ADVERTISEMENT

കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ പൊലീസ് നടത്തിയ സംസ്ഥാന വ്യാപക റെയ്ഡിൽ ഞായറാഴ്ച മാത്രം 41 പേരാണ് അറസ്റ്റിലായത്. ഇതു നൽകുന്ന ആപൽസൂചന അതീവഗൗരവമുള്ളതാണ്. നിന്ദ്യമായൊരു കുറ്റകൃത്യം ഇത്രയും നാൾ ഇവർ നിർബാധം തുടരുകയായിരുന്നുവെന്നതും ഇനിയും എത്രയോ പേർ പൊലീസ് പിടിയിലാകാനുണ്ടെന്നതും കേരളീയ സമൂഹം നേരിടുന്ന കൊടിയ വിപത്തിലേക്കാണു വിരൽചൂണ്ടുന്നത്.

സൈബർ ഡോമിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഇപ്പോൾ സംസ്ഥാനത്തു വ്യാപക റെയ്ഡ് നടക്കുകയാണ്. കുട്ടികൾ ഉൾപ്പെട്ട നഗ്നവിഡിയോകളും ചിത്രങ്ങളും ഡൗൺലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതിനു കേസെടുത്തുവരികയുമാണ്. ടെലിഗ്രാം, വാട്സാപ് എന്നിവയിൽ പ്രവർത്തിക്കുന്ന ഏറെ ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്.

കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളോളംതന്നെ ഗൗരവമുള്ള കുറ്റകൃത്യമാണിത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ പിടിയിലായ ആളിൽനിന്നു കണ്ടെത്തിയതു കുട്ടികളുടേതടക്കം ആയിരത്തിലധികം അശ്ലീല വിഡിയോകളാണ്. സംസ്ഥാനത്തു കഴിഞ്ഞദിവസം അറസ്റ്റിലായവരിൽ ഏറെയും ഐടി മേഖലയിലുള്ളവരാണ്. ജൂണിൽ നടന്ന റെയ്ഡിൽ ഇടുക്കി ജില്ലയിൽ പിടിയിലായവരിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ യുവ ഡോക്ടറുമുണ്ടായിരുന്നു. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കോവിഡ്കാലത്തു കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ വൻ വർധന ഉണ്ടായതായുള്ള റിപ്പോർട്ട് ആശങ്ക വർധിപ്പിക്കുന്നു. ലോക്ഡൗൺ കാലത്ത് കുട്ടികൾ വീടുകൾക്കുള്ളിൽ ദുരുപയോഗിക്കപ്പെട്ടതിന്റെ ചില ദൃശ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്. കോവിഡ്കാലത്ത് സമൂഹമാധ്യമ കൂട്ടായ്മകളിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതു വ്യാപകമാവുകയും ചെയ്തു. ഡാർക് വെബ്ബിൽ കുട്ടികളുടെ അശ്ലീല വിഡിയോ സംബന്ധിച്ച ചാറ്റ്റൂമുകളിൽ കേരളത്തിൽ നിന്നുള്ളവരുടെ എണ്ണം വർധിക്കുന്നുമുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിലും ഇന്റർനെറ്റിൽ തിരയുന്നതിലും മുന്നിലാണെന്നതിൽ, പ്രബുദ്ധമെന്നു പറഞ്ഞുപോന്ന കേരളം ല‍ജ്ജിച്ചേതീരൂ.

കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തിൽ കൊച്ചിയും തിരുവനന്തപുരവുമടക്കം കടന്നുവന്നതിന്റെ കണക്കുകൾ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യ ചൈൽഡ് പ്രൊട്ടക്‌ഷൻ ഫണ്ട് (ഐസിപിഎഫ്) പുറത്തുവിട്ടിരുന്നു. ഓൺലൈൻ ഡേറ്റാ നിരീക്ഷണ സൈറ്റുകളെ ഉദ്ധരിച്ചായിരുന്നു ഈ വെളിപ്പെടുത്തൽ. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾ വർധിക്കുമെന്നും ഐസിപിഎഫ് അന്നു മുന്നറിയിപ്പു നൽകി.

ലൈംഗികാതിക്രമത്തിനു കുട്ടികളെ ഇരയാക്കുന്നവർ ഒളിക്യാമറയുപയോഗിച്ചാണ് പലപ്പോഴും ദൃശ്യങ്ങൾ പകർത്തുന്നത്. ഇതു പിന്നീട് അശ്ലീല വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യും. പലരും നാണക്കേടു ഭയന്നു പുറത്തുപറയാറില്ല. ഇത്തരം ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കുട്ടികളെ വീണ്ടും ചൂഷണം ചെയ്യുന്നതും പതിവാണ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും മാത്രമല്ല, തിരയുന്നതും കുറ്റകരമാണ്. 18 വയസ്സിൽ താഴെയുള്ളവരുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും 10 ലക്ഷം രൂപ വരെ പിഴയും 5 വർഷം വരെ തടവുശിക്ഷയും ലഭിക്കുന്ന കുറ്റമാണുതാനും.

കുട്ടികളെ ലൈംഗിക വൈക‍ൃതത്തിന് ഉപയോഗിക്കുന്നതിന്റെ ഡിജിറ്റൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥിയെപ്പോലുള്ളവർ രാജ്യാന്തരതലത്തിൽ ശബ്ദമുയർത്തുന്നുണ്ട്. ഏറ്റവും നിന്ദ്യവും നികൃഷ്ടവുമായ കുറ്റകൃത്യംതന്നെയായി ഇതിനെക്കണ്ട്, കുറ്റവാളികളെയെല്ലാം അടിയന്തരമായി പിടികൂടുകതന്നെ വേണം. പൊലീസ് സംവിധാനങ്ങളുടെ നിരന്തര ശ്രദ്ധയ്ക്കൊപ്പം പൊതുസമൂഹത്തിന്റെ നിരീക്ഷണവും ഇക്കാര്യത്തിൽ ഉണ്ടായേതീരൂ. രക്ഷിതാക്കളുടെ ഭാഗത്തു കൂടുതൽ കരുതലും ആവശ്യമാണ്. ഈ സാമൂഹികവിരുദ്ധരെയെല്ലാം കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കിവേണം കേരളം ഈ വിപത്തിന്റെ വേരു പിഴുതെറിയാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com