ADVERTISEMENT

ഈ തിരഞ്ഞെടുപ്പോടെ ബിഹാറിൽ വീണ്ടും ഇടതു പാർട്ടികൾ പ്രസക്തരാകുന്നു. ദീർഘകാലം കർഷകത്തൊഴിലാളികൾക്കും പാട്ടക്കുടിയാന്മാർക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ ബിഹാറിൽ പലയിടങ്ങളിലും വോട്ടാക്കി മാറ്റാൻ കമ്യൂണിസ്റ്റ് പാർട്ടിക്കു കഴിഞ്ഞിരുന്നു. 1972ൽ നിയമസഭയിലെ മുഖ്യ പ്രതിപക്ഷ പാർട്ടി സിപിഐ ആയിരുന്നു. 1995 വരെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഐക്ക് 20ൽ കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ സ്വാധീനം കുറച്ചു പോക്കറ്റുകളിൽ മാത്രം ഒതുങ്ങിനിന്നു.

കാലക്രമേണ സിപിഐ ക്ഷയിക്കാൻ തുടങ്ങി. യുവാക്കളെ ആകർഷിക്കാൻ കഴിയാത്തതായിരുന്നു പ്രധാന കാരണം. 1970കൾ മുതൽ മൂന്നു പതിറ്റാണ്ടു കാലം ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാർ നക്സലുകളായി. തെക്കൻ ബിഹാറിലെ, ഭോജ്പുരി സംസാരിക്കുന്ന ജില്ലകളിൽ നക്സൽ ഗ്രൂപ്പുകളാണു ദലിതരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ശാക്തീകരണം സാധ്യമാക്കിയത്. സ്ത്രീപീഡനം, ദേഹോപദ്രവം, ജാതിവെറി എന്നിവ ശീലമാക്കിയ ജന്മിമാരെ അവർ നിലയ്ക്കുനിർത്തി. 1974 മുതൽ അവരിൽ ചില ഗ്രൂപ്പുകൾ ആയുധമുപേക്ഷിച്ച് തിരഞ്ഞെടുപ്പു മാർഗം സ്വീകരിച്ചു. അങ്ങനെ പരിണമിച്ചുണ്ടായതാണ് സിപിഐ എംഎൽ – ബിഹാറിലെ ഏറ്റവും വലിയ ഇടതു പാർട്ടി.

നിലവിലെ അസംബ്ലിയിൽ സിപിഐ എംഎലിനു 3 സീറ്റുണ്ട്; സിപിഐക്കും സിപിഎമ്മിനും ഒന്നുമില്ല. അതുകൊണ്ടായിരിക്കാം ഇടതു പാർട്ടികളുമായി, പ്രത്യേകിച്ചു സിപിഐയുമായി സഖ്യത്തിന് ആർജെഡി നേതാവ് തേജസ്വി യാദവിനു തുടക്കത്തിൽ വലിയ താൽപര്യമില്ലാതിരുന്നത്. പെട്ടെന്നു ചിത്രം മാറി; ഇടതുകക്ഷികൾ മഹാസഖ്യത്തിന്റെ ഭാഗമായി. അവർക്കു ലഭിച്ചതു വലിയ വരവേൽപായിരുന്നു. അവർ 29 സീറ്റുകളിൽ (സിപിഐ എംഎൽ-19, സിപിഐ-6, സിപിഎം-4) മത്സരിക്കും. ഇടതു പാർട്ടികൾക്കു നൽകിയ സീറ്റുകളിൽ ചിലത് ആർജെഡിയുടെ സിറ്റിങ് സീറ്റുകളാണ്. ആർജെഡിയുടെ ഈ അസാധാരണ നീക്കങ്ങൾക്കു പിറകിൽ ലാലു പ്രസാദ് യാദവിന്റെ ബുദ്ധിയാണു പ്രവർത്തിച്ചതെന്നു പറയുന്നു.

മുഖ്യമന്ത്രി നിതീഷ് കുമാർ, ജനസംഖ്യയുടെ 4% വരുന്ന കുർമി എന്ന ജാതിയിൽ നിന്നുള്ള ആളാണ്. പക്ഷേ, ആ ജാതിയിൽപെടാത്ത വലിയൊരു വിഭാഗം ആളുകളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. അതിനു കാരണം, അദ്ദേഹം അവരുടെ ഹിതമനുസരിച്ചു പ്രവർത്തിക്കുന്നു എന്നതാണ്. നിതീഷിന്റെ രാഷ്ട്രീയ അടിത്തറയിൽ വിള്ളലുണ്ടാക്കണമെങ്കിൽ മഹാദലിതുകളുടെയും മറ്റു പിന്നാക്ക ജാതികളുടെയും ഇടയിൽ സ്വാധീനമുള്ള മറ്റൊരു കക്ഷി വേണം. അവിടെയാണ് ഇടതു കക്ഷികളുടെ, പ്രത്യേകിച്ച് സിപിഐ എംഎലിന്റെ പ്രസക്തി. അവർ ഈ വിഭാഗങ്ങൾക്കു വേണ്ടി പോരാടുകയും ജന്മിത്തത്തിന്റെ തേർവാഴ്ചയെ ചെറുത്തുനിൽക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 50 മണ്ഡലങ്ങളിൽ അവർക്കു ഗണ്യമായ സ്വാധീനമുണ്ട്. ഹത്രസ് സംഭവം ഉൾപ്പെടെ താഴ്ന്ന ജാതിക്കാരിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. ഇതു വോട്ടാക്കി മാറ്റാൻ മഹാസഖ്യത്തിൽ ഇടതു കക്ഷികളുടെ സാന്നിധ്യം സഹായകമാകും. ബിഹാറിൽ വോട്ടു ബാങ്കുകൾ ഇല്ലാത്ത കക്ഷിയാണു കോൺഗ്രസ്; ആർജെഡി യാദവപാർട്ടിയും.

കഴിഞ്ഞ കുറച്ചു കൊല്ലമായി ഇടതുപാർട്ടികൾ ബിഹാറിൽ വീണ്ടും യുവാക്കളെ ആകർഷിച്ചു തുടങ്ങിയിരിക്കുന്നു. ജെഎൻയുവിൽ നിന്ന് ഇടതുരാഷ്ട്രീയം പഠിച്ചെത്തിയ കനയ്യകുമാറിനെ പോലുള്ളവർ നേതൃനിരയിലേക്ക് എത്തിയിരിക്കുന്നു. അദ്ദേഹം ഇത്തവണ മഹാസഖ്യത്തിന്റെ താരപ്രചാരകനായിരിക്കും. സിപിഐയുടെ വിദ്യാർഥിസംഘടനയായ എഐഎസ്എഫ്, സിപിഐ എംഎലിന്റെ വിദ്യാർഥിസംഘടനയായ എഐഎസ്എ എന്നിവയുടെ നേതാക്കളായ അര ഡസനോളം പേർക്ക് ഇടതുകക്ഷികൾ ഇത്തവണ ടിക്കറ്റ് കൊടുത്തിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ്, ബിഹാറിൽ ഇടതു കക്ഷികൾക്കു നഷ്ടപ്പെട്ടുപോയ ഊർജം വീണ്ടെടുക്കാനുള്ള അവസരം നൽകുന്നു.

ശാസ്ത്രത്തിൽ വിശ്വസിക്കുക

ജൂൺ 8 - 14 തീയതികളിൽ ആരോഗ്യവകുപ്പ് റാപ്പിഡ് ആന്റിബോഡി കിറ്റുകൾ ഉപയോഗിച്ചു സംസ്ഥാനത്തു സീറോ സർവേ നടത്തിയിരുന്നു. സമൂഹത്തിൽ എത്ര ശതമാനം ആളുകൾക്ക് അവരറിയാതെ തന്നെ (നിശ്ശബ്ദമായ) വൈറസ് ബാധയുണ്ടായി എന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി 9,483 ആളുകളെ പരിശോധിച്ചു. എന്നാൽ, ആന്റിബോഡി കിറ്റുകൾ ശരിക്കു പ്രവർത്തിക്കുന്നില്ല എന്നുപറഞ്ഞ് ഈ സർവേ നിർത്തിവച്ചു. അതിന്റെ ഫലം പുറത്തുവിടാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചു.

ഇപ്പോൾ, ഐസിഎംആർ ഓഗസ്റ്റ് മാസത്തിൽ നടത്തിയ രണ്ടാം റൗണ്ട് സീറോ സർവേയുടെ ഫലങ്ങൾക്കൊപ്പം, കേരളത്തിലെ ആരോഗ്യവകുപ്പ് ഇതുവരെ പരസ്യമാക്കാത്ത, ജൂൺ മാസത്തിലെ സീറോ സർവേയുടെ ഫലങ്ങളും പുറത്തു വിട്ടിരിക്കുന്നു. അതനുസരിച്ച്, സമൂഹത്തിലെ നിശ്ശബ്ദമായ രോഗബാധയുടെ തോത് 0.33% ആണ്. ഐസിഎംആർ മേയ് 28-23നു കേരളത്തിൽ നടത്തിയ ഒന്നാം സീറോ സർവേയിൽ കിട്ടിയതും ഈ കണക്കുതന്നെ. അതായത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ കേരളത്തിലെ ആകെ ജനസംഖ്യയിൽ ‘നിശ്ശബ്ദ വൈറസ് ബാധിതരായി’ 1.1 ലക്ഷം പേർ ഉണ്ടായിരുന്നു.

അതന്ന് ഞെട്ടിപ്പിക്കുന്ന വലിയ സംഖ്യയായിരുന്നു. അതുകൊണ്ടായിരിക്കാം ആ സർവേയുടെ ഫലങ്ങൾ ഉപയോഗിക്കാതിരുന്നത്. അഥവാ ആ സർവേ തെറ്റായിരുന്നു എങ്കിൽപോലും, അത്തരമൊരു അപകടസാധ്യത പരിഗണിച്ച് പരിശോധനകൾ വർധിപ്പിക്കൽ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാമായിരുന്നു. രോഗത്തെ കൂടുതൽ ഫലപ്രദമായി നേരിടാനുള്ള സുവർണാവസരം കേരളം പാഴാക്കിയോ എന്നതു ഭാവിയിൽ പഠനവിഷയമായിരിക്കും.

സർവേ നിർത്തിവച്ചതിനു പിന്നിൽ ശാസ്ത്രേതര കാരണങ്ങൾ ഇല്ലായിരുന്നുവെന്നു പ്രതീക്ഷിക്കുന്നു. ശാസ്ത്രത്തെ അവഗണിച്ച് രാഷ്ട്രീയ തീരുമാനങ്ങൾ അടിച്ചേൽപിക്കുമ്പോൾ രോഗവ്യാപനം കൂടും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് യുഎസ്. അവിടത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ, പ്രസിഡന്റ് ട്രംപിനോടു പറഞ്ഞത് ഇവിടെ ആവർത്തിക്കുന്നു, ‘ശാസ്ത്രത്തിൽ വിശ്വസിക്കുക.’

സ്കോർപ്പിയൺ കിക്ക്: ജോസ് കെ.മാണി പോകുന്നത് മുങ്ങുന്ന കപ്പലിലേക്കെന്ന് രമേശ് ചെന്നിത്തല.

പൊന്തിക്കിടക്കാനുള്ള കഴിവ് വേണ്ടുവോളം പ്രദർശിപ്പിച്ചിട്ടുള്ള കേരള കോൺഗ്രസ് കക്ഷികൾ ഇതുകേട്ടു പേടിക്കുമെന്നു തോന്നുന്നില്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com