പിളർപ്പ് തെറ്റല്ല, ഒരുമിച്ചു നിൽക്കണമെന്ന് യച്ചൂരി; നൂറിന്റെ നിറവിൽ കമ്യൂണിസ്റ്റ് പാർട്ടി

SHARE

ന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് 100 വർഷം തികയ്ക്കുകയാണ്. 1920 ഒക്ടോബർ 17ന് അന്നത്തെ സോവിയറ്റ് യൂണിയനിൽ തുടക്കമിട്ട പ്രസ്ഥാനം പിന്നീട് സഞ്ചരിച്ച ഒരു നൂറ്റാണ്ട്... സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സക്കറിയയും ‘മനോരമ’യ്ക്കു വേണ്ടി വിഡിയോ കോൺഫറൻസിൽ നടത്തിയ ദീർഘസംഭാഷണത്തിന്റെ പൂർണരൂപം....
തയാറാക്കിയത് ജോമി തോമസ്.

സീതാറാം യച്ചൂരി: എങ്ങനെയാണു താങ്കൾ എന്നെ ചോദ്യം ചെയ്യാൻ പോകുന്നത്?

സക്കറിയ: പതിവു കാര്യങ്ങളൊക്കെ മാത്രം. ഞാനതിനു തയാറെടുത്തിട്ടുണ്ടെന്നു മാത്രം.കാരണം ‍ഞാനൊരു എഴുത്തുകാരൻ മാത്രമാണ്, രാഷ്ട്രീയക്കാരനല്ല.

യച്ചൂരി: അതാണ് എന്റെ ഭയം.

സക്കറിയ: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിറന്നിട്ട് 100 വർഷം തികയുന്നു. ഒപ്പം, ബിജെപി ക്ക് ഈ വർഷം 40 വയസ്സാവുന്നു. കോൺഗ്രസ് തനിച്ചും സഖ്യകക്ഷികളുമായൊക്കെ 6 ദശകം ഇന്ത്യ ഭരിച്ചു – അവർ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നതുകൊണ്ടും ഗാന്ധി – നെഹ്റു പാരമ്പര്യവും ഒക്കെക്കൊണ്ടാവാം. ബിജെപിക്ക് ഇത്തരത്തിൽ ഒന്നുംതന്നെ ഇല്ലായിരുന്നു. ഇക്കാലമത്രയും ഇടതുപക്ഷം ഇവിടെയുണ്ടാ യിരുന്നു. ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ടാണ് നരേന്ദ്ര മോദി ഇപ്പോൾ നമ്മെ ഭരിക്കുന്നത്? എന്തുകൊണ്ട് നിങ്ങളിലൊരാളല്ല?

Sitaram Yechuri, Zacharia

യച്ചൂരി: ബിജെപിക്കു 40 വയസ്സേ ആയിക്കാണൂ. എന്നാൽ, ബിജെപി പഴയ ജനസംഘിന്റെ മറ്റൊരു അവതാരമാണ്. ആർഎസ്എസ് ഉണ്ടായിട്ട് 95 വർഷമായി. ജനസംഘും ഹിന്ദു മഹാസഭയും ബിജെപിയുമൊക്കെ അതിന്റെ രാഷ്ട്രീയ മുന്നണികളാണ്. അപ്പോൾ, ബിജെപി പെട്ടെന്നു പൊട്ടിമുളച്ച് വിജയിച്ചതല്ല. സ്വാതന്ത്ര്യ പ്രസ്ഥാനമെടുത്താൽ, 1920 കളിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായി, 1925 ൽ ഐക്യ സമ്മേളനം നടന്നു, ഇന്ത്യൻ മണ്ണിൽ പ്രവർത്തനം തുടങ്ങി. 1925 ൽ ആർഎസ്എസ് സ്ഥാപിക്കപ്പെട്ടു. 1928 ൽ കോൺഗ്രസ് മോത്തിലാൽ നെഹ്റു കമ്മിഷൻ രൂപീകരിച്ചു – സ്വതന്ത്ര ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയിരിക്കണമെന്ന ധാരണയോടെ. കമ്യൂണിസ്റ്റുകൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു: ഞങ്ങൾ മതനിരപേക്ഷ ജനാധിപത്യമെന്നതിനെ ചോദ്യം ചെയ്തില്ല. ഇപ്പോഴും മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് ഞങ്ങളുടേതാണ്.

രാഷ്ട്രീയ സ്വാതന്ത്ര്യത്തെ സാമ്പത്തിക സ്വാതന്ത്ര്യവുമാക്കി മാറ്റണമെന്നാണ് ഞങ്ങൾ വാദിച്ചത്. അതായത്, സോഷ്യലിസം – സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം. ഇവയ്ക്കു വിരുദ്ധമായി ഇതേ കാലയളവിൽ മറ്റൊരു കാഴ്ചപ്പാട് ഉയർന്നുവന്നു– രാജ്യത്തിന്റെ സ്വഭാവം നിർണയിക്കേണ്ടത് ജനങ്ങളുടെ മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അതു പ്രകടമായത് രണ്ടു തരത്തിലാണ് – അങ്ങനെയാണ് മുഹമ്മദ് അലി ജിന്ന നയിച്ച മുസ്‌ലിം ലീഗ് ഉണ്ടാകുന്നത് – ഒടുവിൽ പാക്കിസ്ഥാനെന്ന ഇസ്‌ലാമിക രാഷ്ട്രവുമായി. ഹിന്ദു രാഷ്ട്ര സങ്കൽപം ആർഎസ്എസ് മുന്നോട്ടുവച്ചു. ദേശീയ പ്രസ്ഥാനം അതിനെ അംഗീകരിച്ചതുമില്ല. അത് ഗാന്ധിവധമെന്ന നിർഭാഗ്യസംഭവത്തിലേക്കു നയിച്ചു.

ഇന്ത്യയിൽ രണ്ടു രാഷ്ട്രമെന്ന സിദ്ധാന്തം ആദ്യം പറയുന്നത് വി.ഡി.സവർക്കറാണ്. അവരുടെ ചരിത്രത്തിനും കമ്യൂണിസ്റ്റ് പാർട്ടിയോളം തന്നെ പഴക്കമുണ്ട്. ആർഎസ്എസിനു മുൻപുതന്നെ അവർ ഹിന്ദു മഹാസഭയിലൂടെ മുന്നോട്ടുവച്ചത് ഇന്ത്യയിൽത്തന്നെ ഇസ്‌ലാമിക രാഷ്ട്രം, ഹിന്ദു രാഷ്ട്രം എന്നിങ്ങനെ രണ്ടെണ്ണമാണ്. ഹിന്ദുത്വ എന്ന പ്രയോഗവും സവർക്കറുടേതാണ്. അന്നു മുതൽ തുടങ്ങിയതും ഇപ്പോൾ തുടങ്ങിയതുമായ പോരാട്ടമാണ്. സ്വാതന്ത്ര്യത്തിനുശേഷം അവർക്ക് ഇസ്‌ലാമിക രാഷ്ട്രത്തിനു ബദലായി ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ സാധിക്കാതെ വന്നപ്പോൾ എല്ലാവരും കരുതി ആ കാഴ്ചപ്പാട് പരാജയപ്പെട്ടെന്ന്. എന്നാൽ, അവർ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനു പകരമായി ഫാഷിസ്റ്റിക് മതരാഷ്ട്രം സാധ്യമാക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു.

സക്കറിയ: അതിലേക്കു വരാം. പക്ഷേ, എന്റെ ചോദ്യം അതല്ല. നിങ്ങൾ കമ്യൂണിസ്റ്റുകൾ മുന്നോട്ടുവച്ചത് ഏറെ മൗലികമായ കാഴ്ചപ്പാടാണ്. മതനിരപേക്ഷതയും ജനാധിപത്യവും മാത്രമല്ല, സാമ്പത്തിക വികസനവും അതിലുൾപ്പെട്ടു. ആർഎസ്എസും കൂട്ടാളികളും ഹാനികരമായ പ്രത്യയശാസ്ത്രം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, നിങ്ങളതിനെ നേരിടാൻ ശ്രമിച്ചില്ല, അതോ, നിങ്ങളത് അറിഞ്ഞില്ലേ? പ്രത്യേകിച്ചും, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ.

യച്ചൂരി: ഞങ്ങൾക്കത് അറിയാമായിരുന്നു. തുടക്കം മുതലേ അതേക്കുറിച്ചു പറയുന്നതുമാണ്. അതിനെതിരെ പോരാടുന്നതുമാണ്. അതുകൊണ്ടാണ് വർഗീയ വൈറസിനുള്ള മറുമരുന്നെന്നോണം ഞങ്ങൾ ചൂഷിതരുടെ ഐക്യത്തെക്കുറിച്ചു പറഞ്ഞത്; 1922 മുതൽ തന്നെ. ഇപ്പോഴുമതു പറയുന്നു. വാസ്തവത്തിൽ, താങ്കൾ ചോദിക്കാൻ ഉദ്ദേശിച്ചത് ഇതാവാം: അവർ വിജയിച്ചു, എന്തുകൊണ്ടു ഞങ്ങൾക്കതു സാധിച്ചില്ല.

സക്കറിയ: അതുതന്നെ, ചോദ്യം ലളിതമാണ്. എന്തുകൊണ്ട് നിങ്ങൾക്കതു സാധിച്ചില്ല? ഇന്ത്യയിലെ സാഹചര്യം നോക്കുമ്പോൾ അത് ആദ്യമേ സംഭവിക്കേണ്ടതല്ലായിരുന്നോ?

യച്ചൂരി: മാർക്സിസം സർഗാത്മകമായ ശാസ്ത്രമാണ്. അതൊരു സൂത്രവാക്യമോ പ്രമാണമോ അല്ല. അടിസ്ഥാന തത്വമിതാണ്: മൂർത്തമായ സാഹചര്യത്തിന്റെ മൂർത്തമായ വിശകലനം. മൂർത്തമായ സാഹചര്യം ശരിയായി വിലയിരുത്താൻ സാധിച്ചില്ലെങ്കിൽ തെറ്റു പറ്റും. ശരിയായി വിശകലനം ചെയ്തില്ലെങ്കിലും െതറ്റു പറ്റും. അതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ചത്. അതു ഞങ്ങൾ സമ്മതിച്ചേ പറ്റൂ. 1950 കൾ മുതലേ ഉണ്ടായിരുന്ന വിഷയമാണിത്. എന്താണ് ഇന്ത്യൻ ഭരണവർഗത്തിന്റെ സ്വഭാവം? ആരാണവർ? ഒരു കൂട്ടർ പറഞ്ഞു, പുരോമഗന നിലപാടുള്ള ബൂർഷ്വകളെന്ന്. അത് അവരുമായി ഒത്തുപോകുന്നതും സഹകരണത്തിന്റേതുമായ നിലപാടായിരുന്നു. സിപിഐയുടെ കാര്യമാണത്. മറ്റൊരു കൂട്ടർ പറഞ്ഞു: ഭരണവർഗം സാമ്രാജ്യത്വശക്തികളുടെ പാവകൾ മാത്രമാണ്, അവർക്കു സാമൂഹിക അടിത്തറയില്ല, അവരെ പുറത്താക്കാൻ എളുപ്പമാണ് – ജനത്തിന് ആയുധം നൽകിയാൽ മാത്രം മതി. അങ്ങനെയാണ് ‘പീപ്പിൾസ് വാർ’ മുദ്രാവാക്യം വരുന്നത് – അന്നത്തെ നക്സലുകളും ഇന്നത്തെ മാവോയിസ്റ്റുകളും. പിന്നെ, സിപിഎമ്മിന്റെ നിലപാട്: ബൂർഷ്വാ – ഭൂപ്രഭു കൂട്ടുകെട്ടിന്റേതാണ് ഭരണം.

CPM-CPI-flags

ഈ നിലപാടുകൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്നതകളും വിള്ളലുകളുമുണ്ടാക്കി. ഈ ഭിന്നതകൾ പ്രസ്ഥാനത്തിനു ദോഷം ചെയ്തോ? ഏറെ പിന്നീട് സിപിഎം രൂപീകരണത്തിനു കാരണമായ ശരിയായ വിലയിരുത്തലും വിശകലനവും സംഭവിച്ചില്ലായിരുന്നെങ്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനംതന്നെ പൂർണമായി പാർശ്വവത്കരിക്കപ്പെടുമായിരുന്നു; ഇപ്പോൾ സംഭവിച്ചിരിക്കുന്നതിനേക്കാൾ വലിയ തോതിൽ. അടിയന്തരാവസ്ഥയ്ക്കുശേഷം ബംഗാളിലും കേരളത്തിലും ത്രിപുരയിലും ഇടതു സർക്കാർ സാധ്യമായത് സിപിഎം കാരണമാണ്, രാജ്യത്തെതന്നെ മൂന്നാമത്തെ വലിയ കക്ഷിയുമായി. ആ ശരിയായ വിലയിരുത്തലാണ് ഇത്തരത്തിൽ ഇടം ലഭിക്കാനും വളർച്ചയ്ക്കും സഹായിച്ചത്. ഈ 100 വർഷത്തിനിടെ ചൈനയിലൊരു കമ്യൂണിസ്റ്റ് പാർട്ടിയുണ്ടായി, ഇന്ത്യയിലെ പാർട്ടിയുണ്ടായി ഒരു വർഷത്തിനുശേഷം, 1921ൽ. 1949 മുതൽ അവർ സോഷ്യലിസ്റ്റ് രാജ്യമാണ്.

സക്കറിയ: എന്നെപ്പോലെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ സുഹൃത്തുക്കൾക്ക് ഇതൊരു പ്രഹേളികയാണ്.

യച്ചൂരി: ശരിയാണ്. പക്ഷേ, ഇതാണ് യാഥാർഥ്യം.

സക്കറിയ: കോൺഗ്രസിനും ബിജെപിക്കും സാധിച്ചതുപോലെ, ഇന്ത്യൻ രാഷ്ട്രത്തെ മൊത്തത്തിൽ അഭിമുഖീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കു സാധിച്ചില്ല. അല്ലെങ്കിൽ അതിനു മടിക്കുകയോ തയാറാകാതിരിക്കുകയോ ചെയ്തു. ഉദാഹരണത്തിന്, ജാതിയെന്ന പ്രശ്നം – ജാതി എങ്ങനെ വർഗമായി എന്നത്, വൈവിധ്യമാർന്ന ഇന്ത്യയെ മൊത്തത്തിൽ അഭിമുഖീകരിക്കാനുള്ള ആ അമാന്തം, ഇടതിന് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്യുമ്പോൾ ആ അവസരം മുതലാക്കാതിരിക്കുക!. അപ്പോൾ, ഒരു പൗരനെന്ന നിലയ്ക്ക് എന്റെ ചോദ്യമിതാണ്: നരേന്ദ്ര മോദിയുടെ ഇന്ത്യയിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒരു ദിവസത്തേക്കെങ്കിലും ഒരു കമ്യൂണിസ്റ്റ് പ്രധാനമന്ത്രി എന്നതുതന്നെ വിപ്ലവമാകില്ലായിരുന്നോ?

യച്ചൂരി: തുടക്കം മുതലേ കമ്യൂണിസ്റ്റുകൾക്ക് വ്യക്തതയുള്ള കാര്യമിതായിരുന്നു: ഇന്ത്യയിൽ ജാതിയും വർഗവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന സാഹചര്യമില്ല. ജാതി, വർഗങ്ങൾ വേർതിരിഞ്ഞു നിൽക്കുന്നില്ല. ചൂഷിത വർഗങ്ങളിൽ മിക്കതുംതന്നെ വരുന്നത് ഏറ്റവും അടിച്ചമർത്തപ്പെട്ട ജാതികളിൽനിന്നാണ്. ഇന്നും 80% കർഷകത്തൊഴിലാളികളും ദലിതരോ പിന്നാക്ക, പാർശ്വവത്കൃത വിഭാഗങ്ങളോ ആണ്. അപ്പോൾ, ജാതിയും വർഗവും വേർതിരിയാത്ത അവസ്ഥയാണ്. ഇന്ത്യയിൽ വർഗസമരം രണ്ടു കാലുകളിലാണ് നിൽക്കുന്നത് – സാമ്പത്തിക ചൂഷണം, സാമൂഹിക അടിച്ചമർത്തൽ. രണ്ടും ഒരുമിച്ച് അഭിമുഖീകരിക്കാതെ മുന്നോട്ടുപോകാനാവില്ല. ഞാൻ സമ്മതിക്കുന്നു, ഞങ്ങൾ പ്രയോഗത്തിൽ കൂടുതൽ ഊന്നൽ നൽകിയത് സാമ്പത്തിക ചൂഷണമെന്ന പ്രശ്നത്തിലാണ്. എന്നാൽ, കഴിഞ്ഞ രണ്ടു പാർട്ടി കോൺഗ്രസുകളിലായി ഞങ്ങൾ രണ്ടു കാര്യങ്ങളിലും ഒരേ പോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു – 2015 ൽ ഞങ്ങളിതു ശക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സാമൂഹികമായ അടിച്ചമർത്തലും വർഗ ചൂഷണവും എടുത്തുപറഞ്ഞുള്ള പ്രവർത്തനമാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതു നടപ്പാക്കുന്നതിലെ പോരായ്മകളുണ്ട്.

ജ്യോതി ബസുവിന്റെ വിഷയമെടുത്താൽ, ഞങ്ങൾക്ക് പെട്ടെന്ന് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്യപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ഈ വിഷയത്തിൽ പാർട്ടിയിൽ വലിയ തോതിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. പാർട്ടിക്കു മുന്നിലുള്ള പ്രശ്നമിതായിരുന്നു: ഞങ്ങൾക്ക് പാർലമെന്റിലുള്ളത് 32 പേർ മാത്രമാണ്. ഭൂരിപക്ഷത്തിനും സർക്കാരുണ്ടാക്കാനും 272 പേർ വേണം. അപ്പോൾ സ്വാഭാവികമായും കൂട്ടുകക്ഷി സർക്കാരാവും. പാർട്ടിയുടെ ശക്തി 32 മാത്രമാവും. ഈ 32 വച്ചുകൊണ്ട്, പ്രക‍ടനപത്രികയിൽ ജനത്തിനു പാർട്ടി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാവുമോ? ഇല്ലെങ്കിൽ, പ്രധാനമന്ത്രി വാഗ്ദാനം നടപ്പാക്കുന്നില്ലെന്നും അതു വഞ്ചനയെന്നും ജനം കരുതും. മറ്റൊരു പ്രശ്നം, ഞങ്ങളുൾപ്പെടുന്ന സഖ്യത്തിലെ 240 പേർ. അവരുടെ അജൻഡകളെ ഞങ്ങൾ എതിർക്കുന്നതാണ്. അപ്പോൾ, ജ്യോതി ബസു പ്രധാനമന്ത്രിയെന്ന നിലയിൽ ആ അജൻഡകൾ നടപ്പാക്കുന്നതും ജനവഞ്ചനയാവും.

മറുവശത്ത്, ജ്യോതി ബസു പ്രധാനമന്ത്രിയായാൽ, സോവിയറ്റ് യൂണിയന്റെ പതനശേഷം ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെന്ന് ലോകത്തിനു മുന്നിൽ എടുത്തുകാട്ടാനാവും. അത് രാജ്യാന്തരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉത്തേജകമാവും. ഒപ്പം, ഇടത് അജൻഡ ജനത്തിനു മുന്നിൽ വയ്ക്കാനുള്ള അവസരവും ലഭിക്കും. അതു നടപ്പാക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല, അതിനാൽ കൂടുതൽ ഭൂരിപക്ഷം തരിക എന്നു പറയാനാവും. ഇതായിരുന്നു ഭിന്നത. പ്രധാനമന്ത്രിപദം സ്വീകരിക്കേണ്ടതില്ലെന്നു കേന്ദ്ര കമ്മിറ്റി തീരുമാനിച്ചശേഷം വിഷയം പാർട്ടി കോൺഗ്രസിനു മുന്നിലെത്തി. ചർച്ച നടന്നു. വോട്ടെടുപ്പുണ്ടായി. ഒടുവിൽ ഞങ്ങൾ തീരുമാനിച്ചു: ഇനി അങ്ങനെയൊരു അവസരം വന്നാൽ, എപ്പോഴെങ്കിലും വരുമെങ്കിൽ, സർക്കാരിന്റെ നയത്തെ എത്രത്തോളം സ്വാധീനിക്കാനാവും എന്നതു കണക്കിലെടുത്തു തീരുമാനമെടുക്കണം.

സക്കറിയ: നിങ്ങൾ ഒരർഥത്തിൽ, അത്രകണ്ടു ‘മാക്കിയവെല്യൻ’ അല്ലായിരുന്നുവെന്നു പറയണം.

യെച്ചൂരി: അതേ, അതാണു പ്രശ്നം. അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകൾ വളരെ സത്യസന്ധരാണ്.

സക്കറിയ: തിരിച്ചടിക്കുന്നതരം സത്യസന്ധത! ഇന്ത്യൻ ദേശീയതയുടെ ചാലകശക്തികളെ തിരിച്ചറിയുന്നതിൽ മാർക്സിസം – ലെനിനിസം പരാജയപ്പെട്ടുവെന്നു പറഞ്ഞാൽ താങ്കൾ അതു സമ്മതിക്കുമോ? മോസ്കോയിൽനിന്നും മറ്റും ഇന്ത്യയിലേക്കു വന്ന മാർക്സിസം. മാർക്സിസത്തിന്റെ അടിസ്ഥാന ഭൂമികയായിരുന്ന യൂറോപ്പിൽ വ്യാവസായിക മുതലാളിത്തവും ഫ്യൂഡലിസവുമാണുണ്ടായിരുന്നത്. ആകെ ഒരു മതവും. ഇവിടെ സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു. ബ്രിട്ടിഷുകാർക്ക് ഇന്ത്യയിലെ സങ്കീർണതകളെ മനസ്സിലാക്കാൻ നിങ്ങളെക്കാൾ ഏറെ നന്നായി സാധിച്ചു?

Sitaram-Yechury-and-Zacharia
സീതാറാം യച്ചൂരി, സക്കറിയ

യച്ചൂരി: അവർ, താങ്കൾ നേരത്തേ പറഞ്ഞപോലെ, ഏറെ ‘മാക്കിയവെല്യൻ’ ആയിരുന്നു; ഈ സങ്കീർണതകൾ ഉപയോഗിക്കുന്നതിലും ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കലയെ തികവുറ്റതാക്കുന്നതിലും. ഭിന്നിപ്പിച്ചു ഭരിക്കാൻ വൈവിധ്യങ്ങളെ ഉപപയോഗിച്ചു. എന്താണ് ഈ ഇന്ത്യൻ ദേശീയത എന്നൊരു ചോദ്യമുണ്ട്. എങ്ങനെയാണ് അതിനെ നിർവചിക്കുക? ഇപ്പോൾ നമ്മൾ രണ്ടാളും വിദേശത്തു പോയാൽ, നമ്മൾ ഇന്ത്യക്കാരാണ്. മടങ്ങിയെത്തിക്കഴിഞ്ഞാൽ താങ്കൾ മലയാളിയും ഞാൻ തെലുങ്ക് സംസാരിക്കുന്നയാളുമാണ്. താങ്കൾ കേരളത്തിലെത്തിയാൽ തെക്കൻ കേരളത്തിലെയോ മധ്യകേരളത്തിലെയോ വടക്കൻ കേരളത്തിലെയോ ആളാവും. ഞാൻ ആന്ധ്രയിൽ പോയാൽ, തീരപ്രദേശത്തെയോ തെലങ്കാനയിലെയോ നൈസാമിന്റെ പ്രവിശ്യകളിലെയോ ആളാവും. അപ്പോൾ നമുക്കു പല സ്വത്വങ്ങളുണ്ട്.
ദേശീയതയെക്കുറിച്ചു പറയുമ്പോൾ ഇന്ത്യൻ ദേശീയതയുണ്ട്, ഹിന്ദു ദേശീയതയുണ്ട്, ഇസ്‌ലാമിക ദേശീയതയുണ്ട്, ഇടുങ്ങിയ ചിന്താഗതിയുടെ ദേശീയതയുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയെക്കുറിച്ചു പറയുന്നതിൽ കമ്യൂണിസ്റ്റുകൾ എന്നും മുന്നിലായിരുന്നു. അതാണ് ഒടുവിൽ, ആധുനികകാലത്ത് ‘ഇന്ത്യയെന്ന ആശയം’ എന്നതിലേക്കു വന്നിട്ടുള്ളത്.

സങ്കീർണതകൾ ഞങ്ങൾക്കു മനസ്സിലായില്ല എന്നല്ല; മനസ്സിലായി. അതുകൊണ്ടല്ലേ ഞങ്ങൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്കായി സമരം ചെയ്തത്? നിങ്ങളുടെ ഐക്യകേരള വാദം – കമ്യൂണിസ്റ്റ് നേതാക്കൾ അതിന്റെ മുൻനിരയിലുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ സംയുക്ത മഹാരാഷ്ട്രവാദികളുടെ മുൻനിരയിൽ എസ്.എ.ഡാങ്കേ ഉണ്ടായിരുന്നു. തെലുങ്കു സംസാരിക്കുന്നവരുടെ സംസ്ഥാനത്തിനായുള്ള നിരാഹാര സമരത്തിലാണ് പൊട്ടി ശ്രീരാമലു മരിക്കുന്നത്. വിശാലാന്ധ്ര എന്ന ആശയംവച്ചത് പി.സുന്ദരയ്യയാണ് – സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി. എന്തുകൊണ്ടാണ് ഞങ്ങൾ ഈ നിലപാടെടുത്തത്? ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കുന്നതുകൊണ്ട്. ഇന്ത്യൻ ദേശീയത കെട്ടിപ്പടുക്കണമെങ്കിൽ, അതിന്റെ അടരുകൾ മനസ്സിലാക്കണം. ഞങ്ങൾക്ക് അത് മനസ്സിലാവുന്നുണ്ടായിരുന്നു. ആ വ്യത്യസ്തതകളെ ഭരണത്തിനായി ഉപയോഗിച്ചില്ലെന്നേയുള്ളു. ആ അർഥത്തിൽ, ഞങ്ങൾ വളരെ സത്യസന്ധരായിരുന്നു.

സക്കറിയ: ബിജെപിക്ക് മത സ്വത്വമുപയോഗിച്ച് അതിനെയെല്ലാം കവച്ചുവയ്ക്കാൻ സാധിച്ചു?

യച്ചൂരി: അതായിരുന്നു തുടക്കം മുതലേ ആർഎസ്എസിന്റെ അടിത്തറ. ഹിന്ദുവും ഹിന്ദുരാഷ്ട്രവും ഹിന്ദുദേശീയതയും മാത്രം.

സക്കറിയ: രാഷ്ട്രമെന്ന ആശയം– വൈവിധ്യത്തിൽ ഏകത്വമെന്ന നെഹ്റൂവിയൻ ആശയം,ഇന്ത്യയെ മൊത്തമായി ഉൾക്കൊള്ളുന്ന രാഷ്ട്രസങ്കൽപം – അതിനെ വിശ്വാസയോഗ്യമായ രീതിയിൽ അവതിരിപ്പിക്കുന്നതിൽ നിങ്ങൾക്കു പരാജയം സംഭവിച്ചുവെന്നാണോ? എവിടെയെങ്കിലും തെറ്റുപറ്റിയോ? ആ സമയത്ത് നിങ്ങളുടെ പോരാട്ടം കോൺഗ്രസിനോടായിരുന്നു, ബിജെപിയോടല്ല.

യച്ചൂരി: ഇന്ത്യയെ മൊത്തമായി ഉൾക്കൊണ്ടുള്ള ദേശീയതയെന്നത് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഉള്ളടങ്ങുന്ന ഘടകമായിരുന്നു. കമ്യൂണിസ്റ്റുകളും അതിന്റെ ഭാഗമായിരുന്നു. എ.കെ.ഗോപാലൻ 1947 ഒാഗസ്റ്റ് 15നു ദേശീയ പതാക ഉയർത്തിയത് വെല്ലൂർ സെൻട്രൽ ജയിലിലാണ്. ഇന്ത്യൻ ദേശീയതയ്ക്കാണ് ദേശീയ പ്രസ്ഥാനം വാദിച്ചത്, ഹിന്ദു ദേശീയതയ്ക്കും ഇസ്‌ലാമിക ദേശീയതയ്ക്കും വിരുദ്ധമായി. ഞങ്ങളും അതിന്റെ ഭാഗമായിരുന്നു. ഞങ്ങൾ സാമ്പത്തിക കാര്യങ്ങൾക്ക് ഊന്നൽ നൽകി. കോൺഗ്രസുമായുള്ള ഭിന്നത അക്കാര്യത്തിലായിരുന്നു.

സക്കറിയ: ഇന്ത്യൻ ദേശീയതയുടെ ശരിയായ പ്രതിനിധികളെന്നു സ്വയം അവതരിപ്പിക്കാൻ കോൺഗ്രസിനു സാധിച്ചു?

യച്ചൂരി: അവർ താങ്കൾ നേരത്തെ പറഞ്ഞതുപോലെ, ‘മാക്കിയവെല്യൻ’ ആയിരുന്നു. ആവഡി കോൺഗ്രസിൽ അവർ പറഞ്ഞത് ജനാധിപത്യത്തിലൂടെയുള്ള സ്ഥിതിസമത്വത്തെക്കുറിച്ചാണ്. സമ്പദ്‌വ്യവസ്ഥയുടെ ഉന്നതശൃംഗങ്ങളായി അവതിരിപ്പിക്കപ്പെട്ട പൊതുമേഖല, സോവിയറ്റ് ആസൂത്രണ രീതിയിൽനിന്നുള്ള ആശയമായിരുന്നു. അത്തരത്തിലൊക്കെ വാചകമടിക്കുമ്പോഴും വാസ്തവത്തിൽ അവർ മുതലാളിത്തം കെട്ടിപ്പടുക്കുകയായിരുന്നു. ബൂർഷ്വാ നേതൃത്വത്തിൽ അതാണു സംഭവിക്കുക, അവരാണു ഭരണവർഗം. അതായിരുന്നു അവരുടെ അജൻഡ. അതുകൊണ്ടാണ് ഞങ്ങൾക്ക് ഭിന്നതയുണ്ടായത്.

സക്കറിയ: ഇപ്പോൾ, ദേശീയതലത്തിൽ ഒരു പാർട്ടിക്കും തനിച്ച് ബിജെപിയെ തോൽപിക്കാനാവാത്ത സ്ഥിതിയാണ്. ജനാധിപത്യത്തിനും ഇന്ത്യൻ രാഷ്ട്രസങ്കൽപത്തിനും എന്തു സംഭവിക്കുമെന്ന ചോദ്യമുയരുമ്പോഴും എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപിയെ തോൽപിക്കാനെന്നോണം ഒരുമിച്ചു നിൽക്കാൻ സാധിക്കാത്തത്? അല്പം നഷ്ടങ്ങളൊക്കെ വേണ്ടിവരുമെങ്കിലും എന്തുകൊണ്ട് കമ്യൂണിസ്റ്റുകൾക്ക് ഒരുമിക്കാനാവുന്നില്ല?

യച്ചൂരി: പ്രതിപക്ഷ പാർട്ടികൾ തമ്മിൽ മൗലികമായ ഭിന്നതകളുണ്ട്. അവയെ മറികടക്കുക വലിയ പ്രയാസമാണ്. നേരത്തേ ഞങ്ങളതു ചെയ്തിട്ടുണ്ട്. 1996ലും 2004ലും. ഇനിയും ചെയ്യാനാവും. എന്നാൽ, ഭിന്നതകൾ നിലനിൽക്കുന്നു. അത് അംഗീകരിക്കേണ്ടതുണ്ട്. പ്രതിപക്ഷ ഐക്യമുണ്ടാക്കുന്നതിനുള്ള ഒരു മാർഗം കഴിഞ്ഞ ആറു വർഷത്തിൽ വന്നിട്ടില്ല. പണബലവും സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയിലൂടെയുള്ള വിരട്ടലും ബിജെപി ഉപയോഗിക്കുന്നു. അതാണ് എല്ലായിടത്തും കാണുന്നത്. ബിജെപിയുമായി യോജിക്കുമെങ്കിൽ നിങ്ങൾക്കു കൊള്ള നടത്താം, സംരക്ഷണം ലഭിക്കും. എതിർത്താൽ സിബിഐയെയും ഇഡിയെയും അഭിമുഖീകരിക്കണം. പ്രതിപക്ഷ നേതാക്കളെ അവർ ഇത്തരത്തിൽ വിരട്ടുന്നു. തികച്ചും ഫാഷിസ്റ്റിക് രീതി.

സക്കറിയ: ചിലർ അത്തരത്തിൽ വിരട്ടലുകൾ വേണ്ടിവരുന്ന സ്ഥിതിയിലാണെന്നതു താങ്കൾ സമ്മതിക്കില്ലേ? അവരുടെ കൈകൾ ശുദ്ധമല്ലല്ലോ?

യച്ചൂരി: തീർച്ചയായും, പൂർണമായും സമ്മതിക്കുന്നു. ആ യാഥാർഥ്യം അംഗീകരിക്കാൻ എനിക്കു മടിയില്ല. എന്നാൽ, പ്രതിപക്ഷ ഐക്യത്തെക്കുറിച്ചു പറഞ്ഞാൽ, അതു സംഭവിക്കുന്നുമുണ്ട്. തമിഴ്നാട്ടിലുണ്ടായി, ഇപ്പോൾ ബിഹാറിലും. അവിടെ ശക്തമായ ആർജെഡിക്കൊപ്പം കോൺഗ്രസും 3 ഇടതുപാർട്ടികളുമുണ്ട്. അതു നല്ലതാണ്. അതാണ് പോകേണ്ട വഴി. കോവിഡ്കാലത്തും 22 പ്രതിപക്ഷ പാർട്ടികൾ ഇടയ്ക്കിടെ യോഗം ചേർന്നിരുന്നു. ഭരണഘടനയുടെ 370 ാം വകുപ്പ്, സൗജന്യ റേഷൻ തുടങ്ങിയ കാര്യങ്ങളിൽ ഒരുമിച്ചു നിലപാടെടുത്തു. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ, എല്ലാ വിയോജിപ്പിനെയും രാജ്യവിരുദ്ധമെന്നു മുദ്രകുത്തുന്നതിനെതിരെ ഞങ്ങൾ ഒരുമിച്ച് രാഷ്ട്രപതിയെ കണ്ടു. യുഎപിഎ വിഷയത്തിലും അതു ചെയ്തു. ഐക്യം സംഭവിക്കുന്നുണ്ട്.

സക്കറിയ: എന്നാൽ, തിരഞ്ഞെടുപ്പാകുമ്പോൾ, എല്ലാവരും പല വഴിക്കാവും. ഒാരോരുത്തരും അവരുടെ പ്രദേശങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാവും?

യച്ചൂരി: ആ രീതിയിൽനിന്നു മാറാൻ ഞങ്ങൾ ശ്രമിക്കുകയാണ്. അതു പറയുമ്പോഴും ബിജെപി പണശക്തിയെന്ന കാര്യം വിട്ടുപോകരുത്. ഇപ്പോൾ രാജ്യത്ത് പൊതുവിലുള്ള കാഴ്ചപ്പാടിതാണ്: ആരു ജയിച്ചാലും ബിജെപി സർക്കാരുണ്ടാക്കും. ഗോവയിലും കർണാടകയിലും മധ്യപ്രദേശിലും അവരതു ചെയ്തു. രാജസ്ഥാനിൽ നടന്നില്ല.

സക്കറിയ: കമ്യൂണിസ്റ്റ് ഐക്യം?

യച്ചൂരി: കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിന് അടിസ്ഥാനമായ ചില കാരണങ്ങളുണ്ട്. അവ ഇപ്പോൾ കമ്യൂണിസ്റ്റുകൾക്കിടയിൽ ചർച്ചയിലേക്കു കൊണ്ടുവരുന്നത് ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽനിന്നു ശ്രദ്ധ മാറ്റും. പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളിലേക്ക് ഇപ്പോൾ പോയാൽ അതാണു സംഭവിക്കുക. അതിനു പറ്റിയ സമയമല്ലിത്. എന്നാൽ, വെല്ലുവിളികളെ നേരിടാൻ കമ്യൂണിസ്റ്റ് ശക്തികൾക്കിടയിൽ കൂടുതൽ ഐക്യം വേണം. അതു സംഭവിക്കുന്നുമുണ്ട്. ബിഹാറിൽ 3 ഇടതു പാർട്ടികൾ ഒരുമിച്ചു വരുന്നത് വളരെ അനുകൂലമായ സംഗതിയാണ്. സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതകൾ ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. പോഷകസംഘടനകൾ ഒരുമിച്ചു പ്രവർത്തിക്കുന്നു, കേരളത്തിൽ ഭരണം പങ്കിടുന്നു. തൊഴിലാളി, കർഷക സമരങ്ങളിൽ ഇടത് ഐക്യമുണ്ട്. അത് ഐക്യത്തിന്റെ ഒരു വശം മാത്രം. മേശയുടെ ഇരുവശവുമിരുന്നു കൈകൊടുത്തിട്ട് ഐക്യമെന്നു പറയാം. പക്ഷേ, അത് സുസ്ഥിരമാവില്ല. ഐക്യം താഴേത്തട്ടിലെ പ്രവർത്തരിലേക്കുമെത്തണം. താഴേത്തട്ടിൽനിന്നുതന്നെ ഐക്യം വളർത്തുന്നതാണു നല്ലത്. ലയനം അജൻഡയിലില്ല. പ്രവർത്തനങ്ങളിൽ ഐക്യമുണ്ട്. അതു തിരഞ്ഞെടുപ്പിൽ മാത്രമല്ല, സമരങ്ങളിലുമുണ്ട്. അതു പ്രധാനവുമാണ്.

സക്കറിയ: താങ്കൾ സമ്മതിച്ചാലും ഇല്ലെങ്കിലും, ചരിത്രപരമായി നോക്കുമ്പോൾ, കമ്യൂണിസ്റ്റ് ഭരണങ്ങൾ ഏകാധിപത്യമായി മാറുന്ന കാഴ്ചയാണുള്ളത്. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലുമൊക്കെ അതു സംഭവിച്ചു. തൊഴിലാളി വർഗത്തിന്റെ ഏകാധിപത്യമെന്നത്, ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ ഏകാധിപത്യമായി മാറുന്നു, റഷ്യയിൽ സംഭവിച്ചതുപോലെ. അതാണോ ലോകമാകെ കമ്യൂണിസം തകർന്നതിന്റെ പ്രധാന കാരണം?

യച്ചൂരി: സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ഞങ്ങളുടെ പാർട്ടിയിൽ വലിയ ചർച്ചയുണ്ടായി. ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് എന്ന പേരിൽ ഞങ്ങളൊരു രേഖയും പുറത്തിറത്തി. അതിൽ ഇക്കാര്യം ഞങ്ങൾ പറഞ്ഞിരുന്നു. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിൽ സംഭവിച്ച വലിയ ചില വീഴ്ചകളെക്കുറിച്ച്. വാസ്തവത്തിൽ, സോഷ്യലിസത്തിന് ഒരു ബ്ളൂപ്രിന്റ് ഇല്ലായിരുന്നു. അതു തികച്ചും പുതിയ സംവിധാനമായിരുന്നു. ചില പ്രമാണങ്ങളുടെയും ഫോർമുലകളുടെയും അടിസ്ഥാനത്തിൽ പോയാൽ പിഴവുകൾ സംഭവിക്കും. തൊഴിലാളി വർഗത്തിന്റെ ഏകാധിപത്യമെന്നത് വർഗത്തിന്റേതാണ്. ഏതു മുതലാളിത്ത രാജ്യമെടുത്താലും, ഏതു രീതിയിലുള്ള സർക്കാരുമാവട്ടെ, അത് ബൂർഷ്വായുടെ ഏകാധിപത്യമാണ്.

സക്കറിയ: പക്ഷേ, ഏകാധിപത്യമെന്ന തോന്നൽ ഉണ്ടാക്കില്ല.

യച്ചൂരി: വർഗാധിപത്യം എന്നതായിരുന്നു കമ്യൂണിസ്റ്റ് സങ്കൽപം. വർഗ ഭരണകൂടമെന്നത് മുന്നണിപ്പോരാളികളുടെ അതായത് പാർട്ടിയുടെ ഏകാധിപത്യമായി. വർഗത്തിനു പകരം പാർട്ടി. മെല്ലെ, പാർട്ടിക്കു പകരം നേതൃത്വം വരുന്നു. പിന്നെ, നേതൃത്വത്തിനു പകരം വ്യക്തി. ആ വലിയ പിഴവാണു സംഭവിച്ചത്. അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ജാഗ്രത വേണം. അതായിരുന്നു ഞങ്ങളുടെ വിലയിരുത്തൽ.

സക്കറിയ: അങ്ങനെ ഇന്ത്യയിൽ സംഭവിക്കില്ല. ഒടുവിൽ എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നുവെന്നത് പാശ്ചാത്യ മനസ്സിന്റെ പ്രശ്നമാണോ?

യച്ചൂരി: ഇന്ത്യയിൽ അതു സാധ്യമല്ല. അതു ഞങ്ങൾ അനുവദിക്കില്ല. അമിത നിയന്ത്രണത്തിന്റേതായ പ്രവണത ഏതു സമൂഹത്തിലുമുണ്ടാവും. അതിനെ ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന ചലനോൽസുകമായ പ്രസ്ഥാനം കൊണ്ടു നേരിടേണ്ടതുണ്ട്. അക്കാര്യത്തിലായിരുന്നു സോവിയറ്റ് യൂണിയനുമായി ഞങ്ങൾക്കുള്ള പ്രത്യയശാസ്ത്രപരമായ തർക്കം. കൂടുതൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയുള്ള ഭരണമാണ് സോഷ്യലിസ്റ്റ് ജനാധിപത്യം. ഏതു നിലയിലുള്ളവരും ഭരണത്തിൽ ഉൾപ്പെടുന്നതിനുപകരം, ഭരണകൂടം ഉത്തരവുകൾ നൽകുമ്പോൾ അമിത നിയന്ത്രണം സംഭവിക്കുന്നു. അതിനെ നേരിടണം. ആ പോരാട്ടം വലുതാണ്.

സക്കറിയ: തിരിഞ്ഞുനോക്കുമ്പോൾ, 1964 ലെ പിളർപ്പ് സംഭവിക്കരുതായിരുന്നു എന്നു താങ്കൾ കരുതുന്നുണ്ടോ? ഇന്ത്യയിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പാർട്ടിക്കുണ്ടായ നഷ്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതല്ലേ?

യച്ചൂരി: ആ വാദത്തോട് ഞാൻ വിയോജിക്കുന്നു. പിളർപ്പുണ്ടായതുകൊണ്ടാണ് പാർട്ടി ഇന്ത്യയിൽ പ്രസക്തവും സജീവവുമായി നിലനിൽക്കുന്നത്. വളരെ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് ഇന്തൊനീഷ്യയിലും ഈജിപ്തിലും സുഡാനിലുമൊക്കെ ഉണ്ടായിരുന്നത്. മാർക്സിസം, ലെനിനിസം, നാസറിസം, സുകാർണോയിസം എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങൾ. ഇന്ത്യയിൽ ഏറെ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നില്ല. യഥാർഥത്തിൽ അത് മാർക്സിസം, ലെനിനിസം, നെഹ്റുവിസം ആയിരുന്നു. എന്നാൽ, ഭരണവർഗവുമായി കൈകോർത്തതോടെ അത്തരം കമ്യൂണിസ്റ്റ് പാർട്ടികൾതന്നെ തകർന്നു.‌ സിപിഎം രൂപീകരിച്ചില്ലെങ്കിൽ, അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ചതരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവർഗ പാർട്ടിയായതിനാൽ കോൺഗ്രസിനു തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകൾക്ക് അതു പറ്റില്ല. പിളർപ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിർത്തുകയെന്നതാണ് ഇപ്പോൾ വേണ്ടത്. അതു സംഭവിക്കുന്നുണ്ട്. അതിനു വേഗം വേണം.

സക്കറിയ: നരേന്ദ്ര മോദിയും പല കാര്യങ്ങളും സംഭവിപ്പിക്കുന്നുണ്ട്. അതാണ് ആശങ്കയുണ്ടാക്കുന്നത്.

യച്ചൂരി: ശരിയാണ്, അതു വളരെ ആശങ്കയുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് ഇന്ത്യയെ രക്ഷിക്കണമെങ്കിൽ അവരെ ഭരണത്തിൽനിന്നു മാറ്റണമെന്നു ഞാൻ പറയുന്നത്. അല്ലെങ്കിൽ ഇന്ത്യ നിലനിൽക്കില്ല.

സക്കറിയ: അവരെ മാറ്റിയാലും, അധികാരത്തിൽ വരുന്ന പാർട്ടിക്ക് ഭരണസംവിധാനത്തെ അടിമുടി ശുദ്ധീകരിക്കാൻ സാധിക്കുമോ?

യച്ചൂരി: സാധിക്കും. പക്ഷേ വളരെ വലിയ വെല്ലുവിളിയാണത്. ഞാനോർക്കുന്നു, മൻമോഹൻ സർക്കാരിന്റെ കാലത്ത് ഞങ്ങളതു പറഞ്ഞതാണ്: സംവിധാനത്തെ ശുദ്ധീകരിക്കുക. എന്നാൽ, അപ്പോഴാണ് പ്രശ്നത്തിന്റെ ആഴം ഞങ്ങൾക്കു ബോധ്യമായത്. സംഗതി എളുപ്പമല്ല. സമയമെടുക്കും. അതുവരെ ആ ഭീഷണിയുണ്ട്. സർക്കാർ മാറിയതുകൊണ്ടു മാത്രം കാര്യമില്ല.

സക്കറിയ: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ബംഗാൾ കമ്യൂണിസ്റ്റ് പാർട്ടിയും കേരള കമ്യൂണിസ്റ്റ് പാർട്ടിയുമൊക്കെയായി. അതുകൊണ്ടാണോ ദേശീയതലത്തിൽ ചുവടുപോയത്?

യച്ചൂരി: അതിനോട് ഞാൻ യോജിക്കുന്നില്ല. കേരളത്തിലെ പാർട്ടിയും ബംഗാളിലെ പാർട്ടിയും അഖിലേന്ത്യാ പാർട്ടിയുടെ ലൈനിന്റെ ഭാഗമാണ്. അത് ഈ സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ നടപ്പാക്കിയെന്നു മാത്രമേയുള്ളു. എന്തുകൊണ്ടാണ് കേരളത്തിലും ബംഗാളിലും ക്രിക്കറ്റിനെക്കാൾ ഫുട്ബോൾ ജനപ്രിയമായത്? കാരണം, ഫുട്ബോൾ തൊഴിലാളി വർഗത്തിന്റെ കളിയായിരുന്നു; ക്രിക്കറ്റ് വരേണ്യരുടെയും. അപ്പോൾ, ഈ സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി വളർന്നതിനും ചരിത്രപരമായ കാരണങ്ങളുണ്ട്.

സക്കറിയ: കേരളത്തിലെ കമ്യൂണിസ്റ്റുകൾക്ക് ദേശീയ കാഴ്ചപ്പാടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഞങ്ങളുടെ പ്രശ്നങ്ങളുമായി ഒതുങ്ങിക്കൂടുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ മാത്രം കാര്യമല്ല. ചരിത്രപരമായുള്ള പരിശീലനം കൊണ്ടാവാം, ഇക്കാര്യത്തിൽ കോൺഗ്രസ് മെച്ചമാണ്.

യച്ചൂരി: ഹൈക്കമാൻഡിലൂടെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ഞങ്ങളുടേതുപോലുള്ള ജനാധിപത്യ രീതി അവർക്കില്ല. എന്നാൽ, ഫെഡറിലസം, ജിഎസ്ടി തുടങ്ങിയ കാര്യങ്ങളിൽ കേരളം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ജിഎസ്ടി കാര്യത്തിൽ ഇപ്പോൾ കേന്ദ്രത്തിനു മുട്ടുമടക്കേണ്ടിവന്നു. സാമുദായിക സൗഹാർദ ബോധം വളർത്തുന്നതിൽ ‍കേരളം വലിയ പങ്കുവഹിച്ചു.

സക്കറിയ: ആ ബോധം പാർട്ടിയുടെ സൃഷ്ടിയല്ല. നവോത്ഥാന പ്രസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സ‍ൃഷ്ടിയാണ്. അതിൽ പാർട്ടി പ്രധാനമായിരുന്നു.

യച്ചൂരി: അതു പാർട്ടിയുടേതെന്നു ഞാൻ അവകാശപ്പെടുന്നില്ല. അതു ജനത്തിന്റെ സംഭാവനയാണ്. പാർട്ടിക്ക് അതിൽ വലിയ പങ്കുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ അതു വർധിക്കുകയുമാണ്. കേരളത്തിലെ പാർട്ടിക്കു ദേശീയ കാഴ്ചപ്പാടില്ലെന്ന വാദം െതറ്റാണ്.

സക്കറിയ: അധികാരത്തിൽ വന്നു കഴിഞ്ഞാൽ കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് എന്നെപ്പോലെ പല പൗരൻമാർക്കും തോന്നുന്നത്. അഴിമതി, സ്ത്രീകളോടു ബഹുമാനമില്ലായ്മ, സ്വജനപക്ഷപാതം, വർഗീയമായ ഇരട്ടത്താപ്പ്, അങ്ങനെ പലതിലും.

യച്ചൂരി: ഈ പറഞ്ഞതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല. പിഴവുകളുണ്ടായാൽ ഞങ്ങൾ ആരെയും വെറുതെവിടില്ല. പാർട്ടി നടപടിയെടുക്കും. അക്കാര്യത്തിൽ കർശന നിലപാടാണുള്ളത്. കേരളത്തിൽ എല്ലാം സുതാര്യമാണ്. അതു വളരെ നല്ലതുമാണ്. ഏതു രാഷ്ട്രീയ പാർട്ടിയെയും മുൾമുനയിൽ നിർത്തുന്നതാണ് കേരളത്തിലെ ജനത്തിന്റെ രീതി. കേരളത്തിലെ കോൺഗ്രസിന്റെ സംസ്കാരം പോലും ദേശീയരീതിയിൽനിന്നു ഭിന്നമാണ്. അത്തരമൊരു സംസ്കാരം സൃഷ്ടിക്കുന്നതിൽ ഞങ്ങൾക്കും പങ്കുണ്ട്. അവർക്കതിൽനിന്നു രക്ഷപ്പെടാനാവില്ല. അല്ലെങ്കിൽ, കേരളത്തിലെ ജനമതു സമ്മതിക്കില്ല. അപ്പോൾ, ഒരു തെറ്റ് ഞങ്ങളുടെ ശ്രദ്ധയിൽവന്നാൽ ഞങ്ങൾ നടപടിയെടുത്ത് തി‌രുത്തും. അതു ജനത്തോടു പറയും.

സക്കറിയ: ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എന്തു പറയുന്നു? ഇതൊരു ജനാധിപത്യമായി തുടരുമോ? അതോ ഫാഷിസം എല്ലാത്തിനെയും കീഴ്പ്പെടുത്തുന്ന ശക്തിയാകുമോ? ഇന്ത്യയിൽ 63 ശതമാനം പേർ ബിജെപിയെ എതിർക്കുന്നു, 37 ശതമാനം അനുകൂലിക്കുന്നു. 55 ശതമാനം എൻഡിഎയ്ക്ക് എതിരാണ്, 45 ശതമാനം അനുകൂലിക്കുന്നു. അദ്ഭുതം സംഭവിച്ച് ഈ ഭൂരിപക്ഷം വോട്ടായി മാറുമോ?

യച്ചൂരി: അത് എന്നെയും താങ്കളെയും പോലുള്ള ജനത്തെ ആശ്രയിച്ചിരിക്കും. വെല്ലുവിളിയെ നേരിടാൻ ജനത്തെ ഒരുമിച്ചുകൂട്ടേണ്ടത് രാഷ്ട്രീയ നേതാക്കളുടെ ഉത്തരവാദിത്തമാണ്.

സക്കറിയ: രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാര്യത്തിൽ ശരിക്കും ആത്മാർഥതയുണ്ടോ? അതോ അവർ സുവർണാവസരത്തിനായി കാത്തിരിക്കുകയാണോ?

യച്ചൂരി: നിർഭാഗ്യവശാൽ മറ്റു പാർട്ടികളിൽ അവസരവാദ പ്രവണതകളുണ്ട്. ഇപ്പോഴത്തെ വെല്ലുവിളിയെ കുറച്ചുകാട്ടുന്നവർ പോലുമുണ്ട്. ഇന്ത്യ നിലനിൽക്കുന്നില്ലെങ്കിൽ എന്റെ പാർട്ടിയും മറ്റുള്ളവരുടെ പാർട്ടിയും നിലനിൽക്കില്ല. ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനാണ് ആർഎസ്എസ് – ബിജെപി ശ്രമം.

സക്കറിയ: തൽക്കാലത്തെ പിടിച്ചുനിൽപ് എന്നതിനപ്പുറം ഭീഷണിയെ ഗൗരവമായി കാണാൻ ഒരു പാർട്ടിയും തയ്യാറല്ലെന്നാണ് എനിക്കു തോന്നുന്നത്. വർഗീയതയെന്നത് പലർക്കും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാവുന്ന കാർഡ് മാത്രമാണ്.

യച്ചൂരി: അതാണ് പല പ്രതിപക്ഷ പാർട്ടികളുടെയും ദൗർബല്യം. അതിനെ മറികടക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പലരും ഭീഷണി തിരിച്ചറിയുന്നുണ്ട്. സ്വന്തം നിലനിൽപിനായെങ്കിലും വർഗീയ ശക്തികളെ താഴെയിറക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളുണ്ട്. ബിഹാർ ഉദാരണമാണ്.

English Summary: Interview with Sitaram Yechury during 100th anniversary of Communist Party in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA