ADVERTISEMENT

ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു, അവൻ അത് അനുഭവിക്കേണ്ടതിന് അവനു തന്നെ പകരം കൊടുക്കട്ടെ (ഇയ്യോബ് 21:19). അപ്പന്മാർ പച്ചമുന്തിരി തിന്നു, മക്കളുടെ പല്ലു പുളിച്ചു (യെഹെസ്കേൽ 18:2).

അതെല്ലാം പണ്ടു പഴയനിയമത്തിന്റെ കാലത്ത്. ഈയിടെയായി മക്കൾ പച്ചമുന്തിരി തിന്നാൽ പുളിക്കുന്നത് അപ്പന്മാരുടെ പല്ലാണ്. മക്കളുടെ അകൃത്യങ്ങളാണ് അപ്പന്മാർ സംഗ്രഹീതമായി അനുഭവിക്കുന്നത്. ഇതിനെല്ലാം ഏറ്റവും വലിയ തെളിവ് ഇപ്പോൾ നമ്മുടെ കേരളത്തിലുണ്ട്. ഇത്രയും കാലം രാഷ്ട്രീയത്തിൽ അടിതട പയറ്റിയിട്ടും നമ്മുടെ പ്രിയങ്കരനായ കോടിയേരി സഖാവ് വലിയ പേരുദോഷമൊന്നും കേൾപ്പിച്ചിട്ടില്ല. അദ്ദേഹം സ്വർണം കടത്തിയെന്നോ ലഹരിമരുന്നു കടത്താൻ സഹായം ചെയ്തെന്നോ ബെനാമി ഭൂമിയിടപാടു നടത്തിയെന്നോ ആരും ആരോപിച്ചിട്ടില്ല. എന്നാൽ, കാലം മാറിയതോടെ സംഗതിയെല്ലാം മേലുകീഴായി.

എവിടെ ലൈഫ്ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ട് എന്നു പറഞ്ഞതു പോലെയാണ് കോടിയേരി സഖാവിന്റെ മകൻ ബിനീഷിന്റെ കാര്യം. എവിടെ വിവാദ ഇടപാടുകൾ നടന്നാലും അതിൽ ആദ്യം ഉയർന്നുകേൾക്കുന്ന പേരായിരിക്കും ബിനീഷിന്റേത്. വിശ്വവിഖ്യാതമായ മൂക്കിന്റെ കാര്യവും ബിനീഷിന്റെ കാര്യവും തമ്മിൽ ഏറെ സാദൃശ്യമുണ്ട്. അദ്ദേഹത്തിന്റെ പേരില്ലാതെ എന്തെങ്കിലും വിവാദം നാട്ടിലുണ്ടായാൽ ജനം മൂക്കത്തു വിരൽവച്ചു ചോദിക്കും: ച്ഛായ്! ബിനീഷില്ലാതെ എന്തു വിവാദം?

ബിനീഷ് ഇല്ലാത്ത വിവാദമാണെങ്കിൽ ജനം അതിനെ പുച്ഛിച്ച് അഗണ്യകോടിയിൽ തള്ളും. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഇടപാട് തുടങ്ങിയ കുട്ടിത്തരം വിവാദങ്ങളിലൊന്നും കുലുങ്ങുന്ന ദേഹമല്ല ബിനീഷിന്റേത്. വേണമെന്നു വച്ചാൽ അതെല്ലാം അദ്ദേഹത്തിന് ഇടത്തേ കൈകൊണ്ടു ചെയ്യാവുന്ന കാര്യങ്ങളാണ്. ആഗോളതാപനം, മഴക്കാടുകളുടെ നാശം തുടങ്ങിയ മേജർ സെറ്റ് വിവാദങ്ങളിൽ ഇടപെടാനും ബിനീഷിനു തരിമ്പും പേടിയില്ല.

ഇതിലൊന്നും കോടിയേരി സഖാവിനെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അതു മുളച്ചു കമുകായാൽ മടിയിൽ നിന്നെടുത്തു സാമൂഹിക അകലം പാലിക്കുകയേ നിർവാഹമുള്ളൂ. അതുകൊണ്ടാണു മകനെ രക്ഷിക്കാൻ താനോ പാർട്ടിയോ ശ്രമിക്കില്ലെന്നു സഖാവ് ആണയിട്ടു പറയുന്നത്. മുജ്ജന്മത്തിലെ ശത്രുക്കളാണു നടപ്പു ജന്മത്തിൽ മക്കളായി പിറക്കുന്നതെന്നു പറയുന്നതിൽ അൽപസ്വൽപം ശരിയുണ്ടെന്നു വേണം കരുതാൻ.

കോടിയേരി സഖാവിനു ചെയ്യാവുന്ന കാര്യം കടമ്മനിട്ടയുടെ ഏതാനും വരികൾ ഉദ്ധരിക്കലാണ്:

കുഞ്ഞേ തുള്ളാൻ സമയമില്ലിപ്പോൾ

കാഞ്ഞവെയിലത്ത് കാലുപൊള്ളുമ്പോൾ

എന്നുമെന്റെ ചിറകിന്റെ കീഴിൽ

നിന്നു നിന്റെ വയറു നിറയ്ക്കാം

എന്ന് തോന്നുന്ന തോന്നലു വേണ്ട.

നിന്റെ ജീവിതം നി‍ൻ കാര്യം മാത്രം...!

നിരോധനാജ്ഞ കേരള മോഡൽ 

ഏതു കാര്യത്തിലായാലും അതിനൊരു കേരള മാതൃക സൃഷ്ടിക്കുന്നതു നാട്ടുനടപ്പാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇടതുപക്ഷത്തിനാണു കേരള മാതൃകയുടെ അട്ടിപ്പേറ്. അധികാര വികേന്ദ്രീകരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ കേരള മാതൃകകൾ ഇതിനകം ലോകപ്രസിദ്ധി നേടിയിട്ടുണ്ട്. സ്വർണക്കടത്ത്, കമ്മിഷൻ ഇടപാട് തുടങ്ങിയ കാര്യങ്ങളിലെ കേരള മാതൃക ലോകം മുഴുവൻ അംഗീകരിച്ചതാണ്. അതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ വിശ്വപ്രസിദ്ധമായ സർവകലാശാലകളിൽ ആരംഭിച്ചുകഴിഞ്ഞു.

സത്യം പറഞ്ഞാൽ മാതൃകകൾ സൃഷ്ടിച്ചതിന്റെ പേരിൽ കേരളത്തെ പ്രത്യേക രാജ്യമായി അംഗീകരിക്കാൻ യുഎൻ തയാറെടുത്തതാണ്. രക്ഷാസമിതിയിൽ യുഎസ് പ്രതിനിധി വീറ്റോ ചെയ്തതുകൊണ്ടു മാത്രമാണ് അതു നടക്കാതെ പോയത്. കമ്യൂണിസ്റ്റ് കേരളത്തിനു രാഷ്ട്രപദവി നൽകിയാൽ ആഗോള മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും വലിയ തിരിച്ചടി നേരിടുമെന്ന ഭയമാണ് അമേരിക്കയെ വീറ്റോ പ്രയോഗിക്കാൻ പ്രേരിപ്പിച്ചത്.

കോവിഡ് പ്രതിരോധത്തിലാണ് ഏറ്റവുമൊടുവിൽ കേരള മാതൃക പുറത്തിറക്കിയത്. അറ്റ്ലാന്റിക് മാഗസിൻ മുതൽ അന്റാർട്ടിക് ടൈംസിൽ വരെ കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയെക്കുറിച്ച് ഇന്റർവ്യൂ, ലേഖനം, വാർത്ത എന്നിവ വന്നിരുന്നു. പണ്ടെല്ലാം കേരളത്തിൽ എവിടെയെല്ലാം ചുമരുണ്ടോ അവിടെയെല്ലാം ചൊറി, ചിരങ്ങ് തുടങ്ങിയവയ്ക്കു കൺകണ്ട മരുന്നായ ജാലിം ലോഷന്റെ പരസ്യമുണ്ടായിരുന്നു. അതുപോലെ തന്നെ, ലോകത്ത് എവിടെയെല്ലാം മാധ്യമങ്ങളുണ്ടോ അവിടെയെല്ലാം കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക വാഴ്ത്തിപ്പാടലായി പിന്നീട്. ഇക്കാര്യത്തിലെ കേരള മാതൃക പൂർണമായി വിജയിക്കണമെങ്കിൽ ദിവസം 20,000 രോഗബാധിതരെങ്കിലും ഉണ്ടാകണം.

നമ്മുടെ സ്വന്തം ശൈലജ ടീച്ചർക്കു കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയുടെ പേരിൽ കിട്ടാത്ത പുരസ്കാരങ്ങൾ കുറവാണ്. നൊബേൽ സമ്മാനം തന്നെ ടീച്ചർക്കു കിട്ടിയാലും അദ്ഭുതപ്പെടാനില്ല. കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃകയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു നിരോധനാജ്ഞ. നിശാനിയമം, കണ്ടാലുടൻ വെടിവയ്ക്കൽ എന്നിവ വരാനിരിക്കുന്നതേയുള്ളൂ.

വൈറസ് ബാധ തടയാൻ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ചതു നിരോധനാജ്ഞയാണ്. അടിയന്തരാവസ്ഥ എന്നു കേൾക്കുന്നതു തന്നെ സിപിഎമ്മിനു ചതുർഥിയാണ്. അടിയന്തരാവസ്ഥയെ അറബിക്കടലിൽ തള്ളാൻ വേണ്ടി ജനസംഘവുമായിപ്പോലും കൈകോർത്ത ചരിത്രമാണു സിപിഎമ്മിന്. അപ്പോൾ പിന്നെയെങ്ങനെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും?

ഐ ഫോണും  പ്രോട്ടോക്കോളും 

ആർക്കെങ്കിലും ആരെങ്കിലും ഐ ഫോൺ സമ്മാനിച്ചാൽ അതിനു പ്രതിപക്ഷ നേതാവ് എന്തു പിഴച്ചു? യുഎഇ കോൺസുലേറ്റിൽ ദേശീയ ദിനാഘോഷത്തിനു പോയപ്പോൾ പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല ഉപഹാരമായി ഐ ഫോൺ സ്വീകരിച്ചെന്ന മഹാവെളിപ്പെടുത്തൽ നടത്തിയതു കോടിയേരി സഖാവാണ്. ഇതു പ്രോട്ടോക്കോൾ ലംഘനമാണത്രെ.

ചെന്നിത്തലയ്ക്ക് ഐ ഫോൺ വേണമെങ്കിൽ ഓവർസീസ് കോൺഗ്രസുകാരോടോ കെഎംസിസിക്കാരോടോ ഒന്നു കണ്ണു കാണിക്കേണ്ട കാര്യമേയുള്ളൂ. ഒന്നല്ല, ഒൻപതു ഫോൺ പറന്നെത്തും. പിന്നെ, ഒരു ചടങ്ങിനു ചെന്നാൽ അവിടെ നടന്ന നറുക്കെടുപ്പിലെ വിജയികൾക്കു സമ്മാനപ്പൊതി നൽകാൻ പറഞ്ഞാൽ പറ്റില്ലെന്നു പറയുന്നതു സുജനമര്യാദയല്ല. പൊതിയിൽ ഐ ഫോണാണോ സോപ്പ്, ചീപ്പ്, കണ്ണാടിയാണോ എന്നു ചോദിക്കുന്നതും ചീപ്പാണ്. അതുകൊണ്ടാണു ചെന്നിത്തല അങ്ങനെ ചെയ്യാതിരുന്നത്.നറുക്കെടുപ്പിൽ ഐ ഫോണിലൊന്ന് അടിച്ചതു കോടിയേരി സഖാവിന്റെ മുൻ സ്റ്റാഫ് അംഗത്തിനാണത്രെ. അദ്ദേഹം അസി. പ്രോട്ടോക്കോൾ ഓഫിസർ കൂടിയാകുമ്പോൾ സമ്മാനം കമ്പനിക്കടിച്ചെന്നു കരുതിയാൽ മതി. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനെയും കോൺസുലേറ്റുകാർ കൈവിട്ടില്ല. അദ്ദേഹത്തിനും അടിച്ചു ഒരു വാച്ച്. അതും കമ്പനിക്ക് അടിച്ചതായിട്ടാണു രേഖകളിൽ കാണുന്നത്.

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നു കോടിയേരി സഖാവും കൊല്ലത്തു മാത്രമല്ല, ബെംഗളൂരുവിലും കിട്ടുമെന്നു ചെന്നിത്തലയും പറയുന്നതു സത്യമായിരിക്കണം. കിട്ടുന്നത് ഐ ഫോൺ ആണോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

സ്റ്റോപ് പ്രസ്: ജോലിക്കിടെ പുക വലിക്കാൻ ജീവനക്കാർ പുറത്തിറങ്ങുന്നതിനു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്.

ഇതോടെ ഓഫിസുകളിൽ പുകമറ ഇല്ലാതാകും!

English summary: Kerala politics criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com