ADVERTISEMENT

നമ്മുടെ നാട്ടിൽ കോവിഡ്കാല ബുദ്ധിമുട്ടുകളിൽ വലയുന്ന ഏതു വീട്ടമ്മയും സ്വീകരിക്കുന്ന ലളിതമായൊരു സാമ്പത്തികമന്ത്രമുണ്ട്: സമൂലമായ ചെലവുചുരുക്കൽ. നിർഭാഗ്യവശാൽ സംസ്ഥാന സർക്കാരിന് അറിയാതെ പോകുന്നതും അതുതന്നെ.

ഒരുവശത്തു കടം പെരുകുമ്പോൾ മറുവശത്തു നിയന്ത്രണമില്ലാത്ത ധൂർത്താണു കേരളത്തിന്റെ ശാപം. സർക്കാർപണം എങ്ങനെ ചെലവിട്ടാലും ആരും ചോദിക്കാനില്ലെന്ന അവസ്ഥകൂടി ഉണ്ടാകുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തികഭാവി ആശങ്കാജനകമാകുന്നു. സർക്കാർ ഈയിടെ വാചാലമായി ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചിട്ടും ധൂർത്തിന്റെ വിവിധ മാതൃകകൾ കേരളത്തിനു മുന്നിൽ നോക്കുകുത്തികളായി നിലനിൽക്കുന്നത് അതുകൊണ്ടാണ്. അധികച്ചെലവിന്റെ കാണാപ്പുറങ്ങളിലെ പദ്ധതികളും സ്ഥാപനങ്ങളും തേടി മലയാള മനോരമ തയാറാക്കിയ ‘എന്തിനോ വേണ്ടി ഈ ഓഫിസുകൾ’ എന്ന അന്വേഷണ പരമ്പര പൊതുസമൂഹത്തിനു മുന്നിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്. 

കോവിഡ് ഉണ്ടാക്കിയ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ സംവിധാനങ്ങൾ ചെലവുചുരുക്കുകയാണെന്നു പ്രഖ്യാപിച്ചതു കഴിഞ്ഞ മാസം പാതിയോടെയാണ്. ഇതുപ്രകാരം, ഒരു വർഷത്തേക്കു സർക്കാർ കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നതിനും ഫർണിച്ചറും വാഹനങ്ങളും വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി. പല പദ്ധതികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടും ജീവനക്കാർ തുടരുന്നതിനാൽ ഇതിന്റെ കണക്കെടുത്ത് അധിക ജീവനക്കാരെ മാറ്റിനിയമിക്കും, വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും അധികമുള്ള ക്ലറിക്കൽ ജീവനക്കാരെ മറ്റു വകുപ്പുകളിൽ നിയമിക്കും, ഒരേ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒറ്റ ഭരണസംവിധാനമാക്കും തുടങ്ങി ചെലവുചുരുക്കലിനുള്ള പല വഴികളും അന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ജനത്തിനു ഗുണമില്ലാത്ത പദ്ധതികളും ജീവനക്കാർ വെറുതേയിരിക്കുന്ന ഓഫിസുകളും നിർത്തലാക്കുമെന്നു സർക്കാർ അടിക്കടി പറയുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കേണ്ടത്ര പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയിട്ടും ധനനഷ്ടം തടയുന്നതിനുള്ള പ്രഖ്യാപനങ്ങളിൽ പലതും വെറുംവാക്കായി ഇപ്പോഴും തുടരുകയാണ്. ആവശ്യം കഴിഞ്ഞും തുടരുന്ന സ്ഥാപനങ്ങളും ശമ്പളത്തിനായി മാത്രം തുടരുന്ന തസ്തികകളും കേരളത്തിൽ ഏറെയുണ്ടെന്നാണ് മനോരമ ലേഖകർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. 

സർക്കാർ വെള്ളത്തിൽ വരച്ച വരകൾ പലതുണ്ട്. ഗ്രാമീണമേഖലയിൽ ശുദ്ധജലമെത്തിക്കുന്ന ജലനിധി പദ്ധതിക്കായി ജലവിഭവ വകുപ്പ് ലോകബാങ്കുമായി കരാർ ഒപ്പിട്ടതു 19 വർഷം മുൻപാണ്. സർക്കാരിനു കോടികളുടെ ചെലവു വരുത്തി, ലോകബാങ്ക് കരാർ അവസാനിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും ജലനിധിയും ഉദ്യോഗസ്ഥരും അതേപടി തുടരുകയാണ്. നിശ്ചിത ആവശ്യങ്ങൾക്കായി താൽക്കാലികമായി സൃഷ്ടിച്ച പല ഓഫിസുകളും തസ്തികകളും ലക്ഷ്യം കൈവരിച്ചിട്ടും തുടരുന്നതും നല്ലൊരു തുക ഇതിനായി ചെലവഴിക്കുന്നതും സർക്കാർ അറിഞ്ഞില്ലെന്നു പറയരുത്. സംസ്ഥാനത്തെ പല വകുപ്പുകൾ ഒരേ ജോലി ചെയ്യുന്ന പതിവ് ഒഴിവാക്കാൻ പോലും ഇനിയും നമുക്കു കഴിയാത്തത് എന്തുകൊണ്ടാണ്?

നമ്മുടെ ചില പദ്ധതികളുടെ മെല്ലെപ്പോക്കു മൂലം പാഴാകുന്ന സർക്കാർപണം കുറച്ചൊന്നുമല്ല. 24 മെഗാവാട്ടിന്റെ ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ ഉദാഹരണമെടുക്കാം. രണ്ടര വർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 6 വർഷവും 8 മാസവും പിന്നിടുമ്പോഴും പൂർത്തിയായത് 90% മാത്രം. ഓരോ വർഷവും 2.56 കോടി രൂപ ഇൗ പദ്ധതിയിലെ ഉദ്യോഗസ്ഥർക്കു ശമ്പളമായി മാത്രം നൽകുന്നു. ഒരു മുൻധാരണയുമില്ലാതെ ബ്രഹ്മപുരത്തും നല്ലളത്തും ഡീസൽ വൈദ്യുതനിലയങ്ങൾ നിർമിച്ച് ബോർഡ് 1000 കോടിയോളം രൂപ നഷ്ടപ്പെടുത്തിയതും ഓർമിക്കാം. രണ്ടും ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല.

അധികാരത്തിന്റെ ഇടനാഴികളിൽ നടന്ന അവിഹിത ഇടപാടുകളുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകളും കണക്കുകളും ഇപ്പോഴും വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനാവശ്യച്ചെലവിന്റെ വിവരങ്ങൾകൂടി അവയോടു ചേർത്തുവയ്ക്കാം. കൈകാര്യക്കാർ സർക്കാരാണെങ്കിലും ഇതു ജനത്തിന്റെ നികുതിപ്പണമാണ്; ജനത്തോടു സമാധാനം പറയാൻ സർക്കാർ ബാധ്യസ്ഥവുമാണ്.

English Summary: Government extravagance - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com