‘ദലിതൻ എതിർത്തു സംസാരിക്കുകയോ? അവർ കത്തി വീശി; അയാളുടെ വിരലുകളറ്റു’

hathras-rape
SHARE

ഹത്രസിൽ ദലിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്നു പറയപ്പെടുന്നു എന്നാണ് എഴുതേണ്ടത്. കാരണം, യുപി പൊലീസ് അത് ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാൽ, അവൾ കൊല ചെയ്യപ്പെട്ടതാണെന്നതിൽ സംശയമില്ല. സ്ത്രീപീഡനം എന്നതിനൊപ്പം, ഈ സംഭവത്തെ ദലിതർക്കെതിരായ ആക്രമണമായിക്കൂടി കാണണം.

അവളെ കൊലപ്പെടുത്തിയ ഠാക്കൂർമാർക്ക് അതൊരു പ്രതികാരം തീർക്കലായിരുന്നു. അവർ അവളുടെ അയൽക്കാരായിരുന്നു. അവർ വർഷങ്ങളായി ദലിത് കുടുംബത്തെ ദ്രോഹിക്കുന്നു. ആകെയുള്ള കുറച്ചു ഭൂമിയിൽ ദലിതർ വിളവിറക്കിയിരുന്നു. ഠാക്കൂർമാർ അതിലേക്കു കാലികളെ അഴിച്ചുവിടുമായിരുന്നു. 20 വർഷം മുൻപൊരിക്കൽ, എരുമകളെ തന്റെ പാടത്തുനിന്നു കൊണ്ടുപോകണമെന്ന് പെൺകുട്ടിയുടെ മാതാമഹൻ ഠാക്കൂർമാരോടു പറഞ്ഞു. ദലിതൻ എതിർത്തു സംസാരിക്കുക എന്നത് ചിന്തിക്കാൻ പോലും ഠാക്കൂർമാർക്കു പറ്റിയില്ല. അവർ കത്തിവീശി. കഴുത്ത് രക്ഷപ്പെട്ടെങ്കിലും പെൺകുട്ടിയുടെ മാതാമഹന്റെ വിരലുകളറ്റു. അന്നുമുതൽ പുകയുന്ന വൈരമാണ് പെൺകുട്ടിയുടെ കൊലപാതകത്തിൽ അവസാനിച്ചത്.

ബലാത്സംഗത്തെ ദലിതർക്കെതിരായ മർദനോപകരണമായി ഉപയോഗിക്കുന്നതിന്റെ നീണ്ട ചരിത്രം തന്നെയുണ്ട് വടക്കേ ഇന്ത്യയിലെ സവർണർക്ക്. 1970കളിൽ ബിഹാറിൽ നക്സൽ പ്രസ്ഥാനം വളരാനുള്ള പ്രധാന കാരണം ഇത്തരത്തിലുള്ള പീഡനങ്ങളായിരുന്നു.1990കൾ ആയപ്പോഴേക്കും, നക്സലുകൾക്കു സ്വാധീനമുള്ള മേഖലകളിൽ അവർ നടത്തിയിരുന്ന ജനകീയ കോടതികളിൽ ദലിത് മർദകർ വിചാരണ ചെയ്യപ്പെട്ടു. അവിടെയൊക്കെ പീഡനങ്ങൾ തീരെയില്ലാതായി.

ഹത്രസ് കേസ് കൈകാര്യം ചെയ്യുന്ന രീതിയും രാത്രിയിലെ ചിതയൊരുക്കലുമെല്ലാം ഉയർത്തുന്ന ചോദ്യമിതാണ്: അവിടത്തെ സർക്കാർ പ്രകടമായിത്തന്നെ സവർണാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയാണോ?

Chirag-Paswan
ചിരാഗ് പാസ്വാൻ

കളം മാറുന്ന ബിഹാർ

ബിഹാറിൽ ഒക്ടോബർ 28ന് ആരംഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഈയിടെ വരെ ഒറ്റക്കുതിരപ്പന്തയമായിരുന്നു. സർവേകളെല്ലാം എൻഡിഎക്ക് അനായാസ ജയം പ്രവചിച്ചിരുന്നു. എന്നാൽ, സീറ്റു തർക്കത്തെത്തുടർന്ന് ചിരാഗ് പാസ്വാന്റെ എൽജെപി, എൻഡിഎ സഖ്യവുമായി തെറ്റിയതോടെ തിരഞ്ഞെടുപ്പ് മലക്കെ തുറക്കപ്പെട്ടിരിക്കുന്നു. എൻഡിഎയുടെ ഭാഗമായി തുടരുമ്പോൾത്തന്നെ, ബിഹാറിൽ പ്രധാന ശത്രു നിതീഷ്കുമാറിന്റെ ജെഡിയു ആണെന്നും അവർക്കെതിരെ എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നുമാണ് എൽജെപി പറയുന്നത്.

ഇന്നലെ അന്തരിച്ച, എൽജെപി സ്ഥാപകനേതാവും ചിരാഗിന്റെ പിതാവുമായ റാം വിലാസ് പാസ്വാനെ ബിഹാറിലെ രാഷ്ട്രീയ നിരീക്ഷകർ വിളിക്കുന്നത് മൗസം വൈജ്ഞാനിക് (കാലാവസ്ഥാ ശാസ്ത്രജ്ഞൻ) എന്നാണ്. തിരഞ്ഞെടുപ്പിനു മുൻപ് രാഷ്ട്രീയാന്തരീക്ഷം വായിച്ചെടുക്കാൻ അദ്ദേഹത്തിന് അനിതരസാധാരണമായ കഴിവുണ്ട്. ഗുജറാത്ത് കലാപത്തെത്തുടർന്ന് 2002ൽ എൻഡിഎ വിട്ട അദ്ദേഹം, 2004 മുതൽ 2009 വരെ യുപിഎ മന്ത്രിസഭയിൽ അംഗമായി. 2014ൽ എൻഡിഎയിൽ ചേരുകയും മോദിസർക്കാരിൽ മന്ത്രിയാകുകയും ചെയ്തു.

ബിജെപി അവരുടെ ഏറ്റവും പഴയ സഖ്യകക്ഷികളായ ശിവസേനയെയും ശിരോമണി അകാലിദളിനെയും ഉപേക്ഷിച്ച് കൂടുതൽ സ്വതന്ത്രമാകാൻ ശ്രമിക്കുന്ന കാലമാണിത്. പക്ഷേ, ബിഹാറിൽ നിതീഷ്കുമാറിന്റെ പിന്നണിസംഘമായിത്തന്നെ അവർ തുടരുന്നു. അതുകൊണ്ട് ചിരാഗ് പാസ്വാന്റെ നീക്കങ്ങൾക്കു പിന്നിൽ ബിജെപിയാണെന്നൊരു സംസാരമുണ്ട്. ചിരാഗിന്റെ നിലപാട് ഏറ്റവും സഹായിക്കുക ബിജെപിയെയാണ് എന്നതിൽ തർക്കമില്ല. എന്നാൽ, എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി നിതീഷ്കുമാർ തന്നെയെന്ന് ബിജെപി അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവനയ്ക്കു പിന്നിൽ ഒരുപക്ഷേ, ബിഹാർ രാഷ്ട്രീയത്തിലെ ജാതിസമവാക്യങ്ങളാകാം.

ഉറച്ചുപോയ രണ്ട് വോട്ടുബാങ്കുകളാണ് ബിഹാറിലുള്ളത്. 1) ബിജെപിയെ പിന്തുണയ്ക്കുന്ന സവർണവിഭാഗങ്ങളും ബനിയകളും. ഇവർ ഏതാണ്ട് 20% വരും. 2) ആർജെഡിയെ പിന്തുണയ്ക്കുന്ന യാദവരും മുസ്‌ലിംകളും. ജനസംഖ്യയുടെ മൂന്നിലൊന്ന് ഇവരാണ്. ഇവർ മഹാസഖ്യത്തിന് (ആർജെഡി, കോൺഗ്രസ്, ഇടതുകക്ഷികൾ) വോട്ടു ചെയ്യുമെന്നു കണക്കാക്കുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ മുസ്‌ലിംകൾ നിതീഷ്കുമാറിനു വോട്ട് ചെയ്തിരുന്നു. എന്നാൽ, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കു ശേഷം അവർ അകന്നുവെന്നു വിലയിരുത്തപ്പെടുന്നു.

ശേഷിക്കുന്നത് പട്ടികജാതികളും യാദവർ ഒഴികെയുള്ള പിന്നാക്ക വിഭാഗങ്ങളുമാണ്. ഇവിടെയാണ് നിതീഷ്കുമാറിന്റെ പ്രസക്തി. പട്ടികജാതിക്കാരിൽ ഏറ്റവും പ്രബല വിഭാഗമായ ദുസാദുകൾ (പാസ്വാന്മാർ) എൽജെപിയുടെ വോട്ടുബാങ്കാണ്. ഒറ്റയ്ക്കും കൂട്ടായും മത്സരിക്കുമ്പോഴൊക്കെ എൽജെപിക്ക് 10 ശതമാനത്തിനടുത്ത് വോട്ട് കിട്ടാറുണ്ട്. അവരൊഴികെയുള്ള മിക്കവാറും പട്ടികജാതികളെ മഹാദലിതുകൾ എന്നൊരു വർഗീകരണം നടത്തി, നിതീഷ് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പട്ടികജാതികളിൽനിന്നും യാദവർ ഒഴികെയുള്ള പിന്നാക്ക വിഭാഗങ്ങളിൽനിന്നും നിതീഷ്കുമാറിനു ഗണ്യമായ പിന്തുണ ലഭിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തിലെ പിഴവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ ജനസമ്മതിയിൽ കുറവു വരുത്തിയിട്ടുണ്ടെന്ന് അറിയാവുന്ന എൻഡിഎ, മോദിയെന്ന ഒറ്റമൂലിയിൽ വിശ്വാസമർപ്പിക്കുന്നു. എൽജെപി, ജെഡിയുവിനെതിരെ മത്സരിക്കുമ്പോൾ നിതീഷിനെ ഉള്ളുകൊണ്ട് ഇഷ്ടപ്പെടാത്ത ബിജെപിക്കാർക്കു മറ്റൊരു എൻഡിഎ ഘടകകക്ഷിക്കു വോട്ടു ചെയ്യാൻ അവസരം കിട്ടുന്നു. പല മണ്ഡലങ്ങളിലും ഇതു ത്രികോണമത്സരങ്ങൾക്കു വഴിതുറക്കാം. അത്തരമൊരു സ്ഥിതിയിൽ, തൂക്കുസഭ അടക്കം പല സാധ്യതകളും തെളിയുന്നു. ചിരാഗിന്റെ നീക്കം തിരഞ്ഞെടുപ്പിനെയും സർക്കാർ രൂപീകരണത്തെയും പ്രവചനാതീതമാക്കുന്നു.

English Summary: Bihar politics - Thalsamayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA