അനുഭവസമ്പത്ത് നിതീഷിന്റെ കരുത്ത്; മറികടക്കാൻ മഹാസഖ്യത്തിനു കഴിയുമോ?

thejaswi
തേജസ്വി യാദവ്, നിതീഷ് കുമാർ.
SHARE

തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ, മുന്നണിക്കുള്ളിൽ എൽജെപി ഉയർത്തിയ കലാപക്കൊടി എൻഡിഎയെ വിഷമവൃത്തത്തിലാക്കുന്നു. ബിഹാറിലെ നിയമസഭാ പോരാട്ടം പ്രവചനാതീതമാകുന്നു. നിതീഷിന്റെ അനുഭവസമ്പത്തിനെ മറികടന്ന് വിജയക്കൊടി പാറിക്കാൻ മഹാസഖ്യത്തിനു കഴിയുമോ? 

ബിഹാറിലെ എൻഡിഎ സഖ്യത്തിൽനിന്നു പിന്മാറുന്നുവെന്ന ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) പ്രഖ്യാപനം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തുടർഭരണ മോഹത്തിനു മേൽ നിഴൽവീഴ്ത്തുന്നു. എൻഡിഎക്കുണ്ടായിരുന്ന മേൽക്കൈ ഇതോടെ നഷ്ടപ്പെടുകയാണ്. നവംബർ 10ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പ്രവചനാതീതമാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി എൽജെപി മുന്നണി വിടുന്നതിന്റെ നഷ്ടം മറികടക്കാൻ എന്തു തന്ത്രമാകും നിതീഷ് പ്രയോഗിക്കുകയെന്ന് വരും ദിനങ്ങളിലറിയാം. എൽജെപിക്കു നീക്കി വച്ചിരുന്ന 25 സീറ്റുകൾ ബിജെപിക്കും ജെഡിയുവിനും പങ്കിട്ടെടുക്കാനാകും. ഇരുപാർട്ടികളും തുല്യ എണ്ണം സീറ്റുകളിൽ മത്സരിക്കുമെന്നതാണ് നിലവിലെ ധാരണ. ഇരുപാർട്ടികൾക്കും പുറമേ, മുന്നണിയിലുള്ള ഏക കക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് പത്തു സീറ്റിലധികം നൽകാനിടയില്ല.

ബിഹാറിൽ നരേന്ദ്ര മോദി തരംഗത്തെ മറികടന്നാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായത്. നിതീഷ് കുമാർ – ലാലുപ്രസാദ് യാദവ് കൂട്ടുകെട്ടിനു മുന്നിൽ മോദിതരംഗം അന്നു നിഷ്പ്രഭമായി. മഹാസഖ്യത്തെ തോൽപിക്കാനാകില്ലെന്ന തിരിച്ചറിവിൽ പകച്ചുപോയ ബിജെപി കാത്തിരുന്ന അവസരം  വൈകാതെയെത്തി. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവുമായി സ്വരച്ചേർച്ചയില്ലാതായതോടെ നിതീഷ് സഖ്യ പരീക്ഷണം അവസാനിപ്പിച്ചു. മോദിവിരോധം ഉപേക്ഷിച്ച് ബിജെപിയുമായി സന്ധിചെയ്തു മുഖ്യമന്ത്രിസ്ഥാനം നിലനിർത്തി.  നിതീഷ് വീണ്ടും ഗോദയിലിറങ്ങുമ്പോൾ, നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത്, മലർത്തിയടിക്കാനുള്ള കരുത്ത് തേജസ്വി യാദവിനുണ്ടോ? 

സുശാസൻ ബാബു

ലാലു – റാബ്റി യുഗത്തിനു വിരാമമിട്ടു ബിഹാറിൽ ‘നിതീഷ് രാജ്’ നിലവിൽ വന്നിട്ടു വർഷം പതിനഞ്ചായി. ബിഹാർ മാറ്റം ആഗ്രഹിക്കുന്നുവെന്ന തേജസ്വി യാദവിന്റെ പോസ്റ്റർ മുദ്രാവാക്യം വോട്ടർമാർ ഏറ്റെടുക്കുമോ എന്നു കണ്ടറിയണം. കോവിഡ്കാലത്തെ രാഷ്ട്രീയ ആലസ്യമൊഴിച്ചാൽ ഭരണവിരുദ്ധ വികാരത്തിന്റെ ലക്ഷണങ്ങളൊന്നും  ബിഹാറിൽ കാണാനില്ല. ‘സുശാസൻ ബാബു’ (മികവുറ്റ ഭരണാധികാരി) എന്നു പേരെടുത്ത നിതീഷ് കുമാറിന്റെ സദ്ഭരണ പ്രതിഛായയ്ക്ക് ഇന്നും കാര്യമായ കോട്ടമുണ്ടായിട്ടില്ല. 

തൊട്ടടുത്തുള്ള യുപിയിൽ തീവ്ര ഹിന്ദുത്വ അജൻഡ പ്രയോഗിക്കുന്ന ബിജെപിയെ ബിഹാറിൽ മൃദുഹിന്ദുത്വത്തിൽ അടക്കിനിർത്തുന്നതും നിതീഷിന്റെ മിടുക്കാണ്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെപ്പോലുള്ള ബിഹാറിലെ തീവ്ര ഹിന്ദുത്വനേതാക്കളെ അകറ്റിനിർത്തുന്ന നിതീഷ് കുമാർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ സൗമ്യശൈലിയെയാണു പിന്തുണയ്ക്കുന്നത്. 

പുതുമുഖ പരീക്ഷണം

മഹാസഖ്യത്തിൽ മുഖ്യമന്ത്രിസ്ഥാനാർഥിയായി തേജസ്വി യാദവിനെ അംഗീകരിക്കാൻ സഖ്യകക്ഷികൾക്കു മടിയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനേറ്റ തിരിച്ചടിയുടെ പേരിൽ തേജസ്വിയുടെ നേതൃത്വം  ചോദ്യം ചെയ്യപ്പെട്ടു. തേജസ്വിയെ പരസ്യമായി പിന്തുണ യ്ക്കാൻ കോൺഗ്രസ് നേതൃത്വം പോലും തയാറായിരുന്നില്ല. 

എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈർക്കിലിപ്പാർട്ടികൾക്കു വരെ വാരിക്കോരി സീറ്റു നൽകിയ തന്ത്രപരമായ പാളിച്ച മറികടക്കാനായിരുന്നു തേജസ്വിയുടെ പദ്ധതി. സീറ്റു വിഭജന ചർച്ചകൾക്കായി സഖ്യകക്ഷികൾ തിരക്കുകൂട്ടിയപ്പോൾ തേജസ്വി ഗൗനിച്ചില്ല. തേജസ്വിയുടെ അവഗണനയിൽ ക്ഷുഭിതരായി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും ഉപേന്ദ്ര ഖുഷ്‌വാഹയുടെ ആർഎൽഎസ്പിയും മഹാസഖ്യം വിട്ടു. മാഞ്ചി എൻഡിഎയിൽ ഇടം പിടിച്ചെങ്കിലും ഖുഷ്‌വാഹ വഴിയാധാരമായി. തേജസ്വി കൈവിടില്ലെന്ന പ്രതീക്ഷയിൽ മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) അവസാനഘട്ടം വരെ പിടിച്ചുനിന്നെങ്കിലും തഴയപ്പെട്ടു. ആർജെഡിക്കു 144, കോൺഗ്രസിന് 70, ഇടതുകക്ഷികൾക്ക് 29 എന്നായി അന്തിമ സീറ്റു വിഭജനം. കോൺഗ്രസിനെയും ഇടതുകക്ഷികളെയും മാത്രമുൾപ്പെടുത്തി തേജസ്വി യാദവ് ഫലത്തിൽ മുന്നണിയെ ശക്തിപ്പെടുത്തുകയായിരുന്നു. 

സീറ്റ് കച്ചവടം 

ഇരുമുന്നണികളും ചെറുകക്ഷികളുടെ നേതാക്കളെ സംശയദൃഷ്ടിയോടെയാണു കണ്ടിരുന്നത്. കിട്ടുന്ന സീറ്റിൽ മുക്കാലും വിറ്റു കാശാക്കുമെന്നാണു ‘ചിന്നപ്പാർട്ടി’കളെക്കുറിച്ചുള്ള ആക്ഷേപം. സീറ്റ് അനുവദിച്ചു കിട്ടിയാൽ ഒന്നുകിൽ ബന്ധുക്കൾക്ക് അല്ലെങ്കിൽ കച്ചവടത്തിന് എന്നതാണു രീതി. മുന്നണി സ്ഥാനാർഥിയാകാൻ എത്ര കോടി മുടക്കാനും തയാറായി മാഫിയ പ്രമാണിമാർ റെഡി. ഇത്തവണ ഇരുമുന്നണികളും ചെറുകക്ഷികളെ തഴയാൻ കാരണം ഈ സീറ്റു കച്ചവട ചരിത്രമാണ്.

ഡിജിറ്റൽ രഥങ്ങൾ

കോവിഡ് പശ്ചാത്തലത്തിൽ വൻ റാലികൾക്കു വിലക്കുവീണപ്പോൾ രാഷ്ട്രീയകക്ഷികൾ കണ്ടെത്തിയ പരിഹാരമാണു ഡിജിറ്റൽ രഥങ്ങൾ. എൽഇഡി സ്ക്രീനുകൾ ഘടിപ്പിച്ച വാഹനങ്ങൾ നേതാക്കളുടെ പ്രസംഗങ്ങൾ കേൾപ്പിക്കാൻ പട്ടണങ്ങളിലും ഗ്രാമക്കവലകളിലും എത്തും. പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലികൾക്കു പകരം, നൂറും ഇരുനൂറും പേർ ഡിജിറ്റൽ രഥ സ്ക്രീനുകൾക്കു മുന്നിൽ അണിനിരക്കും. അനുഭാവികൾ മൊബൈൽ ഫോണിൽ സമൂഹമാധ്യമങ്ങളിലെ ഡിജിറ്റൽ റാലികൾ കണ്ട് ആവേശഭരിതരായി വോട്ട് ചെയ്യാൻ എത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

chirag-paswan
ചിരാഗ് പസ്വാൻ

കാളിദാസൻ

എൻഡിഎയിൽ കലാപമിളക്കിയ ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാനു സഖ്യകക്ഷി നേതാക്കൾ നൽകിയ വിളിപ്പേരാണു കാളിദാസൻ; ഇരിക്കുന്ന കൊമ്പു മുറിച്ച കാളിദാസകഥ ഓർമിപ്പിക്കാൻ. മുഖ്യമന്ത്രി നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ പാർട്ടിയായ ജെഡിയു (ജനതാദൾ യു) വിനും എതിരെ പരസ്യവിമർശനവുമായി ചിരാഗ് ഇറങ്ങിയതു തുടക്കത്തിൽ ബിജെപി നേതൃത്വവും ആസ്വദിച്ചുവെന്നതാണു യാഥാർഥ്യം. സീറ്റു വിഭജനത്തിൽ കടുംപിടിത്തത്തിൽ നിന്ന നിതീഷ് ഒന്നു മയപ്പെടട്ടെ എന്നു ബിജെപി കരുതി. പക്ഷേ, ചിരാഗിന്റെ പോർവിളി അതിരുവിട്ടപ്പോൾ ബിജെപിയും വിരണ്ടു. 

ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചതു പോലെ, ജെ‍ഡിയുവിനെതിരെ എല്ലാ മണ്ഡലത്തിലും എൽജെപി സ്ഥാനാർഥികളെ നിർത്തിയാൽ പണിപാളും. ബിജെപിയോടു വിരോധമില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കുമെന്നും ചിരാഗ് നിലപാടു വെളിപ്പെടുത്തിയതു ജെഡിയുവിനു വെല്ലുവിളിയാണ്. ബിജെപിയും ജെഡിയുവും തുല്യസീറ്റിൽ മത്സരിച്ചാലും 

ബിജെപി കൂടുതൽ സീറ്റിൽ വിജയിച്ചേക്കാം. ചിരാഗിനെ പ്രോത്സാഹിപ്പിക്കാൻ തേജസ്വി യാദവ് മുതൽ പപ്പു യാദവ് വരെ സജീവമായുണ്ട്. ചിരാഗിനു മുഖ്യമന്ത്രിസ്ഥാനാർഥിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന വാഴ്ത്തലുകൾ അദ്ദേഹം ഗൗരവത്തിലെടുത്തിട്ടുമുണ്ട്. എൽജെപി അർഹതയുള്ളതിന്റെ ഇരട്ടി സീറ്റുകളാണു ചോദിക്കുന്നതെന്നാണ് എൻഡിഎ നിലപാട്.

pandey
ഗുപ്തേശ്വർ പാണ്ഡെ

ബിഹാറി റോബിൻഹുഡ്

ബിഹാർ പൊലീസ് മേധാവി ഗുപ്തേശ്വർ പാണ്ഡെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സ്വയം വിരമിച്ചതു രാഷ്ട്രീയമോഹത്താലാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ട് ആശീർവാദവും ജെഡിയു അംഗത്വവും നേടി. നിതീഷിന്റെ വിശ്വസ്തനായ ഗുപ്തേശ്വർ പാണ്ഡെയ്ക്കു പൊലീസ് ഉദ്യോഗസ്ഥൻ എന്നതിനപ്പുറമൊരു പ്രതിഛായയുണ്ട്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം  ഉറപ്പുവരുത്തിയതിൽ നിർണായക പങ്കുവഹിച്ചെന്നും പാണ്ഡെ അവകാശപ്പെടുന്നു. ബിഹാറിന്റെ റോബിൻഹുഡായി  ഗുപ്തേശ്വർ പാണ്ഡെയെ അവതരിപ്പിക്കുന്ന യുട്യൂബ് ഗാനം വൈറലായിക്കഴിഞ്ഞു. 

2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനായി പാണ്ഡെ രാജിവച്ചു നോക്കിയതാണ്. രാജി സർക്കാർ അംഗീകരിക്കാത്തതിനാൽ ആ മോഹം നടന്നില്ല. ഇക്കുറി വിരമിക്കൽ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി പാണ്ഡെ കളത്തിലിറങ്ങിക്കഴിഞ്ഞു.

നിതീഷ് കുമാർ

അനുകൂല ഘടകങ്ങൾ

∙ ഭരണപരിചയം

∙മികച്ച പ്രതിഛായ

∙ കേന്ദ്ര സർക്കാരിന്റെ പിന്തുണ

∙ദുർബല പ്രതിപക്ഷം

∙ആർജെഡിയിൽ നിന്നു ജെഡിയുവിലേക്കുള്ള എംഎൽഎമാരുടെ ഒഴുക്ക്

പ്രതികൂല  ഘടകങ്ങൾ

 ∙കോവിഡ് – പ്രളയം പ്രതിരോധത്തിലെ വീഴ്ചകൾ

 ∙ഇതര സംസ്ഥാനങ്ങളിൽ നിന്നു മടങ്ങിയെത്തിയവരുടെ രൂക്ഷമായ തൊഴിലില്ലായ്മ

 ∙അണികൾക്കിടയിലെ ആലസ്യം

 ∙എൽജെപി ഉയർത്തുന്ന കലാപം 

തേജസ്വി യാദവ്

അനുകൂല ഘടകങ്ങൾ

 ∙യാദവ– മുസ്‌ലിം വോട്ട് ബാങ്ക് അടിത്തറ

 ∙കോവിഡ് പ്രതിരോധത്തിൽ സർക്കാരിനോടുള്ള ജനങ്ങളുടെ അതൃപ്തി

 ∙എൻഡിഎയിലെ ഭിന്നത

പ്രതികൂല  ഘടകങ്ങൾ

∙ ആർജെഡിയിൽ നിന്നുള്ള  കൊഴിഞ്ഞു പോക്ക്

∙നിതീഷുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഭരണ പരിചയക്കുറവ്

∙പ്രചാരണരംഗത്തു ലാലുവിന്റെ അഭാവം

English summary: Bihar election analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA