മറക്കുന്നതാണു വിപ്ലവം!

leader notes
SHARE

കോടിയേരി സഖാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു കൊടുത്ത പണി അൽപം കടന്നുപോയി. മാണിസാറിന്റെ വീട്ടിൽ ഉണ്ടെന്ന് പണ്ടു തങ്ങൾ പറഞ്ഞ നോട്ടെണ്ണൽ യന്ത്രം മാധ്യമപ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ജോസ് കെ.മാണിയെ കൂടെക്കൂട്ടുന്ന സാഹചര്യത്തിൽ പണ്ടു പറഞ്ഞ നോട്ടെണ്ണൽ യന്ത്രത്തിന്റെ കാര്യം പത്രക്കാർ ചോദിച്ചതാണു കുഴപ്പമായത്.

ഞങ്ങൾ പണ്ടു പറഞ്ഞതെല്ലാം പത്രക്കാർ എന്തിനാണ് ഓർത്തിരിക്കുന്നതെന്ന നിലപാടിലായിരുന്നു കോടിയേരി. ഞങ്ങൾ അതൊക്കെ എന്നേ മറന്നു, പിന്നെ നിങ്ങൾ അതൊക്കെ വീണ്ടും ചികഞ്ഞെടുക്കുന്നത് എന്തിനെന്ന ചോദ്യം ന്യായമായിരുന്നു. അവസരത്തിനൊത്തു കാര്യങ്ങൾ ഓർക്കുന്നതിനെക്കാളേറെ മറക്കുന്നതിലാണല്ലോ വിപ്ലവം കൂടുതൽ. എന്നാലും സഖാവ് ഭാരിച്ച ഉത്തരവാദിത്തമാണു മാധ്യമങ്ങളെ ഏൽപിച്ചിരിക്കുന്നത്. തുമ്പി കല്ലെടുക്കുമെന്നു കരുതി തുമ്പിയോടു കുന്നെടുക്കാൻ പറയാമോ? അതു ന്യായമാണോ?

ഇനി ഔസേപ്പച്ചന്റെ തൊടുപുഴയിലെ വീട്ടിൽ കറവയന്ത്രമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ആരും അവിശ്വസിക്കില്ല. കാരണം അവിടെ അത്രയ്ക്കാണു കറവമുറ്റിയ പശുക്കൾ. എന്നാൽ, മാണിസാറിന്റെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്നു പറഞ്ഞപ്പോൾ ആദ്യമാരും മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാൽ, ആ യന്ത്രം എകെജി സെന്ററിൽ കൊണ്ടുവന്നു കോടിയേരി സഖാവിനു തിരുമുൽക്കാഴ്ച വച്ചപ്പോഴാണു സംഗതി സത്യമാണെന്ന് ജനത്തിനു ബോധ്യപ്പെട്ടത്.

ഒരു ബെഡ് കിട്ടിയാൽ മതി

എൽഡിഎഫ് നടത്തുന്ന സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവില്ലെന്നു കാനം സഖാവു പറഞ്ഞതു കേട്ട് ജോസ് കെ.മാണിയും കൂട്ടരും ആകെ അങ്കലാപ്പിലായിരുന്നു. എൽഡിഎഫ് നടത്തുന്നത് ധർമാശുപത്രിയല്ലെന്നും ആർക്കും ഏതു സമയത്തും കയറി അവിടെ അഡ്മിറ്റാവാൻ കഴിയില്ലെന്നും കാനം സഖാവു പറഞ്ഞപ്പോൾ വെന്റിലേറ്റർ ഇല്ലെങ്കിലും ഒരു ബെഡ് കിട്ടിയാൽ മതിയെന്നു ജോമോൻ പറഞ്ഞതാണ്. ഒറ്റ ബെഡ് പോലും ഒഴിവില്ലെന്നു കാനം കട്ടായം പറഞ്ഞു. കോവിഡ്കാലത്ത് നിലത്തു കിടത്തിച്ചികിത്സ പോലും ഇല്ലെന്നും പറഞ്ഞു.

ആശുപത്രിയിലെ കാര്യസ്ഥന് ഇതൊക്കെ പറയാൻ ആരാണ് അധികാരം കൊടുത്തത് എന്നു ജോമോൻ ചിന്തിച്ചതു ന്യായം. എങ്കിൽപിന്നെ ആശുപത്രി മുതലാളിയെ നേരിൽക്കണ്ടു കാര്യം പറയാമെന്നു കരുതിയാണു ജോമോനും കൂട്ടരും എകെജി സെന്ററിൽ ചെന്നു കോടിയേരി സഖാവിനെയും വിജയരാഘവൻ സഖാവിനെയും കണ്ടു പ്രവേശനം തേടിയത്. അവിടെ തോരണങ്ങൾക്കു പകരം രണ്ടിലകളായിരുന്നു അലങ്കാരത്തിനു തൂക്കിയത്. പാളത്തൊപ്പി, ഓലപ്പീപ്പി, ജീരകമിഠായി തുടങ്ങിയവ പ്രവേശനോത്സവം ഗംഭീരമാക്കാൻ പ്രത്യേകം തയാറാക്കിയിരുന്നു.

പാർട്ടി ഓഫിസിന്റെ പെയിന്റ് ചുവപ്പാക്കി മാറ്റിയതിന്റെ പ്രത്യുപകാരമെന്നോണം എകെജി സെന്ററിലെ ചുവപ്പു പരവതാനി മാറ്റി പച്ചപ്പരവതാനി വിരിച്ചാണു ജോമോനെ സ്വീകരിച്ചത്.

‘‘പാറായിയുടെ വീട്ടിലെ കാര്യം പറയാൻ പാറായിയുണ്ട്, പറമ്പിലെ കുടികിടപ്പുകാരൻ വേണ്ട’’ എന്നും കോടിയേരി സഖാവ് ആരെയോ ഉന്നംവച്ചു പറഞ്ഞത്രെ. കോടിയേരിയെ കാണും മുൻപു കാനത്തെ ഒന്നു കണ്ടുകളയാമെന്നു ജോമോൻ കരുതിയതു കാലത്തിനു ചേരുന്ന ചിന്തയായിരുന്നു. അപ്പോഴാണു പ്രശ്നം. കഷ്ടകാലത്തിന് എംഎൻ സ്മാരകം എവിടെയാണെന്ന് അദ്ദേഹത്തിനോ കൂട്ടുപ്രതിയായ റോഷിമോനോ അറിയില്ല.

ഇക്കാര്യം കേട്ടയുടനെ കോടിയേരി സഖാവ് എംഎൻ സ്മാരകം കാണിക്കാൻ എകെജി സെന്ററിന്റെ സെക്രട്ടറിയായ വേണുവിനെത്തന്നെ നിയോഗിച്ചത് എന്തുകൊണ്ടും ഉചിതമായി. വേണു പണ്ട് കമ്യൂണിസ്റ്റ് ആചാര്യനായ ഇഎംഎസിന്റെ സന്തതസഹചാരിയായിരുന്നു. ആചാര്യൻ പോയശേഷം ജോമോന്റെ വഴികാട്ടിയാകാനുള്ള ഭാഗ്യമാണു വേണുവിനു ലഭിച്ചത്.

സിലക്ടീവ്  അംനീസ്യ 

ഘടകകക്ഷികൾ യുഡിഎഫ് വിടുന്നതിൽ കെ.മുരളീധരൻ അതീവ ഖിന്നനാണ്. കാരണം അദ്ദേഹം എക്കാലത്തും യുഡിഎഫിൽ പാറപോലെ ഉറച്ചുനിന്നതാണ്! അദ്ദേഹത്തിന്റെ അച്ഛൻ ലീഡർജിയും അങ്ങനെതന്നെ. ലീഡർജി ഉള്ള കാലത്ത് ആരും യുഡിഎഫ് വിട്ടുപോയിട്ടില്ലെന്നാണു മുരളീധർജി പറയുന്നത്. ഡിഐസി എന്നും ഡിക് എന്നും വിളിച്ചിരുന്ന പാർട്ടിയുണ്ടായി ടെലിവിഷൻ ചിഹ്നവും ചുമന്നു നടന്ന കഥ മുരളിയേട്ടൻ വിസ്മരിച്ചത് സിലക്ടീവ് അംനീസ്യ ബാധിച്ചതുകൊണ്ടു മാത്രമായിരിക്കണം.

പാവം ലീഡർജിയെയും അക്കൂട്ടത്തിൽ കൊണ്ടുപോയി എൻസിപിയിൽ മാമോദീസ മുക്കിയ കഥയും അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു. സത്യത്തിൽ ഹസനിക്കയ്ക്കു പകരം മുരളിജിയെ യുഡിഎഫ് കൺവീനറാക്കിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. ജോമോനും റോഷിമോനും ജയരാജൻ മോനും യുഡിഎഫിന്റെ പര്യമ്പുറത്തു തന്നെ ഇപ്പോഴും ഉണ്ടാകുമായിരുന്നു.

പരാതിക്കു  വകുപ്പുണ്ടോ? 

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫിസിലുണ്ടായ തീപിടിത്തത്തെക്കുറിച്ചു മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി രാജ്യാന്തര മാധ്യമമര്യാദയ്ക്കു നിരക്കുന്നതല്ലെന്നു പറഞ്ഞ് യുഎൻ സെക്യൂരിറ്റി കൗൺസിലിലും ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിലും പരാതി നൽകുമെന്നു പറഞ്ഞതു പിണറായി സഖാവും കോടിയേരി സഖാവുമാണ്. വാർത്ത റിപ്പോർട്ട് ചെയ്ത ഒട്ടുമുക്കാലും മാധ്യമപ്രവർത്തകർ അതോടെ പേടിച്ചു പനിപിടിച്ചു കിടപ്പായി. കോവിഡ് കാലമായതിനാൽ അവർ ക്വാറന്റീനിലാണ്.

എന്നാൽ, സർക്കാരിനു കീഴിലുള്ള ഫൊറൻസിക് ലാബും പറയുന്നത് തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ട് അല്ലെന്നാണ്. ഫൊറൻസിക് ലാബുകാരും മാധ്യമപ്രവർത്തകരെപ്പോലെ ഉത്തരവാദിത്തമില്ലാതെ പെരുമാറിയാൽ സർക്കാർ എന്തുചെയ്യും? ഫൊറൻസിക് ലാബ് ഡയറക്ടർക്കെതിരെ പ്രസ് കൗൺസിലിൽ പരാതി നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ ഒരു ഐജിയെ ചുമതലപ്പെടുത്തിയെന്നാണ് ഏറ്റവുമൊടുവിൽ കേട്ട വിവരം.

രോഗം പരത്തുന്ന ഏജൻസികൾ 

ഹൃദ്രോഗം, ഡിസ്ക് തകരാർ തുടങ്ങിയ രോഗങ്ങൾ പരത്തുന്നതിൽ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികൾക്കുള്ള പങ്കു വളരെ വലുതാണ്. ഈ ഏജൻസികളുടെ നിഴൽ വീണാൽ പോലും പലർക്കും രോഗബാധ ഉണ്ടാകും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും അസുഖമുണ്ടായത് ഈ വകക്കാരുടെ സമ്പർക്കത്തെത്തുടർന്നാണ്. 

കേന്ദ്ര ഏജൻസികളാണെന്നു വച്ച് എന്തും ചെയ്യാനുള്ള മുക്ത്യാറൊന്നും ഇവർക്കൊന്നും ആരും കൊടുത്തിട്ടില്ല. പിന്നെ അദ്ദേഹം കസ്റ്റംസിനെ പേടിച്ചിട്ടല്ല തളർന്നുവീണതും മറ്റും. യുദ്ധത്തിൽ ചിലപ്പോൾ ചില തന്ത്രങ്ങൾ പയറ്റേണ്ടിവരും. ഗറില തന്ത്രങ്ങൾപോലും ഉപയോഗിക്കേണ്ടി വന്നെന്നിരിക്കും.

സ്റ്റോപ് പ്രസ്:  പാലാ എംഎൽഎ മാണി സി.കാപ്പൻ യുഡിഎഫിൽ ചേരുന്നതുമായി ബന്ധപ്പെട്ടു രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയെന്ന് എം.എം.ഹസൻ; കാപ്പനും താനുമായി പല വിഷയങ്ങളും ചർച്ച ചെയ്തിട്ടുണ്ടെങ്കിലും യുഡിഎഫ് പ്രവേശം ചർച്ച ചെയ്തിട്ടില്ലെന്നു ചെന്നിത്തല.

ഏറ്റവുമൊടുവിൽ രണ്ടുപേരും കണ്ടപ്പോൾ  മീനച്ചിലാറിലെ ജലനിരപ്പായിരുന്നു ചർച്ചാവിഷയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA