ADVERTISEMENT

പരിഷ്‌കൃതമെന്നും സംസ്‌കാരസമ്പന്നമെന്നും സാക്ഷരമെന്നുമൊക്കെ പറയുന്ന നമ്മുടെ സമൂഹത്തിൽനിന്നു തുടർച്ചയായി ക്രൂരതയുടെ ചോരച്ചാലുകളൊഴുകുന്നതു നിർഭാഗ്യകരമാണ്. തൃശൂർ ജില്ലയുടെ പലഭാഗങ്ങളിലും ‘പകർച്ചവ്യാധി’ പോലെ കൊലപാതകങ്ങൾ പടരുകയാണിപ്പോൾ. കൊലപാതകങ്ങളുടെ കണ്ണി മുറിയണമേ എന്ന മറ്റൊരു ‘ബ്രേക്ക് ദ് ചെയിൻ’ ആഗ്രഹത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിലെ ജനങ്ങൾ.

ആവർത്തിക്കുന്ന കൊലപാതകങ്ങൾ തൃശൂരിന്റെ ഉറക്കം കെടുത്തുന്നുണ്ട്. സമീപനാളുകളിലുണ്ടായ അതിക്രമങ്ങളിൽമാത്രം മരിച്ചവരുടെ എണ്ണം ഒൻപതായി. ഗുണ്ടാസംഘങ്ങൾ നടത്തിയ കൊലപാതകങ്ങളാണ് ഇതിൽ മൂന്നെണ്ണം. വീട്ടകങ്ങളിലും അയൽപക്കത്തുമുണ്ടായ നിസ്സാര തർക്കങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളാണു കൂടുതലും.

വിയ്യൂർ ജയിലിലെ റിമാൻഡ് പ്രതികളുടെ കോവിഡ് പരിശോധനാകേന്ദ്രമായ അമ്പിളിക്കല ഹോസ്റ്റലിലുണ്ടായ സംഭവം വിവാദമാവുകയുണ്ടായി. ജയിൽ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണെന്ന് ആരോപിക്കപ്പെടുന്ന മരണം ക്രൂരമായ മർദനമുറ നിലനിൽക്കുന്നുണ്ടെന്നു കേരളത്തെ വീണ്ടും ഓർമിപ്പിക്കുകയാണ്. പത്തു കിലോ കഞ്ചാവുമായി പിടിയിലായ പ്രതി തിരുവനന്തപുരം സ്വദേശി ഷമീറിനെയാണ് ജയിലധികൃതർ അബോധാവസ്ഥയിൽ കഴിഞ്ഞ 30നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നു മരണം സംഭവിച്ചു. നാൽപതോളം മുറിവുകളും തലയ്ക്കേറ്റ ക്ഷതവുമാണു മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. പല മുറിവുകളും ക്രൂരമർദനത്തിന്റെ സൂചന നൽകുന്നുണ്ട്.

വർധിച്ചുവരുന്ന കൊലപാതകങ്ങളിൽ ജനം ഭീതിയിലായിട്ടുണ്ട്. ഗുണ്ടാ ആക്രമണങ്ങൾ ഒഴിച്ചുനിർത്തിയാൽ പലതും ഒറ്റപ്പെട്ട സംഭവമാണെന്നു പൊലീസ് പറയുന്നു. എല്ലാ കേസുകളിലും പ്രതികളെ പിടിക്കാനാകുന്നുണ്ടെന്നും അവർ അവകാശപ്പെടുന്നുണ്ട്. എങ്കിലും, തുടരെയുള്ള കൊലപാതകങ്ങൾ ജനങ്ങളുടെ സമാധാനം കെടുത്തുന്നു എന്നതു തീർച്ച. നിസ്സാര കാര്യങ്ങളെപ്പോലും കൊലപാതകത്തിലേക്കെത്തിക്കുന്ന തരത്തിൽ സമൂഹത്തിൽ കുറച്ചു പേരുടെയെങ്കിലും മനസ്സ് മരവിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ സംഭവങ്ങൾ.

തൃശൂർ ജില്ലയിൽ ഈ വർഷം കൊലചെയ്യപ്പെട്ടവരുടെ എണ്ണം 24 ആയെന്നു ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. മുൻപും ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും തൃശൂരിന്റെ സമാധാനം കെടുത്തിയിരുന്നു. നഗരപരിസരത്തെ കോളനികളിൽ വലിയ ഗുണ്ടാസംഘങ്ങൾ വളർന്നിരുന്നു. പൊലീസിന്റെ സമർഥമായ ഇടപെടലിലൂടെ ഈ സംഘങ്ങൾ ചിതറിപ്പോയെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും ഇപ്പോഴും നിയന്ത്രിക്കാനായിട്ടില്ല.

പ്രായപൂർത്തിയാകാത്ത വാഹനമോഷണക്കേസ് പ്രതിക്കും അമ്പിളിക്കല കേന്ദ്രത്തിൽ മർദനമേൽക്കുകയുണ്ടായി. ഈ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെയും മർദനത്തിനു നേതൃത്വം നൽകിയ 2 ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. അമ്പിളിക്കല കോവിഡ് കേന്ദ്രം അടച്ച് പ്രതികളെ ജയിലിൽത്തന്നെ വേറിട്ടു സൗകര്യമൊരുക്കി പാർപ്പിക്കാനും തീരുമാനമെടുത്തു. ഷമീറിനു ക്രൂരമർദനമേറ്റതു സാധൂകരിക്കുന്ന മൊഴികൾ ലഭിച്ചതായി ജയിൽ ഡിജിപി ഋഷിരാജ് സിങ് തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഈ സംഭവത്തിൽ വകുപ്പുതല നടപടി എങ്ങുമെത്തിയിട്ടില്ല.

ഈ പരിഷ്കൃതകാലത്തും ജയിലിലും പൊലീസ് സ്റ്റേഷനുകളിലും ക്രൂരമർദനമുറകൾ ഉണ്ടെന്നതു നമ്മെ ലജ്ജിപ്പിക്കുന്നു. ജയിലിലോ ചോദ്യംചെയ്യൽ കേന്ദ്രങ്ങളിലോ ഇനി മർദനമുറകൾ ഉണ്ടാവില്ലെന്നു സർക്കാർ ഉറപ്പുവരുത്തിയേതീരൂ. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ സഹജീവിയുടെ ജീവനെടുക്കുന്ന സംഭവങ്ങൾ ഇവിടെയുണ്ടാകാതിരിക്കാൻ സർക്കാരിനോടൊപ്പം പൊതുസമൂഹത്തിന്റെകൂടി ശ്രദ്ധയുണ്ടാവേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com