ഒക്ടോബർ രണ്ട്, രണ്ടും കൽപിച്ച്

tharangangalil
SHARE

ഒക്ടോബർ രണ്ട്.രാത്രി. കൃത്യം പാതിരായ്ക്ക് സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ശീർഷകമോർത്ത് മോഹൻദാസ് അവർകൾ പീഠത്തിൽ നിന്നിറങ്ങി. ദശാബ്ദങ്ങളുടെ വെയിലും മഴയുമേറ്റു മിനുങ്ങിയ വടി കയ്യിലുണ്ടായിരുന്നതുകൊണ്ട് പീഠത്തിൽനിന്നുള്ള ഇറക്കം വീഴ്ചയായില്ല.

ഒക്ടോബർ രണ്ടു പ്രമാണിച്ച് പ്രതിമ കഴുകാനും പൂക്കളർപ്പിക്കാനും വന്നവരിലാരോ വഴിയിലുപേക്ഷിച്ച ഒരു ചോക്കു കഷണം പീഠത്തിൽ നിൽക്കുമ്പോൾത്തന്നെ മോഹൻദാസ് കണ്ടുവച്ചിരുന്നു.

അർധരാത്രിയുടെ ഇരുട്ടിൽ അതു തപ്പിയെടുത്ത് അദ്ദേഹം പ്രതിമാപീഠത്തിൽ ഇങ്ങനെയെഴുതി:

മഹാത്മാ ഗാന്ധി എന്നു വിളിപ്പേരുള്ള മോഹൻദാസ് കരംചന്ദ് എഴുതുന്നതെന്തെന്നാൽ,

രാഷ്ട്രപിതാവെന്ന് അവകാശപ്പെടാൻ എനിക്കു ഭയമാണ് പ്രിയപ്പെട്ടവരേ. എന്തിനെക്കുറിച്ചും രണ്ടിലേറെ അഭിപ്രായമുള്ള കാലമല്ലേ?

ഒരേയൊരു നിർദേശം ലോകസമക്ഷം വയ്ക്കാൻ മാത്രമാണ് ഈ ചോക്കെഴുത്ത്. കാലത്തിന്റെ ചുവരെഴുത്ത് എന്നു പറഞ്ഞാൽ ആരും വായിക്കില്ലെന്ന് എനിക്കറിയാം. 

നാടുനീളെ ഇതുപോലുള്ള പീഠങ്ങളിൽ ഒരേ നിൽപു നിൽക്കുന്ന എല്ലാ മോഹൻദാസുമാർക്കുംവേണ്ടിയുള്ള അഭ്യർഥനയാണിത്: 

ഒക്ടോബർ ഒന്നുവരെയും പിന്നീടു മൂന്നു മുതലും ഉണ്ടാകാത്ത ഈ പ്രതിമാശുചീകരണ പരിപാടി ദയവായി അവസാനിപ്പിക്കണം. 

ഒക്ടോബർ രണ്ട് ഒഴികെയുള്ള മുന്നൂറ്റി അറുപത്തിനാലേകാൽ ദിവസവും പീഠത്തിലെ ഗാന്ധിക്കു പക്ഷികളുടെ പൊതു ശുചിമുറിയാകാനാണല്ലോ വിധി. ഈ ദിവസങ്ങളിലത്രയും ജനം കാണുകയും അറിയുകയും ചെയ്യുന്ന സ്വച്ഛ ഭാരതീയനല്ലാത്ത, അലങ്കാരമില്ലാത്ത ഗാന്ധിയെ ഒരേയൊരു ദിവസം മറ്റൊന്നായി കണ്ടാൽ ജനം തിരിച്ചറിയില്ല.  ആദരത്തിൽ കുളിച്ചു വൃത്തിയായി, പൂമാലയിട്ടു നിൽക്കുന്ന ഗാന്ധിയെ പുതിയ തലമുറയ്ക്കു പിടികിട്ടിയില്ലെന്നു വരും. മുഖം നഷ്ടപ്പെട്ട പ്രതിമ മാത്രമാണ് അവർക്കു ഗാന്ധി.

അതുകൊണ്ട് പ്രിയപ്പെട്ടവരേ, എന്നത്തെയുംപോലെ തിരസ്കൃതനായി നിൽക്കാൻ ഒക്ടോബർ രണ്ടാം തീയതിയും  ഈയുള്ളവനെ അനുവദിക്കണം. 

ചുറ്റും നടക്കുന്നതെല്ലാം തെളിഞ്ഞു കാണാനും കാപട്യങ്ങൾക്കു നേരെ ഉയർത്താൻ കഴിയാത്ത പൊയ്‌വടിയെപ്പറ്റി സങ്കടപ്പെടാനും ഒക്ടോബർ രണ്ടിനു മുൻപും പിൻപുമുള്ള കഷ്ടകാൽ ഭാരതീയന്റെ മുഖം തന്നെയാണു നല്ലത്. 

ഒപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA