ADVERTISEMENT

അസ്വസ്ഥമായ മനസ്സുമായി ഒരാൾ മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തി. ‘മാനസികോല്ലാസം എങ്ങനെ വീണ്ടെടുക്കാം?’ – അയാൾ ചോദിച്ചു. മനഃശാസ്ത്രജ്ഞൻ പറഞ്ഞു: താങ്കൾ വീടിനു പുറത്തേക്കിറങ്ങുക. വഴിയിൽ കാണുന്നവരോട് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിക്കുക. സഹായം വേണമെന്നു പറയുന്നവരെ കഴിവിനൊത്തു സഹായിക്കുക. അപ്പോൾ താങ്കൾക്കു സന്തോഷമുണ്ടാകും. താങ്കളെക്കുറിച്ചു മാത്രം ചിന്തിക്കുന്നതു കൊണ്ടാണു മനസ്സു തളരുന്നത്.

അവനവനിലേക്കു ചുരുങ്ങുന്നതാണ് ആത്മസംഘർഷങ്ങളുടെ അടിസ്ഥാന കാരണം. സ്വന്തം ഇഷ്ടങ്ങളെയും മുൻഗണനകളെയും മാത്രം താലോലിക്കുന്നവർ ആത്മരതിയിൽ ആനന്ദം കണ്ടെത്തുന്നവരാകും. ചലിക്കുന്ന ഇടങ്ങളും ശ്വസിക്കുന്ന വായുവും തനിക്കുവേണ്ടി മാത്രം രൂപംകൊണ്ടതാണ് എന്നുപോലും ചിന്തിച്ചു തുടങ്ങും. സ്വന്തം മനസ്സിനിണങ്ങാത്ത എല്ലാ കാര്യങ്ങളെയും സംശയദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങും. സ്വയം നിർമിക്കുന്ന പൂന്തോട്ടങ്ങൾക്കും വിനോദശാലകൾക്കും പോലും പരിമിതികൾ ഉണ്ടാകില്ലേ? ഒരേ ഇഷ്ടങ്ങളുടെ ആവർത്തനം കൊണ്ടു തന്നെ സ്വാഭാവിക വിരസത സൃഷ്ടിക്കപ്പെടില്ലേ?

സ്വന്തം പ്രിയങ്ങളെ മാത്രം വളർത്തുന്നവർക്ക് ചില നിർബന്ധങ്ങളുണ്ടാകും: എല്ലാവരും താൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കണം, പ്രവർത്തിക്കണം; തന്നെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മറ്റെല്ലാവരുടെയും ജീവിത നിയോഗം; ഒരാളും തന്റെ ഉദ്ദേശ്യങ്ങളെയോ കർമങ്ങളെയോ ചോദ്യം ചെയ്യാൻ പാടില്ല; തന്റെ ശരികൾ എല്ലാവരുടെയും ശരികളാണ്... എന്നിങ്ങനെ. ഇവയിൽ ഏതെങ്കിലുമൊക്കെ ഏതാനും നിമിഷത്തേക്കെങ്കിലും തകർക്കപ്പെട്ടാൽ പിന്നെ സ്വയം അവമതിപ്പിലേക്കും വിഷാദരോഗത്തിലേക്കും ഇടിഞ്ഞു താഴും.

അവനവനിലേക്കുള്ള യാത്ര പോലെ തന്നെ പ്രധാനമാണ് അപരനിലേക്കുള്ള യാത്രയും. എല്ലാവരും തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് എന്ന ചിന്തയെക്കാൾ പ്രയോജനകരമാണ്, താൻ മറ്റുള്ളവർക്കു വേണ്ടിക്കൂടി ഉള്ളതാണെന്ന ചിന്ത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com