'അഭിമാനിക്കാവുന്ന പ്രതിരോധം'

TOPSHOT-US-HEALTH-VIRUS
ഡോ. മോഹൻ റോയ്
SHARE

കോവിഡ് മഹാമാരിയെ നേരിടുമ്പോൾ നമ്മൾ ഓരോ ദിവസവും പുതിയ പാഠങ്ങളാണു പഠിക്കുന്നത്. ഓരോ കോവിഡ് ബാധിതനും ആരോഗ്യപ്രവർത്തകർക്ക് ഓരോ പാഠമാണ്. കാരണം, ഇതിനു മുൻപു നമ്മുടെ തലമുറ ഇങ്ങനെയൊരു ദുരന്തം നേരിട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ പിഴവുകൾ പൂർണമായും ഒഴിവാക്കുകയാണു നമ്മുടെ ലക്ഷ്യമെങ്കിലും അമിതസമ്മർദത്തിന് അടിമപ്പെടുമ്പോൾ ജാഗ്രതക്കുറവുകൾ വരാം. അവ എത്രയും പെട്ടെന്നു തിരിച്ചറിയുകയും പരിഹരിക്കുകയും വേണം. അതോടൊപ്പം, ആരോഗ്യസംവിധാനത്തെ പ്രചോദിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുകയും വേണം.

വിമർശനങ്ങൾ രണ്ടു വിധമുണ്ട് – ആരോഗ്യകരവും അനാരോഗ്യകരവും. കോവിഡ് പോലുള്ള പ്രതിസന്ധി നേരിടാൻ നാടൊന്നാകെ പൊരുതുമ്പോൾ അനാരോഗ്യകരമായ വിമർശനങ്ങൾകൊണ്ടു ഫലമൊന്നുമുണ്ടാകില്ല. അവ ആരോഗ്യകരമാണെങ്കിൽ തിരുത്തലുകൾക്കു വഴിയൊരുക്കുകയും ചെയ്യും.

ലോകത്തെവിടെയുമെന്നതു പോലെ ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കേരളവും കോവിഡിനെ പ്രതിരോധിക്കുന്നത്. ഇതുവരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്.

കാലങ്ങൾകൊണ്ടു നമ്മൾ സൃഷ്ടിച്ച പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യപരിചരണ സംവിധാനങ്ങളാണു നമ്മുടെ മികവിന് അടിത്തറയായത്. ആശാ വർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും മുതലുള്ള ഈ ശൃംഖല ഇപ്പോൾ മറ്റു രാജ്യങ്ങൾ പഠനവിഷയമാക്കുന്നു.

ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതിനു മുൻപുതന്നെ മാസ്ക് നിർബന്ധമാക്കിയ നാടാണു കേരളം. അതു രോഗവ്യാപനവും രോഗതീവ്രതയും കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ ആറു മാസത്തെ കണക്കു നോക്കിയാൽ, ശ്വാസകോശ രോഗങ്ങളുൾപ്പെടെ കുറയാനും മാസ്ക് കാരണമായി. രാജ്യത്തു ടെലിമെഡിസിൻ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. 0.4% എന്ന ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്.

കേരളം ആഗോളസമൂഹമാണ്. വിദേശത്തുനിന്നു ലക്ഷക്കണക്കിനു പേർ വന്നപ്പോഴും ആദ്യഘട്ടത്തിൽ ഫലപ്രദമായ ക്വാറന്റീനിലൂടെ രോഗവ്യാപനം നിയന്ത്രിക്കാൻ നമുക്കു കഴിഞ്ഞു. പിന്നീട് സമൂഹത്തിന്റെ ജാഗ്രത കുറഞ്ഞതോടെയാണു വ്യാപനം വർധിച്ചത്.

കോവിഡിനെക്കുറിച്ച് ഓരോ ദിവസവും പുതിയ അറിവുകളാണു ലോകത്തിനു ലഭിക്കുന്നത്. അതിനനുസരിച്ചു പ്രതിരോധതന്ത്രങ്ങളും മാറുന്നു. സംസ്ഥാന സർക്കാർ പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കുന്നതും അങ്ങനെ തന്നെയാണ്. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെയും ആരോഗ്യമേഖലയിലെ വിദഗ്ധരുടെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനങ്ങളെടുക്കുന്നതും തിരുത്തുന്നതും. രോഗപരിശോധനയിലും ചികിത്സയിലും രോഗം ഭേദമായവരെ ആശുപത്രികളിൽനിന്നു പറഞ്ഞുവിടുന്നതിലും വരെയുള്ള നിബന്ധനകളിൽ അങ്ങനെ മാറ്റംവരുത്തി. അങ്ങനെ മാറ്റംവരുത്തിയേ മുന്നോട്ടുപോകാനാകൂ.

കോവിഡിനെ അതിജീവിച്ചു മുന്നോട്ടുപോകാൻ ഇനി എന്തൊക്കെയാണു ചെയ്യേണ്ടതെന്ന കാര്യത്തിലാണു സംവാദങ്ങൾ വേണ്ടത്. ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ കടമെടുത്താൽ, വാദിക്കാനും ജയിക്കാനും എന്നതിലപ്പുറം അറിയാനും അറിയിക്കാനുമാണു ശ്രമം വേണ്ടത്.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആർഎംഒയാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA