പാളിപ്പോകരുത് ആരോഗ്യമികവുകൾ

SHARE

കോവിഡിന്റെ പ്രഹരശേഷി വർധിച്ചുവരുന്ന സാഹചര്യത്തിലും അതിനെതിരെ പോരാടുന്ന പതിനായിരക്കണക്കിന്  ആരോഗ്യപ്രവർത്തകരുടെ സമർപ്പിത സേവനത്തിനു മുന്നിൽ നന്ദിയോടെ നിൽക്കുകയാണു കേരളം. മാസങ്ങളായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന അവരുടെ ലക്ഷ്യബോധവും പ്രതിബദ്ധതയും അത്രയേറെ നാടിന്റെ ആദരം അർഹിക്കുന്നു. അതേസമയം, കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ പ്രായോഗിക പ്രയോജനം  മനസ്സിലാക്കിയിട്ടും സർക്കാർ അതു ചെയ്യുന്നില്ലെന്നു മാത്രമല്ല, പരിശോധന കുറയ്ക്കുകകൂടിയാണെന്നതു സംശയവും ആശങ്കയും ഉണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ മെഡിക്കൽ കോളജുകളിലുണ്ടായ  നിർഭാഗ്യസംഭവങ്ങൾ നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും സംശയനിഴലിലാക്കുന്നതും കാണാതിരുന്നുകൂടാ. 

കേരളത്തിലെ കോവിഡ്ബാധ ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന കാര്യം മറന്നതുപോലെയാണ് ഇപ്പോൾ ഇവിടെ പരിശോധനകളിലുണ്ടായിരിക്കുന്ന മെല്ലെപ്പോക്ക്. ഒരാഴ്ചയോളമായി സർക്കാർ പരിശോധനകളുടെ എണ്ണം ശരാശരി 20% കുറച്ചതു നിരുത്തരവാദപരമെന്നു തന്നെ പറയണം. ടെസ്റ്റുകളുടെ എണ്ണവും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും തമ്മിലുള്ള അനുപാതമായ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കേരളത്തിൽ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയോളമാണ്. 

ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പുതിയ ലാബ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറിൽ ഒരു പരിശോധന നടത്തുന്നതിനുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെങ്കിൽ 15 – 20 മിനിറ്റ് വേണം. നേരത്തേ 5 മിനിറ്റിനകം തീർന്നിരുന്ന ഡേറ്റ എൻട്രിയാണ് ഇപ്പോൾ കൂടുതൽ സമയമെടുക്കുന്നത്. ഇതുമൂലം പ്രതിദിനം 150 ടെസ്റ്റുകൾ വരെ നടത്തിയിരുന്ന സർക്കാർ ആശുപത്രികളിലെ ലാബുകളിൽ പരിശോധന പകുതിയായി. നിർണായകമായ ഈ ദിനങ്ങളിൽ പരിശോധനകൾ കുറയാൻ കാരണം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെങ്കിൽ അത് അടിയന്തരമായി പരിഹരിക്കാൻ സർക്കാരിനു കഴിയാത്തതെന്താണ് എന്ന ചോദ്യം ഉയരുന്നു.

ആരോഗ്യമേഖലയിൽ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായിരുന്ന കേരളം പരിശോധനയിലടക്കം കോവിഡുമായി ബന്ധപ്പെട്ട പല വിവരങ്ങളും ജനങ്ങളിൽനിന്ന് ഇപ്പോൾ മറച്ചുവയ്ക്കുന്നില്ലേ എന്നു സംശയിക്കണം. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഒന്നോ ഒന്നരയോ ലക്ഷമെങ്കിലുമാക്കി ഉയർത്തണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴാണു പരിശോധനകൾ മന്ദഗതിയിലാക്കിയത് എന്നതു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചതന്നെയാണ്. 

ഇതിനിടയിലാണ് എറണാകുളം, തിരുവനന്തപുരം, കൊല്ലം മെഡിക്കൽ കോളജുകളിലുണ്ടായ വീഴ്ചയെ സംബന്ധിച്ച സങ്കടകരമായ വാർത്തകൾ. എറണാകുളത്തു കോവിഡ് ബാധിതൻ മരിച്ചത് നഴ്സിങ് ജീവനക്കാരുടെ അനാസ്ഥ മൂലമെന്നു ശബ്ദസന്ദേശമയച്ച നഴ്സിങ് ഓഫിസറെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാലാണു മരണമുണ്ടായതെന്നും ചെറിയ വീഴ്ചകൊണ്ടു പല രോഗികളുടെയും ജീവൻ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു തുടർവെളിപ്പെടുത്തലുകളും  ഉണ്ടാവുന്നുണ്ട്. കോവിഡ് പ്രതിരോധരംഗത്തു സംസ്ഥാനമുണ്ടാക്കിയ യശസ്സിനു കോട്ടം വരുത്തുന്ന  പരാമർശമാണുണ്ടായതെന്നും അതീവ ഗൗരവമായാണ് ഇതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻതന്നെ തിങ്കളാഴ്ച പറയുകയുണ്ടായി. എന്നാൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇത് അപ്പാടെ നിഷേധിച്ചിരിക്കുകയാണ്. 

കൊല്ലം സ്വദേശിയായ വയോധികൻ അവകാശികളില്ലാത്ത മൃതദേഹമായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ മക്കൾ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബാപ്പയ്ക്കു  ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നത് അനാസ്ഥയുടെ മറ്റൊരു ഉദാഹരണമായി. ഒരേ പേരുള്ളവർ രണ്ടിടത്ത് ആശുപത്രിയിലായതു മൂലമുണ്ടായ പ്രശ്നമാണിതെന്നാണു മുഖ്യമന്ത്രിയിൽനിന്നുണ്ടായ വിശദീകരണം. എന്ത് ആശയക്കുഴപ്പമായാലും, ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന ഒരാൾ ഇത്തരമൊരു അനാസ്ഥയുടെ ഇരയാകാൻ പാടുണ്ടോ എന്നു കേരളം തിരിച്ചു ചോദിക്കുകയാണിപ്പോൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA