വെള്ളത്തിൽ വരച്ച വര!

leader-visual-bhoomi
SHARE

പുനർവിന്യാസം ഇല്ലാതെ പോകുന്നതിനാൽ ചില തസ്തികകൾ അലങ്കാരമാണ്.എന്തിനോ വേണ്ടി നിലനിർത്തിപ്പോരുന്ന ചില തസ്തികകളുമുണ്ട്. ഖജനാവിനും ജനത്തിനും  ഭാരമായി മാറുന്ന ഇത്തരം പോസ്റ്റുകളെപ്പറ്റി പുനരാലോചന ആവശ്യം.മനോരമ ലേഖകർ നടത്തിയ അന്വേഷണത്തിന്റെ രണ്ടാം ഭാഗം 

ഗ്രാമീണമേഖലയിൽ ശുദ്ധജലമെത്തിക്കുന്ന ജലനിധി പദ്ധതിക്കായി ജലവിഭവ വകുപ്പ് ലോകബാങ്കുമായി കരാർ ഒപ്പിട്ടതു 19 വർഷം മുൻപാണ്. ഒന്നാം ഘട്ടത്തിൽ 112 പഞ്ചായത്തുകളെയും രണ്ടാം ഘട്ടത്തിൽ 200 പഞ്ചായത്തുകളെയും ഉൾപ്പെടുത്തി. 227 പഞ്ചായത്തുകളിൽ മാത്രമാണു പദ്ധതി നടപ്പാക്കാൻ കഴിഞ്ഞത്. ലോക ബാങ്ക് കരാർ അവസാനിച്ച് ഒന്നര വർഷം കഴിഞ്ഞു. എന്നാൽ, ജലനിധിയും ഉദ്യോഗസ്ഥരും അതേപടി തുടരുന്നു. സർക്കാരിന്റെ ബാധ്യത കോടികൾ!

2001 മുതൽ 2008 വരെയാണു പദ്ധതിയുടെ ഒന്നാം ഘട്ട കാലാവധി നിശ്ചയിച്ചിരുന്നത്. എങ്കിലും 2012 വരെ നീട്ടി. ഒന്നാം ഘട്ടത്തിനു 451 കോടി രൂപയാണു ലോകബാങ്ക് അനുവദിച്ചത്. 2012 മുതൽ 2018 വരെയായിരുന്നു രണ്ടാം ഘട്ടം. രണ്ടാം ഘട്ടത്തിന് 1022.30 കോടി രൂപയും അനുവദിച്ചു. 2018ൽ പദ്ധതി അവസാനിക്കാത്തതിനാൽ 2019 സെപ്റ്റംബർ വരെ നീട്ടി. ഇതെത്തുടർന്ന് ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഇടപെടുകയും പദ്ധതി ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്കു നിർദേശം നൽകുകയും ചെയ്തെങ്കിലും പൂർത്തിയാക്കാനായില്ല. കാലാവധി 3 മാസം കൂടി നീട്ടണം എന്നാവശ്യപ്പെട്ട് ഇൗ വർഷം മാർച്ചിൽ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിനു കത്തെഴുതി. എന്നാൽ, ധനവകുപ്പിന്റെ എതിർപ്പിനെത്തുടർന്നു നീട്ടി നൽകിയില്ല.

നിശ്ചിത കാലാവധിക്കു ശേഷം പദ്ധതി നീളുന്നതിനാൽ വായ്പ തിരിച്ചടവു കാലാവധിയും നീളും. ഇരട്ടിത്തുകയാകും സർക്കാർ നൽകേണ്ടി വരിക. പദ്ധതി അവസാനിച്ചിട്ടും നൂറിലധികം ഉദ്യോഗസ്ഥർ തുടരുന്നതും ഓഫിസുകൾ പ്രവർത്തിക്കുന്നതും വഴി കോടികളുടെ ബാധ്യതയാണു സർക്കാരിന്. പണിയില്ലാത്ത ഉദ്യോഗസ്ഥരെ, ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജലനിധിയുടെ ചില ഓഫിസുകളിൽ സേവനമനുഷ്ഠിക്കുന്നത് ജല അതോറിറ്റിയിൽനിന്നു വിരമിച്ച ചില ഉദ്യോഗസ്ഥരാണ്. പെൻഷനു പുറമേ ശമ്പളവും ഇവർ വാങ്ങുന്നു.

 ഒരു ലോഡ് ജീവനക്കാർ;എവിടെ വിന്യസിക്കും?

മൈനർ ഇറിഗേഷൻ വിഭാഗത്തിൽ കുട്ടനാട് സർക്കിൾ എന്നൊരു വിഭാഗമുണ്ട്. പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ (പിഐപി) ചെങ്ങന്നൂർ ഓഫിസിനു കീഴിൽ ഏകദേശം 18 ഓഫിസുകൾ ഇതിനായി പ്രവർത്തിക്കുന്നുവെന്നു രേഖകളിൽ പറയുന്നു. പക്ഷേ, ഫോണിൽ വിളിച്ചാൽ ഒരു ഓഫിസിൽ നിന്നും പ്രതികരണമില്ല. ഓഫിസുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്; ഇല്ലയോ എന്നു ചോദിക്കരുത്. നടക്കാതെ പോയ കുട്ടനാട് പദ്ധതിക്കായി ഇത്രയധികം ഓഫിസ് സംവിധാനം ക്രമീകരിച്ചെങ്കിൽ ഇനി ഈ ജീവനക്കാരെ എവിടേക്കു പുനർവിന്യസിക്കും? 

2017ൽ മാത്യു ടി.‌ തോമസ് ജലവിഭവ വകുപ്പു മന്ത്രിയായിരിക്കെ ഏകദേശം 1800 തസ്തികകൾ റദ്ദാക്കി. അധികം വന്ന ഉദ്യോഗസ്ഥരെ മറ്റു സ്ഥാനങ്ങളിലേക്കു പുനർവിന്യസിച്ചു. എന്നാൽ, ധനവകുപ്പിന്റെ നിർദേശ പ്രകാരം ജലവിഭവ വകുപ്പിൽ ആരംഭിച്ച തസ്തിക പുനഃക്രമീകരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ജപ്പാൻ ഇന്റർനാഷനൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക) പദ്ധതിക്കായുള്ള ഓഫിസുകൾ പലതും ഇപ്പോൾ നോക്കുകുത്തിയായി. തിരുവനന്തപുരം കോർപറേഷൻ, കൊല്ലം ജില്ലയിലെ മീനാട്, ആലപ്പുഴ ജില്ലയിലെ ചേർത്തല, കോഴിക്കോട് നഗരം, കണ്ണൂരിലെ പട്ടുവം സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഓഫിസുകളാണ് പദ്ധതി പൂർത്തിയായിട്ടും ഇപ്പോഴും തുടരുന്നത്. 

 റവന്യു വകുപ്പിൽ മാത്രമുണ്ട് രണ്ടായിരത്തോളം

റവന്യു വകുപ്പിലെ 18,000ൽപരം വരുന്ന ജീവനക്കാരിൽ രണ്ടായിരത്തോളം പേർ ജോലി ചെയ്യുന്നത് താൽക്കാലികമായി സൃഷ്ടിച്ച ഓഫിസുകളിലും തസ്തികകളിലും. പല കാലങ്ങളിലായി നിശ്ചിത ആവശ്യങ്ങൾക്കു വേണ്ടി സൃഷ്ടിച്ചവ ലക്ഷ്യം കൈവരിച്ചിട്ടും അതേപടി തുടരുകയാണ്. നല്ലൊരു തുക ഓഫിസിനും ജീവനക്കാർക്കുമായി ചെലവഴിക്കുന്നു.

ലാൻഡ് ട്രൈബ്യൂണൽ ഓഫിസുകൾ, ഭൂമി പതിവ് ഓഫിസുകൾ, ഭൂമി സംരക്ഷണ ഓഫിസുകൾ, റവന്യു റിക്കവറി ഓഫിസുകൾ, ഭൂമി ഏറ്റെടുക്കൽ ഓഫിസുകൾ, കിഫ്ബിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ ഓഫിസുകൾ തുടങ്ങിയവ ഉദാഹരണങ്ങൾ. 156 ഓഫിസുകളാണ് റവന്യു വകുപ്പിനു കീഴിലുള്ളത്. ഇവയിൽ ശരാശരി 18 വീതം ജീവനക്കാരും. ഇവയ്ക്കു വർഷംതോറും തുടർച്ചാനുമതി നൽകിയാണു ജീവനക്കാർക്കു ശമ്പളം നൽകുന്നത്. റവന്യു വകുപ്പിൽനിന്നു ഡപ്യൂട്ടേഷനിലാണ് ഇവിടേക്കു ജീവനക്കാരെത്തുന്നത്.

ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന് അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഇതു സംബന്ധിച്ച കേസുകൾ ലാൻഡ് ട്രൈബ്യൂണലുകളിൽ തുടരുകയാണ്. ഭൂമി ഏറ്റെടുക്കലിനായി 39 സ്പെഷൽ ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ കാലാകാലങ്ങളിൽ തുടർച്ചാ അനുമതിയോടെ പ്രവർത്തിച്ചുവരുന്നു. 516 തസ്തികകൾ ഇവയിൽ മാത്രമുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ നീളുന്നതനുസരിച്ച് ഇവയുടെ തുടർച്ചാനുമതിയും തുടരും. ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം, രേഖകൾ ലഭ്യമാക്കാൻ വൈകുന്നത്, നിയമവ്യവഹാരങ്ങൾ, പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പ് എന്നിങ്ങനെ പല കാരണങ്ങളാൽ നടപടികൾ നീളും. കേസുകളിൽ പൊതുജനങ്ങൾക്കു നഷ്ടപരിഹാരം വിധിച്ചാൽ അതു നടപ്പാക്കാൻ കാലതാമസം വരുത്തുന്നതു കാരണം കോടികളാണു സർക്കാർ പലിശയിനത്തിൽ നൽകേണ്ടി വരുന്നത്.

ഉറച്ചുപോയ തസ്തികകൾ 

നിർത്തലാക്കിയെങ്കിലും ഇപ്പോഴും ജീവനക്കാർ ശമ്പളം വാങ്ങുന്ന പദ്ധതിയുണ്ട്, റവന്യു വകുപ്പിൽ. ഭവനവായ്പ നൽകുന്നതിനായി മിഡിൽ ഇൻകം ഹൗസിങ് സ്കീം, ലോ ഇൻകം ഹൗസിങ് സ്കീം എന്നിങ്ങനെ രണ്ടു പദ്ധതികൾ സർക്കാർ നടപ്പാക്കിയിരുന്നു. ഓരോ ജില്ലയിലും ഓരോ ഡപ്യൂട്ടി തഹസിൽദാർമാരെയും ഹൗസിങ് തഹസിൽദാർമാരെയും സർക്കാർ വായ്പ വിതരണം ചെയ്യാൻ നിയോഗിച്ചു. ഇൗ 2 തസ്തികയ്ക്കും മേൽ ഹൗസിങ് ഡപ്യൂട്ടി കലക്ടർ എന്നൊരു തസ്തികയുമുണ്ടാക്കി. പിന്നീട് ഇൗ പദ്ധതി തന്നെ സർക്കാർ ഉപേക്ഷിച്ചു. വിതരണം ചെയ്ത വായ്പകളെല്ലാം സർക്കാർ 10 വർഷം മുൻപ് എഴുതിത്തള്ളുകയും ചെയ്തു.

എന്നാൽ, ആ തസ്തികകൾ അങ്ങനെ തന്നെ തുടരുന്നു. ദുരന്തനിവാരണ നിയമത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പുതിയ ഡപ്യൂട്ടി കലക്ടർമാരെ നിയോഗിക്കണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഇൗ തസ്തികകളിൽ ജോലി ചെയ്യുന്നവരെ ചുമതലയേൽപിക്കാൻ ആലോചിച്ചു. എന്നാൽ, വൻ എതിർപ്പുയർന്നതോടെ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. പകരം ദുരന്തനിവാരണത്തിനായി പുതിയ തസ്തികകൾ സൃഷ്ടിച്ചു.

ദേശീയപാതയ്ക്കും മറ്റു വികസന പദ്ധതികൾക്കുമായി ഭൂമി ഏറ്റെടുക്കാൻ വർഷങ്ങൾക്കു മുൻപ് റവന്യു വകുപ്പിനു കീഴിൽ ആരംഭിച്ച വിഭാഗങ്ങളും സൃഷ്ടിച്ച തസ്തികകളും ഇപ്പോഴും തുടരുന്നു. ഭൂമി ഏറ്റെടുത്തു കഴിഞ്ഞാലും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ നടത്താനെന്ന പേരിലാണ് ഇത്തരം തസ്തികകൾ തുടരുന്നത്.

വാക്കിൽ പിടിച്ച്  വളരുന്നവർ

വാക്കിന്റെ എണ്ണം അടിസ്ഥാനമാക്കിയായിരുന്നു ഓരോ സർക്കാർ ഓഫിസിലെയും ടൈപ്പിസ്റ്റുകളുടെ എണ്ണം നിശ്ചയിച്ചിരുന്നത്. നിശ്ചിത വാക്കിന്റെ പരിധി കടക്കുന്നതോടെ അടുത്ത തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയായി. ഒരാൾ കുറച്ചു ജോലികൂടി ചെയ്യുകയോ അതിന് ഓവർടൈം നൽകുകയോ ചെയ്താൽ തീരാവുന്ന കാര്യം, പുതിയൊരു തസ്തികയായി മാറുന്നു. പിന്നീട് ജോലി കുറഞ്ഞാലും ഈ തസ്തിക വേണ്ടെന്നു വയ്ക്കാനാവില്ല. കംപ്യൂട്ടർവൽക്കരണം 100 ശതമാനത്തിലേക്കു കടക്കുന്നതോടെ മിക്ക ഉദ്യോഗസ്ഥരും സ്വന്തമായി ടൈപ് ചെയ്യുന്ന സ്ഥിതി വരും. ക്ലറിക്കൽ, അസിസ്റ്റന്റ് പോസ്റ്റുകളായി ടൈപ്പിസ്റ്റ് തസ്തിക മാറുകയും ചെയ്യും.

ചെയർമാന്റെ ഫോണെടുക്കാ‍ൻ മാത്രം ഒരു എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യമുണ്ടോ ? ഗോഡൗണിലെ സിമന്റിന്റെ കണക്കു നോക്കാൻ മാത്രം ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വേണോ ?

സർവകലാശാലകളിൽ സെക്‌ഷൻ ഓഫിസർ കൈകാര്യം ചെയ്തിരുന്ന കാര്യം ഇപ്പോൾ ജോയിന്റ് റജിസ്ട്രാറും ഡപ്യൂട്ടി റജിസ്ട്രാറുമാണു കൈകാര്യം ചെയ്യുന്നത്. പുനർവിന്യാസം ഇല്ലാതെ പോകുന്നതിനാൽ ചില തസ്തികകൾ അലങ്കാരമാണ്. നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനായി മാത്രം നിലനിർത്തിപ്പോരുന്ന ചില തസ്തികകൾ സംസ്ഥാനത്തുണ്ട്. ഖജനാവിനുമേലും ജനങ്ങളുടെമേലും ഭാരമായി മാറുന്ന ഇത്തരം പോസ്റ്റുകളെപ്പറ്റി പുനരാലോചന ആവശ്യമാണ്.

അവസാനിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA