ADVERTISEMENT

∙ എ.ഹേമചന്ദ്രൻ: സർവീസിലുടനീളം ഗുരുതരങ്ങളായ സ്വഭാവദൂഷ്യങ്ങളുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഉദ്യോഗസ്ഥന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഞാൻ കാണാനിടയായി. അയാൾക്ക് ഐപിഎസിനുള്ള അർഹത നിശ്ചയിക്കുന്നതിൽ പരിഗണിക്കുന്ന ഒന്നാണിത്. ആ റിപ്പോർട്ട് വായിച്ചാൽ മഹാത്മാ ഗാന്ധി പുനരവതരിച്ച് കേരള പൊലീസിൽ അംഗമായോ എന്ന് ഏതു കമ്മിറ്റിയും കരുതും. അതു ഫലം കണ്ടു. അയാൾക്കും ലഭിച്ചു ഐപിഎസ്!

∙ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: ഏറ്റവും വെറുക്കുന്നത് തങ്ങളുടെ കർമമണ്ഡലങ്ങളിലോ സാമൂഹിക മണ്ഡലങ്ങളിലോ യാതൊരു ക്രിയാത്മക സംഭാവനയുമില്ലാത്ത, ബുദ്ധിജീവി നാട്യക്കാരായ പുച്ഛിസ്റ്റുകളെയാണ്; 

അവരുടെ സർവപുച്ഛ പോസ്റ്റുകൾക്ക് കയ്യടിയും ചിരിയും നൽകുന്നതിൽ അളവറ്റ ആഹ്ലാദം അനുഭവിക്കുന്ന, ആത്മബോധമില്ലാത്ത അവരുടെ സുഹൃത്തുക്കളെയും. ഈ വിഡ്ഢികൾ പുച്ഛമാണ് ബുദ്ധിയുടെ ഉയർന്ന ആവിഷ്കാരമെന്നു കരുതുന്നു.

∙ പ്രഫ. എം.കുഞ്ഞാമൻ: ദലിതർ ദരിദ്രരാണെന്നതു കൊണ്ടു കൂടിയാണ് അവരെ അധികാരികൾ ചവിട്ടിമെതിക്കുന്നത്. നിങ്ങൾ സമ്പന്നനാണെങ്കിൽ നിങ്ങളുടെ മകളെ രാത്രിക്കുരാത്രി ഒരു ഭരണകൂടവും കത്തിക്കില്ല. കേരളത്തിൽ രണ്ടു കൊല്ലം മുൻപു കൊല്ലപ്പെട്ട കെവിൻ എന്ന യുവാവിനെ ഓർക്കുക. കെവിൻ സമ്പന്നനായ ഒരു വ്യവസായിയുടെ മകനായിരുന്നെങ്കിൽ അയാൾ കൊല്ലപ്പെടുമായിരുന്നില്ല. ഒരു സമ്പന്നനും പൊലീസ് കസ്റ്റഡിയിൽ മരിക്കാറില്ല.

∙ സക്കറിയ: ചില മനഃശാസ്ത്രങ്ങളാണ് ഹത്രസിലെ കുട്ടിയുടെ മരണത്തിനും തുടർന്നുണ്ടായ നീതിനിഷേധത്തിനും പിന്നിൽ – സ്ത്രീകളോടുള്ള പുരുഷന്റെ അവഗണനയും അധികാരികളുടെ ധിക്കാരവും. ഒരു ദലിതനോടേ, ആ ധിക്കാരം പച്ചയ്ക്കു കാണിക്കാൻ അവർ ധൈര്യപ്പെടൂ.

∙ സച്ചിദാനന്ദൻ: അംബേദ്കറെ ‘കപടദൈവം’ എന്നു വിളിക്കുന്ന അരുൺ ഷൂരിയും ഗാന്ധിയെ പ്രതിലോമകാരിയായി ചിത്രീകരിക്കുന്ന അരുന്ധതി റോയിയും നടത്തുന്നത്, ഇരുവരുടെയും ചലനാത്മകതയെയും പരിണാമങ്ങളെയും കണക്കിലെടുക്കാത്ത വലിയ ലഘൂകരണങ്ങളാണ്. രണ്ടും വലതുപക്ഷത്തിനു സൗകര്യമുള്ള വീക്ഷണങ്ങൾ തന്നെ.

∙ സി.പി.നായർ: അടുത്ത കാലത്തായി നമ്മുടെ വീട്ടിൽ സംഘം ചേർന്നു കടന്നുകയറി നമ്മെ ആദരിക്കുക എന്നൊരേർപ്പാട് നടപ്പിൽവന്നിട്ടുണ്ട്. ശക്തമായ സമ്മർദം ഒന്നിലേറെത്തവണ ഉണ്ടായിട്ടും ഞാനീ ഏർപ്പാടിന് ഇരുന്നു കൊടുത്തിട്ടില്ല. ഒരു ‘രജനി ഇടിപ്പടം’ കാണാൻ ആരാധകർ മൃഗീയവും പൈശാചികവുമായി തള്ളിക്കയറുന്നതു പോലെ ആദരം ഏറ്റുവാങ്ങാൻ തള്ളിക്കയറുന്നത് ചിന്തിക്കാൻ പോലും വയ്യ.

∙ പി.എഫ്.മാത്യൂസ്: എല്ലാവരും പറയാറുണ്ട്, എഴുതുന്നവർ ധാരാളം യാത്ര ചെയ്യണം, ഒത്തിരി അനുഭവങ്ങളുണ്ടാക്കണം എന്നൊക്കെ. പക്ഷേ, ഞാൻ യാത്ര അത്ര ഇഷ്ടപ്പെടാത്ത ആളാണ്. ആന്തരികമായ യാത്രകളും ഓർമകളും മാത്രമാണ് എഴുത്തിനെ ഉത്തേജിപ്പിക്കുന്നത് എന്നാണെന്റെ വിശ്വാസം.

∙ ഫ്രാൻസിസ് നൊറോണ: ചിമ്മിനിവിളക്കിന്റെ വെട്ടത്തിൽ പുസ്തകം വായിച്ച് അതങ്ങനെ നെഞ്ചോടുചേർത്തു മയങ്ങുമ്പോൾ കിട്ടുന്ന സുഖത്തെപ്പറ്റി എം.മുകുന്ദനിൽനിന്നു കേട്ടിട്ടുണ്ട്. ചിമ്മിനിവിളക്കൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ദൈവത്തിന്റെ വികൃതികളും മയ്യഴിയുമൊക്കെ നെഞ്ചോടുചേർത്ത് കിടന്നിട്ടുള്ള ചെറുപ്പം ഒരിക്കലും മറക്കാനാവാത്ത അനുഭൂതികളുടെ കാലമായിരുന്നു.

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com