗ്യകരം; മതസൗഹാർദം കാത്തുസൂക്ഷിക്കുക: ഹൈദരലി തങ്ങൾ

SHARE

ബാബറി മസ്ജിദ് കേസിലേതു നിർഭാഗ്യകരമായ വിധിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. നിയമവിരുദ്ധമായും അക്രമ മാർഗത്തിലൂടെയും മസ്ജിദ് തകർത്തവർക്കു ശിക്ഷയില്ലാതെ പോയി. അന്വേഷണ ഏജൻസി ഉടൻ അപ്പീൽ നൽകണം. അതേസമയം, എല്ലാവരും സമാധാനം നിലനിർത്തുകയും മതസൗഹാർദം കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

നിരാശാജനകം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

വിധി അതീവ നിരാശാജനകമാണെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസല്യാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ എന്നിവർ പറഞ്ഞു. നിയമവ്യവസ്ഥയുടെ നിലനിൽപ് അതിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിലാണ്. ഇത്തരം വിധികൾ ആ വിശ്വാസമാണു തകർക്കുന്നത്. ഭൂമി തർക്ക കേസിലെ സുപ്രീം കോടതിയുടെ വിധിയെ ഈ വിധി റദ്ദാക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.

മതനിരപേക്ഷതയുടെ ആത്മാവിനേറ്റ പ്രഹരം: ജിഫ്രി മുത്തുക്കോയ തങ്ങൾ

വിധി രാജ്യത്തെ മതനിരപേക്ഷതയുടെ ആത്മാവിനേറ്റ പ്രഹരമാണെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഭൂമിതർക്ക കേസിലെ വിധി തന്നെ മതനിരപേക്ഷ സമൂഹത്തെ വേദനിപ്പിച്ചിരുന്നു. ഗൂഢാലോചനയ്ക്കു തെളിവില്ലാത്തതിനാൽ പ്രതികളെ വിട്ടയയ്ക്കുന്നെന്ന വിധി രാജ്യത്തിനു കളങ്കമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA