സിറ്റി ഗ്യാസ് പദ്ധതി: തടസ്സങ്ങൾ നീക്കണം

HIGHLIGHTS
  • സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഫലവത്താകണം
SHARE

ചെലവു കുറഞ്ഞ, 24 മണിക്കൂറും പൈപ്പിലൂടെ പാചക ആവശ്യത്തിനു ലഭ്യമാകുന്ന പ്രകൃതിവാതകം (പിഎൻജി – പൈപ്ഡ് നാച്വറൽ ഗ്യാസ്) കേരളത്തിന്റെ അടുക്കളകളിൽ വാതകവിപ്ലവം സൃഷ്ടിക്കുമെന്നായിരുന്നു ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും. അതിലൂടെ, കുടുംബ ബജറ്റ് ചെലവുചുരുക്കാൻ ഒരു വഴിയും അവർ പ്രതീക്ഷിച്ചു. പക്ഷേ, പദ്ധതിക്ക് അനുമതി ലഭിച്ച് 5 വർഷമായിട്ടും നൽകാനായതു കഷ്ടിച്ചു 2,500 സിറ്റി ഗ്യാസ് കണക്‌ഷനുകൾ മാത്രം. അതാകട്ടെ, എറണാകുളം ജില്ലയിലെ കളമശേരി, തൃക്കാക്കര നഗരസഭകളിലൊതുങ്ങുകയുമാണ്. ഏതാനും നഗരസഭകളിൽകൂടി പൈപ്പിടൽ നടക്കുന്നു. 5 വർഷത്തിനകം എറണാകുളം ജില്ലയിൽ മാത്രം ഒരു ലക്ഷം കണക്‌ഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. 

എറണാകുളം മുതൽ വടക്കോട്ടുള്ള 8 ജില്ലകളിൽ പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ലിമിറ്റഡിനു (ഐഒഎജിഎൽ) തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികൾ ലഭിക്കാൻ വൈകുന്നതാണു പദ്ധതി ഇഴയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 2 വർഷത്തെ പ്രളയങ്ങളും കോവിഡുമൊക്കെ പദ്ധതി വൈകാൻ ഇടയാക്കിയെന്നു പറയാമെങ്കിലും പ്രധാന തടസ്സം തദ്ദേശസ്ഥാപനങ്ങളും സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ഏജൻസികളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തന്നെ. റോഡ് പൊളിക്കലുമായി ബന്ധപ്പെട്ടു പൊതുമരാമത്തു വകുപ്പുമായി നിലനിന്ന അസ്വാരസ്യങ്ങൾ ഏറെക്കുറെ പരിഹരിച്ചപ്പോഴാണു തദ്ദേശസ്ഥാപനങ്ങളുമായി ഭിന്നതകൾ ഉടലെടുത്തത്. 

അവ പരിഹരിക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ട പശ്ചാത്തലത്തിലാണു സംസ്ഥാന സർക്കാർ വീണ്ടും ഇടപെടുന്നത്. അപേക്ഷ ലഭിച്ച് 21 ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങൾ സിറ്റി ഗ്യാസ് പദ്ധതിക്കുള്ള സാങ്കേതിക അനുമതികൾ ലഭ്യമാക്കണമെന്നാണു സർക്കാർ ഉത്തരവ്. പദ്ധതിക്ക് അനുമതി ലഭിച്ച 11 ജില്ലകളിൽ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡാണു (എജി ആൻഡ് പി) പദ്ധതി നടപ്പാക്കുന്നത്. ശേഷിച്ച ജില്ലകളിൽ ഐഒഎജിഎലും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ലൈസൻസ് അനുവദിച്ചിട്ടില്ലെങ്കിലും അടുത്ത ഘട്ടത്തിൽ അനുമതി ലഭിച്ചേക്കും. അതുകൊണ്ടുതന്നെ ഉത്തരവു സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമാണ്. 

സർക്കാർ ഉത്തരവു ശരിയായ അർഥത്തിൽ നടപ്പായാൽ സംസ്ഥാനത്തിനു മുഴുവൻ നേട്ടമാകും. നിരാക്ഷേപ പത്രം, വഴി അവകാശം (റൈറ്റ് ഓഫ് വേ), ഉപയോഗ അവകാശം (റൈറ്റ് ഓഫ് യൂസേജ്) തുടങ്ങിയ അനുമതികൾ ലഭ്യമാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഏകജാലക സംവിധാനം രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. പൈപ്പിടുന്നതിനായി റോഡ് പൊളിച്ചാൽ 48 മണിക്കൂറിനകം അവ ഉപയോഗത്തിനു സജ്ജമാക്കണമെന്നാണു പദ്ധതിക്കായി ലൈസൻസ് എടുത്ത കമ്പനികൾക്കുള്ള നിർദേശം. 30 ദിവസത്തിനകം റോഡ് പൂർണമായും പൂർവസ്ഥിതിയിലാക്കണമെന്നും ഉത്തരവിലുണ്ട്. 

വിശദമായ ഉത്തരവാണു സർക്കാർ നൽകിയിട്ടുള്ളത്. അതു നടപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾക്കുണ്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാൻ കമ്പനികളും ബാധ്യസ്ഥമാണ്. അനുമതി ലഭിച്ച മേഖലകളിൽ യഥാസമയം വാതകവിതരണം ഉറപ്പാക്കുന്നതിനായി ജോലികൾ വേഗത്തിലാക്കാനും അവർക്കു ബാധ്യതയുണ്ട്. ഇക്കാര്യങ്ങളിൽ കൃത്യമായ ഏകോപനവും സമയബന്ധിത നിർവഹണവും ഉറപ്പാക്കാൻ സർക്കാരിനു കഴിയണം. 

ഉപയോഗിക്കുന്ന വാതകത്തിനു മീറ്ററിലെ അളവു പ്രകാരമുള്ള വില നൽകിയാൽ മതിയെന്നതാണ് പിഎൻജിയുടെ മറ്റൊരു നേട്ടം. എൽപിജിയെക്കാൾ 30% കുറഞ്ഞ ചെലവിൽ, 24 മണിക്കൂറും അടുക്കളയിൽ ലഭ്യമാകുന്ന പിഎൻജിയുടെ നേട്ടം മുഴുവൻ കേരളീയർക്കും അർഹതപ്പെട്ടതാണ്. സിറ്റി ഗ്യാസ് പദ്ധതി അടുക്കള വാതകവിതരണം മാത്രമല്ല ലക്ഷ്യംവയ്ക്കുന്നത്. വാഹന ഇന്ധനം (സിഎൻജി) ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗം തന്നെ. കൂടുതൽ സിഎൻജി സ്റ്റേഷനുകൾ സ്ഥാപിച്ചാൽ വാഹന ഉടമകൾക്കും ചെലവു കുറഞ്ഞ ബദൽ ഇന്ധനവഴി തുറന്നുകിട്ടും. അതുറപ്പാക്കാനും സർക്കാരും തദ്ദേശസ്ഥാപനങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.

English Summary: City gas project - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA