ADVERTISEMENT

‘സഹോദരര്‍ സര്‍വരും’ (Fratelli Tutti) – മനുഷ്യര്‍ രോഗഭീതിയിലും യുദ്ധത്തിന്‍റെയും ഭീകരവാദത്തിന്‍റെയും ഭയത്തിലും നിറമിഴിയോടെ തേങ്ങിനിൽക്കെ, പ്രത്യാശയുടെ പ്രവാചകശബ്ദം ഫ്രാന്‍സിസ് മാർപാപ്പ വീണ്ടും പകരുന്നു. അതാണ് ‘ഫ്രത്തെല്ലി തൂത്തി’ എന്ന പുതിയ ചാക്രിക ലേഖനം. അസീസിയിലെ സ്നേഹഗായകനായ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍ത്തലേന്ന്, 2020 ഒക്ടോബര്‍ 3 ന് പുണ്യവാളന്‍റെ പൂജ്യശരീരം ഉള്ളടക്കം ചെയ്ത അള്‍ത്താരയില്‍ വിശുദ്ധബലി അര്‍പ്പിച്ചശേഷം, കോവിഡ് നിബന്ധനകള്‍ പാലിച്ച്, ലളിതമായ ചടങ്ങിനിടെ പുതിയ പ്രബോധനരേഖ ഒപ്പുവച്ചു.

ആഗോള കത്തോലിക്കാ സഭയുടെ അജപാലന ശുശ്രൂഷാനേതൃത്വം ഏറ്റെടുത്ത ശേഷം പ്രസിദ്ധീകരിച്ച മൂന്നാമത്തെ ‘എന്‍സിക്ലിക്കല്‍’ അഥവാ ചാക്രികലേഖനമാണിത്. 2020 ഫെബ്രുവരി 2 ന് ഇറക്കിയ ‘പ്രിയപ്പെട്ട ആമസോണിയാ’ എന്ന ആറാമത്തെ അപ്പസ്തോലിക ആഹ്വാനത്തിനു ശേഷം, 2015-ല്‍ എഴുതിയ ‘ലൗദാത്തോസി’ (ദൈവമേ അങ്ങേയ്ക്കു സ്തുതി) എന്ന ശ്രദ്ധേയമായ പരിസ്ഥിതി ലിഖിതം പോലെ ഏറെ ചര്‍ച്ച ചെയ്യപ്പെടാനിടയുള്ള രേഖയാണ് ‘സഹോദരര്‍ സര്‍വരും’.

പ്രമേയത്തിന്‍റെ പ്രചോദനം

എട്ട് അധ്യായങ്ങളില്‍ 287 ഖണ്ഡികകളിലായി തയാറാക്കിയിരിക്കുന്ന ഈ ‘സാമൂഹിക പ്രബോധനം’ എല്ലാ ജനതതിയോടും തുറവിയിലും സാര്‍വലൗകികമായ വീക്ഷണത്തിലും വാക്കുകള്‍ക്കൊണ്ട് പരിമിതപ്പെടുത്താനാവാത്ത വിശ്വസാഹോദര്യത്തിന്‍റെയും സാമൂഹിക സൗഹൃദത്തിന്‍റെയും പുതുസ്വപ്നം മനസ്സില്‍ സൂക്ഷിച്ചും സമര്‍പ്പിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കുന്നു (നമ്പര്‍ 6). എല്ലാ സഹോദരന്മാരിലും സഹോദരികളിലും സുവിശേഷത്തിന്‍റെ സ്വാദുള്ള ജീവിതശൈലി സമ്മാനിക്കാന്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ‘സോദരര്‍ സര്‍വരും’ എന്നു തുടങ്ങുന്ന വിശ്വമാനവികതയുടെ ആറാമത്തെ കല്പന നൽകി (നമ്പര്‍ 1) ‘ലൗദാത്തോസി’ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചതുപോലെ. ഈ വിശുദ്ധന്‍റെ സ്നേഹം, ലാളിത്യം, സന്തോഷം ഇവ സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ചെഴുതാന്‍ എന്നെ പ്രചോദിപ്പിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കുന്നു.

എല്ലായിടത്തും ശാന്തി വിതയ്ക്കുകയും പാവങ്ങളോടൊപ്പം നടക്കുകയും അനാഥരോടും അവഗണിക്കപ്പെട്ടവരോടും രോഗികളോടും അഗതികളോടുമൊപ്പമായിരിക്കുകയും ചെയ്തയാളാണ് വിശുദ്ധ അസീസ്സി (നമ്പര്‍ 2). 800 വര്‍ഷംമുമ്പ്, കുരിശുയുദ്ധം നടമാടിയ ആ കാലയളവില്‍ ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍ - കമീലിനെ കാണാന്‍ ദൂരം, ഭാഷ, ജാതി, സംസ്കാരം, യാത്രാപരിമിതി എന്നിവയൊന്നും പരിഗണിക്കാതെ, വിശുദ്ധന്‍ പോയി. സ്നേഹത്തിന്‍റെ മഹത്വത്തില്‍ എല്ലാവരെയും ആശ്ലേഷിക്കാനുള്ള തീരുമാനമാണ് അപകടങ്ങളും വെല്ലുവിളികളും വകവയ്ക്കാതെ, തന്‍റെ ഐഡന്‍റിറ്റി മറച്ചുവയ്ക്കാതെ, ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍, എളിമയിലും സാഹോദര്യത്തിലും, എന്നാല്‍ തന്‍റെ വിശ്വാസം പങ്കുപറ്റാത്തവരിലേക്കുപോലും യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചത് (നമ്പര്‍ 3).

2019 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് പാപ്പാ അബുദാബിയിലേക്കു നടത്തിയ യാത്രയും അവിടെവച്ച് ഗ്രാൻഡ് ഇമാം അഹമ്മദ് അല്‍- തയ്യേബുമായുള്ള കൂടിക്കാഴ്ചയും അവര്‍ ഇരുവരും ഒരുമിച്ച് ഒപ്പുവച്ച ‘വിശ്വശാന്തിക്കും സഹവര്‍ത്തിത്വത്തിനുമായുള്ള മാനവസാഹോദര്യം’ എന്ന രേഖയുമൊക്കെയാണ് ‘സോദരര്‍ സര്‍വരും’ എഴുതുവാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് പാപ്പാ പലയാവര്‍ത്തി പറയുന്നുണ്ട് (നമ്പര്‍ 5, 29, 285, 286).

വിശ്വസാഹോദര്യത്തിനുവേണ്ടി നിലകൊണ്ട മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്, ഡെസ്മണ്ട് ടുട്ടു, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ ജീവിത സമര്‍പ്പണത്തോടൊപ്പം, വിശ്വാസത്തിന്‍റെ ആഴത്തില്‍നിന്നും എല്ലാവരുടേയും സഹോദരനായി സ്വയം പരിഗണിച്ച ചാള്‍സ് ഡി ഫൊക്കാള്‍ഡിന്‍റെ ജീവിതവും ഈ പ്രബോധനത്തിന് പ്രചോദനമായെന്ന് പാപ്പാ വ്യക്തമാക്കുന്നു (നമ്പര്‍ 286).

ഈ രേഖ തയാറാക്കുന്നതിനിടയില്‍ പൊട്ടിപ്പുറപ്പെട്ട മഹാമാരി, കോവിഡ്- 19, നമ്മുടെ വ്യർഥമായ സുരക്ഷിതത്വ വ്യാമോഹങ്ങളെ തുറന്നുകാട്ടി എന്ന് ഏറ്റുപറയുന്നു പാപ്പാ (നമ്പര്‍ 7). ഏകനായി ആര്‍ക്കും ജീവിതം വിജയിപ്പിക്കാനാവില്ല. ഒറ്റയ്ക്കുകാണുന്നത് മരീചികയാണ്. സ്വപ്നങ്ങള്‍ പടുത്തുയര്‍ത്തുന്നത് ഒരുമിച്ചാണ്– സഭയുടെ പരമാചാര്യന്‍ സമർഥിക്കുന്നു (നമ്പര്‍ 8).

അടച്ചിട്ട ലോകത്തിന്‍റെ നിഴല്‍പാടുകള്‍

ഈ ലോകത്തില്‍ ഇന്നനുഭവിക്കുന്ന നിഴലും ഇരുളും ആദ്യ അധ്യായത്തില്‍ത്തന്നെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പതിറ്റാണ്ടുകളുടെ യുദ്ധങ്ങളും പരാജയങ്ങളും നമ്മെ പഠിപ്പിച്ചത് സംയോജനങ്ങളുടെ (Integration) സമവാക്യങ്ങള്‍ സ്വായത്തമാക്കാനാണ്. യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചതും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും മറ്റുപല രാഷ്ട്രങ്ങളും ഫലദായകമായി ഒരുമിച്ചുവന്നതും ആശാവഹമാണ് (നമ്പര്‍ 10). അതോടൊപ്പം തന്നെ വിഘടനത്തിന്‍റെ അടയാളങ്ങളും ദീര്‍ഘകാലമായി ഉരുണ്ടുകൂടി പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളും (anarchronistic conflicts) എവിടെയും പ്രത്യക്ഷപ്പെടുന്നുണ്ട്. സമ്പത്തിന്‍റെയും ധനത്തിന്‍റെയും നീതിയുടെയും ആഗോളവത്ക്കരണം സാഹോദര്യത്തില്‍ നമ്മെ എത്തിച്ചിട്ടില്ല. വിഭജിച്ചുഭരിക്കുന്ന രാജ്യാന്തര സാമ്പത്തിക ശക്തികള്‍ ഐക്യത്തെ ക്ഷയിപ്പിക്കുന്നു (നമ്പര്‍ 12). അനുദിനം കീഴടക്കി സ്വന്തമാക്കേണ്ട പാതയാണ് സ്നേഹത്തിന്‍റെയും നീതിയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും സുരക്ഷിത വീഥി (നമ്പര്‍ 11).

പൊതു നന്മ കാംക്ഷിക്കാത്ത രാഷ്ട്രീയം (നമ്പര്‍ 15), ജനതകള്‍ തമ്മിലുള്ള അകല്‍ച്ച (നമ്പര്‍ 16), പ്രകൃതിസംരക്ഷണത്തിനായി ഉയരുന്ന രോദനം നിശ്ശബ്ദമാക്കല്‍ (നമ്പര്‍ 17), ‘നിങ്ങളുടെ സാന്നിധ്യം ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല’ എന്ന വിധത്തില്‍ ഗര്‍ഭസ്ഥ ശിശുക്കളെയും ‘ഇനി നിങ്ങളെയൊക്കെ ആവശ്യമില്ല’ എന്ന വിധത്തില്‍ പ്രായമായവരെയും അതോടൊപ്പം അംഗവിഹീനരെയും ദരിദ്രരെയും ഒഴിവാക്കല്‍ (നമ്പര്‍ 18), കുഞ്ഞുങ്ങള്‍ കടന്നുവരാത്തതിനാല്‍ സമൂഹത്തിന് ജരാനര ബാധിക്കുന്ന അവസ്ഥ (നമ്പര്‍ 19) ഇതൊക്കെ ഇന്ന് ജന്മമെടുക്കുന്ന പുതിയ ദാരിദ്ര്യത്തിന്‍റെ അവസ്ഥകളാണ് (നമ്പര്‍ 21); അസ്വസ്ഥതപ്പെടുത്തുന്ന നിഴലുകളാണ്. മനുഷ്യന്‍റെ ഏകാന്തതയും ഭയവും സുരക്ഷിതത്വമില്ലായ്മയുമൊക്കെ സമൂഹത്തെ മാഫിയാ സംഘങ്ങളുടെ വിളഭൂമിയാക്കി മാറ്റുന്നു. കോവിഡ് - 19 പോലുള്ള മഹാമാരി നമ്മുടെ ബലക്ഷയങ്ങള്‍ മുഖാവരണം മാറ്റി പുറത്തുകൊണ്ടുവരുന്നു (നമ്പര്‍ 32). മാത്രമല്ല, പൊള്ളയായ സമ്പര്‍ക്ക മാധ്യമങ്ങള്‍ ഒരു മായികലോകത്തെയാണ് ഇവിടെ സൃഷ്ടിക്കുന്നതും (നമ്പര്‍ 42-43).

ഇങ്ങനെയുള്ള നിഴലും അന്ധകാരവും ചുറ്റും നിറഞ്ഞുനില്ക്കുമ്പോഴും പ്രത്യാശയുടെ പാതയിലേക്ക് വിരല്‍ ചൂണ്ടുന്നു പാപ്പാ. നന്മയുടെ വിത്തുകള്‍ മനുഷ്യനില്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു (നമ്പര്‍ 54). അസീസിയിലെ ഫ്രാന്‍സിസ് ദൈവത്തിന്‍റെ സ്വരം കേട്ടു, ദരിദ്രരുടെ വിലാപം ശ്രവിച്ചു, രോഗികളുടെ രോദനം ശ്രദ്ധിച്ചു, പ്രകൃതിയുടെ സംഗീതത്തിന് കാതോര്‍ത്തു. വിശുദ്ധ ഫ്രാന്‍സിസിന്‍റെ കാരുണ്യത്തിന്‍റെയും കരുതലിന്‍റെയും വിത്ത് അനേകം ഹൃദയങ്ങളില്‍ വളരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു (നമ്പര്‍ 48). പ്രത്യാശയില്‍ നാം വഴി നടക്കുന്നു (നമ്പര്‍ 55).

പാതവക്കിലെ അപരിചിതന്‍

യേശു പറഞ്ഞ നല്ല അയല്‍ക്കാരന്‍റെ കഥയുടെ (ലൂക്കാ 10, 25-37) കാലിക പ്രസക്തിയുള്ള വിചിന്തനമാണ് ‘സഹോദരര്‍ സര്‍വരും’ എന്ന പ്രബോധനത്തിന്‍റെ കാതല്‍ വിവരണം എന്നു പറയാം. പാതവക്കില്‍ മുറിവേറ്റ് അവശനായിക്കിടക്കുന്ന അപരിചിതന്‍ ആരുമാകാം. ഇന്നും ആവര്‍ത്തിക്കപ്പെടുന്ന കഥയാണിത്. സാമൂഹിക - രാഷ്ട്രീയ അവഗണനകളാലും ദേശീയ - അന്തര്‍ ദേശീയ പ്രതിസന്ധികളാലും അവസരങ്ങള്‍ നഷ്ടപ്പെട്ട് വഴിയോരങ്ങളില്‍ മുറിവേറ്റ് കിടക്കുന്നവര്‍ നിരവധിയുണ്ട് (നമ്പര്‍ 71). കഥ തുടങ്ങുന്നത് കള്ളന്മാരിലാണ്. അവരുടെ ക്രൂരത നടന്നുകഴിഞ്ഞു. ഇന്നും നടമാടുന്ന വിഭജനങ്ങളും നിസ്സംഗതയും മുറിവുണങ്ങാത്ത യുദ്ധങ്ങളും നമുക്കുചുറ്റുമുണ്ട് (നമ്പര്‍ 72).

പലരും അതിലൂടെ കടന്നുപോയി. ഒരാള്‍ മാത്രം അയാളുടെ ചാരെയെത്തി. സ്വകരങ്ങള്‍ക്കൊണ്ടു പരിചരിച്ച്, സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ചെലവഴിച്ചു. അയാള്‍ക്കായി സമയം നൽകി (നമ്പര്‍ 63). നിങ്ങളിന്ന് ആരെപ്പോലെയാണ്? പാപ്പാ ചോദിക്കുന്നു: പ്രസക്തവും പ്രയാസമേറിയതും നേരെയുമുള്ള ചോദ്യം. അവസരങ്ങള്‍ അവഗണിച്ച്, ചുറ്റുമുള്ള സഹനങ്ങള്‍ നമ്മെ സ്പര്‍ശിക്കാതെ കടന്നുപോകുന്നവരാണോ നാം? (നമ്പര്‍ 64). ഇന്നത്തെ പൗരനെന്ന നിലയില്‍, പുതിയ സാമൂഹിക ബന്ധത്തിന്‍റെ നിര്‍മ്മാതാക്കളെന്ന നിലയില്‍ ഒരു ഉയര്‍ത്തെഴുന്നേല്പിന് ക്ഷണിക്കുകയാണ് ഈ പാഠം (നമ്പര്‍ 66). പാപ്പാ സമർഥിക്കുന്നു: നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജീവിതമെന്നത് കടന്നുപോകുന്നതല്ല, കണ്ടുമുട്ടുന്ന സമയമാണെന്നും നല്ല അയൽക്കാരന്‍റെ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു (നമ്പര്‍ 66).

കഥയുടെ വിവരണം യേശു സമാപിപ്പിക്കുന്നത് ഒരു അപേക്ഷയോടെയാണ്: ‘നീയും പോയി അതുപോലെ ചെയ്യുക’ (ലൂക്കാ 10,37). ഇതു നമുക്കൊരു വെല്ലുവിളിയാണ്. സഹനത്തിന്‍റെ നടുവില്‍ എല്ലാ ചേരിതിരിവുകളും വിട്ടുപേക്ഷിച്ച് എല്ലാവര്‍ക്കും നല്ല അയല്‍ക്കാരാവുക (നമ്പര്‍ 81). സാഹോദര്യത്തിലേക്കും സാമൂഹിക സൗഹൃദത്തിലേക്കും വളരുവാന്‍ സഹകാരികളാകുവാനും വെല്ലുവിളിക്കുകയാണ് പാപ്പാ, ‘സഹോദരര്‍ സര്‍വരും’ എന്ന പ്രബോധനത്തിലൂടെ.

നീറുന്ന പ്രശ്നങ്ങള്‍, പ്രവാചക നിലപാടുകള്‍

‘സോദരര്‍ സര്‍വരും’ കാലിക പ്രസക്തമായ വിധത്തില്‍ വ്യത്യസ്തവും ഭാവനാ സമ്പന്നവുമാകുന്നത് പാപ്പായുടെ പ്രവാചകസമാനമായ ഹൃദയത്തില്‍ നിന്നുയരുന്ന സന്ദേഹമില്ലാത്ത നിലപാടുകള്‍ കൊണ്ടാണ്. ‘തുറവിയുള്ള ഒരു ലോകത്തിനായി ചിന്തിക്കുന്നതും സൃഷ്ടിക്കുന്നതും’ എന്ന മൂന്നാം അധ്യായം മുതല്‍ ഈ കാഴ്ചപ്പാടുകള്‍ കൂടുതല്‍ സുവ്യക്തമാണ്. ‘ഒറ്റയ്ക്കാര്‍ക്കും ഇന്ന് അസ്തിത്വമില്ല’ എന്നും ‘മതിലുസംസ്ക്കാരം മാറണം’ (നമ്പര്‍ 27 - 28) എന്നുമുള്ള മുന്‍ പ്രസ്താവ്യം പോലെ ഫ്രാന്‍സിസ് പാപ്പാ പങ്കുവയ്ക്കുന്ന സത്യം ‘സോദരരോടുള്ള സംസര്‍ഗത്തിലൂടെ മാത്രമേ എനിക്ക് എന്നോടുപോലും സംസര്‍ഗത്തിലാകാനാവൂ’ എന്നും ഒറ്റപ്പെട്ട ദ്വീപുപോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ അവിടെ ജീവിതമില്ല; പ്രത്യുത മരണമാണ് മുന്നിലെത്തുന്നത് (നമ്പര്‍ 87) എന്നും വ്യക്തമാക്കുന്നു.

അതിര്‍ത്തികളില്ലാത്ത മനുഷ്യാവകാശങ്ങള്‍

‘ഈ ലോകം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കാരണം, ഒരേ മനുഷ്യ മഹത്വത്തോടെയാണ് നാം ജന്മം കൊള്ളുന്നത്. വര്‍ണ്ണവും വര്‍ഗവും മതവും ജനനസ്ഥലവും ജീവിക്കുന്ന രാജ്യവുമൊന്നും ഈ അടിസ്ഥാന അവകാശ നിഷേധത്തിന് ന്യായീകരണമാവില്ല’ (നമ്പര്‍ 118). വിശുദ്ധ ജോണ്‍ ക്രിസ്റ്റോറ്റമിനെ ഉദ്ധരിച്ച് ഫ്രാന്‍സിസ് പാപ്പാ പറയുന്നു: ‘ദരിദ്രരുമായി സ്വത്ത് പങ്കുവയ്ക്കാതിരിക്കുക എന്നത് അവരില്‍നിന്നു മോഷ്ടിച്ചു സ്വന്തമാക്കിയിരിക്കുക എന്നതുതന്നെയാണ്’ (നമ്പര്‍ 119). അന്തസ്സോടെ ജീവിക്കുക എന്നത് അടിസ്ഥാന അവകാശം തന്നെയാണ്. സ്ത്രീ ആയി ജനിച്ചു എന്നതുകൊണ്ടോ ദരിദ്രരായതുകൊണ്ടോ ഏതെങ്കിലും ഒരു രാജ്യത്തില്‍ ജനിച്ചു എന്നതുകൊണ്ടോ ഈ അവകാശം നിഷേധിക്കാനാവില്ല (നമ്പര്‍ 121). അതിര്‍ത്തികളില്ലാത്ത മനുഷ്യാവകാശം ഉറപ്പുവരുത്തുന്ന വിധത്തില്‍ ‘രാജ്യാന്തര നൈതിക നിയമാവലി രൂപീകരിക്കേണ്ടിയിരിക്കുന്നു’ (നമ്പര്‍ 126).

യുദ്ധങ്ങള്‍ ഇല്ലാത്ത ഒരു ലോകം

രേഖയുടെ ഏഴാം അധ്യായം ഊന്നല്‍ കൊടുക്കുന്ന സുപ്രധാന കാര്യങ്ങളിലൊന്ന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംശയവും ശത്രുതയും യുദ്ധവുമാണ്. ഭൂതകാലത്തിലെ പ്രേതമല്ല യുദ്ധം, എന്നാല്‍ നിരന്തരം നിലനിൽക്കുന്ന ഭീഷണിയാണത്. ‘അവകാശങ്ങളുടെ ലംഘനവും’ മാനവികതയുടെയും രാഷ്ട്രീയത്തിന്‍റെയും പരാജയവും തിന്മയുടെ ശക്തികള്‍ക്കുമുന്‍പിലെ അടിയറവുമാണ് യുദ്ധം. അണുബോംബും വിഷവായുവും ഉപയോഗിച്ചുള്ള ആണവ പോരാട്ടങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ ചിന്തിക്കാനാവില്ല. ‘നീതിപൂര്‍വകമായ യുദ്ധം’ (Just wa) എന്നൊന്നില്ല. ‘ഇനി യുദ്ധം പാടില്ല’ എന്നതുതന്നെയായിരിക്കണം നമ്മുടെ ഉറച്ച നിലപാട്. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം എന്നത് മാനുഷിക ധാര്‍മിക തിരഞ്ഞെടുപ്പ് തന്നെയാവണം. ‘യുദ്ധ സന്നാഹങ്ങള്‍ക്കുവേണ്ടി ചെലവിടുന്ന ഭീമമായ തുക ലോകത്തില്‍നിന്ന് വിശപ്പ് തുടച്ചുനീക്കാനുള്ള ആഗോള ഫണ്ടിനായി വകയിരുത്തണം എന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വപ്നവും നിലപാടും’ (നമ്പര്‍ 255-262).

വധശിക്ഷ പാടില്ല

സോദരര്‍ സര്‍വരും എന്ന ഈ പ്രബോധനത്തിലും വധശിക്ഷ സ്വീകാര്യമല്ല എന്നും ആഗോളതലത്തില്‍ത്തന്നെ അത് നിര്‍ത്തലാക്കണമെന്നും പാപ്പാ വാദിക്കുന്നു (നമ്പര്‍ 263-269). ഇതേ നിലപാട് മുന്‍കാലങ്ങളിലും പാപ്പാ വ്യക്തമാക്കിയിരുന്നു. വധശിക്ഷയ്ക്കെതിരെയുള്ള രാജ്യാന്തര കമ്മിഷന്‍റെ പ്രസിഡന്റിന് 2015 മാര്‍ച്ച് 20 ന് ഫ്രാന്‍സിസ് പാപ്പാ എഴുതി: ‘കുറ്റാരോപിതരുടെ പാതകം എത്ര കഠിനവും ക്രൂരവുമാണെങ്കിലും വധശിക്ഷ എന്നത് ഇന്ന് സ്വീകാര്യമായ ഒന്നല്ല’. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്‍റെ 2267-ാം ഖണ്ഡികയിലെ വധശിക്ഷയെപ്പറ്റിയുള്ള പ്രതിപാദ്യം അദ്ദേഹം തിരുത്തി എഴുതിച്ചു. മനുഷ്യന്‍റെ മഹത്വവും ((dignity), അലംഘനീയതയും (inviolability) കാത്തുസൂക്ഷിക്കാനായി വധശിക്ഷ സ്വീകാര്യമായ ശിക്ഷാനടപടിയല്ലെന്ന് 2017 ഒക്ടോബര്‍ 11 ന് തുടര്‍ന്നും പാപ്പാ വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം പറഞ്ഞു: സമൂഹത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഭരണാധാകാരികള്‍ക്കുണ്ട്. പൊതുസമൂഹത്തിനു തന്നെയുമുണ്ട്.

ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിക്കുന്നത് ഇതാണ്. ഓരോ മനുഷ്യന്‍റെയും മഹത്വവും മാഹാത്മ്യവും അംഗീകരിക്കുന്നതിനുള്ള മനോഭാവം എല്ലാവരിലും ഉണ്ടാവണം. സമഭാവനയോടുകൂടി സമൂഹത്തില്‍ എല്ലാവര്‍ക്കും ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണാധികാരികളുടെ കടമയാണ്. പുതിയ ചാക്രിക ലേഖനത്തിലും ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിക്കുന്നു: കൊലയാളിയായി മാറിയ മനുഷ്യന്‍റെയും വ്യക്തിമാഹാത്മ്യം നഷ്ടമാകുന്നില്ല. അവനും ഈ മണ്ണില്‍ ഒരിടമുണ്ടാകണം (നമ്പര്‍ 269).

മതങ്ങളും രാഷ്ട്രങ്ങളും മാനവ സാഹോദര്യത്തിലേക്ക്

‘ഫ്രത്തെല്ലി തൂത്തി’യുടെ അവസാന അധ്യായത്തിന്‍റെ തലക്കെട്ട് ‘വിശ്വസാഹോദര്യത്തിനായി മതങ്ങള്‍’ എന്നാണ്. ആത്മാർഥമായ ദൈവാരാധന നയിക്കുന്നത് ജീവന്‍ സംരക്ഷിക്കുന്നതിലും മനുഷ്യന്‍റെ മഹത്വവും സ്വാതന്ത്ര്യവും സുസ്ഥിതിയും ആദരിക്കുന്നതിലുമാണ് (നമ്പര്‍ 283). അക്രമവും തീവ്രവാദവും ഒരു മതവും അനുശാസിക്കുന്നതല്ല. 2019 ഫെബ്രുവരി 4 ന് അബുദാബിയില്‍ വച്ച് വലിയ ഇമാം അഹമ്മദ് അല്‍- തയ്യിബുമൊരുമിച്ച് ഒപ്പുവച്ച പ്രഖ്യാപനം ഉദ്ധരിച്ച് പാപ്പാ പറയുന്നു: ‘സാഹോദര്യത്തിലേക്കും വിശ്വശാന്തിയിലേക്കും ലോകത്തെ നയിക്കാന്‍ മതങ്ങള്‍ പ്രതിജ്ഞാബദ്ധരാകണം. മതനേതാക്കള്‍ കൈകോര്‍ക്കണം (നമ്പര്‍ 258). ഇന്നു നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ ആഗോളവൽക്കരണം ഇല്ലാതാകാന്‍ രാഷ്ട്രങ്ങളും സമൂഹങ്ങളും ഒരുമിക്കേണ്ടിയിരിക്കുന്നു.’

‘സോദരര്‍ സര്‍വരും’ എന്ന പ്രബോധനം പാപ്പാ ഉപസംഹരിക്കുന്നത് രണ്ട് പ്രാർഥനകളോടെയാണ്. ആദ്യപ്രാർഥനയുടെ അവസാന ഭാഗം ഇപ്രകാരമാണ്: ലോകത്തിലെ എല്ലാ മനുഷ്യരോടും രാജ്യങ്ങളോടും ഹൃദയങ്ങള്‍ തുറന്ന് ജീവിക്കാന്‍ ഇടയാക്കേണമേ. എല്ലാ മനുഷ്യരിലും ദൈവം ചൊരിഞ്ഞ നന്മയും സൗന്ദര്യവും തിരിച്ചറിയാന്‍ സഹായിക്കണമേ. പ്രത്യാശ പങ്കുവച്ച്, പൊതുസംരംഭങ്ങള്‍ക്ക് പങ്കാളികളായി ഐക്യത്തില്‍ നിലനിര്‍ത്തണമേ.

യുദ്ധവും ഭീതിയും ദാരിദ്ര്യവും വിശപ്പുമില്ലാത്ത ഒരു ലോകത്തിലേക്ക് നീങ്ങണമെങ്കില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം വിശ്വസാഹോദര്യത്തിന്‍റെ വിപ്ലവഗീതം നാമിന്ന് ഏറ്റുപാടണം. അതാണ് ‘സോദരര്‍ സര്‍വരും’ നല്കുന്ന പ്രസക്തമായ പ്രവാചക ആഹ്വാനം.

English Summary: Fratelli tutti: short summary of Pope Francis's Social Encyclical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com