തിരിച്ചറിയാം ഹൃദയത്തിന്റെ പിണക്കം; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

Heart-Disease
SHARE

ഹൃദയത്തിന് അസുഖമുള്ള പ്രായമായവരിൽ ചിലർ പൊടുന്നനെ നമ്മെ വിട്ടുപോകാറുണ്ട്. ഇപ്പോഴിതാ, 40 വയസ്സിൽ താഴെയുള്ളവരും നോക്കിനിൽക്കെ യാത്രയാകുന്നതിന്റെ വാർത്തകൾ കേൾക്കുന്നു. ഇതിൽ അമിതമായി പേടിക്കേണ്ടതില്ല; ശരിയായ മുൻകരുതലാണു പ്രധാനം. ഹൃദയധമനിയിലെ ബ്ലോക്ക് (തടസ്സം) മൂലം രക്തമൊഴുക്കു കുറയുന്നതുകൊണ്ടുള്ള ഹൃദയാഘാതമാണു പലപ്പോഴും വില്ലൻ. ചിലരിൽ ഈ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും തളർന്നുവീണു മരണം സംഭവിക്കാം. ലക്ഷണങ്ങൾ അവഗണിക്കുന്നതോ കൃത്യമായ പരിശോധനകൾ നടത്താത്തതോ ആകാം കാരണം.

ജന്മനാ ഹൃദയപ്രശ്നങ്ങൾ ഉള്ളവരോ അല്ലെങ്കിൽ, രക്തധമനികളിൽ കൊഴുപ്പടിഞ്ഞ് (അതിറോസ്ക്ലീറോസിസ്) രക്തമൊഴുക്കു കുറഞ്ഞവരോ ചെറിയതോതിൽ വ്യായാമം ചെയ്താൽപോലും ഹൃദയം പിണങ്ങാനിടയുണ്ട്. ജന്മനാ ഹൃദയതാളത്തിൽ അപാകതകൾ (ജനറ്റിക് അരി‌ത്‌മിയ), ഹ‍ൃദയപേശീ പ്രശ്നങ്ങൾമൂലം രക്തം ശരിയായി പമ്പു ചെയ്യാനാകാത്ത അവസ്ഥ (കാർഡിയോമയോപ്പതി) എന്നിവ ഉള്ളവർ നന്നായി ശ്രദ്ധിക്കണം. തലച്ചോറിലെ രക്തസ്രാവം, പ്രധാന രക്തക്കുഴലുകൾ പൊട്ടൽ, ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടൽ തുടങ്ങിയ കാരണങ്ങൾ കൊണ്ടും തളർന്നുവീണു മരിക്കാം.

Dr-Roy-M-John
ഡോ. റോയ് എം.ജോൺ

ആശുപത്രിക്കു പുറത്ത് ഹൃദയസ്തംഭനമുണ്ടാകുന്നവരിൽ 10 ശതമാനമേ രക്ഷപ്പെടാറുള്ളൂ. കൃത്യമായ ജീവൻരക്ഷാശുശ്രൂഷ (സിപിആർ) നൽകിയാൽ ഈ തോത് രണ്ടോ മൂന്നോ ഇരട്ടിയാക്കാം. പൊതുസ്ഥലങ്ങളിൽ ഓട്ടമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എഇഡി) സ്ഥാപിക്കുന്നതും ഗുണകരം. നിശ്ചിത തോതിൽ വൈദ്യുതതരംഗങ്ങൾ കടത്തിവിട്ട് ഹൃദയതാളത്തിലെ ഏറ്റക്കുറച്ചിൽ പരിഹരിക്കുന്ന മെഷീൻ ആണിത്. ഹൃദയമിടിപ്പിൽ വലിയ പ്രശ്നങ്ങളുള്ളവരിൽ ഘടിപ്പിക്കുന്ന ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ ഡിഫിബ്രിലേറ്ററും (ഐസിഡി) ഉണ്ട്.

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

സമൂഹത്തിലെ എല്ലാവരെയും പരിശോധിച്ചു രോഗസാധ്യത കണ്ടെത്തുക പ്രായോഗികമല്ല. വിവിധ ഘടകങ്ങൾ വിലയിരുത്തി വ്യക്തികളെ തിരഞ്ഞെടുത്തു പരിശോധിക്കുന്നതാണു ഫലപ്രദം.

1.കുടുംബത്തിൽ ഹൃദ്രോഗമുള്ളവരുണ്ടോ, തളർന്നുവീണ് ആർക്കെങ്കിലും മരണം സംഭവിച്ചിട്ടുണ്ടോ?   

വീട്ടിൽ ആർക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ (അതും ചെറുപ്പക്കാരാണെങ്കിൽ) സഹോദരങ്ങൾ, അടുത്ത ബന്ധുക്കൾ എന്നിവർ ഹൃദയപരിശോധന നടത്തണം.

2. പെട്ടെന്നുള്ള ബോധംമറയൽ അവഗണിക്കരുത്

വ്യായാമത്തിനിടയിലോ കായിക വിനോദങ്ങളിൽ പങ്കെടുക്കുമ്പോഴോ ശാരീരികാധ്വാനമുള്ള കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോഴോ പെട്ടെന്നു ബോധംകെടുന്നത് ഒരു കാരണവശാലും അവഗണിക്കരുത്. ഉടൻ വിദഗ്ധചികിത്സ തേടണം.

3. ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ

കുടുംബത്തിൽ ആർക്കെങ്കിലും ഇവയുണ്ടെങ്കിൽ എല്ലാവരും ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കണം. പതിവു വ്യായാമം, ഉപ്പും മധുരവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം, കൃത്യമായ ശരീരഭാരം ഉറപ്പാക്കൽ എന്നിവ ശീലിച്ചിട്ടും രോഗാവസ്ഥ കുറയുന്നില്ലെങ്കിൽ മരുന്ന് അനിവാര്യം. രക്തസമ്മർദമോ പ്രമേഹമോ ഉള്ള, അല്ലെങ്കിൽ ബന്ധുക്കൾക്കു ഹൃദ്രോഗമുള്ള 40 വയസ്സിനു മുകളിലുള്ളവർ തീർച്ചയായും കൊളസ്ട്രോൾ പരിശോധിക്കണം.

വേണ്ടത് സുരക്ഷിത വ്യായാമം

വ്യായാമത്തിനും കായിക വിനോദങ്ങൾക്കുമിടെ തളർന്നുവീണു മരണം സംഭവിക്കുന്നത് അപൂർവമാണെന്നു മനസ്സിലാക്കുക. പതിവായി, മിതമായ തോതിലുള്ള വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരിയായ ശരീരഭാരം നിലനിർത്താനും പേശികളുടെയും എല്ലുകളുടെയും ബലം കൂട്ടാനും ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനും അങ്ങനെ ഹൃദയാഘാതവും സ്ട്രോക്കും പ്രതിരോധിക്കാനും ഇതു സഹായിക്കും.

ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയ്ക്കു യോജിച്ച വ്യായാമം വിദഗ്ധസഹായത്തോടെ വേണം തിരഞ്ഞെടുക്കാൻ. പൊതുനിർദേശങ്ങൾ പറയാം. കായിക വിനോദങ്ങളിൽ പങ്കെടുക്കുകയും വലിയ വ്യായാമമുറകൾ ശീലമാക്കുകയും പതിവായി ആരോഗ്യപരിശോധന നടത്തുകയും ചെയ്യുന്നവർക്ക് അതേ ശൈലി തുടരാം;  ആരോഗ്യസൂചികകൾ ശ്രദ്ധിച്ചാൽ മതി. എന്നാൽ, ആദ്യ

മായി വ്യായാമം ചെയ്യുന്ന, 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരും 55 കഴിഞ്ഞ സ്ത്രീകളും ഹൃദയപരിശോധന നടത്തുന്നതാണ് ഉത്തമം. പാദത്തിൽ നീര്, കാൽവണ്ണ വേദന, വ്യായാമത്തിനിടെ നെഞ്ചുവേദന, ശ്വാസം കിട്ടാതാകൽ എന്നിവയുണ്ടെങ്കിൽ ഡോക്ടറെ കാണണം. ഡോക്ടർ സമ്മതിച്ചാൽ, സാവധാനം ക്രമമായ വ്യായാമവുമായി മുന്നോട്ടുപോകാം. തീരെ ശരീരം അനങ്ങാത്തയാളാണെങ്കിൽ ആദ്യം ഇരിപ്പ് കുറയ്ക്കുക; ചലനം കൂട്ടുക. പിന്നീടു നടക്കാൻ തുടങ്ങാം. നടത്തമാണ് ഏറ്റവും മികച്ച എയ്റോബിക് വ്യായാമം. സന്തോഷം പകരുന്ന എന്ത് ആക്ടിവിറ്റിയും നിത്യജീവിതത്തിന്റെ ഭാഗമാക്കാം.

ആരോഗ്യമുള്ള മുതിർന്നവർ ആഴ്ചയിൽ 2.5 മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.പേശീബലം കൂട്ടുന്ന വ്യായാമങ്ങളും സ്ട്രെച്ചിങ്ങും ആഴ്ചയിൽ രണ്ടുവട്ടം ചെയ്യാം. വേഗത്തിലുള്ള നടത്തം, ശരാശരി വേഗത്തിലുള്ള സൈക്ലിങ്, ടെന്നിസും ഷട്ടിലും ഡബിൾസ് എന്നിവ മിതവ്യയാമങ്ങളാണ്.

സ്കിപ്പിങ്, ഓട്ടം, ടെന്നിസ്/ഷട്ടിൽ സിംഗിൾസ്, ഫാസ്റ്റ് സൈക്ലിങ്, നീന്തൽ എന്നിവ അധ്വാനമേറിയ വ്യായാമങ്ങളും. ഹൃദയപ്രശ്നങ്ങൾ ഉള്ളവർക്ക് എയ്റോബിക് വ്യായാമങ്ങളാണ് ഉത്തമം. വെയ്റ്റ്ലിഫ്റ്റിങ്ങും കഠിനവ്യായാമങ്ങളും ഒഴിവാക്കാം.

English Summary: Heart-Disease

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA