ADVERTISEMENT

ദർശനപുണ്യത്തിന്റെ മണ്ഡലകാലം ഒരു മാസം അരികെയെത്തിരിക്കുന്നു. നവംബർ 15നാണു മണ്ഡല – മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത്. ലോകത്തെ ആശങ്കാകുലമാക്കുന്ന കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ മണ്ഡലകാലമെത്തുന്നത്. 

കോവിഡ് സാഹചര്യത്തിൽ ഈ മണ്ഡലകാലത്തു ദർശനം സാധ്യമാകുമോ എന്ന ആശങ്ക പരക്കെയുണ്ടായിരുന്നു. എന്നാൽ, സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്തർക്കു പ്രവേശനം അനുവദിക്കാമെന്നാണു സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, തീർഥാടകരുടെ ആരോഗ്യസുരക്ഷയ്ക്കു മുൻഗണന നൽകേണ്ടതുണ്ട്. 

തുലാമാ‌സ പൂജയ്ക്കു സന്നിധാനത്തേക്കു തീർഥാടകരെ പ്രവേശിപ്പിച്ചുതുടങ്ങി. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണു തീർഥാടകരെത്തുന്നത്. ദിവസം 250 പേർക്കാണ് ഇപ്പോൾ ദർശനാനുമതി. തീർഥാടനകാലത്ത് ശനി, ഞായർ ദിവസങ്ങളിൽ 2000 പേരെ വീതവും മറ്റു ദിവസങ്ങളിൽ 1000 പേരെ വീതവും അനുവദിക്കും. മകരവിളക്കിനോടനുബന്ധിച്ചു പ്രതിദിനം 5000 പേർക്കു ദർശനാനുമതി നൽകാനാണ് ആലോചന. സാധാരണഗതിയിൽ മണ്ഡല – മകരവിളക്കു കാലത്ത് ദിവസം ശരാശരി ഒരുലക്ഷം പേർ ദർശനം നടത്തിയിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾ എന്നതു ശ്രദ്ധേയമാണ്. 

തിരക്കേറിയ സമയത്ത് മിനിറ്റിൽ 85 പേർ പതിനെട്ടാം പടി കയറുന്നുവെന്നാണ് പൊലീസിന്റെ പക്കലുള്ള കണക്ക്. ചുരുങ്ങിയത് ഇത്രയും പേർ ഈ സമയത്തിനുള്ളിൽ പതിനെട്ടാം പടി കയറിയാൽ മാത്രമേ മണിക്കൂറുകൾ കാത്തുനിൽക്കുന്ന ഭക്തലക്ഷങ്ങൾക്കു ദർശനം നടത്താൻ സാധിക്കുമായിരുന്നുള്ളൂ. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഇത്തവണ ശബരിമല വരുമാനത്തിലും ഭീമമായ കുറവുണ്ടാക്കും. ശബരിമലയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡും മറ്റു ക്ഷേത്രങ്ങളും കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങുന്നതും സർക്കാർ തിരിച്ചറിയേണ്ടതുണ്ട്. 

വെർച്വൽ ക്യൂ വഴി റജിസ്റ്റർ ചെയ്തു വരുന്നവർ മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. അതിനു മുൻപുള്ളതാണെങ്കിൽ നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തേണ്ടതുണ്ട്. 10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് ദർശനത്തിന് അനുമതി ഇല്ലെന്നതു പ്രത്യേകം ശ്രദ്ധിക്കണം. 

അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കാര്യമായ ഒരുക്കങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ തീർഥാടനമെന്നതു വലിയ പോരായ്മയായി അവശേഷിക്കുന്നു. ഓഗസ്റ്റിൽ ഉണ്ടായ അതിശക്തമായ മഴയിൽ ശബരിമലയിലേക്കുള്ള പ്രധാന പാത അട്ടത്തോടിനും ചാലക്കയത്തിനുമിടയ്ക്ക് ഇടിഞ്ഞുതാണ് അപകടാവസ്ഥയിലായതിനാൽ ഭാരവാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് ബലപ്പെടുത്തുന്നതിനായി 1.70 കോടി രൂപയുടെ കരാർ നൽകിയെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. കല്ല്, കമ്പി, മെറ്റൽ, മണൽ, സിമന്റ് തുടങ്ങിയവയുമായി വരുന്ന വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്തതിനാലാണു നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നത്. റോഡ് പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തമിഴ്ന‍ാട്ടിൽനിന്നുള്ളവരടക്കം ഒട്ടേറെ തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതയായ പുനലൂർ - പൊൻകുന്നം റോഡും തീർഥാടനം തുടങ്ങും മുൻപു സഞ്ചാരയോഗ്യമാക്കണം.

കോവിഡ് പശ്ചാത്തലത്തിൽ, തീർഥാടകർക്ക് ആരോഗ്യസുരക്ഷയും സുഗമദർശനവും ഒരുക്കേണ്ടതുണ്ട്. മണ്ഡലകാലമാവുമ്പോഴേക്കും ശബരിമലയിലെ സൗകര്യങ്ങൾ പൂർണസജ്ജമായേതീരൂ. 

English Summary: Sabarimala season - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com