ഉറപ്പാക്കി, സകലരുടെയും പങ്കാളിത്തം

sm-vijayananth
എസ്.എം.വിജയാനന്ദ്
SHARE

കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം രൂപീകരിച്ച് അധികാരം താഴെത്തട്ടിലേക്കു കൈമാറിയ ചരിത്രപരമായ മാറ്റത്തിന് ഇന്നു കാൽ നൂറ്റാണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കു വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതി 25-ാം വർഷത്തിലേക്കു കടക്കുകയും ചെയ്യുന്നു. 8 പഞ്ചവത്സര പദ്ധതികൾ നടപ്പാക്കിയിട്ടും കേരളത്തിൽ സമഗ്രവികസനം സാധ്യമായില്ലെന്ന തിരിച്ചറിവാണ് ഇ.കെ.നായനാർ സർക്കാരിനെ ജനകീയാസൂത്രണ പദ്ധതിക്കു പ്രേരിപ്പിച്ചത്. സംസ്ഥാന ബജറ്റിന്റെ 35% തുകയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി മാറ്റിവച്ചത്. ഇപ്പോഴും അതു തുടരുന്നു. കാൽ നൂറ്റാണ്ടുകൊണ്ട് ത്രിതല പഞ്ചായത്ത് സംവിധാനവും ജനകീയാസൂത്രണവും കേരളത്തിൽ വരുത്തിയ മാറ്റങ്ങളെന്ത് ? നാം ലക്ഷ്യങ്ങൾ കൈവരിച്ചോ? 

ഭരണരംഗത്തും വികസനരംഗത്തും എല്ലാവർക്കും ഇടപെടാൻ അവസരമൊരുക്കി എന്നതാണ് അധികാര വികേന്ദ്രീകരണത്തിന്റെ മുഖ്യനേട്ടം. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള കാൽ ലക്ഷത്തോളം പേരാണ് ഇന്നു തദ്ദേശസ്ഥാപനങ്ങളിൽ ജനപ്രതിനിധികളായുള്ളത്. വലിയൊരു ജനാധിപത്യവൽക്കരണമാണിത്. സംസ്ഥാന തലത്തിൽ നടക്കുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളൊന്നും തദ്ദേശ സ്ഥാപനങ്ങളിലേക്കു വ്യാപിക്കുന്നേയില്ല. അവർ കോവിഡ് പ്രതിരോധത്തിലും വികസന പ്രവർത്തനങ്ങളിലും വ്യാപൃതരാണ്. 

ഒരു പ്രദേശത്തു നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചു ജനങ്ങൾ തന്നെ ചർച്ച ചെയ്യുന്നുവെന്നതാണ് ജനകീയാസൂത്രണത്തിന്റെ പ്രധാന മേന്മ. ഗ്രാമസഭകളിൽ 10% പേരേ പോകുന്നുള്ളൂവെങ്കിലും അതുമൊരു പ്രാതിനിധ്യമാണ്. സംസ്ഥാനത്താകെ നോക്കിയാൽ 15 ലക്ഷത്തോളം പേർ ഗ്രാമസഭകളിൽ പങ്കെടുക്കുന്നുണ്ട്. താൻ നാടിനു വേണ്ടി എന്തു ചെയ്തുവെന്ന് ജനപ്രതിനിധി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സാഹചര്യമുണ്ടാക്കിയത് വികേന്ദ്രീകരണവും ജനകീയാസൂത്രണവുമാണ്. പദ്ധതി നടത്തിപ്പിലെ സുതാര്യതയും വർധിച്ചു. നമ്മുടെ പഞ്ചായത്ത് ഓഫിസിലെ സാഹചര്യവും വില്ലേജ് ഓഫിസിലെ സാഹചര്യവും താരതമ്യം ചെയ്താൽ അതു വ്യക്തമാകും. 

നമ്മുടെ നാട്ടിൽ മിക്ക വികസനപദ്ധതികൾക്കും മുഖ്യ വെല്ലുവിളി സ്ഥലമേറ്റെടുപ്പാണ്. എന്നാൽ, പഞ്ചായത്തുകളിലെ ചിത്രം അതല്ല. റോഡുവെട്ടാനും വീതികൂട്ടാനും കിണർ കുഴിക്കാനുമൊക്കെ സൗജന്യമായാണു ജനം ഭൂമി വിട്ടുനൽകുന്നത്. ഇതാണു ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമ്പോഴുള്ള മെച്ചം. വിഭവസമാഹരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പിന്നോട്ടാണെങ്കിലും പല സേവനങ്ങൾക്കും യൂസർ ഫീ കൃത്യമായി പിരിക്കുന്നുണ്ട്. കുടുംബശ്രീ അയൽക്കൂട്ട സമ്പ്രദായം തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതു കേരളത്തിൽ മാത്രമാണ്. സ്ത്രീ ശാക്തീകരണത്തിൽ നമ്മൾ മുന്നിലെത്താൻ മുഖ്യകാരണം ഇതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ വനിതാ പ്രതിനിധികളിൽ 62% കുടുംബശ്രീയിലെ അംഗങ്ങളാണുതാനും. 

ഒരുവർഷം 20,000 കോടിയോളം രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇന്നു നൽ‌കുന്നുണ്ട്. പിന്നാക്ക പ്രദേശങ്ങൾക്കു കൂടുതൽ വിഹിതവും കിട്ടുന്നു. പ്രാദേശികമായ ഒരു സാമ്പത്തിക ഉത്തേജനത്തിനുതന്നെ ഇൗ ഫണ്ട് വിതരണം ഗുണം ചെയ്തിട്ടുണ്ട്. വിദ്യാർഥിരാഷ്ട്രീയം, ട്രേഡ് യൂണിയൻ, സഹകരണ പ്രസ്ഥാനം എന്നിവ വഴിയാണു പണ്ട് പലരും രാഷ്ട്രീയത്തിലേക്ക് എത്തിയിരുന്നതെങ്കിൽ ഇന്നു ഭരണരംഗത്തേക്കുളള മുഖ്യ ചവിട്ടുപടി തദ്ദേശ സ്ഥാപനങ്ങളാണ്.

 വികേന്ദ്രീകരണത്തിനു പിന്നാലെ ഫലപ്രദമായി നടപ്പാക്കിയ പദ്ധതിയായിരുന്നു ജനകീയാസൂത്രണം. സർക്കാർ മാറുമ്പോൾ ജനകീയാസൂത്രണം നിർത്തലാക്കുമെന്ന് അന്നു പലരും പറഞ്ഞു. എന്നാൽ, ഇതുവരെ പഞ്ചായത്തുകൾക്കു കൊടുക്കുന്ന ഫണ്ടിലും സ്വാതന്ത്ര്യത്തിലും ആരും കൈവച്ചിട്ടില്ല. വികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയതു കേരളമാണ്. കേരളത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണം ഇന്നു മറ്റു പല സംസ്ഥാനങ്ങളും മാതൃകയായി ഏറ്റെടുത്തുകഴിഞ്ഞു. പീപ്പിൾസ് പ്ലാൻ ക്യാംപെയ്നിനു കേന്ദ്രം തുടക്കം കുറിച്ചതു തന്നെ കേരളത്തെ മാതൃകയാക്കിയാണ്. 

സർക്കാരിനും ജനങ്ങൾക്കും ഇടയിലെ കണ്ണിയായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയതു ജനകീയാസൂത്രണമാണ്. പ്രളയവും കോവിഡും വന്നപ്പോൾ അതു കൂടുതൽ വ്യക്തമാകുകയും ചെയ്തു. 

(മുൻ ചീഫ് സെക്രട്ടറിയും  സംസ്ഥാന ധനകാര്യ കമ്മിഷൻ  ചെയർമാനുമാണ് ലേഖകൻ)

പഞ്ചായത്ത് രാജ്

∙ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപത്തിന്റെയും ഗ്രാമസ്വരാജിലൂടെ പൂർണസ്വരാജ് എന്ന ദർശനത്തിന്റെയും തുടർച്ചയാണ് പഞ്ചായത്ത് രാജ്. രാജ്യത്തെ ഓരോ ഗ്രാമവും സ്വാശ്രയമായിത്തീരുക എന്നതാണ് അന്തിമലക്ഷ്യമെന്നു ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു.  1992: 73, 74–ാം ഭരണഘടനാ ഭേദഗതികൾ. അധികാര വികേന്ദ്രീകരണത്തിന് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു.

∙ 1993 ഏപ്രിൽ 24: ഇന്ത്യയിൽ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു.

∙ ഏപ്രിൽ 24 ദേശീയ പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നു. 

∙ 1994 ഏപ്രിൽ 23: കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു.

∙ പഞ്ചായത്ത് രാജ് നിയമത്തിനു പിന്നാലെ 1995ൽ കേരളത്തിൽ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പു നടന്നു. ഔദ്യോഗികമായ അധികാരക്കൈമാറ്റം നടന്നത് ആ വർഷത്തെ ഗാന്ധിജയന്തി ദിനത്തിലാണ്. ഇന്നേക്ക് 25 വർഷം മുൻപ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA