ADVERTISEMENT

പിളർപ്പുണ്ടായതു കൊണ്ടാണ് പാർട്ടി ഇന്ത്യയിൽ പ്രസക്തവും സജീവവുമായതെന്ന  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ  വാദത്തിനു  മറുപടിയുമായി സിപിഐ നേതാവ്  ബിനോയ് വിശ്വം.  ‘മനോരമ’യ്ക്കു വേണ്ടി,   എഴുത്തുകാരൻ  സക്കറിയയുമായി നടത്തിയ  സംഭാഷണത്തിനിടെയായിരുന്നു യച്ചൂരിയുടെ പരാമർശം....

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ നിർഭാഗ്യകരമായ ഭിന്നിപ്പിനു ശേഷം 56 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്ത്യൻ വിപ്ലവത്തിന്റെ ശരിയായ പാതയെച്ചൊല്ലിയുള്ള തർക്കമാണ് 1964ലെ ഭിന്നിപ്പിൽ കലാശിച്ചത്. സത്യത്തിൽ, വിപ്ലവപാതയുടെ ശരിയെപ്പറ്റിയുള്ള ചർച്ചകൾ ആരംഭകാലം മുതലേ പാർട്ടിയിലുണ്ടായിരുന്നു. ഇന്ത്യൻ വിപ്ലവത്തിന്റേത് സോവിയറ്റ് മാർഗമാണോ ചൈനീസ് മാർഗമാണോ എന്ന കാര്യത്തിലും തീപാറുന്ന അഭിപ്രായഭിന്നതകൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും പക്ഷേ, പാർട്ടി ഭിന്നിച്ചില്ല. തൊഴിലാളികൾക്കും കർഷകർക്കും വിദ്യാർഥികൾക്കും ബുദ്ധിജീവികൾക്കുമെല്ലാമിടയിൽ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുത്ത് പാർട്ടി മുന്നേറി. 1952ലെ ഒന്നാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി മാറി.

പാർട്ടിക്കുള്ളിൽ ആശയസമരം നടക്കുമ്പോഴും പ്രസ്ഥാനത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാനുള്ള സംഘടനാ തത്വങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകതയാണ്. പിന്നെ എന്തുകൊണ്ട് 1964ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചു? സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും രണ്ടു ധ്രുവങ്ങളിൽനിന്നു നടത്തിയ വടംവലികളുടെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ സ്വാധീനം മൂലമാണ് അതു സംഭവിച്ചത്.

ഭിന്നിച്ചാൽ പിന്നെ തനിവഴി!

ഭിന്നിച്ചു കഴിഞ്ഞാൽ പിന്നെയെല്ലാം വെവ്വേറെ ആകണം. നയവും പരിപാടിയും മാത്രമല്ല, ചരിത്രം പോലും വെവ്വേറെ ആകണമെന്നു സിപിഎം തീരുമാനിച്ചു. അങ്ങനെയാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഒന്നിച്ച് അംഗീകരിച്ചുപോന്ന, 1925 ഡിസംബർ 26 എന്ന ജനനത്തീയതി മാറ്റിക്കുറിക്കാൻ ആ സഖാക്കൾ തീരുമാനിച്ചത്. 1920 ഒക്ടോബർ 17 എന്ന പുതിയ തീയതിയും അവർ കണ്ടെത്തി. അതു പ്രകാരമാണ്, താഷ്കന്റിൽ കൂടിയ യോഗത്തിന്റെ നൂറാം വാർഷികം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികമായി സിപിഎം ആഘോഷിക്കുന്നത്.

സ്വാഭാവികമായും ഇക്കാര്യത്തിൽ സിപിഐക്കും സിപിഎമ്മിനും വ്യത്യസ്ത സമീപനങ്ങളുണ്ട്. അതു വ്യക്തമാക്കുമ്പോഴും സിപിഐ, സിപിഎം ബന്ധത്തിന്റെ ഇന്നത്തെ കാതൽ പരസ്പരവിശ്വാസത്തിന്റെയും ആദരവിന്റെയും ആകണമെന്ന് ഇരുപാർട്ടികളും ചിന്തിക്കുന്നു. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സക്കറിയയുമായി നടത്തിയ സംഭാഷണത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പൊതുവിൽ അവലംബിച്ച സമീപനം അതാണ്.

എന്നാൽ, പിളർപ്പുണ്ടായതു കൊണ്ടാണ് പാർട്ടി ഇന്ത്യയിൽ പ്രസക്തവും സജീവവുമായതെന്ന് അദ്ദേഹം പറയുന്നു. ഒരു പരാജയം സംഭവിച്ചാൽ, ഭരണവർഗ പാർട്ടിയായതിനാൽ കോൺഗ്രസിനു തിരിച്ചുവരാൻ കഴിയുമെന്നും കമ്യൂണിസ്റ്റുകാർക്ക് അതു പറ്റില്ലെന്നുമുള്ള വിചിത്രവാദവും അദ്ദേഹം ഉന്നയിക്കുന്നു. പിളർപ്പിനെ മഹത്വവൽക്കരിക്കാനുള്ള നിർബന്ധിതാവസ്ഥ അദ്ദേഹത്തെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതാകാം. കമ്യൂണിസ്റ്റ് ശക്തികൾക്കിടയിൽ കൂടുതൽ ഐക്യം വേണമെന്നും അതു വേഗം വേണമെന്നുമുള്ള ശരിയായ നിലപാടും അദ്ദേഹം ഉയർത്തിക്കാട്ടുന്നു. അതിനെ പൂർണമായും പിന്താങ്ങിക്കൊണ്ട്, ജനനത്തീയതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയേണ്ടതുണ്ട്.

ഇന്തൊനീഷ്യൻ പാർട്ടിയുടെ കത്തും ’59ലെ ചർച്ചയും

ജനനത്തീയതിയെക്കുറിച്ച് പാർട്ടിയിൽ ഗൗരവമേറിയ ചർച്ച ഉണ്ടായിട്ടുണ്ട്. ഭിന്നിപ്പിനും 5 വർഷം മുൻപ് 1959 ഓഗസ്റ്റ് 18നായിരുന്നു അത്. ഇന്തൊനീഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അയച്ച കത്താണ് ആ ചർച്ചയ്ക്കു വഴിവച്ചത്. ജനനത്തീയതി സംബന്ധിച്ച ഔദ്യോഗിക നിലപാട് അറിയിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം.

അതുപ്രകാരം അന്നു കൂടിയ പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിൽ അജയ് ഘോഷ്, ബി.ടി.രണദിവെ, പി.സി.ജോഷി, എം.ബസവപുന്നയ്യ, സെഡ്.എ.അഹമ്മദ്, എസ്.എ. ഡാങ്കെ, എ.കെ.ഗോപാലൻ എന്നിവർ പങ്കെടുത്തു. യോഗത്തിൽ മിനിറ്റ്സ് എഴുതിയത് ബസവപുന്നയ്യ ആയിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായത് 1925 ഡിസംബർ മാസത്തിലാണ്. അതിനു മുൻപുതന്നെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വ്യക്തികളായും ഗ്രൂപ്പുകളായും കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചിരുന്നു. എന്നാൽ, 1925 ഡിസംബർ 26നു രാജ്യത്തെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധികൾ കാൻപുരിൽ ചേർന്ന യോഗത്തിൽ വച്ചാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാകുന്നത്.

ഇതുപ്രകാരമുള്ള മറുപടിക്കത്ത് എഴുതിയതും പാർട്ടിക്കുവേണ്ടി ഒപ്പുവച്ചതും ബി. ടി.രണദിവെ ആയിരുന്നു. ഈ വിഷയം പാർട്ടിയിൽ വീണ്ടും ചർച്ചയ്ക്കുവന്നത് 1960ലാണ്. അവിഭക്ത പാർട്ടിയുടെ ബംഗാൾ സംസ്ഥാന കൗൺസിൽ, താഷ്കന്റ് യോഗത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി രൂപീകരണത്തിന്റെ 40–ാം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു അത്. 1960 ജൂൺ 10ന് അന്നത്തെ ജനറൽ സെക്രട്ടറി ഇ.എം.എസ്.നമ്പൂതിരിപ്പാട് ബംഗാൾ നേതൃത്വത്തിനയച്ച കത്തിൽ ഇങ്ങനെ പറയുന്നു: 1961ൽ പാർട്ടി രൂപീകരണത്തിന്റെ 40–ാം വാർഷികം ആഘോഷിക്കാൻ നിങ്ങളുടെ സംസ്ഥാന കൗൺസിൽ ഒരു പ്രമേയം അംഗീകരിച്ചതായി ഞങ്ങൾ മനസ്സിലാക്കുന്നു. സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യുകയും നാഷനൽ കൗൺസിലല്ലാതെ മറ്റൊരു ഘടകവും തീരുമാനിക്കേണ്ട കാര്യമല്ല ഇത് എന്ന നിഗമനത്തിലെത്തുകയും ചെയ്തു. അതിനാൽ അടുത്ത നാഷനൽ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതാകും ഉചിതമെന്ന് അറിയിക്കട്ടെ.

1963 ജൂൺ 5ന് ദേശീയ സെക്രട്ടേറിയറ്റിനു വേണ്ടി എം.എൻ.ഗോവിന്ദൻ നായർ ഇതേ വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയതായും രേഖകൾ പറയുന്നു: ‘....1925 ഡിസംബർ 26നു കാൻപുരിൽ ചേർന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണയോഗത്തിൽ അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. അതിൽ പ്രധാനപ്പെട്ടവർ കൽക്കത്തയിൽ നിന്നുള്ള മുസാഫർ അഹമ്മദ്, ബോംബെയിൽ നിന്നുള്ള എസ്.വി.ഘാട്ടെ, ജെ.ബി.ബാഗർ ഹട്ട, ലഹോറിൽ നിന്നുള്ള അബ്ദുൽ മജീദ്, മദിരാശിയിൽനിന്നുള്ള ശിങ്കാരവേലു ചെട്ട്യാർ എന്നിവരായിരുന്നു. കാൻപുർ സമ്മേളനം നടന്ന 1925 ഡിസംബറിൽ എസ്.എ.ഡാങ്കെ, ഷൗക്കത്ത് ഉസ്മാനി എന്നിവർ ജയിലിലായിരുന്നു. ഡിസംബർ 28നു ചേർന്ന പാർട്ടി എക്സിക്യൂട്ടീവ് എസ്.വി.ഘാട്ടെയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു’.

താഷ്കന്റ് വാദവും അപകടവും 

കാൻപുരിനു മേൽ താഷ്കന്റിനു സ്ഥാനം വേണമെന്ന വാദം ഭിന്നിപ്പിന്റെ ഉപോൽപന്നമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിറന്നതു താഷ്‌കന്റിലാണന്ന വാദം, വ്യത്യാസങ്ങൾക്ക് അടിവരയിടാൻ സഹായകരമാകുമെങ്കിലും അതുണ്ടാക്കുന്ന അപകടങ്ങൾ ബന്ധപ്പെട്ടവർ കണക്കിലെടുത്തില്ല. 

കമ്യൂണിസം വൈദേശികമാണെന്നും ഇന്ത്യൻ മണ്ണിൽ അതു വിദേശിയായി തുടരുമെന്നും കമ്യൂണിസ്റ്റ് വിരോധികൾ എല്ലാകാലത്തും പറഞ്ഞുപോരുന്നുണ്ട്. 1964നു ശേഷം താഷ്കന്റ് വാദം അക്കൂട്ടരെ തീർച്ചയായും സന്തോഷിപ്പിച്ചു കാണും. 

7 പേരാണ് താഷ്കന്റ് യോഗത്തിൽ പങ്കെടുത്തതെന്നു രേഖകൾ പറയുന്നു. അതിൽ 5 പേർ ഇന്ത്യക്കാരും 2 പേർ വിദേശികളും. യോഗത്തിൽ പങ്കെടുത്ത രണ്ടുപേരുടെ ഭാര്യമാരാണ് ആ വിദേശികൾ. ഇതും കമ്യൂണിസ്റ്റ് പാർട്ടിക്കുമേൽ വിദേശിമുദ്ര കുത്താൻ ശ്രമിക്കുന്നവർക്ക് ആഹ്ലാദം പകർന്നേക്കും. 

ഇന്ത്യയ്ക്കകത്തു പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും പുറത്തു പ്രവർത്തിച്ചിരുന്ന താഷ്കന്റ് ഗ്രൂപ്പ് ഉൾപ്പെടെയുള്ളവരും കാൻപുരിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണ സമ്മേളനത്തിനു ശക്തി പകർന്നവരാണ്. ആ അർഥത്തിൽ അതിന്റെ ചരിത്രപരമായ പ്രാധാന്യം അംഗീകരിക്കുമ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത് ഇന്ത്യയ്ക്കു പുറത്താണെന്ന വാദം അംഗീകരിക്കാനാവില്ല.

അടുക്കാനാകണം സംവാദങ്ങൾ

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണം ലക്ഷ്യമായി പ്രഖ്യാപിച്ച പാർട്ടിയാണ് സിപിഐ. മാർക്സിസം വഴികാട്ടിയായതു കൊണ്ടും അതു സാമൂഹിക വികാസത്തിന്റെ ശാസ്ത്രമായതു കൊണ്ടും കമ്യൂണിസ്റ്റുകാർക്ക് ഇന്നല്ലെങ്കിൽ നാളെ ഒന്നിക്കാതിരിക്കാനാവില്ല. 

ഭിന്നിപ്പിന്റെ ശരിതെറ്റുകൾ പറഞ്ഞ് ദശാബ്ദങ്ങൾ തർക്കിച്ചപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷ വളർച്ചയും വർഗീയ അധിനിവേശവും കാണാൻ കമ്യൂണിസ്റ്റുകാർക്കു കഴിയേണ്ടതുണ്ട്. അവർ തമ്മിൽ നടക്കുന്ന ഏതു സംവാദത്തിലും ഈ കടമയുടെ പ്രാധാന്യം വിസ്മരിക്കരുതെന്ന് സിപിഐക്കു നിർബന്ധമുണ്ട്. 

കമ്യൂണിസ്റ്റ് ഐക്യത്തിന്റെ ചർച്ചയിൽ ഒഴിച്ചുകൂടാനാവാത്ത ആശയ – രാഷ്ട്രീയ – സംഘടനാ പ്രശ്നങ്ങൾക്കൊപ്പം ജനനത്തീയതിയും ചർച്ചയാകട്ടെ. പരസ്പരം അകലാൻ വേണ്ടിയല്ല, അടുക്കാൻ വേണ്ടിയാകണം ഇത്തരം സംവാദങ്ങളെല്ലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com