ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത 4 വർഷം കൂടി വൈറ്റ് ഹൗസിൽ തുടരുമോ അതോ പഴയ വൈസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റായി ജയിച്ചു തിരിച്ചുവരുമോ? ഈ ആകാംക്ഷ അമേരിക്കയുടേതു മാത്രമല്ല, ലോകത്തിന്റേതുമാണ്.

റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് പാർട്ടികൾ ഇത്ര വാശിയോടെ മത്സരിക്കുന്നതും ജനങ്ങൾ ഇത്ര ഗൗരവത്തോടെ കാണുന്നതുമായ ഒരു തിരഞ്ഞെടുപ്പ് അടുത്തകാലത്തൊന്നും അമേരിക്കയിൽ നടന്നിട്ടില്ല. ദേശീയതല അഭിപ്രായ സർവേകളിൽ മുന്നിട്ടുനിൽക്കുന്നെങ്കിലും ബൈഡനു വിജയം ഉറപ്പെന്നു പറയാനാകില്ല; ട്രംപ് പരാജയപ്പെടുമെന്നും.

തപാൽ വോട്ടുകളിൽ അട്ടിമറി ആരോപിച്ച് തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കാതെ ട്രംപ് കോടതിയെ സമീപിക്കാനുള്ള സാധ്യതയുൾപ്പെടെയാണു മുന്നിലുള്ളത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഫലമറിയാൻ കഴിയുമെന്നു വോട്ടർമാരിൽ പകുതിപ്പേരും കരുതുന്നുമില്ല (പ്യൂ സർവേ, സെപ്റ്റംബർ 30 - ഒക്ടോബർ 5).

ഡോണൾഡ് ട്രംപ് (റിപ്പബ്ലിക്കൻ പാർട്ടി)-  അനുകൂലം

∙ കുടിയേറ്റ വിരോധികളും തീവ്ര ദേശീയവാദം ഇഷ്ടപ്പെടുന്നവരുമായ അമേരിക്കൻ പൗരന്മാരുടെ ആരാധനാപാത്രമെന്ന പരിവേഷം. അത്തരക്കാരുടെ വോട്ട് ഉറപ്പിക്കാം.

 ∙ ട്രംപിന്റെ കയ്യിൽ സമ്പദ്‌വ്യവസ്ഥ ഭദ്രമാണെന്നു വിശ്വസിക്കുന്ന വോട്ടർമാർ ഏറെ.

 ∙ തോക്കുനിരോധനത്തിനും ഗർഭഛിദ്രത്തിനും എതിരു നിൽക്കുന്ന യാഥാസ്ഥിതിക മനോഭാവം, അത്തരം ചിന്താഗതിക്കാരുടെ വോട്ടു നേടിക്കൊടുക്കും.

 ∙ വാഗ്ദാനപാലനത്തിലെ മികവ്, സമർഥമായ രാഷ്ട്രീയനീക്കങ്ങൾ.

പ്രതികൂലം

∙ കോവിഡ് നിയന്ത്രണവിധേയമാക്കാൻ പരാജയപ്പെട്ടെന്ന വസ്തുത.

∙ വെള്ളക്കാരുടെ വംശീയാധിപത്യ മനോഭാവത്തിനു പ്രോത്സാഹനമേകുന്നെന്നും വംശീയ അക്രമങ്ങൾക്കു 

∙ പ്രചോദനം പകരുന്നെന്നുമുള്ള ആരോപണം.

 ∙ വിദേശനയത്തിലെ വിവാദ നീക്കങ്ങൾ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകൾ.

ജോ ബൈഡൻ (ഡമോക്രാറ്റിക് പാർട്ടി)– അനുകൂലം

∙ നാലു പതിറ്റാണ്ടിന്റെ രാഷ്ട്രീയ, ഭരണ പരിചയം; ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്നതിന്റെ അനുഭവസമ്പത്ത്.

∙ അമേരിക്കയുടെ വംശീയവൈവിധ്യം കാത്തുസൂക്ഷിക്കാനുള്ള പ്രതിബന്ധത.

∙ ക്രമസമാധാനപാലനം ഉറപ്പാക്കാനാകുമെന്നും രാജ്യത്തിന് ഐക്യബോധം പകരുമെന്നും വിലയിരുത്തൽ.

∙ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ പാകതയോടെ കൈകാര്യം ചെയ്യാനാകുമെന്നു ജനവികാരം.

പ്രതികൂലം 

∙ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ ട്രംപിന്റെയത്ര പോരെന്ന് പൊതുവേയുള്ള ജനവികാരം.

എങ്ങനെയെങ്കിലും നേടണം 270

ഏറ്റവും കൂടുതൽ ജനകീയ വോട്ട് എന്നല്ല, 270 ‘ഇലക്ടറൽ വോട്ട്’ എന്ന മാന്ത്രികസംഖ്യയാണു പ്രസിഡന്റാകാനുള്ള ഭാഗ്യഘടകം. അമേരിക്കയിലെ 50 സംസ്ഥാനങ്ങൾക്കും ഫെഡറൽ ഡിസ്ട്രിക്ടായ കൊളംബിയയ്ക്കുമായി (വാഷിങ്ടൻ ഡിസി) ആകെ 538 ഇലക്ടറൽ (പ്രാതിനിധ്യ) വോട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും പാർലമെന്റ് പ്രതിനിധികളുടെ എണ്ണമനുസരിച്ച് പാർട്ടിക്കുള്ള ഇലക്ടർമാരുടെ (വോട്ടു പ്രതിനിധികളുടെ) എണ്ണം വ്യത്യസ്തമാണ്. 

ആനുപാതിക ഇലക്ടറൽ വോട്ട് സമ്പ്രദായം സ്വീകരിച്ചിട്ടുള്ള മെയ്ൻ, നെബ്രാസ്‌ക എന്നിവിടങ്ങളിലൊഴിച്ച്, ഓരോ സംസ്ഥാനത്തും ജനകീയവോട്ടിൽ മുന്നിലെത്തുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ വോട്ടും ലഭിക്കും.

ജനകീയ വോട്ടിൽ ഹിലറി, ഇലക്ടറൽ വോട്ടിൽ ട്രംപ് 

2016ലെ തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടിൽ മുന്നിലെത്തിയ ഹിലറിയെ ഇലക്ടറൽ വോട്ടിൽ തോൽപിച്ചാണ് ട്രംപ് പ്രസിഡന്റായത്. 

ഡോണൾഡ് ട്രംപ് (റിപ്പബ്ലിക്കൻ പാർട്ടി): ജനകീയ വോട്ട്- 62,985,106. ഇലക്ടറൽ വോട്ട് - 306

ഹിലറി ക്ലിന്റൻ (ഡമോക്രാറ്റിക് പാർട്ടി): ജനകീയ വോട്ട്- 65,853,625. ഇലക്ടറൽ വോട്ട് - 232. 

(ഹിലറിക്ക് വോട്ടു ചെയ്യേണ്ടിയിരുന്ന 5 ഇലക്ടർമാർ കൂറുമാറി, ട്രംപിന്റെ പക്ഷത്ത് 2 പേർ കൂറുമാറി)

ബേക്കറിയുടെ കുക്കീ പോൾ

പെൻസിൽവേനിയയിലെ ലോഷൽ ബേക്കറിക്കാർ കഴിഞ്ഞ 3 പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അഭിപ്രായവോട്ടെടുപ്പു കുക്കീസ് ഉണ്ടാക്കി വിറ്റിരുന്നു, ഇത്തവണയും വിൽക്കുന്നു. 3 തവണയും ബേക്കറി പ്രവചിച്ച സ്ഥാനാർഥി ജയിച്ചു!

ട്രംപ് എന്നും ബൈഡനെന്നും എഴുതിയിട്ടുള്ള കുക്കീസ് മറ്റു സംസ്ഥാനങ്ങളിലേക്കു വരെ വിറ്റുപോകുന്നു. വിൽപനക്കണക്കു നോക്കിയാണ് വിജയിയെ പ്രവചിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം വരെയുള്ള കച്ചവടക്കണക്കനുസരിച്ച് ട്രംപ് മുന്നിൽ!

നവംബര്‍ 3 അടുക്കുന്നു, എപ്പോഴെത്തും  ഒക്ടോബര്‍  സര്‍പ്രൈസ് ?

അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുന്നതിനെയാണ് സര്‍പ്രൈസ് എന്നു പറയുന്നതെങ്കിലും തിരഞ്ഞെടുപ്പു വര്‍ഷത്തിലെ ഒക്ടോബറില്‍ യുഎസ് ഒരു സര്‍പ്രൈസ് പ്രതീക്ഷിക്കുന്നു. ഇത്തരം ‘സര്‍പ്രൈസുകള്‍’ തിരഞ്ഞെടുപ്പു ദിനം വരെ പ്രതീക്ഷിക്കണമെന്നുമാണു കനക്ടികട്ടിലെ ക്വിനിപിയാക് യൂണിവേഴ്സിറ്റി പോള്‍ അസോഷ്യേറ്റ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ ഡോ. ഡഗ് ഷ്വാര്‍ട്സ് അഭിപ്രായപ്പെടുന്നത്.

നേരത്തേ വോട്ട്  3.4 കോടി

തപാൽ വോട്ടിലൂടെയും ഓരോ സംസ്ഥാനത്തും നിശ്ചിത തീയതികളിൽ സജ്ജീകരിക്കുന്ന മുൻകൂർ പോളിങ് സ്‌റ്റേഷനുകളിലെത്തിയും ഇതിനോടകം വോട്ടു ചെയ്തത് 3.4 കോടി പേർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com