ഉദ്ദേശ്യം നല്ലതു തന്നെ, പക്ഷേ...

vijaraghavan
SHARE

സ്ത്രീശാക്തീകരണം അടക്കമുള്ള ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു സഹായകമായത് വികേന്ദ്രീകരണവും ജനകീയാസൂത്രണവുമാണ് എന്നതിൽ ഒട്ടും തർക്കമില്ല. എന്നാൽ, ഇവ രണ്ടും കുറ്റമറ്റരീതിയിൽ നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വികസനത്തിനും കൂട്ടായ്മയ്ക്കും അപ്പുറം താഴെത്തട്ടിൽ നിലനിൽക്കുന്ന ശക്തമായ രാഷ്ട്രീയ ചേരിതിരിവു തന്നെയാണ് ഇവ ഫലപ്രദമായി നടപ്പാക്കുന്നതിനു മുഖ്യ വിലങ്ങുതടിയായത്. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലുമൊക്കെ പദ്ധതികൾക്കായി ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിൽ വരെ ഇൗ വിവേചനം പ്രകടമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽപോലും ഇൗ തരംതിരിവു കാണാനാകും. 

കേന്ദ്രം ആവശ്യത്തിനു പണം തരുന്നില്ലെന്നു കേരളം എപ്പോഴും പരാതി പറയുന്നതു നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നു നോക്കൂ. അവർക്കും ഇതേ പരാതിയാണു സംസ്ഥാന സർക്കാരിനോടു പറയാനുള്ളത്. തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ട് ചെലവഴിക്കാൻ സ്വാതന്ത്ര്യം നൽകിയെന്നു പറഞ്ഞിട്ടു കാര്യമില്ല. ഫണ്ട് കൃത്യമായി നൽകുകയും വേണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായി കെട്ടിടനികുതിയും മറ്റും പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യുന്നു. സംസ്ഥാന സർക്കാർ നേരിട്ടു നടപ്പാക്കേണ്ട ഒട്ടേറെ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾക്കുമേൽ കെട്ടിവയ്ക്കുന്ന പ്രവണതയുമുണ്ട്. പണമില്ലെങ്കിൽ സ്പോൺസർമാരെ കണ്ടെത്തി നടപ്പാക്കണമെന്നു നിർദേശിക്കുന്നതാണു പുതിയ പ്രവണത. 

തദ്ദേശ സ്ഥാപനങ്ങൾക്കു പല അധികാരങ്ങളും നല്ല ഉദ്ദേശ്യത്തോടെയാണു കൈമാറുന്നതെങ്കിലും പലപ്പോഴും അതു വിപരീതഫലമാണുണ്ടാക്കുന്നത്. ആയിരക്കണക്കിനു പേർക്കു തൊഴിൽ നൽകുന്ന വലിയൊരു പദ്ധതിക്കു പോലും ഒരു തദ്ദേശ സ്ഥാപനം വിചാരിച്ചാൽ ഉടക്കിടാൻ പറ്റും. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ വ്യക്തിപരമായ പകപോക്കലിനായി പലപ്പോഴും നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. 

ജനകീയാസൂത്രണം നടപ്പാക്കിയപ്പോൾ വികേന്ദ്രീകരണം ഫലപ്രദമാക്കാൻ സർക്കാർ വകുപ്പുകളിലെ ഒട്ടേറെ ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കു വിന്യസിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ഒന്നും സംഭവിച്ചില്ല. രാഷ്ട്രീയസമ്മർദം കാരണം പുനർവിന്യാസം ഫലം കണ്ടില്ല. ഇതുമൂലം തദ്ദേശസ്ഥാപനങ്ങളിലെ ഭാരിച്ച ജോലികൾ ചെയ്യാൻ ഇപ്പോഴും ആളില്ലാത്ത അവസ്ഥയാണ്. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ ആവശ്യത്തിനു ഡോക്ടർമാരുമില്ല.

അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും ഗുണങ്ങൾ കാര്യമായി എത്തിച്ചേരാത്ത രണ്ടു വിഭാഗങ്ങളാണ് ആദിവാസി വിഭാഗവും മത്സ്യത്തൊഴിലാളികളും. ഇതു പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച പല തീരുമാനങ്ങളും ഗുണം കണ്ടുമില്ല. ആദിവാസി മേഖലകളിലെ ജനപ്രതിനിധികൾ പഞ്ചായത്ത് കമ്മിറ്റി യോഗം ചേരാൻ ഉദ്യോഗസ്ഥരുടെ സൗകര്യം നോക്കി നഗരങ്ങളിലെത്തേണ്ട സാഹചര്യം പോലുമുണ്ട്. 

കോവിഡ് വ്യാപനം കാരണം ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ അസൗകര്യങ്ങളാൽ ഏറ്റവുമധികം ബുദ്ധിമുട്ടിയതും ഇൗ രണ്ടു വിഭാഗങ്ങളാണ്. അധികാരം താഴെത്തട്ടിൽ എത്തിച്ചിട്ടും അഴിമതി അവസാനിപ്പിച്ചില്ല. പകരം, അഴിമതിയും വികേന്ദ്രീകരിക്കപ്പെട്ടു. ജനപ്രതിനിധികളുടെ ബെനാമികൾ തന്നെയാണ് ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാർ. 

(ആസൂത്രണ ബോർഡ് മുൻ അംഗമാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA