ADVERTISEMENT

മലകൾക്കു കുറുകെയുള്ള വീതികുറഞ്ഞ പാലത്തിലൂടെ രണ്ടു മുട്ടനാടുകൾ എതിരെ നടന്നുവരികയാണ്. ഒന്നിനു കഷ്ടിച്ചു സഞ്ചരിക്കാനുള്ള വീതിയേയുള്ളൂ. പിറകോട്ടു പോകാൻ ഇരുവരും തയാറല്ല. അവർ തമ്മിൽ യുദ്ധമായി. ഒടുവിൽ രണ്ടും താഴേക്കു വീണ് ചത്തു. പിന്നാലെ വന്ന രണ്ട് ആടുകൾക്ക് അടുത്തെത്തിയപ്പോൾ അപകടം മനസ്സിലായി. ഒന്നാമൻ പറഞ്ഞു: നീ പാലത്തിൽ കയറുന്നതു ഞാൻ കണ്ടില്ല. കണ്ടെങ്കിൽ ഞാൻ കയറില്ലായിരുന്നു. രണ്ടാമനും ക്ഷമാപണത്തോടെ അങ്ങനെതന്നെ പറഞ്ഞു. ഒരാൾ പിന്മാറി. ഇരുവരും അപകടം കൂടാതെ പാലം കടന്നു. 

ആരാണു ശരി എന്നതിനെക്കാൾ, എന്താണു ശരി എന്ന ചിന്തയാണ് പ്രശ്നപരിഹാരം സാധ്യമാക്കുന്നത്. ആരാണു ശരി എന്ന ചോദ്യത്തിൽ ഈഗോയുടെ നിഴലാട്ടമുണ്ട്. ഉത്തരം കിട്ടുമ്പോൾ ഒരാൾ വിജയിക്കുകയും മറ്റേയാൾ അടിയറവു പറയുകയും വേണം. വിജയിച്ചവരുടെ ശരികൾ അംഗീകരിക്കാൻ തോറ്റവർ തയാറാകില്ല. തോറ്റവരുടെ ശരികൾ അന്വേഷിക്കേണ്ട ദൗത്യം ജേതാക്കൾക്കുമില്ല. വാദിച്ചു ജയിച്ച ആൾക്ക് വാദം ജയിക്കാൻ കഴിഞ്ഞെങ്കിലും വാദിച്ചു തോറ്റയാളെ പൂർണമായും നഷ്ടപ്പെട്ടിരിക്കും. ഒരു മിനിറ്റു നേരത്തെ വിജയത്തിനുവേണ്ടി ഒരായുസ്സിന്റെ ശത്രുത സമ്പാദിക്കുന്നതിൽ എന്തർഥം? 

എല്ലാ കലഹങ്ങളും തുടങ്ങുന്നത് ഇഷ്ടപ്പെടാത്ത പ്രവൃത്തികൾക്ക് എതിരെയാണെങ്കിലും പിന്നീടത് ആ പ്രവൃത്തി ചെയ്ത ആളിനെതിരായ പോരാട്ടമാകും. കലഹിച്ചവർ തമ്മിലുള്ള ആന്തരിക സംഘർഷം പ്രശ്നപരിഹാരത്തിനു ശേഷവും നിലനിൽക്കും. തർക്കത്തിനു തയാറെടുക്കുമ്പോൾ എതിരാളി ഒരു നിബന്ധനയുമില്ലാതെ കീഴടങ്ങുകയാണെങ്കിൽ പിന്നെ എല്ലാ വാക്കുകളും അപ്രസക്തമാകും. സ്വയം തോറ്റുതരുന്നവർക്ക് കലഹത്തിലെ വിജയത്തെക്കാൾ പ്രധാനം ബന്ധങ്ങളിലെ വിജയമാണ്. എത്ര അമർഷത്തോടെ പാഞ്ഞുചെല്ലുമ്പോഴും, ‘ക്ഷമിക്കണം’ എന്ന വാക്കുമായി നിൽക്കുന്നവരെ എങ്ങനെ തോൽപിക്കാനാണ്? പരസ്പരം ക്ഷമ ചോദിച്ച് ഹൃദയത്തിൽ ഇടം നേടുക എന്നതാണ് പിന്നെയുള്ള ഏറ്റവും നല്ല മാർഗം. 

Content Highlights: Subhadhinam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com