ഈ വാഗ്ദാനങ്ങൾ വിശ്വസിച്ചാൽ വഴിയാധാരം

mumbai-cyber-fraud
SHARE

വെള്ളപ്പൊക്കം കാരണം ഉത്തരേന്ത്യയിലെ ഫാക്ടറികളിൽ വിൽക്കാതെ കെട്ടിക്കിടന്ന ‘എക്സ്പോർട് ക്വാളിറ്റി’ വസ്ത്രങ്ങൾ പത്തിലൊന്നു വിലയ്ക്കു കേരളത്തിൽ വിറ്റഴിക്കുന്നു എന്ന നോട്ടിസും പരസ്യവും നമ്മൾ മുൻപു പതിവായി കാണുമായിരുന്നു. വെള്ളപ്പൊക്കം കേരളത്തിലേക്കു താമസം മാറ്റിയതോടെ ആ ‘ആദായവിൽപന’ ഏതാണ്ടു നിലച്ചു. പക്ഷേ, ഒരു ലക്ഷം രൂപയുടെ സ്മാർട്ഫോൺ 10,000 രൂപയ്ക്കു നൽകുന്ന പുതിയ സെറ്റപ്പുകളുണ്ടല്ലോ ഇപ്പോൾ!

വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കാറുള്ള ഓൺലൈൻ വ്യാപാര സൈറ്റുകളെ തോൽപിക്കാൻ ആരോ തുടങ്ങിയ കടയിലെ വിലവിവരപ്പട്ടികയല്ല ഇത്. ഇത് ഉദയ്‌രാജ് ഗുജ്ജറിന്റെ കച്ചവടം. വിശാഖപട്ടണം തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്നാണ് ഉദയ്‌രാജ് സ്വയം പരിചയപ്പെടുത്തുന്നത്. ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തിയത് കസ്റ്റംസിന്റെ ലോഗോയും മുംബൈ കസ്റ്റംസിന്റെ പേരുമുള്ള ഒരു ടെലിഗ്രാം ചാനലിലാണ്. 93,600 ഫോളോവേഴ്സ് ഉള്ള ചാനൽ.

ഉദയ്‌രാജ് ഗുജ്ജറിന്റെ ആമുഖം: ‘‘വിശാഖപട്ടണത്തെ കസ്റ്റംസ് ഹൗസിൽ ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിൽ ജോലി. പോർട്ടിലെത്തുന്ന ലോഡ് കണക്കിന് ഇലക്ട്രോണിക് സാധനങ്ങൾ ഞാൻ ക്ലിയർ ചെയ്യാറുണ്ട്. എന്നാൽ, അതിൽ ചിലതു മോഷണമുതലാണെന്നും മറ്റും പറഞ്ഞ് ഞാൻ പിടിച്ചുവയ്ക്കും. ചിലതു ഷിപ്പിങ്ങിനിടെ നശിച്ചുപോയെന്നും എഴുതും. ഇവ തുച്ഛമായ വിലയ്ക്കു വിൽക്കാൻ ടെലിഗ്രാം ഉപയോഗിക്കുന്നു. ഇതിലൂടെ കിട്ടുന്ന പണം ഞങ്ങൾ സഹപ്രവർത്തകർ വീതിച്ചെടുക്കും. പുതുപുത്തൻ ഉൽപന്നങ്ങളാണു വിൽക്കുന്നത്. വാറന്റിയും ലഭിക്കും.’’

ഐഫോൺ 11 വാങ്ങാനെന്ന മട്ടിൽ മുട്ടിനോക്കി.

‘‘10,000 രൂപ വില, പുത്തനാണ്. 5,000 രൂപ അഡ്വാൻസ് തരണം. ബാക്കി 5,000 ഫോൺ ലഭിച്ചശേഷം മതി. ഗൂഗിൾ പേ വഴിയോ അക്കൗണ്ട് വഴിയോ പണം തരണം.’’

‘‘ഒകെ, താങ്കളെ എങ്ങനെ വിശ്വസിക്കും? ഐഡി പ്രൂഫ് വല്ലതുമുണ്ടോ.’’

മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ ദത്താത്രേയ രാമചന്ദ്ര ഗുജ്ജറിന്റെ മകൻ ഉദയ്‌രാജ് ഗുജ്ജറിന്റെ പാൻ കാർഡും ആധാർ കാർഡും മെസേജായെത്തി. ഒപ്പം ഐഫോണുകൾ കൂട്ടിയിട്ടിരിക്കുന്ന വിഡിയോകളും ഉൽപന്നം വാങ്ങിയവരുടെ നന്ദിസന്ദേശങ്ങളും.

‘‘നിങ്ങളുടെ കസ്റ്റംസ് ഐഡി കാർഡ് കൂടി കാണിക്കാമോ?’’

‘‘അതു പറ്റില്ല, ഐഡി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.’’

‘‘വിശാഖപട്ടണത്തുള്ള സുഹൃത്ത് താങ്കളെ നേരിട്ടുകണ്ടു പണം നൽകിയാൽ പേരേ?’’

‘‘പറ്റില്ല സർ. ഞങ്ങൾക്കു സാധനം ഓഫിസിനു പുറത്തെത്തിക്കാൻ കഴിയില്ല. പിടിക്കപ്പെട്ടാൽ ജോലി പോകും. കുറിയർ വഴിയേ അയയ്ക്കൂ. അഡ്വാ‍ൻസ് അടച്ചാലുടൻ കുറിയർ ട്രാക്കിങ് ലിങ്ക് അയയ്ക്കാം.’’

സംഭാഷണം തൽക്കാലം അവിടെ അവസാനിപ്പിച്ച് ഒരു അന്വേഷണം നടത്തി. ഉദയ്‌രാജിന്റെ വാക്കുകേട്ട് അഡ്വാൻസ് നൽകിയാലുടൻ കുറിയർ ട്രാക്കിങ് ലിങ്ക് ലഭിക്കും. പാക്കേജ്ഭേജോ, ലോജിടെക് എന്നീ തട്ടിപ്പു സൈറ്റുകൾ വഴിയാണ് ലിങ്ക്. നിങ്ങൾക്കുള്ള പാഴ്സൽ ഓരോ നഗരം കടക്കുന്നതായൊക്കെ അപ്‍ഡേറ്റ് ലഭിക്കുമെന്നല്ലാതെ ഒരിക്കലും സാധനം കിട്ടില്ലെന്നുറപ്പ്. ഉദയ്‌രാജ് അയച്ച ഐഡി പ്രൂഫുകൾ അതേ പേരിലുള്ള മറ്റൊരു വ്യക്തിയുടേതാണെന്നു വേണം കരുതാൻ. ഒടുവിൽ ഉദയ്‌രാജിനോടു തന്നെ ഉള്ള കാര്യം ചോദിച്ചു: ‘ഈ തട്ടിപ്പു നടത്തി ദിവസം എത്ര സമ്പാദിക്കും?’

‘‘ഞാൻ തട്ടിപ്പു നടത്താറില്ല. കൂടുതൽ വർത്തമാനം പറഞ്ഞാൽ ബ്ലോക്ക് ചെയ്യും.’’

അദ്ദേഹം വാക്കു പാലിച്ചു; അടുത്ത നിമിഷം തന്നെ ബ്ലോക്ക് ചെയ്തു.

ടെലിഗ്രാമിൽ ഉദയ്‌രാജ് ഇപ്പോഴും നിർബാധം ‘ആദായവിൽപന’ നടത്തുകയാവും!

atm-card

ഒരു ഊണ് വാങ്ങൂ, രണ്ടെണ്ണം ഫ്രീ

പ്രശസ്തമായ രാജസ്ഥാനി താലി മീൽസിന്റെ പരസ്യം ഫെയ്സ്ബുക്കിൽ കണ്ടാണ് കൊച്ചി തമ്മനം കെന്റ് പാരഡൈസിലെ എസ്.സുരേഷ്, അതിലുള്ള നമ്പറിലേക്കു വിളിച്ചത്. 350 രൂപയ്ക്ക് ഒരു മീൽസ് വാങ്ങിയാൽ രണ്ടെണ്ണം സൗജന്യം. ഹോം ഡെലിവറിയുമുണ്ട്. 10 രൂപ നൽകി ബുക്ക് ചെയ്യാനുള്ള ഒരു ലിങ്കാണ് എസ്എംഎസ് ആയി സുരേഷിനു ലഭിച്ചത്. ഗൂഗിൾ ഡോക്യുമെന്റിൽ കാർഡ് നമ്പർ, എക്സ്പയറി ഡേറ്റ്, സിവിവി (കാർഡിന്റെ മൂന്നക്ക കോഡ്) തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിക്കണം. ഊണു കഴിക്കാൻ ഇത്രയുമൊക്കെ വേണോ എന്നു സംശയം തോന്നിയ സുരേഷ് പണം നൽകിയില്ല. ഇതോടെ, തട്ടിപ്പുകാർ തിരിച്ചുവിളിക്കാൻ തുടങ്ങി.

പിന്നീട് സുരേഷ്, താലി മീൽസുകാരുടെ മുംബൈ ആസ്ഥാനത്തെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു ചോദിച്ചപ്പോൾ, തങ്ങളുടെ പേരിൽ തട്ടിപ്പു നടക്കുന്നതായും പൊലീസിൽ പരാതി നൽകിയതായും അവർ അറിയിച്ചു. ക്രെഡിറ്റ് കാർഡിന്റെയോ ഡെബിറ്റ് കാർഡിന്റെയോ വിശദാംശങ്ങൾ കൈക്കലാക്കി, അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കാനുള്ള ശ്രമമാണു നടന്നതെന്നു വ്യക്തം. സുരേഷിന്റെ ജാഗ്രത കാരണം തട്ടിപ്പു നടന്നില്ല. പക്ഷേ, എത്ര പേർ ഈ ജാഗ്രത കാണിക്കും?

ഓസിന് കിട്ടിയാൽ! 

വേറൊരാളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അടിച്ചുമാറ്റി അതുപയോഗിച്ച് നിങ്ങൾക്കു ഞങ്ങൾ സാധനം വാങ്ങിത്തരും; തുച്ഛമായ തുക മാത്രം തന്നാൽ മതി. ഇങ്ങനെയുമുണ്ട് ആദായവിൽപന! 

ഇന്റർനെറ്റ് അധോലോകത്ത് (ഡാർക്നെറ്റ്) വിൽപനയ്ക്കു വച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഇ കൊമേഴ്സ് 

വെബ്സൈറ്റുകളിലൂടെ നടക്കുന്ന ഈ തട്ടിപ്പിന്റെ പേരാണ് ‘കാർഡിങ്’.

തട്ടിപ്പുകാർ നിശ്ചയിക്കുന്ന തുക കൈമാറിയാൽ, ഹാക്ക് ചെയ്യപ്പെട്ട ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഏതെങ്കിലും ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വഴി നിങ്ങളുടെ വിലാസത്തിലേക്കു വിലകൂടിയ ഉൽപന്നങ്ങൾ ഓർഡർ ചെയ്യും. റിസ്ക് നിങ്ങൾ ഏറ്റെടുക്കണമെന്നു മാത്രം. പിടിക്കപ്പെട്ടാൽ, വിലാസം നിങ്ങളുടേതായതിനാൽ ജയിലിൽ പോകുമെന്നുറപ്പ്. ഈ റിസ്ക് ഏറ്റെടുത്താൽ ലക്ഷങ്ങൾ വിലയുള്ള ഉൽപന്നങ്ങൾ തുച്ഛമായ വിലയ്ക്കു ലഭിക്കുമെന്നാണു വാഗ്ദാനം. മിക്കവാറും ഇതു പാലിക്കപ്പെടില്ലെന്നു മാത്രമല്ല, അഡ്വാൻസ് പോയിക്കിട്ടുകയും ചെയ്യും. ഉൽപന്നം യഥാർഥത്തിൽ എത്തിയാൽത്തന്നെ പൊലീസും പിന്നാലെ എത്തുമെന്ന് ഓർക്കുക.

Nicoulas Samuel Gogger

നമസ്കാരം, വ്യാജ കസ്റ്റമർ കെയറിലേക്ക് സ്വാഗതം

ഓൺലൈൻ സേവനങ്ങളിൽ എന്തെങ്കിലും കുഴപ്പമുണ്ടായാൽ കസ്റ്റമർ കെയർ നമ്പർ തപ്പിയെടുത്തു വിളിക്കുന്ന പതിവ് നമ്മിൽ പലർക്കുമുണ്ട്. എന്നാൽ, ഈ നമ്പർ ഒരു തട്ടിപ്പുകാരന്റേതാണെങ്കിൽ എന്തു സംഭവിക്കും? ഇങ്ങനെ വ്യാജ കസ്റ്റമർ കെയർ കോൾ സെന്ററുകൾ വഴി നടക്കുന്നതു കോടികളുടെ തട്ടിപ്പാണ്.

ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടത്...

വ്യാജ കസ്റ്റമർ കെയർ നമ്പർ: 83XX80XX05

‘റീഫണ്ട്  തരുമോ?’

ഗൂഗിൾ പേ വഴി അബദ്ധത്തിൽ മറ്റൊരു ഫോൺ നമ്പറിലേക്കു റീചാർജ് ചെയ്തുപോയി; ആ തുക തിരിച്ചുകിട്ടുമോ എന്നു ചോദിച്ചാണ്, ട്വിറ്ററിൽ കണ്ട ഒരു ‘ഗൂഗിൾ പേ കസ്റ്റമർ കെയർ’ നമ്പറിലേക്കു വിളിച്ചത്. പണം മടക്കിത്തരാമെന്ന് ഹിന്ദിയിൽ ഓഫർ. ഇങ്ങോട്ടൊരു ചോദ്യം – എത്ര രൂപ അക്കൗണ്ടിലുണ്ട്? 25,000 രൂപ എന്നു ചുമ്മാതങ്ങു പറഞ്ഞു. അടുത്ത നിമിഷം ഈ തുക പരാമർശിച്ചുള്ള ഒരു നോട്ടിഫിക്കേഷൻ ഗൂഗിൾ പേയിലെത്തി.

യഥാർഥത്തിൽ അത് 25,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള പേയ്മെന്റ് റിക്വസ്റ്റായിരുന്നു. അതിൽ റീഫണ്ട് എന്നു റിമാർക്സിൽ എഴുതിയിരിക്കുന്നതിനാൽ, പണം റീഫണ്ട് ചെയ്യാനുള്ള ഓപ്ഷനാകുമെന്നു നമ്മൾ കരുതും. യുപിഐ പിൻ നൽകി ഇടപാടു പൂർത്തിയാക്കിയാൽ നമ്മുടെ അക്കൗണ്ടിൽനിന്ന് അത്രയും രൂപ തട്ടിപ്പുകാരന്റെ അക്കൗണ്ടിലെത്തും. ഗൂഗിൾ പേയും ഈ കസ്റ്റമർ കെയറുമായി ഒരു ബന്ധവുമില്ല.

വ്യാജ കസ്റ്റമർ കെയർ നമ്പർ:  98XX540XX4

‘ബിരിയാണി കിട്ടിയില്ല’

ഓർഡർ ചെയ്ത 450 രൂപയുടെ ബിരിയാണി ഇതുവരെ കിട്ടിയില്ല എന്ന ‘പരാതിയുമായാണ്’ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന്റെ ‘വ്യാജ’ കസ്റ്റമർ കെയർ നമ്പറിലേക്കു വിളിച്ചത്. ഓർഡർ റദ്ദായെന്നും പണം ഗൂഗിൾ പേ വഴിയോ ഫോൺ പേ വഴിയോ റീഫണ്ട് ചെയ്യാമെന്നും അവർ പറഞ്ഞു. ആയിക്കോട്ടേ എന്നു പറഞ്ഞയുടൻ, 450 രൂപയുടെ ഒരു പേയ്മെന്റ് റിക്വസ്റ്റ് ‘റീഫണ്ട്’ എന്ന റിമാർക്കുമായി എത്തി. യുപിഐ പിൻ നൽകിയാൽ അത്രയും പണം അവരുടെ കയ്യിലിരിക്കും.

വ്യാജ നമ്പർ: +1–8XX-212-5XX1

 ‘വിൻഡോസ് ഇപ്പ ശരിയാക്കിത്തരാം’

വിൻഡോസിൽ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നും ഉടൻ തന്നെ മൈക്രോസോഫ്റ്റിന്റെ സപ്പോർട്ട് സെന്ററിൽ വിളിക്കണമെന്നും പറഞ്ഞുള്ള അറിയിപ്പ് ബ്രൗസറിൽ ലഭിച്ചതോടെയാണ് ഒരു സുഹൃത്ത് ഈ നമ്പറിൽ വിളിച്ചത്.

ഹിന്ദി കലർന്ന ഇംഗ്ലിഷിലാണ് ‘സപ്പോർട്ടുകാരുടെ’ സംസാരം. നമ്മുടെ കംപ്യൂട്ടർ പരിശോധിക്കാനായി റിമോട്ട് ആക്സസ് നൽകുന്ന ‘ടീം വ്യൂവറി’ലൂടെ കണക്ട് ചെയ്യണമെന്നാണ് ആവശ്യം. ചില സോഫ്റ്റ്‌വെയറുകൾ അവരിൽനിന്നു വാങ്ങണമെന്നും പറഞ്ഞു. ഒരു കുഴപ്പവുമില്ലാത്ത കംപ്യൂട്ടറിൽ പ്രശ്നമുണ്ടെന്നു പറഞ്ഞാണ് ഈ കണ്ടുപിടിത്തങ്ങൾ. നമ്മുടെ കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അപരിചിതന് അവസരം നൽകുന്നതിലെ അപകടം അറിയുന്നതിനാൽ സുഹൃത്ത് ആ വലയിൽ വീണില്ല.

ഇ–ജാഗ്രത

∙ഔദ്യോഗിക വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന കസ്റ്റമർ കെയർ നമ്പറുകളിൽ മാത്രം വിളിക്കുക.

∙ഗൂഗിളിൽ പരതി മറ്റ് വെബ്സൈറ്റുകളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകളെ ആശ്രയിക്കാതിരിക്കുക.

∙പ്രധാന ഇ കൊമേഴ്സ് വെബ്സൈറ്റുകൾക്കും ഫുഡ് ഡെലിവറി ആപ്പുകൾക്കും പ്രത്യേക കസ്റ്റമർ കെയർ നമ്പറുകളുണ്ടാകാൻ സാധ്യത കുറവാണ്. ∙അവരുടെ തന്നെ ആപ് വഴിയോ വെബ്സൈറ്റ് വഴിയോ പരാതി അയയ്ക്കാനുള്ള സംവിധാനമാണു പലതിലും.

∙ബാങ്ക് വിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവ കസ്റ്റമർ കെയർ കോളുകളിൽ പങ്കുവയ്ക്കാതിരിക്കുക.

തയാറാക്കിയത്: കെ. ജയപ്രകാശ് ബാബു, അജയ് ബെൻ, ജിക്കു വർഗീസ് ജേക്കബ്. 

സങ്കലനം: എ. ജീവൻ കുമാർ

Content Highlights: Online fraud Kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA