അപവാദം അരുത്

subhadinam
SHARE

അസാന്നിധ്യത്തിൽ പറയുന്ന അപവാദങ്ങൾ ഒളിപ്പോരുകളെക്കാൾ നീചമാണ്. വിമർശനങ്ങൾക്കു പ്രതികരണസാധ്യതയും പ്രതിരോധസാധ്യതയും ഉണ്ടാകുമ്പോൾ മറുവാദങ്ങളും യാഥാർഥ്യവും പുറത്തുവരും. നേരിട്ടുള്ള വിമർശനങ്ങൾ വളർച്ചയ്ക്കു വേണ്ടിയും ഒളിഞ്ഞിരുന്നുള്ള ആരോപണങ്ങൾ തകർച്ചയ്ക്കു വേണ്ടിയുമാണ്.

അപവാദങ്ങൾ എവിടെ തുടങ്ങിയെന്നോ എവിടെ അവസാനിക്കുമെന്നോ പറയാനാകില്ല. ആർക്കും ഉത്തരവാദിത്തമില്ലാതെ തുടരുന്ന പ്രചാരണങ്ങൾക്കിടയിൽ നിശ്ശബ്ദമാക്കപ്പെടുന്ന ജീവിതങ്ങൾക്ക് ആര് ഉത്തരവാദിത്തം പറയും? ആരോപണങ്ങൾകൊണ്ട് അന്നം കഴിക്കുന്നവരുമുണ്ട്.

അപവാദങ്ങൾക്കു സ്വയം പടരാനുള്ള ശേഷിയുണ്ട്. ഒരിക്കൽ കൊളുത്തിവിട്ടാൽ പിന്നെ കാട്ടുതീപോലെ പടരും. എത്ര കെടുത്താൻ ശ്രമിച്ചാലും കെടാതെ ശേഷിക്കുന്ന ഒരു തീപ്പൊരിയെങ്കിലും ഉണ്ടാകും; ആയുസ്സു മുഴുവൻ എതിരാളികൾക്ക് ഊതിക്കത്തിക്കാൻ പാകത്തിൽ.

പല അപവാദങ്ങൾക്കും അവ ഉന്നയിക്കുന്നവരുടെ ബലഹീനതകൾ മറയ്ക്കുക എന്ന ദൗത്യം കൂടിയുണ്ട്. ആരോപണങ്ങളുടെ മൊത്ത വിതരണക്കാരിൽ ഭൂരിഭാഗത്തിനും സ്വയം ഒളിക്കേണ്ട എന്തെങ്കിലും ഉണ്ടാകും. അന്യരെക്കുറിച്ചുള്ള ആരോപണങ്ങളിൽ മതിമറന്നിരിക്കുമ്പോൾ ഒരുകാര്യം ഓർക്കുന്നതു നല്ലത് – അവരുടെ അടുത്ത ഇര ഇപ്പോഴത്തെ കേൾവിക്കാരനാകാം.

പറയുന്ന വാക്കുകളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ധൈര്യമുള്ള പ്രഭാഷകരും പ്രചാരകരും ഉണ്ടായിരുന്നെങ്കിൽ ഒരു വാചകവും ദുർവ്യാഖ്യാനത്തോടെ പ്രചരിക്കില്ലായിരുന്നു. അടുത്തിരിക്കുമ്പോൾ ആരാധിക്കുകയും അകന്നിരിക്കുമ്പോൾ അപവാദം പറയുകയും ചെയ്യുന്നവർ അപകടകാരികളാണ്. നാവു വിമലമായാൽ നാടു വിശുദ്ധമാകും.

Content Highlights: Keep away from defamation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA