ADVERTISEMENT

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടർന്നുകൊണ്ടിരിക്കുന്നു. ഹൈക്കോടതി സിംഗിൾ ജഡ്ജി ഇന്നലെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബെഞ്ചോ സുപ്രീംകോടതിയോ ഇടപെടാത്തപക്ഷം സിബിഐ അന്വേഷണം തൽക്കാലത്തേക്കു സ്റ്റേ ചെയ്യപ്പെട്ട നിലയാണ്. അതേസമയം, കരാറുകാരനെതിരായ അന്വേഷണം തുടരും. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അതിനെ ബാധിക്കുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങൾക്കു മുതിരുന്നില്ല. എന്നാൽ, ഈ കേസിലേക്കു നയിച്ച കാര്യങ്ങൾ സർക്കാരിനും സമൂഹത്തിനും നൽകുന്ന പൊതുവായ ചില പാഠങ്ങൾ പരിശോധിക്കാവുന്നതാണ്. 

സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ആവിഷ്കരിക്കുന്ന പദ്ധതികളും അവയുടെ നടത്തിപ്പും തന്നിഷ്ടമനുസരിച്ച് സ്വകാര്യവ്യക്തികളെ ഏൽപിക്കാവുന്നതല്ല. സുതാര്യത നിലനിർത്തിയും നടപടിക്രമങ്ങൾ പാലിച്ചും വേണം, പദ്ധതി സംബന്ധിച്ചു ധാരണയുണ്ടാക്കാൻ. സർക്കാർ നേരിട്ടു നടത്തുന്ന പദ്ധതികളിലെന്നപോലെ തന്നെ, സർക്കാരിന്റെ ഉത്സാഹത്തിൽ അഥവാ, സർക്കാർ മുൻകയ്യെടുത്തു നടപ്പാക്കുന്ന പദ്ധതികളിലും ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും അവസരം നൽകരുത്. പൊതുസ്ഥാപനങ്ങൾ ടെൻഡറുകളും മറ്റും വിജ്ഞാപനം ചെയ്യുന്നതും പദ്ധതികൾ നടപ്പാക്കുന്നതും സുതാര്യമായി വേണമെന്ന് ‘രമണ ദയാറാം ഷെട്ടി കേസി’ൽ (1979) സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ പിൽക്കാലത്ത്, ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ മൂലധന താൽപര്യങ്ങളും ദല്ലാൾ മുതലാളിത്തവും ശക്തിപ്പെട്ടതോടെ സ്ഥിതി മാറി. പലപ്പോഴും നടപടിക്രമങ്ങൾക്കു പോലും സമയമില്ലെന്ന ന്യായവാദം ബന്ധപ്പെട്ടവർ ഉന്നയിക്കാൻ തുടങ്ങി. സാമ്പത്തികവും വാണിജ്യപരവുമായ കാര്യങ്ങളിൽ സർക്കാരുകൾക്കും മറ്റും വലിയൊരളവു വരെ സ്വാതന്ത്ര്യം അനുവദിക്കാമെന്ന നിലപാട് ചില പിൽക്കാല വിധികളിൽ സുപ്രീംകോടതിയും സ്വീകരിച്ചു. മാസ്റ്റർ മറൈൻ സർവീസസ് കേസ് (2005), പ്രഫുൽ ഗൊറാഡിയ കേസ് (2011) എന്നിവ ഉദാഹരണം. ചിലപ്പോഴെങ്കിലും സർക്കാരുകളും അവയെ നയിക്കുന്നവരും കമ്പോളമത്സരങ്ങളിലും അനുബന്ധ പ്രലോഭനങ്ങളിലും വീണു. തുറന്ന ടെൻഡർ എന്ന ‘പഴഞ്ചൻ സമ്പ്രദായ’ത്തിനു പകരം ഫ്രാഞ്ചൈസികളുടേതായ പുതിയ രാഷ്ട്രീയ സമ്പദ്ശാസ്ത്രം രൂപപ്പെട്ടു. 

ഇത്തരം സന്ദർഭങ്ങളിൽ പദ്ധതികളുടെ കാര്യത്തിൽ സുതാര്യത ഉറപ്പാക്കാൻ ഭരണകർത്താക്കൾ അതീവ ജാഗ്രത പുലർത്തണം. വിദേശപണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഒഴിവാക്കാൻ ഏറെ ശ്രദ്ധിക്കണം. ആരോപണങ്ങൾ ഉണ്ടായ ശേഷം അവയെ നേരിടുകയും വ്യവഹാരങ്ങൾക്കായി ലക്ഷങ്ങൾ ചെലവിടുകയും ചെയ്യുന്ന രീതിയാണ് കേരളത്തിലെ ഇടതു–വലതു സർക്കാരുകൾ പലപ്പോഴും സ്വീകരിക്കാറുള്ളത്. ഈ രീതി മാറണം. ആരോപണങ്ങൾക്കിടവരുത്താതെ പദ്ധതികൾ നടപ്പാക്കാനാണ് ജനങ്ങളോടു പ്രതിബദ്ധതയുള്ള സർക്കാർ ശ്രമിക്കേണ്ടത്. 

വിദേശസഹായം സ്വീകരിച്ചുകൊണ്ടുള്ള പദ്ധതികൾ പ്രാവർത്തികമാക്കുന്നതു സംബന്ധിച്ച് സുതാര്യമായ കരടുരേഖ തയാറാക്കുകയും വിദഗ്ധാഭിപ്രായങ്ങളുടെയും പൊതുജനങ്ങളിൽനിന്നുള്ള ആശയങ്ങളുടെയും അടിസ്ഥാനത്തിൽ അതിന് അന്തിമരൂപം നൽകുകയും വേണം. ഈ പാഠങ്ങൾ ഉൾക്കൊള്ളാൻ വ്യവഹാരത്തിന്റെ പരിസമാപ്തി വരെ കാത്തുനിൽക്കേണ്ടതില്ല.

2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം സംസ്ഥാനത്തു നടന്നാൽ അതെക്കുറിച്ച് അന്വേഷിക്കാൻ സിബിഐക്ക് അധികാരമുണ്ടോ എന്നതും അത്തരം അന്വേഷണം സിബിഐ രൂപീകരിച്ചുകൊണ്ടുള്ള 1946ലെ കേന്ദ്രനിയമത്തിനും ഫെഡറൽ തത്വങ്ങൾക്കും കോടതിവിധികൾക്കും എതിരാകുമോ എന്നതും കോടതിയുടെ പരിഗണനാ വിഷയങ്ങളാണ്. അതുപോലെ ഇക്കാര്യത്തിൽ സർക്കാരിനോ ലൈഫ് മിഷനോ മറ്റ് ഉദ്യോഗസ്ഥർക്കോ പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ ഏജൻസികളും കോടതിയുമാണു തീരുമാനിക്കേണ്ടത്. എന്തുതന്നെയായാലും, ജനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളിൽ ഇടനിലക്കാർ കയറിക്കളിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ശ്രമിക്കണം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി വേണം. സുതാര്യത നഷ്ടപ്പെട്ടു കഴിഞ്ഞാൽ അവിശ്വാസവും അരക്ഷിതാവസ്ഥയുമാകും ഫലമെന്ന ദലൈലാമയുടെ വാക്കുകൾ ഒരു നിയമ–രാഷ്ട്രീയ സന്ദേശം കൂടിയാണ്!

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com