ദാനം ചെയ്യുമ്പോൾ...

subahdinam
SHARE

ഗുരുവിന്റെ പ്രസംഗം കേൾക്കാൻ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ദാനം ചെയ്യുന്നതിനെക്കുറിച്ചു സംസാരിക്കുന്നതിനിടെ അദ്ദേഹം ചോദിച്ചു: നിങ്ങൾക്കു നൂറു വസ്ത്രങ്ങളുണ്ടെങ്കിൽ പകുതി മറ്റുള്ളവർക്കു കൊടുക്കാൻ തയാറാണോ? എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു – അതെ. അദ്ദേഹം വീണ്ടും ചോദിച്ചു: നിങ്ങൾക്കു രണ്ടു കാറുകൾ ഉണ്ടെങ്കിൽ ഒരെണ്ണം ഇല്ലാത്തവനു കൊടുക്കുമോ? അവർ പറഞ്ഞു – കൊടുക്കും. അദ്ദേഹം ചോദ്യം തുടർന്നു: നിങ്ങൾക്കു രണ്ടു കാളകൾ ഉണ്ടെങ്കിൽ ഒന്നിനെ ഇല്ലാത്തവർക്കു കൊടുക്കുമോ? ആരും ഒന്നും മിണ്ടിയില്ല. കാരണം, അവർക്കെല്ലാം രണ്ടു കാളകൾ ഉണ്ടായിരുന്നു!

സ്വയം ബാധകമല്ലാത്ത സൽപ്രവൃത്തികളെക്കുറിച്ച് ഉപന്യാസ രചന നടത്താൻ എല്ലാവർക്കും കഴിയും. സ്വന്തം കീശയിൽനിന്ന് ഒന്നും നഷ്ടപ്പെടാത്ത പുണ്യകർമങ്ങളുടെ ചുക്കാൻ പിടിക്കാൻ എല്ലാവരും ഇറങ്ങിത്തിരിക്കും. ആൾക്കൂട്ടത്തിനിടയിലിരുന്നു സത്കർമങ്ങളെക്കുറിച്ച് ആവേശം കൊള്ളാനും വൈകാരിക പ്രതികരണം നടത്താനും എളുപ്പമാണ്. എന്നാൽ, തനിക്കും എന്തെങ്കിലും നഷ്ടപ്പെടുമെന്നു മനസ്സിലാകുമ്പോൾ പതിയെ പിൻവലിയും; കാതുകൾ അടയും, നാവുകൾ നിശ്ശബ്ദമാകും.

നഷ്ടം വരുമെന്ന് ഉറപ്പുണ്ടായിട്ടും ഏർപ്പെടുന്ന സൽപ്രവൃത്തികളിൽ മാത്രമേ സദുദ്ദേശ്യമുണ്ടാകൂ. മറ്റുള്ളവയെല്ലാം സൽപേര് നിർമാണ പ്രക്രിയകളുടെ ഭാഗമാകും. ആവശ്യത്തിലധികം ഉള്ളതുകൊണ്ടു നൽകുന്നവരുണ്ട്; ഒന്നുമില്ലാതിരുന്നിട്ടും നൽകുന്നവരുണ്ട്. പ്രതിഛായ നന്നാക്കാൻ നൽകുന്നവരുണ്ട്; പ്രതിഫലം ഇച്ഛിക്കാതെ നൽകുന്നവരുമുണ്ട്. എന്തിനുവേണ്ടി ചെയ്യുന്നു എന്നതാണ് ചെയ്യുന്ന കാര്യങ്ങളെ നല്ലതോ മോശമോ ആക്കുന്നത്.

ഇല്ലാത്തതൊന്നും നൽകാനാവില്ല; ഉള്ളതൊന്നും നൽകാതിരിക്കാനും. ആർക്കും നൽകാതെ സൂക്ഷിച്ചു വയ്ക്കുന്നതെല്ലാം ആർക്കും ഉപകരിക്കാതെ നഷ്ടപ്പെടും. പരസ്പരം നൽകിത്തുടങ്ങിയാൽ എല്ലാവർക്കും ആഗ്രഹിക്കുന്നതിലും അർഹിക്കുന്നതിലുമപ്പുറം ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA