ക്ഷമയുടെ മധുരം

subhadhinam
SHARE

ക്ഷമിക്കുന്നത് എങ്ങനെയെന്നു പഠിക്കാൻ അയാൾ നാടു മുഴുവൻ അലഞ്ഞു. വഴിയിൽ കണ്ട സന്യാസിയോട് അയാൾ ചോദിച്ചു: എന്നോടു തെറ്റുചെയ്ത ഒരാൾക്ക് എങ്ങനെയാണു മാപ്പു നൽകുന്നത്? നിറയെ മാമ്പഴമുള്ള മാവു ചൂണ്ടിക്കാട്ടി സന്യാസി പറഞ്ഞു: ആ മാവിലെ ഏറ്റവും നല്ല മാമ്പഴം എറിഞ്ഞു വീഴ്ത്തുക. അയാൾ ഉടനെ കല്ലെടുത്തെറിഞ്ഞു. ഏറുകൊണ്ട് ഒട്ടേറെ മാമ്പഴങ്ങൾ വീണു. സന്യാസി പറഞ്ഞു: കല്ലെറിയുന്നവനു പോലും മധുരമാമ്പഴങ്ങൾ നൽകുന്ന പ്രക്രിയയാണ് മാപ്പു നൽകൽ.

മുറിവേൽപിക്കുന്നവരോട് ഒന്നുകിൽ പകവീട്ടാം, അല്ലെങ്കിൽ പൊറുക്കാം. പകപോക്കാൻ നടക്കുന്നവർക്കു സ്വയം നഷ്ടപ്പെടും. അപരനാശം ജീവിതലക്ഷ്യമാക്കിയവർ ആത്മനാശത്തിലേ അവസാനിക്കൂ. പ്രതികാരത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയാൽ പിന്നെ പ്രതിയോഗികൾ വലിച്ചിഴയ്ക്കുന്നിടത്തേക്കു പോകുകയേ മാർഗമുള്ളൂ.

പൊറുക്കാൻ തയാറാകുന്നവർക്ക് ആരുടെയും പിറകെ നടക്കേണ്ട ആവശ്യമില്ല. ആരെയും ഒളിഞ്ഞിരുന്ന് ആക്രമിക്കേണ്ടതില്ല. സ്വന്തം വഴികളിലൂടെ മാത്രം സഞ്ചരിച്ചാൽ മതി. പ്രതികാരത്തിന് ഒരിക്കലും ഒടുക്കമുണ്ടാകില്ല. ഒന്നിൽനിന്നു മറ്റൊന്നിലേക്കു തുടർന്നുകൊണ്ടേയിരിക്കും.

നിരുപാധികം ക്ഷമിക്കാൻ എത്രപേർക്കു കഴിയും ? നിവൃത്തികേടു കൊണ്ടും നിർബന്ധം കൊണ്ടും ബലഹീനത കൊണ്ടും ക്ഷമിക്കുന്നവരാണ് ഭൂരിഭാഗവും. കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടി ക്ഷമിച്ചു എന്ന് അവകാശപ്പെടുന്നവരും യഥാർഥത്തിൽ ക്ഷമിക്കുന്നില്ല. താൽക്കാലികമായി പിൻവാങ്ങുന്നു എന്നേയുള്ളൂ. അവസരം ലഭിക്കുമ്പോൾ തലയുയർത്തും.

തുടർപ്രവൃത്തികളാണു ക്ഷമയുടെ ആഴവും ഗുണനിലവാരവും തീരുമാനിക്കുന്നത്. ക്ഷമിക്കുന്നതിനൊപ്പം മധുരം പങ്കിടാൻ കഴിയണമെങ്കിൽ ആ ക്ഷമ എത്രത്തോളം ഹൃദയംഗമമായിരിക്കും. തുടർച്ചയായി കല്ലെറിയുന്നവനു തുടർച്ചയായി മധുരം നൽകുന്ന പ്രവൃത്തിയുടെ പേരാണ് ക്ഷമ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA