ADVERTISEMENT

പുനർജന്മങ്ങളാണ് ജന്മത്തെക്കാൾ പ്രധാനം. ഒരാൾക്ക് ഒരിക്കൽ മാത്രം ജനിക്കാൻ കഴിയുമ്പോൾ, പലതവണ ‘പുനർജനിക്കാൻ’ കഴിയും. ജനിച്ചതിനോ ജീവിച്ചതിനോ ഒരു തെളിവും അവശേഷിപ്പിക്കാതെ മൺമറയുന്നവരെക്കാൾ എത്രയോ ശ്രേഷ്ഠരാണ് ജീവിച്ചിരിക്കുമ്പോൾതന്നെ പുനർജന്മസാധ്യതകൾ ഒരുക്കുന്നവർ. ഓരോ പരാജയത്തിൽ നിന്നും നടത്തുന്ന തിരിച്ചുവരവ് അതിജീവനശേഷിയുടെ അടയാളമാണ്; പുനർജന്മമാണ്.

ഒരു തോൽവി പോലും അറിയാത്തവർ ഒരു വെല്ലുവിളിയും ഏറ്റെടുക്കാത്തവരാണ്. ഒരു പരാജയം പോലും രുചിച്ചിട്ടില്ല എന്ന അവകാശവാദത്തെക്കാൾ എത്രയോ ക്രിയാത്മകമാണ് ഒരു പരാജയത്തിലും തളർന്നിട്ടില്ല എന്നത്. ഒരുതവണകൂടി തോൽക്കാനുള്ള മനസ്സുണ്ടെങ്കിൽ നേടിയെടുക്കാമായിരുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാകും. സ്വയം നിർമിക്കുന്ന ദുരഭിമാനത്തടവറകളിൽനിന്നു പുറത്തുകടക്കാൻ കഴിയാത്തതാണ് പുനർജന്മങ്ങൾ അസാധ്യമാക്കുന്നത്.

ഒരുനിമിഷത്തെ അപക്വമായ തീരുമാനമാണ് പല ദൗർഭാഗ്യ സംഭവങ്ങളുടെയും അടിസ്ഥാന കാരണം. ആ ദുർബല നിമിഷത്തിൽ ഫലപ്രദമായി ഇടപെടുന്നവരാണ് ആ സമയത്തെ കാവൽവിളക്കും പിന്നീടുള്ള കെടാവിളക്കും. അതിവൈകാരികതയിൽ എടുക്കുന്ന അപകടകരമായ തീരുമാനങ്ങളെ അതിജീവിക്കാൻ ഒരു അപരിചിതന്റെ സാന്നിധ്യം മതി. എന്നും ഒപ്പം നടക്കുന്നവർക്കു നൽകാൻ കഴിയാത്ത പരിചരണവും തിരിച്ചറിവും അപരിചിതർക്കു പകരാൻ കഴിയും. ഒന്നു ശ്രദ്ധിച്ചാൽ പലരുടെയും ഉള്ളിലെ കനൽ അറിയാം. അപ്രതീക്ഷിതമായ ഒരു വാക്കോ ചോദ്യമോ അസാമാന്യ ഊർജം പകരും. ഒരിക്കൽ മാത്രം കണ്ടുമുട്ടിയിട്ടുള്ള ചില അജ്ഞാതർ അവശേഷിപ്പിച്ച ധൈര്യത്തിൽ ശിഷ്ടകാലം ചെലവഴിക്കുന്നവരുമുണ്ട്. 

ലാഭനഷ്ടക്കണക്കുകളില്ലാതെ ഒരാളുടെയെങ്കിലും ജീവിതത്തിന് ഊർജം പകർന്നതിന്റെ കഥകൾ എല്ലാവർക്കും പറയാനുണ്ടെങ്കിൽ, അപകടകരമായ തീരുമാനങ്ങൾ എല്ലാവരും പുനഃപരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com