വീണുകിട്ടുന്ന ചിലത്; അത്ര തന്നെ!

leader notes visual
SHARE

നമ്മുടെ ഹസൻജി പഞ്ചപാവമാണ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചിട്ടില്ല അദ്ദേഹം. എന്നാലും അദ്ദേഹം വഴിയിലൂടെ നടന്നു പോകുമ്പോൾ തലയിൽ എന്തെങ്കിലും വന്നുവീഴും. വല്ല കല്ലോ ഇഷ്ടികയോ മറ്റോ ആണെന്നു കരുതി തപ്പിനോക്കുമ്പോൾ ചിലപ്പോൾ അതു കെപിസിസി പ്രസിഡന്റ് പദവിയായിരിക്കും. അല്ലെങ്കിൽ, കായംകുളത്തു നിന്നോ ചടയമംഗലത്തു നിന്നോ നിയമസഭയിലേക്കു മത്സരിക്കാനുള്ള ടിക്കറ്റ്. അതുമല്ലെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനം. ചിലപ്പോൾ മന്ത്രിസ്ഥാനവും തലയിൽ വന്നു വീഴാറുണ്ട്.

ഇതൊന്നും മനസാവാചാ കർമണാ ആഗ്രഹിച്ചിട്ടല്ല. കാക്കയും വന്നു, പനമ്പഴവും വീണു എന്ന പോലെയാണെന്നു കരുതിയാൽ മതി. ജനശ്രീ മുതൽ ജവാഹർ ബാലവേദി വരെ ഏതു സംഘടനയുടെയും കൺവീനറാകാൻ സർവഥാ യോഗ്യനാണ്. കേരളത്തിലെ ഏതു സീറ്റിലും മത്സരിക്കാൻ അത്യുത്തമനായിട്ടുള്ള ഹസൻജിയെക്കുറിച്ചു ചിലർ നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫ് കൺവീനർ സ്ഥാനം അദ്ദേഹം ചോദിച്ചു വാങ്ങിയതാണെന്നും യുവാക്കളുടെ അവസരം തട്ടിപ്പറിച്ചെന്നുമെല്ലാമാണ് അക്കൂട്ടർ പറയുന്നത്. 

ചോദിച്ചു വാങ്ങുകയാണെങ്കിൽ അദ്ദേഹത്തിനു യുഎൻ സെക്രട്ടറി ജനറൽ സ്ഥാനം ചോദിക്കാമായിരുന്നു. ശശി തരൂർ ശ്രമിച്ചിട്ടു നടന്നില്ലെങ്കിലും ഹസൻജി ചെറുവിരൽ അനക്കിയിരുന്നെങ്കിൽ കാര്യം സാധിക്കുമായിരുന്നു. പിന്നെ യുവാക്കളുടെ അവസരം തട്ടിപ്പറിച്ചെന്ന ആരോപണം കാര്യവിവരമുള്ളവർ അവജ്ഞയോടെ പുച്ഛിച്ചു തള്ളും. നാൾതോറും നവയൗവ്വനം വന്നു പുരനിറഞ്ഞു നിൽക്കുന്ന ചെറുപ്പക്കാരനല്ലേ ഹസൻജി?

കാപ്സ്യൂൾ മാർഗം നൊബേലിലേക്ക് 

എകെജി സെന്റർ പേരെടുത്ത ഗവേഷണ കേന്ദ്രമാണെന്ന് അറിയാത്തവർ ചുരുങ്ങും. സാമ്പത്തികം, സാമൂഹികം, ചരിത്രം തുടങ്ങി ഒട്ടേറെ മേഖലകളിൽ പേരും പെരുമയും നേടിയ ശാസ്ത്രജ്ഞർ അവിടെയുണ്ട്. സത്യം പറഞ്ഞാൽ സ്വീഡിഷ് അക്കാദമിക്കു കമ്യൂണിസ്റ്റ് വിരോധം ഇല്ലായിരുന്നെങ്കിൽ ഇതിനകം തന്നെ അഞ്ചാറു നൊബേൽ സമ്മാനങ്ങൾ എകെജി സെന്ററിൽ എത്തുമായിരുന്നു.

എന്നാൽ, വൈദ്യശാസ്ത്രരംഗത്തും മികവുറ്റ ഗവേഷകർ എകെജി സെന്ററിലുള്ള കാര്യം അടുത്ത കാലത്താണു പൊതുജനം അറിയുന്നത്. ഗവേഷണ വിവരങ്ങളെല്ലാം പരമരഹസ്യമാണ്. ഏറ്റവും സജീവം ഫാർമക്കോളജി ഡിവിഷനാണ്. ലോകത്ത് ഇതുവരെ കണ്ടെത്താത്ത പലതരം വാക്സീനുകളും കാപ്സ്യൂളുകളും ടാബ്‌ലറ്റുകളും അവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പലതിനും പരീക്ഷണാനുമതി നൽകാത്തത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കൊതിക്കെറുവു മൂലമാണ്.

അടുത്ത കാലത്താണ് ലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് – വിവാദമെന്ന മഹാമാരി തടയാൻ വികസിപ്പിച്ചെടുത്ത വികസന കാപ്സ്യൂൾ. അമേരിക്കയിലെയും റഷ്യയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ വിവാദ വൈറസിനെ ചെറുക്കാനുള്ള വാക്സീനോ കഷായമോ കണ്ടെത്താൻ ഒരുപാടു കാലമായി അധ്വാനിക്കുന്നുണ്ട്. കാര്യമായ മുന്നേറ്റം നടത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. പക്ഷേ, എകെജി ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ വിവാദ വൈറസിനെ തുരത്താൻ പറ്റുന്ന കാപ്സ്യൂൾ വികസിപ്പിച്ചെടുത്തതോടെ ലോകശ്രദ്ധ അവിടേക്കു തിരിഞ്ഞിരിക്കുകയാണ്. കാപ്സ്യൂളിനു പേറ്റന്റ് ലഭിക്കാൻ അപേക്ഷ നൽകിയിരിക്കുകയാണിപ്പോൾ. അതു ലഭിക്കും വരെ നിർമാണരഹസ്യം പുറത്തുവിടില്ല. 

പ്രോഡക്ട് പേറ്റന്റിനും പ്രോസസ് പേറ്റന്റിനും പ്രത്യേകം അപേക്ഷ നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ മഞ്ഞളിനും ബസുമതി അരിക്കും പറ്റിയപോലെ വല്ല ആഗോള കുത്തകകളും വികസന കാപ്സ്യൂളിന്റെ പേറ്റന്റ് അടിച്ചുമാറ്റും. പേറ്റന്റ് ലഭിക്കും വരെ കാപ്സ്യൂൾ വിപണിയിൽ ലഭിക്കില്ല. എന്നാൽ, ആവശ്യക്കാർ നേരിട്ടു ബന്ധപ്പെട്ടാൽ സാംപിൾ ലഭ്യമാക്കും. ഡിവിഷൻ മേധാവിയായ എം.വി.ജയരാജൻ സഖാവിനെ വിളിക്കുന്നവർക്കു മുൻഗണന ലഭിക്കും. ന്യായീകരണത്തൊഴിലാളികൾ മുഖേനയാകും വിതരണം. ബാലസംഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാസംഘം പ്രവർത്തകർക്കാണു ന്യായീകരണത്തൊഴിലാളി നിയമനത്തിൽ മുൻഗണന.

പക്ഷേ, നിത്യവും പെറ്റുപെരുകുന്ന വൈറസുകളുടെ എണ്ണമാണു പ്രശ്നം. അതു സ്വർണമായും ഈന്തപ്പഴമായും പ്രോട്ടോക്കോളായും എന്തെല്ലാം ജനിതക മാറ്റങ്ങളോടെയാണു കടന്നുവരുന്നത്! ന്യായീകരണത്തൊഴിലാളികൾ വലഞ്ഞതുതന്നെ. ഇപ്പോഴത്തെ നിലയ്ക്ക് ദിവസവും ആയിരം കാപ്സ്യൂൾ ഉൽപാദിപ്പിക്കാനേ ഗവേഷണ കേന്ദ്രത്തിൽ സൗകര്യമുള്ളൂ. പക്ഷേ, പ്രതിദിനം പതിനായിരങ്ങളെയാണു വിവാദ വൈറസ് ബാധിക്കുന്നത് എന്നതു കണക്കിലെടുത്താൽ ഉൽപാദനശേഷി പതിന്മടങ്ങു വർധിപ്പിക്കേണ്ടി വരും. 

വിവാദ വൈറസിനെ മാത്രമല്ല, കൊറോണ വൈറസിനെയും ഒരുപരിധി വരെ ചെറുക്കാൻ വികസന കാപ്സ്യൂളിനു കഴിയുമെന്നാണു ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇനി വേണ്ടതു മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതിയാണ്. കമ്യൂണിസ്റ്റ് വിരോധം തൽക്കാലത്തേക്കു മാറ്റിവച്ച് ഐസിഎംആർ അതു നൽകണം. ഇല്ലെങ്കിൽ റഷ്യയിലോ ചൈനയിലോ അതു പരീക്ഷിക്കും. കേരളത്തിന് ആദ്യമായി വൈദ്യശാസ്ത്ര നൊബേൽ സമ്മാനം കിട്ടാനുള്ള അവസരം നഷ്ടമാക്കരുത്.

പിആറും പലവിധ പൊല്ലാപ്പും 

സ്മിത മേനോൻ സത്യത്തിൽ കേരളത്തിന്റെ അഭിമാന വനിതയാകേണ്ടതാണ്. ഒരു പിആർ ഏജൻസിയുടെ വിലാസത്തിൽ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ വനിതയാണ് അവർ. സമ്മേളനം രാജ്യാന്തരമാണെങ്കിലും അതിൽ ആർക്കും കയറിയിരിക്കാമെന്നാണു കേന്ദ്രമന്ത്രി വി.മുരളീധരൻ പറയുന്നത്. പങ്കെടുക്കാൻ സ്മിത മേനോൻ അപേക്ഷിച്ചതും മറ്റുള്ളവർ അപേക്ഷിക്കാത്തതും മന്ത്രിയുടെ കുറ്റമാണോ?

സത്യത്തിൽ രാജ്യാന്തര സമ്മേളനത്തിൽ സ്മിത മേനോനെ പങ്കെടുപ്പിച്ചതു വഴി ഇന്ത്യയ്ക്ക് ഒരുപാടു വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞു. കേരളത്തിലെ മാധ്യമങ്ങളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാമെന്നു വച്ചാൽ കാക്കത്തൊള്ളായിരം പേർ അപേക്ഷയുമായി വരും. ആയിരക്കണക്കിനു ഡോളറോ ദിനാറോ ദിർഹമോ ആളാംപ്രതി ചെലവു വരും. സ്മിതയെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുക വഴി ആ ഗുലുമാലെല്ലാം ഒഴിവായിക്കിട്ടി.

ഇനി മാധ്യമപ്രതിനിധികളെ കൊണ്ടുപോയി എന്നുതന്നെ വയ്ക്കുക. അവർ സ്വന്തം പത്രത്തിൽ മാത്രമേ വാർത്ത കൊടുക്കൂ. അതും മഷിപുരണ്ടു വരണമെന്ന് അവർക്കു വാശിയൊന്നുമില്ല. പിആർ കക്ഷികളാണെങ്കിൽ നാട്ടിലുള്ള എല്ലാ പത്രത്തിലും വാർത്ത കൊടുക്കും. വരുന്നതുവരെ വാശി പിടിക്കുകയോ കാലു പിടിക്കുകയോ ചെയ്യും. ഇനി പറയൂ, സത്യത്തിൽ സ്മിത മേനോനു നൽകിയ മഹിളാ മോർച്ച ജനറൽ സെക്രട്ടറി സ്ഥാനം തീരെ കുറഞ്ഞുപോയില്ലേ?

സ്റ്റോപ് പ്രസ്: ലൈഫ് മിഷൻ, സ്വർണക്കടത്ത് തുടങ്ങിയ വിഷയങ്ങളിലെ ചാനൽ ചർച്ചകളിൽനിന്നു വിട്ടുനിൽക്കാൻ സിപിഎം തീരുമാനം.

ഒരു ലൈഫിൽ എന്തെല്ലാം ചർച്ച ചെയ്യാൻ പറ്റും?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA