സന്തോഷിനു കിട്ടിയത് ഒരു സുന്ദരിയുടെ ചിത്രം; വന്‍തുക ഓഫര്‍: തട്ടിപ്പിന്റെ വലവിരിച്ച് പലരും

fraud-photo
ഇന്ത്യയിലേക്കു പുറപ്പെടുന്നു എന്നു പറഞ്ഞ് യുവതി സന്തോഷിന് അയച്ച ചിത്രം.
SHARE

കംപ്യൂട്ടർ നെറ്റ്‌വർക്കിൽ രഹസ്യഭാഷ (ക്രിപ്റ്റോഗ്രഫി) ഉപയോഗിച്ചു സൃഷ്ടിച്ചെടുക്കുന്ന ക്രിപ്റ്റോ കറൻസികൾ ഏതാനും വർഷമായി ലോകത്തു പ്രചാരത്തിലുണ്ട്. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഡിജിറ്റൽ കറൻസിയാണത്. പക്ഷേ, പന്ത്രണ്ടാം ക്ലാസിനു ശേഷം, പ്രത്യേക സാങ്കേതിക വിദ്യാഭ്യാസമൊന്നും നേടിയതായി തെളിവില്ലാത്ത ഒരാൾ ക്രിപ്റ്റോ കറൻസി നിർമിച്ചെന്നു പറഞ്ഞ് എത്രയോ നാളായി കേരളത്തിൽനിന്നു ‘പുഷ്പം പോലെ’ കാശുണ്ടാക്കുന്നു!

കേരളത്തിലൊരു ഓഫിസ് പോലും ഇല്ലാതെ, ആളുകളെ നേരിൽക്കാണാതെ, സമൂഹമാധ്യമങ്ങളിലെ ശബ്ദസന്ദേശങ്ങൾ വഴി ലക്ഷക്കണക്കിനു പേരെ പദ്ധതിയിൽ ചേർത്ത് 1650 കോടി രൂപ ഇതിനകം സമ്പാദിച്ചെന്നാണ് പൊലീസിനു കിട്ടിയ വിവരം. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ചു നടന്ന പണമിരട്ടിപ്പിന്റെ അദ്ഭുതവിദ്യകൾ പൊലീസ് പഠിച്ചുവരുന്നേയുള്ളൂ.

ലോങ് റിച്ച് (എൽആർ) ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി നിഷാദിനെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തത് ചുരുങ്ങിയ കാലത്തിനിടെ വലിയ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപെട്ടതോടെയാണ്.

പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ

∙ 15,000 രൂപയുടെ നിക്ഷേപത്തിനു പ്രതിദിനം 270 രൂപ വച്ച് 300 ദിവസത്തേക്കു ലാഭവിഹിതം. അതായിരുന്നു പ്രധാന വാഗ്ദാനം. 300 ദിവസത്തെ ലാഭം മാത്രം ഏകദേശം 81,000 രൂപ വരുമെന്നു കണ്ടപ്പോൾ നിക്ഷേപകരുടെ എണ്ണം ലക്ഷങ്ങളായി. നിക്ഷേപകനായി ചേർന്ന ഒരാൾ മറ്റൊരാളെ ചേർക്കുമ്പോൾ അവരുടെ നിക്ഷേപത്തിന്റെ 10% കമ്മിഷനും ലഭിക്കും. താഴെയുള്ള കൂടുതൽ കണ്ണികളിലേക്കു നിക്ഷേപകരെത്തുമ്പോൾ‌ 5%, 3%, 1% എന്നിങ്ങനെ വീണ്ടും കമ്മിഷൻ.

∙ 15,000 രൂപയുടെ നിക്ഷേപത്തിന് 10 ‘മോറിസ് കോയിൻ’ എന്ന ക്രിപ്റ്റോ കറൻസിയാണു തിരികെ ലഭിക്കുക. 300 ദിവസത്തെ ലാഭവിഹിതം കിട്ടിക്കഴിഞ്ഞാൽ ഈ മോറിസ് കോയിൻ വിറ്റു കാശാക്കുകയും ചെയ്യാം. പക്ഷേ, എങ്ങനെ വിൽക്കും, എവിടെ വിൽക്കും – കൃത്യതയില്ല.

∙  ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാതൃകമ്പനിയായ എൽആർ ടെക്നോളജീസിന്റെ വെബ്സൈറ്റിൽ കമ്പനിയുടെ ഓഫിസിനെക്കുറിച്ചു വിവരമില്ല. ബന്ധപ്പെടാനുള്ള ഫോൺ നമ്പറില്ല.

∙ ഇടപാടുകാർ നൽകുന്ന തുക പെട്രോളിയം ഉൾപ്പെടെയുള്ള വ്യവസായങ്ങളിൽ നിക്ഷേപിക്കുമെന്നു നിഷാദ് പറഞ്ഞെങ്കിലും ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തിയതായി അറിവില്ല.

∙ നടക്കുന്നത് പൂർണമായും മണിചെയിൻ മാതൃകയിലുള്ള ഇടപാട്. നിക്ഷേപിക്കുന്നവരുടെ പണം തന്നെ ലാഭവിഹിതമെന്ന പേരിൽ വിതരണം ചെയ്യുന്നു.

Money-fraud

 ക്രമാതീതമായ നിക്ഷേപങ്ങൾ വന്നിരുന്ന 5 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ഈ 5 അക്കൗണ്ടുകളിലേക്കായി ഈ വർഷം എത്തിയത് 1200 കോടി. ഇതിൽ ഒന്നരക്കോടിയോളം രൂപ മാത്രമേ ഇപ്പോഴുള്ളൂ. ബാക്കി തുക മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റി.

∙ പരാതി നൽകിയാലും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടില്ലെന്ന ചിന്തയും തങ്ങൾക്കെതിരെയും കേസുണ്ടാകുമോ എന്ന ഭയവും നാണക്കേടും കാരണം നിക്ഷേപകർ പരാതി നൽകാൻ മടിക്കുന്നു.

‘മലയാളി വികസിപ്പിച്ച ആദ്യ ഇന്ത്യൻ ക്രിപ്റ്റോ കറൻസി’

ഒരു ഇന്ത്യക്കാരൻ വികസിപ്പിച്ച ആദ്യ ക്രിപ്റ്റോ കറൻസി എന്ന പേരിലാണ് ഇക്കഴിഞ്ഞ മേയിൽ മോറിസ് കോയിൻ നിക്ഷേപപദ്ധതിക്കു നിഷാദ് തുടക്കമിട്ടത്. അതുവരെ മോജോ എന്ന ലേണിങ് ആപ് വഴി നെറ്റ്‌വർക് ബിസിനസ് നടത്തുകയായിരുന്നു. ‍ഉന്നത സാങ്കേതികവിദ്യാഭ്യാസമില്ലാത്ത നിഷാദ് എങ്ങനെ സ്വന്തമായി ക്രിപ്റ്റോ കറൻസി ഉണ്ടാക്കിയെന്നതാണ് പൊലീസിനുണ്ടായ ആദ്യ സംശയം. പക്ഷേ, നിഷാദിന്റെ 10 ലക്ഷത്തോളം വരുന്ന ഇടപാടുകാർ ആരും ഇതുവരെ ഈ ചോദ്യം ചോദിച്ചില്ല. 540% ലാഭവിഹിതം നൽകുന്നതിനായി എന്തു ബിസിനസാണ് നടത്തുന്നതെന്ന സംശയവും നിക്ഷേപകർക്കുണ്ടായില്ല.

പരാതിക്കാരില്ലാത്തതിനാൽ നിലവിൽ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീംസ് (ബാനിങ്) ആക്ട് പ്രകാരമാണു കേസ്. കേസെടുത്തതറിഞ്ഞ് പരാതിയുമായി വിളിക്കുന്നവരിൽ കൂടുതലും ഈയിടെ നിക്ഷേപം നടത്തിയവരാണ്. നിക്ഷേപപദ്ധതിയിൽ ചേർന്ന് ഇതിനകം ലാഭം ലഭിച്ചവരെല്ലാം മിണ്ടാതിരിക്കുന്നു.

പുതിയ അടവുകൾ

ലോക്ഡൗൺ കാലത്തു നിക്ഷേപങ്ങൾ കുറഞ്ഞതോടെ നിഷാദിന്റെ ബിസിനസിൽ തളർച്ചയുണ്ടായി. ലാഭവിഹിതം പലപ്പോഴായി മുടങ്ങി. പരാതിയുമായി എത്തിയവരെ ബിസിനസിൽ പിടിച്ചുനിർത്താൻ പല തന്ത്രങ്ങളും പയറ്റി.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേ ബിറ്റോ എന്ന ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിൽ മോറിസ് കോയിൻ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോയിൻ ഉടൻ അവിടെ വിറ്റഴിക്കാനാകുമെന്നുമുള്ള വാർത്തയും ഈ മാസമാദ്യം പുറത്തുവിട്ടിരുന്നു. ഈ എക്സ്ചേഞ്ചുമായി ഇ മെയിൽ വഴി ബന്ധപ്പെട്ടപ്പോൾ ഇതെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല.

അപ്പോൾ, പൊലീസ് ആരായി!

പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലേക്ക് ഇപ്പോഴും പലരും വിളിക്കുന്നുണ്ട്. അവരുടെ ചോദ്യമിതാണ്: നാട്ടിൽ വലിയ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നയാൾ അല്ലറചില്ലറ തട്ടിപ്പുകൾ നടത്തുന്നതു വലിയ   സംഭവമാ ണോ സർ!

വന്നല്ലോ നമ്മുടെ എടിഎം!

മോറിസ് കോയിൻ പണമാക്കി പിൻവലിക്കാൻ എടിഎം എത്തിപ്പോയെന്ന് ചിത്രം സഹിതം ആരൊക്കെയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഒപ്പം, നിക്ഷേപകർക്കെല്ലാം എടിഎം കാർഡ് നൽകുമെന്നും. പക്ഷേ, ചിത്രത്തിന്റെ ആധികാരികത പരിശോധിച്ച പൊലീസ് ഞെട്ടിപ്പോയി. കൊച്ചിയിൽ സ്വകാര്യ ബാങ്ക് തുടങ്ങിയ എടിഎം കൗണ്ടറിന്റെ ചിത്രം ഫോട്ടോഷോപ്പിലൂടെ മോറിസ് കോയിൻ എടിഎം ആക്കി മാറ്റുകയായിരുന്നു.

വിലക്കില്ലാതെ ക്രിപ്റ്റോ കറൻസി

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ വഴിയുള്ള ഇടപാടുകൾ വിലക്കിക്കൊണ്ട് റിസർവ് ബാങ്ക് 2018 ഏപ്രിലിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതിനെതിരായ ഹർജിയിൽ ക്രിപ്റ്റോ കറൻസി രാജ്യത്തു വിലക്കാനാകില്ലെന്ന് ഈ വർഷമാദ്യം സുപ്രീംകോടതി വിധിച്ചു. വിലക്കു നീക്കിയെങ്കിലും സർക്കാർ ഇതുവരെ ക്രിപ്റ്റോ കറൻസിയെ നിയമപരമായി അംഗീകരിച്ചിട്ടില്ല. ഡിജിറ്റൽ കറൻസി ഇടപാടുകൾ നിയന്ത്രിക്കുന്നതിനു നിയമം കൊണ്ടുവരുമെന്നു കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നെങ്കിലും ബിൽ ഇതുവരെ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല.

ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ അംഗീകരിക്കാത്തത് എന്തുകൊണ്ട് ?

∙ നിയന്ത്രിക്കാൻ കേന്ദ്ര അതോറിറ്റികളില്ല.

∙ തർക്കപരിഹാരത്തിന് 

അംഗീകൃത ചട്ടക്കൂടുകളില്ല.

∙ അടിസ്ഥാനമൂല്യമില്ല.

∙ വരുമാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടാം എന്ന ആശങ്ക.

∙ വിലയിലുണ്ടാകുന്ന വൻ ചാഞ്ചാട്ടം.

അത്യാഗ്രഹമില്ല; 2000 കിട്ടിയാലും മതി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു സ്ഥലംമാറിപ്പോകുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടുപകരണങ്ങൾ കുറഞ്ഞ വിലയ്ക്കു വിൽക്കുന്നു എന്ന പരസ്യം ഓൺലൈനിൽ കണ്ടാണ് എറണാകുളത്തെ ഒരു അഭിഭാഷകൻ അതിൽ കൊടുത്തിരുന്ന നമ്പറിൽ ബന്ധപ്പെട്ടത്. മഞ്ജിത് സിങ് എന്നു പരിചയപ്പെടുത്തിയ വ്യക്തി വാഷിങ് മെഷീൻ, ഫ്രിജ്, കട്ടിൽ, തീൻമേശ എന്നിവയുടെ ചിത്രങ്ങൾ വാട്സാപ്പിൽ നൽകി.

വാഷിങ് മെഷീനാണു വേണ്ടതെന്നു പറഞ്ഞപ്പോൾ, അതു വീട്ടിലെത്തിച്ച ശേഷം പണം തന്നാൽ മതിയെന്നു പറഞ്ഞു. ആകെ നൽകേണ്ടത് വാഷിങ് മെഷീൻ വീട്ടിലെത്തിക്കാനുള്ള വണ്ടിക്കൂലി 2050 രൂപ! അക്കൗണ്ട് വിവരങ്ങളിൽ നോയിഡ എന്നു കണ്ട് സംശയത്തിന്റെ പേരിൽ അഭിഭാഷകൻ സിഐഎസ്എഫിന്റെ ഓഫിസിൽ വിളിച്ചു. അവിടെ മഞ്ജിത് സിങ് എന്നൊരു ഉദ്യോഗസ്ഥനേയില്ല!

വേല കയ്യിലിരിക്കട്ടെ മാഡം

‘ഇന്ത്യാസന്ദർശനത്തിനു വരുന്നു. ഫൊട്ടോഗ്രഫറായി കൂടെ വരാമോ?’ ചോദ്യം ഇംഗ്ലണ്ടിൽനിന്നുള്ള യുവതിയുടേതാണ്. ചങ്ങനാശേരിയിൽ ഫൊട്ടോഗ്രഫറായ കെ.കെ.സന്തോഷിനു കിട്ടിയ ഈ ഓഫർ വൻ തുകയുടേതാണ്. പക്ഷേ, സെറ്റ് ചെയ്തുവച്ചിരിക്കുന്നത് തട്ടിപ്പിന്റെ ഫ്രെയിമാണെന്നു സന്തോഷിനു തോന്നിയിരുന്നു.

‘ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന’, ‘ഇംഗ്ലണ്ടിൽ താമസിക്കുന്ന’ യുവതി ഫെയ്സ്ബുക്കിൽ ഇങ്ങോട്ട് ഫ്രൻഡ് റിക്വസ്റ്റ് അയച്ചാണ് കഴിഞ്ഞ ജൂലൈയിൽ സന്തോഷിനെ പരിചയപ്പെടുന്നത്. ചാറ്റിങ് തുടങ്ങിയതിനു പിന്നാലെ ‘ഇന്ത്യാ സന്ദർശനമോഹം’ വെളിപ്പെടുത്തി. പ്രതിദിന ഫീസ്, വാഹനത്തിന്റെ വാടക എന്നിവയെല്ലാം ചാറ്റിങ്ങിലൂടെത്തന്നെ മുൻകൂട്ടി നിശ്ചയിച്ചു. 

Lady
ഇന്ത്യയിലേക്കു പുറപ്പെടുന്നു എന്നു പറഞ്ഞ് യുവതി സന്തോഷിന് അയച്ച ചിത്രം.

ആദ്യം ലണ്ടനിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനടിക്കറ്റാണു യുവതി കാണിച്ചത്. വിമാനത്താവളത്തിലേക്കു പോകുന്നതിനു മുൻപ് ബാഗേജുമായി നിൽക്കുന്ന ഫോട്ടോയും നൽകി. ഇതേ വസ്ത്രത്തിൽ വിമാനത്തിലിരിക്കുന്ന ഫോട്ടോയും വേണമെന്നു പറഞ്ഞെങ്കിലും നൽകിയില്ല. പിറ്റേന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽനിന്ന് ആദ്യമായി യുവതി സന്തോഷിനെ ഫോണിൽ വിളിച്ചു. ക്രെഡിറ്റ് കാർഡ് പ്രവർത്തനരഹിതമായെന്നും ഓൺ അറൈവൽ വീസയ്ക്കു ഫീസ് അടയ്ക്കാൻ 60,000 രൂപ വേണമെന്നുമായിരുന്നു ആവശ്യം.

ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് അയച്ചാൽ മതിയെന്നു പറഞ്ഞ് ഒരു അക്കൗണ്ട് വിവരവും നൽകി. കയ്യിൽ കാശില്ലെന്നു പറഞ്ഞതോടെ 15,000 രൂപയെങ്കിലും തരാമോ എന്നായി ചോദ്യം. ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള ഒരു ഫോട്ടോ ചോദിച്ചപ്പോൾ ഫോൺ ക്യാമറ വർക്ക് ആകുന്നില്ലെന്നു മറുപടി. തട്ടിപ്പു മനസ്സിലാക്കാനായതിനാൽ വാട്സാപ്പിലും ഫെയ്സ്ബുക്കിലുംനിന്ന് യുവതിയെ ബ്ലോക്ക് ചെയ്ത് സന്തോഷ് പോക്കറ്റ് കാത്തു.

നാളെ: ഗെയിം പ്ലാൻ

തയാറാക്കിയത്: കെ. ജയപ്രകാശ് ബാബു, അജയ് ബെൻ, ജിക്കു വർഗീസ് ജേക്കബ്. സങ്കലനം: എ. ജീവൻ കുമാർ

English Summary: Cryptocurrency and money fraud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA