ADVERTISEMENT

നിലാവുള്ള രാത്രികളിൽ ആകാശത്തേക്കു നോക്കിയാൽ, മനസ്സിൽ കലയുള്ളവർക്കെല്ലാം സ്വർഗം കാണാം; കലാകാരന്മാരുടെ സ്വർഗം. 

കഴിഞ്ഞയാഴ്ച, അങ്ങനെയൊരു നോട്ടത്തിലാണ് സംഗീതജ്ഞൻ വി.ദക്ഷിണാമൂർത്തിയെ അപ്പുക്കുട്ടൻ കണ്ടത്. മലയാള ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച ദിവസമായിരുന്നു അത്. ആ നോട്ടത്തിൽ‌ ആകാശത്തുനിന്ന് ദക്ഷിണാമൂർത്തി സ്വാമിയുടെ രാഗവിസ്താരം കേട്ടു. സംഗീതത്തെയും മലയാള സിനിമയെയും വിട്ട് അദ്ദേഹം സ്വർഗത്തിലേക്കു പോയത് 2013ലാണ്; ഏഴു വർഷം മുൻപ്. 

സ്വർഗത്തിലിരുന്നു താഴേക്കു നോക്കുമ്പോഴാണ് കൊടുമുടികൾ ഏറ്റവും നന്നായി കാണാൻ കഴിയുക എന്ന മുഖവരയോടെ സ്വാമി പറഞ്ഞു:

കൊടുമുടിയുടെ അത്യുന്നതിയിലെത്തുമ്പോഴാണ് കീഴടക്കലാവുന്നത്. ഒരടി താഴെവരെയെത്തിയാലും കീഴടക്കലാവുന്നില്ല, അതു പർവതാരോഹണം മാത്രം. 

നമ്മുടെ അവാർഡുകളും അങ്ങനെയാണ്. ഏറ്റവും മുകളിലെത്തി കൊടി നാട്ടുന്നവനാണ് അവാർഡ്. ഒരുപടി താഴെ നിൽക്കുന്ന പർവതാരോഹകനു കിട്ടുന്നത് ജൂറിയുടെ പ്രത്യേക പരാമർശം. 

ദക്ഷിണാമൂർത്തി സംഗീതത്തിന്റെ കൊടുമുടി കീഴടക്കാതിരുന്നിട്ടില്ല. അതു കഴിഞ്ഞാണ് അദ്ദേഹം കടന്നുപോയത്. മരണാനന്തര ബഹുമതിയൊന്നും ആവശ്യമില്ലാത്തയാളാണ് സ്വാമിയെന്നും നമുക്കറിയാം. എങ്കിലും, സ്വാമി അവാർഡ് നിലവാരത്തിലെത്തിയിട്ടില്ലെന്നു സൂചിപ്പിച്ച് പ്രത്യേക ജൂറി പരാമർശം കനിഞ്ഞുനൽകാൻ അവാർഡ് കമ്മിറ്റി തീരുമാനിച്ചുകളഞ്ഞു.

സ്വർഗസ്ഥർക്കു വേണ്ടിയുള്ളതാണ് ജൂറി പരാമർശമെങ്കിൽ കമ്മിറ്റി അതു പറയണമായിരുന്നു എന്നാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെയും നിരീക്ഷണം. 

ശിൽപവും പ്രശസ്തിപത്രവുമാണ് പ്രത്യേക ജൂറി പരാമർശത്തിനുള്ളത്. പ്രശസ്തിപത്രവും ശിൽപവുമായി ജൂറി ഒന്നടങ്കം സ്വർഗത്തിലേക്കു വരുന്നതു കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ ദക്ഷിണാമൂർത്തി സ്വാമിയുടെ നരച്ച കുറ്റിത്താടിയിലൂടെ ഒരു മന്ദഹാസം താഴേക്കിറങ്ങി.

ഇത്രയുമായപ്പോൾ, സ്വർഗലോകത്തുനിന്നു സംഗീതമുയർന്നു. 

ഏതാണ് രാഗമെന്നറിയുമോ എന്നു ചോദ്യം.

ഇല്ല സ്വാമി.

ജനരഞ്ജനി; ഫലിതത്തിനു പറ്റിയ രാഗം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com