ADVERTISEMENT

ഭൗതികശാസ്ത്ര നൊബേൽ കരസ്ഥമാക്കിയ റോജർ പെൻറോസ്, ഗണിതശാസ്ത്രത്തിന്റെ മാന്ത്രികതയാൽ പ്രപഞ്ചവിജ്ഞാനത്തിൽ വിപ്ലവം സൃഷ്ടിച്ച ‌ശാസ്ത്രജ്ഞൻ 

2010 ഡിസംബറിൽ പുണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് സന്ദർശിച്ചപ്പോഴാണ് പ്രമുഖ ശാസ്ത്രജ്ഞൻ റോജർ പെൻറോസ് അവിടെ പ്രഭാഷണം നടത്തുന്നുണ്ടെന്നു ജയന്ത് നാർലിക്കർ അറിയിച്ചത്. തുടർന്ന് പെൻറോസ് താമസിച്ച മാരിയറ്റ് ഹോട്ടലുമായി ബന്ധപ്പെട്ടു. പല അതിസങ്കീർണ ആശയങ്ങളും അദ്ദേഹം വിവരിച്ചു. അടുത്ത വർഷം തിരുവനന്തപുരം ഐസറിൽ അദ്ദേഹം പ്രഭാഷണം നടത്തി. പിന്നീടു പലതവണ ഇമെയിൽ വഴി ആശയവിനിമയം നടത്തിയിട്ടുണ്ട്.

പ്രപഞ്ചവിജ്ഞാനം, സാമാന്യ ആപേക്ഷികത എന്നീ ഭൗതികശാസ്ത്ര മേഖലകളിൽ ഉജ്വല സംഭാവനകൾ നൽകിയിട്ടുള്ള പ്രഫ. പെൻറോസ്, കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ആശയങ്ങളിലൊന്നായ ‘സിംഗുലാരിറ്റി’ വിപുലീകരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം ആൽബർട്ട് ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ (ജനറൽ റിലേറ്റിവിറ്റി) അടിസ്ഥാനത്തിൽ, തമോഗർത്തങ്ങൾ നിലനിൽക്കുന്നു എന്നതിന് ആധാരമായ വിവരം നൽകിയതാണ്. നക്ഷത്രങ്ങളുടെ പരിണാമത്തിലെ അവസാന ഘട്ടമാണു തമോഗർത്തങ്ങൾ. നക്ഷത്രങ്ങൾ അവയുടെ ഇന്ധനമെല്ലാം ജ്വലിപ്പിച്ച ശേഷം തകർന്നടിയുമ്പോൾ ഉടലെടുക്കുന്ന അവസ്ഥ. അതിശക്തമായ ഗുരുത്വാകർഷണമാണു തമോഗർത്തങ്ങൾക്ക്.

തന്റെ സിദ്ധാന്ത പ്രകാരം തമോഗർത്തങ്ങൾ നിലനിൽക്കാനിടയുണ്ടെങ്കിലും ഐൻസ്റ്റൈൻ അതിലൊട്ടും വിശ്വാസമർപ്പിച്ചില്ല. എന്നാൽ, ആപേക്ഷികതയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ പെൻറോസ് കണ്ടെത്തിയത് തമോഗർത്തങ്ങൾ അവയുടെ അന്ത്യവേളയിൽ സിംഗുലാരിറ്റിയിൽ എത്തിച്ചേരുന്നു എന്നാണ്. സ്ഥലവും കാലവും ഒരു ബിന്ദുവിലേക്കു ചുരുങ്ങി ഒന്നാകുന്ന അവസ്ഥ. സിംഗുലാരിറ്റിയിൽ പ്രപഞ്ചത്തിലെ നിയമങ്ങൾ ബാധകമല്ല.

സുപ്രധാനമായ ഈ കണ്ടെത്തലിനാണ് അദ്ദേഹത്തിനു നൊബേൽ ലഭിച്ചിരിക്കുന്നത്. പിൽക്കാലത്ത് സിംഗുലാരിറ്റി എന്ന ആശയത്തെ പ്രപഞ്ചത്തിന്റെ ആരംഭം വിവരിക്കാനായി സ്റ്റീഫൻ ഹോക്കിങ് ഉപയോഗിച്ചു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെ ശാസ്ത്രം വിവരിക്കുന്നത് മഹാവിസ്ഫോടന സിദ്ധാന്തത്തിലൂടെയാണ് (ബിഗ് ബാങ് തിയറി). കോടിക്കണക്കിനു വർഷം മുൻപ് ഏതാനും മില്ലിമീറ്ററുകൾ മാത്രം വലുപ്പമുള്ള, അതിസാന്ദ്രമായ അവസ്ഥയിൽനിന്നു മഹാവിസ്ഫോടനം വഴി വികസിച്ച് പ്രപഞ്ചം ഇന്നത്തെ രൂപത്തിലായെന്ന് ഈ സിദ്ധാന്തം പറയുന്നു. മഹാവിസ്ഫോടനത്തിനു മുൻപുള്ള പ്രപഞ്ചത്തിന്റെ അവസ്ഥകളെ നാം ഇതുവരെ കണക്കിലെടുക്കാറില്ലായിരുന്നു. 

എന്നാൽ, കൺഫോമൽ സൈക്ലിക് കോസ്മോളജി എന്ന മാതൃകയിലൂടെ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ അവസ്ഥയെ പെൻറോസ് വിവരിച്ചു. 2010ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘സൈക്കിൾസ് ഓഫ് ടൈം’ എന്ന കൃതിയിൽ ഇതെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ പ്രശസ്തമായ ട്വിസ്റ്റർ തിയറി, തമോഗർത്ത ഘടനയെപ്പറ്റി വിവരം നൽകുന്ന പെൻറോസ് ഡയഗ്രം തുടങ്ങിയ അദ്ദേഹത്തിന്റെ സൃഷ്ടികൾ ശ്രദ്ധേയമാണ്. 

89 വയസ്സായെങ്കിലും പെൻറോസ് ഇന്നും ഓക്സ്ഫഡ് സർവകലാശാലയിലെ സജീവ സാന്നിധ്യമാണ്. ദി എംപറേർസ് ന്യൂ മൈൻഡ്, ഷാഡോസ് ഓഫ് ദ് മൈൻഡ്, റോഡ് ടു റിയാലിറ്റി തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ശാസ്ത്രസാഹിത്യരംഗത്തെ ബെസ്റ്റ് സെല്ലറുകളാണ്.

(ഗവേഷകനും ശാസ്ത്ര സാഹിത്യകാരനുമാണ് ലേഖകൻ)

English Summary: Roger Penrose, Nobel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com