ADVERTISEMENT

അടുത്തടുത്ത ദിവസങ്ങളിലെ വ്യത്യസ്ത വൈദ്യുതി അപകടങ്ങളിലുണ്ടായത് രണ്ടു ദാരുണമരണങ്ങൾ. പാടത്തു ഷോക്കേറ്റു മരണത്തിലേക്കു പിടഞ്ഞവർ രണ്ടുപേരും കർഷകർ. രണ്ടു മരണങ്ങളുടെയും കാരണം ഒന്നുതന്നെ: കെഎസ്ഇബിയുടെ നിരുത്തരവാദിത്തം.

തൃശൂർ പുതുക്കാട് താഴ്ന്നുകിടന്ന വൈദ്യുതക്കമ്പികൾ വലിച്ചുകെട്ടാൻ അഞ്ചു ദിവസം മുൻപുവരെ പരാതി നൽകിയ പാടശേഖരസമിതി പ്രസിഡന്റും കർഷക അവാർഡ് ജേതാവുമായ മനോജ് (കണ്ണൻ) അതേ കമ്പിയിൽനിന്നു ഷോക്കേറ്റു മരിച്ചതു തിങ്കളാഴ്ചയാണ്; വൈക്കം ഉദയനാപുരത്തു വീടിനു സമീപത്തെ പാടത്തു മൂന്നു മാസമായി പൊട്ടിവീണു കിടന്ന വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് ക്ഷീരകർഷകൻ കെ.വി.രാജു മരിച്ചതാകട്ടെ ചൊവ്വാഴ്ചയും. വീടിനു മുന്നിലെ പാടത്തു പൊട്ടിക്കിടന്ന ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി സംശയമുണ്ടെന്നും ലൈൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജു ഉൾപ്പെടെയുള്ള നാട്ടുകാർ മൂന്നു മാസങ്ങൾക്കു മുൻപു വൈദ്യുതിവകുപ്പിനു പരാതി നൽകിയിരുന്നെങ്കിലും പരിശോധന നടത്തിയില്ലെന്നാണു ബന്ധുക്കളുടെ ആരോപണം.

രണ്ടു മരണത്തിലെയും സമാനത നിർഭാഗ്യകരമാണ്. വൈദ്യുതിലൈനുകളെപ്പറ്റി പരാതി നൽകിയിട്ടും അതിനു പരിഹാരമുണ്ടാകാതെ ഇരുവരും അതേ ലൈനുകളിൽനിന്നു ഷോക്കേറ്റു മരിക്കുകയായിരുന്നു. സ്വന്തം പാടത്തു നാലടി ഉയരത്തിൽ തൂങ്ങിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്നാണു മനോജിനു ഷോക്കേറ്റത്. തൂങ്ങിക്കിടന്ന കമ്പികൾക്കടിയിലൂടെ കുനിഞ്ഞുനീങ്ങുകയായിരുന്നു മനോജ്. കമ്പികളിൽ ഇരുന്ന കൊക്കുകൾ പറന്നതോടെ ആടിയ കമ്പികൾ മനോജിന്റെ തോളിൽ തട്ടുകയായിരുന്നു.

രാവിലെ പാടത്തു പുല്ലു ചെത്തുന്നതിനിടെയാണു രാജു ഷോക്കേറ്റു വീണത്. അന്വേഷിച്ചെത്തിയ മകനും ഷോക്കേറ്റു. തുടർന്ന് ലൈനിലെ വൈദ്യുതി വിച്ഛേദിക്കാൻ കെഎസ്ഇബിയിൽ വിളിച്ചുപറഞ്ഞെങ്കിലും ആരും ഫോൺ എടുത്തില്ലെന്നാണു പരാതി. പിന്നീട്, അയൽക്കാരെത്തി സമീപത്തെ ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരുകയായിരുന്നു. റോഡിലൂടെ പുതിയ ലൈൻ വലിച്ചതിനെത്തുടർന്നാണു പാടത്തെ ലൈൻ ഉപേക്ഷിച്ചത്. മൂന്നുമാസം മുൻപു പാടത്തെ ലൈൻ പൊട്ടിവീണപ്പോൾത്തന്നെ അറിയിച്ചപ്പോൾ, ലൈനിൽ വൈദ്യുതി പ്രവഹിക്കില്ലെന്നായിരുന്നു വൈദ്യുതി ഉദ്യോഗസ്ഥരുടെ മറുപടിയെന്നു നാട്ടുകാർ പറയുന്നുണ്ട്. എന്നിട്ടും, ലൈനിൽ വൈദ്യുതി പ്രവഹിച്ചതിന് ആർക്കാണ് ഉത്തരവാദിത്തം?

വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടർഅപകടങ്ങളെക്കുറിച്ചു ഗൗരവത്തോടെ അന്വേഷിക്കുകയോ പരിഹാരനടപടികളെടുക്കുകയോ ചെയ്യാത്ത വൈദ്യുതി ബോർഡ്, ദുരന്തങ്ങൾ നിരന്തരം ക്ഷണിച്ചുവരുത്തുകയല്ലേ? സുരക്ഷയ്‌ക്കു വലിയ പ്രാധാന്യമാണു നൽകുന്നതെന്നാണ് വൈദ്യുതി ബോർഡിന്റെ അവകാശവാദം. വർഷത്തിൽ മിക്കപ്പോഴും മഴയും ഇടിമിന്നലുമുണ്ടാകുന്ന നമ്മുടെ സംസ്ഥാനത്തു മരം വീണു ലൈൻ പൊട്ടിയും ഇടിവെട്ടേറ്റും മഴയത്ത് ഇൻസുലേഷൻ ദ്രവിച്ചുപോയുമെല്ലാം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കാലവർഷക്കാലത്തു പൊട്ടിവീണു വെള്ളത്തിനടിയിലാവുന്ന ലൈനിൽ തട്ടിയും എത്രയോ അപകടങ്ങൾ ഉണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലെ അശ്രദ്ധയും അനാസ്ഥയും മൂലമുള്ള അപകടങ്ങൾ ഇതിനു പുറമേയാണ്. ദുരന്തങ്ങളിൽനിന്ന് കെഎസ്ഇബി ഒന്നും പഠിക്കാത്തതെന്തുകൊണ്ടാണ്?

ലൈൻ പൊട്ടിവീഴുന്നതടക്കം വൈദ്യുതി അനുബന്ധ അപകടങ്ങൾ ഇല്ലാതാക്കി ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഓർമിക്കേണ്ട വേളയാണിത്. ഇന്ത്യൻ വൈദ്യുതി നിയമം (1956) അനുശാസിക്കുന്ന മുഴുവൻ സുരക്ഷാനടപടികളും ആറു മാസത്തിനകം സ്വീകരിക്കുമെന്നു ഹൈക്കോടതിയിൽ കെഎസ്ഇബി ഉറപ്പുനൽകിയിട്ടു തന്നെ 14 വർഷം കഴിഞ്ഞു. ഇതിനിടെ അപകടമരണങ്ങൾ പലതുണ്ടായെങ്കിലും സുരക്ഷയൊരുക്കൽ മാത്രം എങ്ങുമെത്തിയില്ല. എല്ലാ തലത്തിലും സുരക്ഷയ്‌ക്കും നവീകരണത്തിനും ഒട്ടേറെ റിപ്പോർട്ടുകളും പഠനങ്ങളും ബോർഡിനു സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിലൊന്നും തുടർനടപടികളുണ്ടായിട്ടില്ല.

നിരുത്തരവാദിത്തത്തിൽനിന്നുണ്ടായ ഈ ജീവഹാനികൾ കെഎസ്ഇബി ചെറുതായിക്കാണുകയാണെന്നു തോന്നുന്നു. പക്ഷേ, നാഥനെ നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് അതു താങ്ങാനാവാത്തതാണ്. മനഃപൂർവമല്ലെങ്കിലും ഇങ്ങനെയുള്ള മരണങ്ങൾക്കു ബോർഡല്ലാതെ മറ്റാരാണു സമാധാനം പറയുക? കൊല്ലുന്ന ഈ അനാസ്ഥയ്ക്ക് എന്നു പരിഹാരമുണ്ടാകും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com