ADVERTISEMENT

കോവിഡിന്റെ കഠിനകാലത്ത് കുറെ ഉപയോക്താക്കളെയെങ്കിലും വലച്ച കെഎസ്ഇബി ബില്ലിങ് ആഘാതത്തിനു പിന്നാലെ വെള്ളക്കരത്തിലും അതുതന്നെ സംഭവിച്ചിരിക്കുന്നു.

കെഎസ്ഇബിയുടെ കാര്യത്തിലെന്നപോലെ, റീഡിങ് മുടങ്ങിയതിനാൽ ശരാശരി കണക്കാക്കി ബിൽത്തുക നിശ്ചയിച്ചപ്പോൾ പലർക്കും വെള്ളക്കരം ഇരട്ടിയിലേറെയായി. ഉപയോഗം കണക്കാക്കാൻ കെഎസ്ഇബിയുടെ അതേ രീതിയാണു ജല അതോറിറ്റിയും പിന്തുടരുന്നത്. ബിൽത്തുക വല്ലാതെ കൂടിയതോടെ ജല അതോറിറ്റി ഓഫിസുകളിൽ പരാതിപ്രവാഹമായി. രണ്ടു മാസത്തിലൊരിക്കലാണ് അതോറിറ്റി റീഡിങ് എടുക്കുന്നത്. കോവിഡിനെത്തുടർന്നു മാർച്ച് 26നു നിർത്തിവച്ച റീഡിങ് ജൂൺ രണ്ടാം വാരമാണു പുനരാരംഭിച്ചത്. തുടർന്നു ലഭിച്ച ബില്ലിലാണു പലർക്കും ഇരുട്ടടി കിട്ടിയിരിക്കുന്നത്.

തൊടുപുഴ മുട്ടത്തു രണ്ടു വയോധികർ മാത്രം താമസിക്കുന്ന വീട്ടിൽ വാട്ടർ അതോറിറ്റി ജൂലൈയിൽ നൽകിയത് 24,336 രൂപയുടെ ബില്ലാണ്. ശരാശരി 150 രൂപയായിരുന്ന ബില്ലാണ് റോക്കറ്റ് പോലെ കുതിച്ചത്. 2 മാസത്തെ വാട്ടർ ചാർജ് ഇനത്തിൽ 1800 രൂപയും അഡീഷനൽ തുകയായി 22,536 രൂപയും അടയ്ക്കണമെന്നാണു പറയുന്നത്. 100 രൂപയിൽ താഴെ വെള്ളക്കരം അടച്ചിരുന്ന കോട്ടയം കുടമാളൂരിലെ ഒരു വീട്ടിൽ ഇതുവരെയുള്ള കുടിശിക തുകയായി 49,000 രൂപ അടയ്ക്കണമെന്ന അറിയിപ്പാണു കിട്ടിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിക്കു കിട്ടിയതാകട്ടെ, 9563 രൂപയുടെ ബില്ലാണ്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ബില്ലാണ് ഇതെന്നാണു വിശദീകരണം. ഇങ്ങനെ പല പരാതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ലോക്ഡൗണിൽ ഗാർഹിക ഉപയോഗം കൂടിയതാണു ബിൽത്തുക ഉയരാൻ കാരണമെന്ന് ജല അതോറിറ്റി പറയുന്നു. യഥാസമയത്തു റീഡിങ് മുടങ്ങിയതിനാൽ മുൻകാല റീഡിങ്ങുകളുടെ ശരാശരി കണക്കാക്കിയാണു ബിൽത്തുക തിട്ടപ്പെടുത്തുക. സ്ലാബ് മാറുമ്പോൾ ഒടുക്കേണ്ട തുകയിലും ഗണ്യമായ മാറ്റം വന്നിരിക്കാമെന്നും പരാതികളുണ്ടെങ്കിൽ അതതു സെക്‌ഷൻ ഓഫിസുകളുമായി ബന്ധപ്പെടണമെന്നുമാണ് അധികൃതർ നിർദേശിക്കുന്നത്. കോവിഡ്കാലത്തെ ജല ഉപയോഗത്തിന്റെ പേരിൽ വാട്ടർ അതോറിറ്റി, അമിത തുക ഈടാക്കിയതു സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞിട്ടുണ്ട്.

ജല അതോറിറ്റി ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ വെള്ളക്കരം 30% വർധിപ്പിക്കാൻ ജലവിഭവ വകുപ്പ് ശുപാർശ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ എൽഡിഎഫ് നേതൃയോഗം അതു തള്ളിയിരുന്നു. ബജറ്റിലടക്കം വിവിധ ഫീസുകൾ കൂട്ടുകയും പ്രതിപക്ഷം സമരത്തിനിറങ്ങുകയും ചെയ്ത സാഹചര്യത്തിൽ വെള്ളക്കരം കൂടി കൂട്ടുന്നതു ജനവികാരം എതിരാക്കുമെന്നായിരുന്നു വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പു വരുന്നതുകൂടി കണക്കിലെടുത്തായിരുന്നു ആ തീരുമാനം. പക്ഷേ, ഇപ്പോഴത്തെ ബിൽത്തുകയിൽ പലർക്കുമുണ്ടായ വർധന നേരത്തേ നിർദേശിക്കപ്പെട്ട വെള്ളക്കരത്തെക്കാൾ കഠിനമാണെന്നാണ് ഉപയോക്താക്കൾ പറയുന്നത്.

കേരളത്തിനുമേൽ കെഎസ്ഇബി കയറ്റിവച്ച താങ്ങാഭാരത്തിനെതിരെ പ്രതിഷേധം വ്യാപകമായപ്പോൾ ലോക്ഡൗൺകാല വൈദ്യുതിച്ചാർജിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച മാതൃക വെള്ളക്കരത്തിന്റെ കാര്യത്തിലുമുണ്ടാവണം. കോവിഡ്കാല സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലയുന്ന ഉപയോക്താക്കളെ ഇനിയും പിഴിയാതെ, ബില്ലിലെ അപാകതകൾ പരിഹരിക്കുകയും വേണം.

ഇതേസമയത്തു തന്നെ, ലോക്ഡൗൺ കാലത്തിനു മുൻപും ശേഷവുമുള്ള ബിൽ കുടിശിക അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കാൻ കെഎസ്ഇബി ഒരുങ്ങുന്നത് സാമ്പത്തികഭാരംകൊണ്ടു നട്ടെല്ലൊടിഞ്ഞ വലിയൊരു ശതമാനം പേരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പല ഉപയോക്താക്കളും ബില്ലടയ്ക്കാത്തതു മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ബോർഡിന്റെ വാദം.

കോവിഡ് സാഹചര്യത്തിൽ കേരളത്തിലെ സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞുള്ള ജനപക്ഷ തീരുമാനങ്ങളാണു സർക്കാരിൽനിന്നുണ്ടാവേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com