തുരങ്കപാത വരട്ടെ; തുരങ്കം വയ്ക്കരുത്

SHARE

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമൃദ്ധമായി ഉദ്ഘാടനങ്ങൾ ഉണ്ടാവുന്നതും ശിലകൾ വീഴുന്നതുമൊക്കെ സ്വാഭാവികമാണ്. ഇവയുടെ പൂർത്തീകരണങ്ങൾക്കു ഭരണകാലാവധിക്കു തൊട്ടുമുൻപു സർക്കാരുകൾ പലപ്പോഴും വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നതാണു  യാഥാർഥ്യം. വയനാട്ടിലേക്ക് താമരശ്ശേരി ചുരത്തിനു ബദൽപാത വേണമെന്ന വലിയ ജനകീയ സ്വപ്നത്തിലേക്ക് ആദ്യചുവടു വയ്ക്കുമ്പോൾ, നിർമാണതടസ്സങ്ങളും  നിർവഹണ മെല്ലെപ്പോക്കുകളുമില്ലാതെ എത്രയുംവേഗം പദ്ധതി പൂർത്തിയാക്കണമെന്ന് അതുകൊണ്ടുതന്നെയാണു  കേരളം  അതിയായി ആഗ്രഹിക്കുന്നതും. 

കോഴിക്കോട്– ബെംഗളൂരു ദേശീയപാതയിൽ താമരശ്ശേരി ചുരത്തിനു ബദലായി നിർമിക്കാനുദ്ദേശിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി ചുരമില്ലാപ്പാതയുടെ പദ്ധതിത്തുടക്കം ഇന്നലെ പ്രഖ്യാപിക്കവേ , മൂന്നു വർഷത്തിനുള്ളിൽ ഇതിന്റെ പൂർത്തീകരണമുണ്ടാവുമെന്നാണു  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. നിർമാണം പൂർത്തിയാവുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ തുരങ്കപാതയാവും ഇതെന്നു മന്ത്രി ജി.സുധാകരനും  പ്രഖ്യാപിച്ചിട്ടുണ്ട്.

താമരശ്ശേരി ചുരത്തിനൊരു ബദൽപാത വേണമെന്നത് അൻപതു വർഷത്തിലധികമായി ഉയർന്നുകേൾക്കുന്ന ആവശ്യമാണ്. കോഴിക്കോട്– വയനാട് പാതയിൽ 12 കിലോമീറ്റർ നീളമുള്ള താമരശ്ശേരി ചുരത്തിലെ 9 കൊടുംവളവുകളിൽ ചരക്കുലോറികളടക്കമുള്ള വാഹനങ്ങൾ കുടുങ്ങുന്നതു  മണിക്കൂറുകളോളം ഗതാഗതക്കുരുക്കു സൃഷ്ടിക്കാറുണ്ട്. കുറ്റ്യാടി വഴിക്കുള്ള പക്രന്തളം ചുരം റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. മഴക്കാലത്തെ മണ്ണിടിച്ചിൽ രണ്ടിടത്തും വലിയ പ്രതിസന്ധിയാണ്. സാധ്യതകൾ ഉണ്ടെങ്കിലും കീഴ്ക്കാംതൂക്കായ ചെരിവുകളിലൂടെ കടന്നുപോവുന്ന ചുരംറോഡുകൾ ഇനിയും വീതികൂട്ടുകയെന്നതും വലിയ വെല്ലുവിളിയാണ്. ആനക്കാംപൊയിലിനു സമീപത്തെ സ്വർഗംകുന്നിൽനിന്ന് ഒരു മല കയറിയിറങ്ങിയാൽ വയനാട്ടിലെ കള്ളാടിയിലെത്താൻ എട്ടുകിലോമീറ്റർ മാത്രം മതിയെന്ന് 45 വർഷം മുൻപ് മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത് ഇവിടെ ഓർമിക്കുന്നു. 

പൊതുമരാമത്തു വകുപ്പിന് തുരങ്കനിർമാണത്തിൽ  പരിചയമില്ലാത്തതിനാൽ  കൊങ്കൺ റെയിൽ കോർപറേഷനെയാണു  നിർമാണച്ചുമതല ഏൽപിച്ചിരിക്കുന്നത്. 7.82 കിലോമീറ്റർ പുതുതായി നിർമിക്കുന്ന  പാതയിൽ സ്വർഗംകുന്ന് മുതൽ കള്ളാടി വരെയുള്ള 6.9  കിലോമീറ്റർ തുരങ്കപാതയാണു  നിർമിക്കേണ്ടത്. നിലവിൽ 42 കിലോമീറ്റർ വരുന്ന ആനക്കാംപൊയിൽ – മേപ്പാടി റോഡിന്റെ ഭാഗങ്ങളും ചേർന്നുള്ള  ബദൽപാത 20 കിലോമീറ്ററിൽ താഴെയേ ഉണ്ടാകൂ. ഇതു പൂർത്തിയാവുമ്പോൾ നേട്ടം മലബാറിനു മാത്രമാവില്ല. കൊച്ചി–ബെംഗളൂരു  വ്യവസായ ഇടനാഴിയുടെ ഭാഗമാവുന്ന ഈ പദ്ധതിയിലൂടെ മലപ്പുറം, തൃശൂർ, കൊച്ചി ഭാഗത്തേക്കു ചരക്കുകൾ അതിവേഗം എത്തിക്കാനാവും. വടക്കൻ ജില്ലകളിൽനിന്നും കരിപ്പൂർ വിമാനത്താവളത്തിൽനിന്നും  ഊട്ടിയടക്കമുള്ള വിനോദസഞ്ചാരമേഖലകളിലേക്കുള്ള  ദൂരവും  യാത്രാദുരിതവും  കുറയുകയും ചെയ്യും. കോഴിക്കോട്– ബെംഗളൂരു യാത്രയ്ക്ക് സാധാരണഗതിൽ ഒരു മണിക്കൂർ സമയലാഭവും ലഭിക്കും. എപ്പോഴും സന്ദിഗ്ധാവസ്ഥ നിലനിൽക്കുന്ന ചുരം ഒഴിവാകുന്നത് അതിലും വലിയ നേട്ടം.

ഈ തുരങ്കപാതയ്ക്കു തുടക്കം കുറിക്കുമ്പോൾ നിരുത്തരവാദിത്തത്തിന്റെയും മെല്ലെപ്പോക്കിന്റെയും  പ്രതീകമായ കുതിരാൻ തുരങ്കത്തെക്കുറിച്ചു  കേരളം ഓർത്തുപോവുന്നുണ്ട്. സമുദ്രനിരപ്പിൽനിന്നു 10,171 അടി ഉയരത്തിൽ ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ ‘അടൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തപ്പോഴും  നിർമാണം വൈകിയോടുന്ന കുതിരാൻ പാതയെക്കുറിച്ചു നാമോർത്തു. മണാലി– ലേ ഹൈവേയിൽ  ‍ടണൽ നിർമിക്കാനുള്ള തീരുമാനമുണ്ടായത്  2000 ലാണ്.  2002ൽ തറക്കല്ലിട്ട  9.2 കിലോമീറ്റർ ‘അടൽ’ ടണൽ  നമുക്കു തന്നതു വലിയൊരു നിർമാണപാഠമാണ് .  

അതേസമയം, ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൈർഘ്യമുള്ള കുതിരാൻ തുരങ്കപാതയുടെ സർവേ 2000ൽ തുടങ്ങിയെങ്കിലും  നിർമാണത്തിനു തുടക്കം കുറിച്ചത് 2014ൽ മാത്രം. ഇതുവരെ, പല കാരണങ്ങൾ കൊണ്ട് ഇരുപതോളം തവണയാണു കുതിരാനിലെ നിർമാണം നിർത്തിവച്ചത്. നീണ്ട കാലംകൊണ്ട് ഇവിടത്തെ രണ്ടു തുരങ്കങ്ങളിൽ ഒന്നിന്റെ 90 ശതമാനവും രണ്ടാമത്തെ തുരങ്കത്തിന്റെ 60 ശതമാനവും പൂർത്തീകരിച്ചു . ഇപ്പോൾ 10 മാസത്തോളമായി പണി നടക്കുന്നില്ല. ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം നിർമാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെന്നു ദേശീയപാത അതോറിറ്റി പറയുമ്പോൾ വനം വകുപ്പിന്റെ വിവിധ അനുമതികൾ ലഭിക്കാൻ വൈകുന്നതും തൊഴിലാളി സമരവും ജനങ്ങൾ നടത്തിയ സമരങ്ങളുമാണു കാരണമായി കമ്പനി പറയുന്നത്.

ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയിൽ ഒരു കാരണവശാലും  കുതിരാൻ ആവർത്തിക്കരുതെന്ന  നിശ്ചയദാർഢ്യത്തോടെയാവണം  സർക്കാർ സംവിധാനങ്ങൾ മുന്നോട്ടുനീങ്ങേണ്ടത്; ഓരോ ശിലയിലും കാത്തിരിക്കുന്നതു വലിയൊരു ജനകീയസ്വപ്നമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA